ഒരു പൈമ്പാൽ സംരംഭകത്വ വിജയഗാഥ
ആഷിക്ക്. കെ.പി
ഈ ലോകം നിലനിൽക്കുന്നത് സർഗാത്മകവും നിഷ്‌കളങ്കവും പ്രകൃതിയെ സ്‌നേഹിക്കുന്നതുമായ ന്യൂനപക്ഷമെന്ന് വിളിക്കാവുന്ന വളരെ ചെറിയ ഒരു സംഘത്തിൻറെ ബലത്തിലാണ്. സർഗാത്മകമല്ലാത്ത തിരക്കുപിടിച്ചോടുന്ന മഹാഭൂരിപക്ഷം മറ്റൊരു ഭാഗത്തുമുണ്ട്. അവരെയും കൂട്ടിച്ചേർക്കണം. ഒപ്പം നിർത്തണം. അവരുടെ വിദ്യാഭ്യാസവും ജീവിതവും ജീവിതോപാധിയും പ്രകൃതിയിലേക്കും നിഷ്‌കളങ്കമായ പ്രകൃതി സ്‌നേഹത്തിലേക്കും തിരിച്ചു കൊണ്ടുവരണം. അപ്പോഴേ പ്രകൃതിയെ വീണ്ടെടുക്കാനും എല്ലാ മനുഷ്യനും സന്തോഷത്തോടെ ജീവിക്കാനും കഴിയുകയുള്ളൂ. സുന്ദർ ലാലിന്റെ (സുന്ദർലാൽ ബഹുഗുണയുടെ) വാക്കുകളാണ് ഇത്. ഈ വാക്കുകളെ അന്വർത്ഥമാക്കുന്നതാണ് പ്രകൃതിയുടെ സൗന്ദര്യം മുഴുവൻ നിറഞ്ഞുനിൽക്കുന്ന വയനാടൻ മലനിരകളുടെ ഒരറ്റത്തുള്ള വാളാട് തോലക്കരയിൽ ഒരു മൊട്ടക്കുന്നിനെ ഏറ്റെടുത്ത് കൃഷിഭൂമിയാക്കി ഫലഭൂയിഷ്ടവും അനുകരണീയവുമായ ഇക്കോ ടൂറിസം പദ്ധതി ആക്കി മാറ്റിയ മുജീബ് ചെമ്മിക്കാട്ട് എന്ന ചെറുപ്പക്കാരന്റെ കഠിനാധ്വാനത്തിന്റെ കഥ. ഉയർന്ന വിദ്യാഭ്യാസവും വിദേശത്ത് നല്ല ജോലിയും ആഡംബരത്തിന്റെ എല്ലാ സാധ്യതകളും മുന്നിൽ ഉള്ളപ്പോഴാണ് അതൊന്നുമല്ല തന്റെ ലോകം എന്നും ഈ മണ്ണും ഇവിടെയുള്ള നിഷ്‌കളങ്കരായ മനുഷ്യരും ആണ് തന്റെ കർമ്മമണ്ഡലം എന്നും മനസ്സിലാക്കി അതൊക്കെ ഉപേക്ഷിച്ച് കാർഷിക മേഖല തെരഞ്ഞെടുക്കുന്ന മുജീബിന്റെ പ്രവർത്തനം തുടങ്ങുന്നത്. ഒട്ടേറെ പ്രശ്‌നങ്ങളും വെല്ലുവിളികളും തന്റെ സംരംഭകത്വ പ്രയാണത്തിൽ ഉണ്ടായിട്ടും പിന്നോട്ടു നോക്കുമ്പോൾ അതൊക്കെ നേരിടാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും തന്നെയാണെന്ന് കോടമഞ്ഞിൽ പുതഞ്ഞ വാളാട് തോലക്കര എന്ന ഗ്രാമത്തിലെ പൈമ്പാൽ എന്ന പ്രമുഖ ബ്രാൻഡ് ഉൾപ്പെടെ ഒട്ടേറെ കാർഷിക ഡയറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യുന്ന വയനാട് ഡയറി പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രമുഖ സ്ഥാപനത്തിന്റെ ഉടമയായ മുജീബ് ചെമ്മീക്കാട്ടു പറയുന്നു. ഒരു ഞായറാഴ്ചയാണ് ഞാനും കുറച്ചു കൂട്ടുകാരും യാദൃശ്ചികമായി ഈ സ്ഥലത്തെത്തുന്നത്. നിരനിരയായി നിൽക്കുന്ന ഒരു പ്രദേശത്തെ മണ്ണിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ടുതന്നെ ഒരു മൊട്ടക്കുന്ന് മുഴുവൻ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് അതിനുള്ളിൽ പലതരം കൃഷികളും തുടങ്ങി കാർഷിക മേഖലയിൽ എന്തൊക്കെ വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യാമോ അതിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണ് വയനാട് ഡയറി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ സ്ഥാപനം. കാർഷിക സംരംഭകത്വത്തിന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും അനുകരണീയമായ മാതൃക തന്നെയാണ് ഈ സംരംഭം. നെല്ലും വാഴയും കൂണും തക്കാളിയും വലിയുള്ളിയും അവക്കാടോയും സപ്പോട്ടയും തുടങ്ങി തേനും കാപ്പിയും കുരുമുളകും ചക്കയും മാങ്ങയും എന്നുവേണ്ട വ്യത്യസ്ത പച്ചക്കറികളും ഫലവൃക്ഷങ്ങളും അടങ്ങുന്ന ഒരു ഏദൻ തോട്ടത്തിലേക്കാണ് ഈ സ്ഥലം നമ്മെ കൊണ്ടെത്തിക്കുക. കൃഷിയിടത്തിന് മുകളിൽ സുരക്ഷിതമായി ആധുനിക സാങ്കേതിക വിദ്യകൾ അവലംബിച്ചു പ്രകൃതിയോട് ഒട്ടിനിൽക്കുന്ന മനോഹരമായ ഒരു വലിയ ഡയറി ഫാം.
നിറയെ ആരോഗ്യമുള്ള പശുക്കൾ. കയറില്ലാതെ, നിയന്ത്രണങ്ങൾ ഇല്ലാതെ അവയ്ക്ക് സ്വൈര്യമായി വിഹരിക്കാൻ കഴിയുന്ന രീതിയിൽ തുറസ്സായ ഒരു ഫാം. രാവിലെയും വൈകുന്നേരവും ആരുടെയും സഹായമില്ലാതെ ഓരോ പശുക്കളും അവരുടെ ടേൺ അനുസരിച്ച് ക്യൂവിൽ നിന്ന് യന്ത്രത്തിന് അരികിൽ എത്തുകയും കറവ യന്ത്രത്തിന് അടുത്തെത്തി അകിട് കാണിച്ചു കൊടുക്കുകയും പാൽ ചുരന്നു പാത്രത്തിൽ എത്തുകയും ചെയ്യുന്ന വിദ്യയുടെ രഹസ്യം ചോദിച്ചപ്പോൾ മുജീബിന്റെ കുസൃതി ചോദ്യമാണ് തിരിച്ചുകിട്ടിയത്. എന്താണ് പാവ്‌ലോ യുടെ കണ്ടീഷനിങ് തിയറി അതു തന്നെയെന്ന്. അവിടെ പോയാലേ പുല്ലും വെള്ളവും കിട്ടും എന്ന തോന്നൽ ഉണ്ടാക്കി. പിന്നീട് അത് തുടർച്ചയാക്കിയ ഒരു പരിശീലനത്തിന്റെ കഥയാണ് മുകളിൽ പറഞ്ഞത്. ഇവിടെ ഓരോന്നും വ്യത്യസ്തമാണ് ഒന്നിലും മായമോ കലർപ്പോ ഇല്ല. തന്റെ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് ഇന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നത് ഈ ഗുണമേന്മ കൊണ്ട് മാത്രമാണ് എന്ന് മുജീബ് ഉറച്ചു വിശ്വസിക്കുന്നു. ഗുണമേന്മ ഒന്നുകൊണ്ട് മാത്രമാണ് ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ഉൽപ്പന്നങ്ങൾ ഒന്നും ഒഴിവാക്കി വേറെ ബ്രാൻഡ് വാങ്ങാൻ കഴിയാത്തത് എന്ന് ഉറപ്പിച്ചു പറയാൻ കഴിയും മുജീബിന്. പ്രമുഖ ബ്രാൻഡുകൾ പലതും സമീപിച്ചിട്ടും സ്‌നേഹത്തോടെ വിസമ്മതിച്ചത് തന്റെ സംരംഭം വളരുമെന്ന് അറിയാഞ്ഞിട്ടല്ല. എന്നാൽ ഓരോ സംരംഭകനും തന്റെ സംരംഭത്തിന്റെ തുടക്കത്തിൽ കാണുന്ന കാഴ്ചപ്പാട് പിന്നീട് വരുന്നവർക്ക് ഉണ്ടാകണമെന്നില്ല. അവർക്ക് അതൊരു ഉൽപന്നമായി മാത്രമേ കാണാൻ കഴിയൂ എന്നതുകൊണ്ടാണ്. ഒരാളെ സംരംഭത്തിൽ ചേർത്താൽ ഒരു പക്ഷേ ബ്രാൻഡ് വളരുമായിരിക്കാം പക്ഷേ തുടക്കക്കാരന്റെ കാഴ്ചപ്പാട് പിന്നീട് പൊലിമയുടെ മധ്യത്തിൽ വരുന്ന ഒരാൾക്ക് മനസ്സിലാക്കാൻ കഴിയണമെന്നില്ല എന്നതാണ് മുജീബിന്റെ വാക്കുകൾ. ഒരർത്ഥത്തിൽ ഈ വാക്കുകൾ സംരംഭക വിജയം മന്ത്രങ്ങൾ തന്നെയെന്ന് കണക്കാക്കാം.
തുടക്കം :
ചെറുപ്പം മുതലേ കൃഷിയോട് നല്ല താല്പര്യമായിരുന്നു മുജീബിന്. അഭ്യസ്ഥ വിദ്യരായ ഡോക്ടറും എൻജിനീയറും സഹോദരങ്ങൾ. പിതാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. സ്വാഭാവികമായും പഠനത്തിൽ തന്നെ മുഖ്യശ്രദ്ധ. പക്ഷേ പഠിക്കുമ്പോഴും വീട്ടിൽ ചെറിയ ചെറിയ കൃഷിയൊക്കെ ചെയ്യാനായിരുന്നു മുജീബിന് താൽപര്യം. നല്ല മാർക്കോടെ പ്ലസ് ടു വിദ്യാഭ്യാസവും ബിരുദവും ബിരുദാനന്ദ ബിരുദവും കഴിഞ്ഞ ഉടനെ വിദേശത്ത് നല്ല ഒരു കമ്പനിയിൽ ജോലിയും ലഭിച്ചു. നല്ല ശമ്പളം. ബാധ്യതകളോ കടങ്ങളോ ഇല്ലാത്തതുകൊണ്ട് അത്യാവശ്യം സമ്പാദ്യവും ഉണ്ടാക്കി. പലരും പണം ഓഹരികളിലും വാണിജ്യ കെട്ടിടങ്ങളിലും നിക്ഷേപിക്കുമ്പോൾ മുജീബിന്റെ സ്വപ്നം കൃഷിഭൂമി വാങ്ങാൻ ആയിരുന്നു. സ്വന്തമായി ഒരു നല്ല കൃഷിയിടം ഉണ്ടാക്കി തന്റെ സ്വപ്നങ്ങളൊക്കെ സാക്ഷാത്കരിക്കണം എന്ന ആഗ്രഹം അപ്പോഴൊക്കെ മനസ്സിൽ ഒരു വിങ്ങലായി നിലകൊണ്ടു. പത്തുവർഷം ജോലി ചെയ്തു ജോലിയിൽ പ്രമോഷനും സാധ്യതകളും ഒക്കെ ഉണ്ടായിരുന്നപ്പോഴും പക്ഷേ ഒരു ഉറച്ച തീരുമാനമെടുത്തു. ജോലി വിടാം. എന്നിട്ട് ഒരു കാർഷിക സംരംഭകനാവണം. വീട്ടുകാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. എല്ലാ രക്ഷിതാക്കളെയും പോലെ തന്നെയായിരുന്നു തന്റെ മാതാപിതാക്കളുടെയും മനോഭാവം. ആശങ്ക തന്നെയായിരുന്നു അവർക്ക്. പക്ഷേ അവർ എതിർപ്പ് പറഞ്ഞില്ല എന്നത് മാത്രമായിരുന്നു അൽപ്പം ആശ്വാസം. വിദേശത്തുനിന്ന് തിരിച്ചുവരികയും നാട്ടിൽ ഉണ്ടാവുകയും ചെയ്യുമ്പോഴല്ലേ പ്രായമായ മാതാപിതാക്കളെയും ശ്രദ്ധിക്കാൻ കഴിയൂ എന്നു കൂടിയുണ്ടായിരുന്നു ആ തിരിച്ചുവരവിന് മറ്റൊരു കാരണം. ജീവിതത്തിലെ ഒരു നിലപാടായിരുന്നു അത്. ജീവിതസായാഹ്നത്തിൽ മാതാപിതാക്കളോടൊപ്പം ഉണ്ടാകണമെന്ന തോന്നലും ഒരു കാരണമായി ഈ പുതിയ സംരംഭത്തിന്റെ തുടക്കത്തിന്.
കാർഷിക സംരംഭകനിലേക്ക്:
എല്ലാം പുതുമയായിരുന്നു. തുടക്കകാരൻ എന്ന നിലയിൽ ശൂന്യതയിൽ നിന്നുള്ള തുടക്കം എന്ന് പറയാം. ആരംഭ ഘട്ടത്തിൽ ഏതൊരു സംരംഭകനെയും പോലെ ഒട്ടേറെ പ്രശ്‌നങ്ങൾ നേരിട്ടു. 
രണ്ടായിരത്തി പതിനാറിൽ ആണ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തുടങ്ങിയ ഘട്ടത്തിൽ തന്നെയാണ് നോട്ട് നിരോധനവും വന്നത് എന്നതാണ് സങ്കടകരമായ വസ്തുത. കാർഷിക മേഖലയിൽ അസംഘടിതരും പാവപ്പെട്ടവരുമായ ചെറുകിട കൃഷിക്കാരിൽ നിന്ന് പ്രത്യേകിച്ച് കർണാടക പോലുള്ള സ്ഥലങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ വിത്തും വളവുമൊക്കെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം അവർ കേട്ടിട്ടു പോലുമില്ലാത്തതുകൊണ്ട് തന്നെ ആ നിലയിൽ നേരിട്ട പ്രശ്‌നങ്ങൾ ഏറെ ആയിരുന്നു. പിന്നെ നിപ്പ, പ്രളയം, കോവിഡ് ഇവിടെയൊക്കെ തുടർച്ചയായി പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കണ്ടമാനം ലിറ്റർ പാൽ ഒഴുക്കി കളയേണ്ടി വന്നു.പ്രളയവും കൃഷി ഭൂമിയെ വെള്ളത്തിൽ മുക്കി കളഞ്ഞു. മെല്ലെ മെല്ലെ ഇത് മറികടക്കുമ്പോഴാണ് കോവിഡ് കടന്നുവന്നത്. പാലിന് അത് വലിയ പ്രശ്‌നമായിരുന്നില്ലെങ്കിലും അന്നത്തെ പൊതുവായ ലോക്ക് സിസ്റ്റം പ്രതീക്ഷിച്ച രീതിയിൽ സംരംഭവുമായി മുന്നോട്ടുപോകുന്നത് വെല്ലുവിളിയായി. ഗതാഗത നിരോധനം കോഴിക്കോട്, മാഹി, തലശ്ശേരി, കണ്ണൂർ തുടങ്ങിയ പലസ്ഥലങ്ങളിലും പാൽ വിതരണം തടസ്സപ്പെടുത്തി. പക്ഷേ ഇത്തരം പ്രതിസന്ധികളിലും അതിനെ മറികടക്കാനുള്ള ഉറച്ച ആത്മവിശ്വാസമായിരുന്നു പ്രതിസന്ധികളിൽ ഒക്കെ തനിക്ക് തുണയായത് എന്നാണ് മുജീബ് ഉറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അവയെ പെട്ടെന്നുതന്നെ മറികടക്കാനും ഈ സംരംഭകന് കഴിഞ്ഞു.
സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വം:
നൂതന സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് മുജീബിന്റെ ഫാം സംവിധാനം. ഫ്രീ റേഞ്ച് സംവിധാനമായിരുന്നു ഇവിടെ അവലംബിച്ചത്. പശുക്കളെ കെട്ടിയിടാതെ വളർത്തുന്ന ലോകനിലവാരത്തിൽ ഉള്ള അനുകരണീയമായ മാതൃക. എങ്കിലും നമ്മുടെ പിടിയിൽ ഒതുങ്ങാത്ത ചില പാരിസ്ഥിതി ഘടകങ്ങൾ മുകളിൽ പറഞ്ഞ കോവിഡ് പ്രളയം പോലെയുള്ളവ ബിസിനസിനെ ഒന്നുലച്ചു എന്നുള്ളത് നേരാണ്. അതിജീവനം ഇല്ലെങ്കിൽ മറ്റെന്ത്? അതിജീവനം തന്നെയല്ലേ ബിസിനസ് എന്ന് സ്വയം വിശ്വസിക്കാനും നിശ്ചയിക്കാനും മുന്നോട്ടു പോകാനും അങ്ങ് തീരുമാനിച്ചു. ചെറിയ ചിരിയോടെ മുജീബ് തുടർന്നു പ്രതിസന്ധികളിൽ അതിജീവിക്കുക എന്നത് തന്നെ അനിവാര്യമാണ്. കൃത്യമായി തന്റെ സംരംഭത്തെ പരിപാലിക്കുക ഉപഭോക്താവിന്റെ വിശ്വാസം ആർജിക്കുക ഇതിലൂടെയൊക്കെ എല്ലാ പ്രശ്‌നങ്ങളെയും മറികടക്കാൻ കഴിയും എന്ന് ഉറച്ചങ്ങ് തീരുമാനിച്ചു. അതുകൊണ്ടുതന്നെ പ്രളയത്തിൽ മുങ്ങിയ ദിനങ്ങൾ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും എങ്ങനെയെങ്കിലും എല്ലാ ഉപഭോക്താക്കളിലും പാലും ഉൽപ്പന്നങ്ങളും എത്തിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് തന്റെ വിജയത്തിലൊന്ന് എന്ന് ഉറച്ചു വിശ്വസിക്കുന്നു. പിന്നീട് ഓരോ ഘട്ടത്തിലും ഉപഭോക്താക്കൾ കൂടിക്കൂടി വന്നു. പൈമ്പാൽ ഒരു ഫ്രഷ് മിൽക്ക് ബ്രാൻഡ് ആയി മാറി. പിന്നീട് അതേ ബ്രാൻഡിൽ തൈര് നെയ്യ് എന്നിവയും ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ തുടങ്ങി. ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ആർക്കുവേണമെങ്കിലും എവിടെവെച്ചും ടെസ്റ്റ് ചെയ്ത് ഗുണമേന്മ പരിശോധിക്കാം എന്ന മോട്ടോ പൈമ്പാൽ എന്ന ഫ്രഷ് മിൽക്ക് ബ്രാൻഡിനെ മുന്നോട്ടു നയിച്ചു. പാലും ഉപ ഉൽപ്പന്നങ്ങളും ഉപഭോക്താക്കളും ഇടനില കച്ചവടക്കാരും ചോദിച്ചു വാങ്ങാൻ തുടങ്ങി. പിന്നീട് ചാണകത്തെ ഓർഗാനിക് വളമായി വിപണനത്തിന് തയ്യാറാക്കി. അതും വേറിട്ട മോഡലിലൂടെ. സൂക്ഷ്മാണുക്കളെ നിലനിർത്തി ഈർപ്പം മുഴുവൻ മാറ്റാതെ ഡ്രൈയർ ഉപയോഗിച്ച് പൊടിയാക്കി പാക്കിൽ ആക്കി വിപണനം ചെയ്യുന്ന രീതി. ഇതിന് പുറമേ 2000 ബെഡ് ഉണ്ടാക്കുന്ന കൂൺ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് കേരളത്തിൽ ലഭ്യമായ ഏറ്റവും നല്ല സാങ്കേതികവിദ്യ വിദ്യ ഉപയോഗിച്ചാണ് ഈ ബെഡ്ഡുകൾ നിർമ്മിച്ചത്. 
അന്തരിക്ഷ ഊഷ്മാവും ഈർപ്പവും ഒരുപോലെ നിലനിർത്തുന്നതാണ് ഈ രീതി. വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ഒരു സംരംഭത്തിന് വിജയം ഉണ്ടാക്കുക എന്ന് മനസ്സിലാക്കിയ ഘട്ടത്തിലാണ് പാലും പാലുൽപന്നങ്ങളും കൂൺ കൃഷിയും മാത്രമല്ല കോഴി ഫാം, കോഴിയിറച്ചി വിപണനം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, സുഗന്ധവിളകൾ എന്നിവ കൃഷി ചെയ്തു വിപണനം ചെയ്യാം എന്ന് തീരുമാനിക്കുന്നത്. ഒരു മായവും ചേർക്കാതെ മരുന്നുകൾ നൽകാതെ കോഴികളെ വളർത്തി കോഴിയിറച്ചി പാക്കറ്റുകളിൽ ആക്കി വൃത്തിയായി വിപണനം ചെയ്തപ്പോൾ എല്ലായിടത്തുനിന്നും ഉപഭോക്താക്കൾ, ആവശ്യക്കാർ തേടിയെത്തി. അതേപോലെ പച്ചക്കറികൾ തക്കാളി, വെണ്ട, വലിയുള്ളി തുടങ്ങിയവയൊക്കെ വലിയ തോതിൽ കൃഷി ചെയ്യാൻ തുടങ്ങി. പഴ വർഗ്ഗങ്ങളിൽ ചക്കയും മാങ്ങയും സപ്പോട്ടയും, അവക്കാഡോയും ഉൾപ്പെടുന്നു. സുഗന്ധ വിളകളിൽ കാപ്പിയും കുരുമുളകും. പിന്നീട് ഫിഷ് ഫാം എങ്ങനെ തുടങ്ങാമെന്ന് ആലോചിക്കുകയും അത് തുടങ്ങുകയും ചെയ്തു. ഇന്ന് മുജീബ് പുതുതായി ആരംഭിച്ച റിസോർട്ടിലുള്ള അതിഥികൾക്ക് ഇവിടെയുള്ള ശുദ്ധജല മത്സ്യങ്ങളാണ് മുഖ്യ വിഭവമായി നൽകുന്നത്. ഇനിയും ഏറെ പ്രോജക്ടുകൾ പ്രാരംഭഘട്ടത്തിൽ എത്തിനിൽക്കുകയാണ് ഈ ഫാമിൽ. കൊച്ചുകൊച്ചു ഹട്ടുകളും റിസോർട്ടുകളും പണി തീർന്നു കഴിഞ്ഞു. ഈ മനോഹരമായ പ്രദേശത്ത് ഒരു ഇക്കോ ടൂറിസം പദ്ധതിയും മുജീബ് ആരംഭിച്ചു കഴിഞ്ഞു. എല്ലാ പ്രവർത്തനങ്ങളിലും നിശബ്ദ പങ്കാളിയായി തന്നോടൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്ന രാജേഷ് മേനോൻ എന്ന പ്രവാസിയും ഉണ്ട് എന്നുഉള്ളതാണ് തന്റെ പ്രവർത്തനങ്ങൾക്ക് വളരെ ആത്മവിശ്വാസം നൽകുന്നത് എന്ന് മുജീബ് സ്‌നേഹത്തോടെ ഓർക്കുന്നു. ഇന്ന് പതിനെട്ടര ഏക്കറിൽ വയനാട് ഡയറി പ്രൈവറ്റ് ലിമിറ്റഡ് നിറഞ്ഞു നിൽക്കുന്നു. പൂർണ്ണമായും സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ ഈ കാർഷിക സംരംഭകത്വത്തിൽ പ്രദേശവാസികളായ പത്ത് പേരാണ് ജോലി ചെയ്യുന്നത് .
പുതിയ തലമുറയോട്:
കാർഷിക മേഖലയിലേക്ക് കടന്നുവരുന്ന പുതിയ സംരംഭകരോട് മുജീബിന് പറയാനുള്ളത് നിങ്ങൾക്ക് പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടും കാർഷിക സംരംഭകത്തോടും ആഗ്രഹമുണ്ടെങ്കിൽ ഇനിയും ഒട്ടേറെ അവസരങ്ങളും സാധ്യതകളും ഇവിടെ ഉണ്ട് എന്നത് തന്നെയാണ്. പക്ഷേ പരമ്പരാഗത മാർഗങ്ങൾ ആശ്രയിക്കാതെ നൂതന സാങ്കേതിക വിദ്യകൾ വിദ്യകളിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടത്തുക, അപ്പോൾ മാത്രമേ ലാഭകരമായി ഈ സംരംഭത്തെ മാറ്റാൻ കഴിയുകയുള്ളൂ. മുഴുവൻ സമയവും കൃഷിയിൽ മുഴുകണമെന്നും ഇല്ല സാങ്കേതിക വിദ്യകൾ നമ്മെ സഹായിക്കും തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷം ഏതെന്ന് മുജീബിനോട് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ ഈ സംരംഭകൻ പറഞ്ഞത് തികച്ചും മൊട്ടക്കുന്നായ ഈ തരിശു ഭൂമിയെ ഇന്ന് പച്ചപ്പ് നിറഞ്ഞ മനോഹരമായ ഒരു കാർഷിക ഭൂമിയായി മാറ്റി പൂത്തുലഞ്ഞ് നിൽക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം തന്നെയാണെന്നാണ്. മേൽമണ്ണ് ഒലിച്ചു പോയിട്ടും തന്റെ പശുക്കളുടെ സാന്നിധ്യം അടിമണ്ണിനെ ജൈവവളസമൃദ്ധമാക്കി ഇന്ന് ഏത് കൃഷിയും സാധ്യമാക്കുന്ന, മണ്ണിൽ നിന്ന് പൊന്നു വിളയിക്കുന്ന രീതിയിലേക്ക് മാറിയത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണ് മറ്റെന്തിനെക്കാളും വലുതെന്ന് ഈ കാർഷിക സംരംഭകൻ സന്തോഷത്തോടുകൂടി പറയുന്നു. കൃഷിയെ സ്‌നേഹിക്കുന്നവരും കാർഷിക മേഖലയിൽ സംരംഭകത്വം ആരംഭിക്കുന്നത് കാണുകയും പരിചയപ്പെടുകയും ചെയ്യേണ്ട ഒരു വ്യക്തിത്വമാണ് മുജീബ് ചെമ്മിക്കാട്ട് എന്ന ഈ സംരംഭകനും വയനാട് ഡയറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭവും. കൃഷിയെപ്പറ്റി മനസ്സിലാക്കാൻ കേരള സർക്കാർ ഇസ്രായേലിലേക്ക് ഒരു സംഘത്തെ അയച്ചപ്പോൾ അതിൽ ആദ്യം തന്നെ സംഘാംഗമായി തെരഞ്ഞെടുത്തതും മുജീബിനെ തന്നെയാണ്. ഇസ്രയേലിൽ നിന്നും കാർഷിക സംരംഭകർക്ക് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും സാങ്കേതികവിദ്യയിലൂന്നിയ കാർഷിക പ്രവർത്തനങ്ങൾ നമ്മെ ഇനിയും ഇനിയും ഒട്ടേറെ പുതിയ സംരംഭകത്വ അവസരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും മുജീബ് ഉറച്ചു വിശ്വസിക്കുന്നു. കേരളം കാർഷിക സംരംഭകർക്കുള്ള സുവർണ്ണ ഭൂമിയാണ് എന്ന ഉറച്ച വിശ്വാസമാണ് ഈ ചെറുപ്പക്കാരന് ഉള്ളത്.
