വനിതാ സംരംഭകർ നേരിടുന്ന വെല്ലുവിളികളും അതിജീവിക്കാൻ വേണ്ട മാർഗ്ഗങ്ങളും
റ്റി. എസ്. ചന്ദ്രൻ
സംരംഭമേഖല വനിതകൾക്ക് ആശ്രയിക്കാവുന്ന മികച്ച ഒരു ജീവിതമാർഗമാണ്. നന്നായി പ്രവർത്തിച്ചാൽ നന്നായി വളരാൻ കഴിയുന്ന ഒരു രംഗം. വലിയ സാമൂഹ്യ സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന ഒരു പാത കൂടിയാണ് സംരംഭമേഖല. പ്രതിസന്ധികളെ അതിജീവിച്ച് ഈ മേഖലയിൽ സ്ഥാനം കണ്ടെത്തിയ വനിതാ സംരംഭകർ മികച്ച വിജയം ഉണ്ടാക്കി മുന്നേറുന്നത് കാണാനാവും. കേന്ദ്ര എം എസ് എം ഇ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ സംരംഭകരുടെ ഉടമസ്ഥതയിൽ വനിതാ സംരംഭകരുടെ പങ്കാളിത്തം 28.8% ആണ്. (2024 -25 ലെ വാർഷിക റിപ്പോർട്ട്).
2023 – 24 ലെ കേരള സർക്കാരിന്റെ സംരംഭക വർഷം -2 പ്രമാണിച്ച് ആരംഭിച്ച സംരംഭങ്ങളിൽ വനിതകളുടെ ഉടമസ്ഥത പങ്കാളിത്തം 31.19% ആണ് എന്നത് എടുത്തുപറയാവുന്ന നേട്ടമാണ്.
സംരംഭ മേഖലയിലേക്ക് കടന്നുവരുന്ന വനിതകൾ നേരിടുന്ന വെല്ലുവിളികളും അതിജീവിക്കാൻ വേണ്ട മാർഗങ്ങളുമാണ് ഇതിൽ പറയുന്നത്
1. വിൽക്കാവുന്നവ മാത്രമേ തിരഞ്ഞെടുക്കാവൂ
പബ്ലിക്കിന് ആവശ്യമുള്ള അല്ലെങ്കിൽ വിറ്റഴിക്കാൻ കഴിയുന്ന ഒരു ഉൽപ്പന്നമോ സേവനമോ കണ്ടെത്തുക എന്നുള്ളതാണ് ഏതൊരാളും ഒരു സംരംഭം തുടങ്ങുന്നതിനു മുൻപ് ചെയ്യേണ്ട പ്രാഥമിക മായിട്ടുള്ള കാര്യം. വനിത ആയതുകൊണ്ട് പ്രത്യേക ഇളവ് ഒന്നും ഇക്കാര്യത്തിൽ ഇല്ല. എന്തുണ്ടാക്കിയാലും അത് വിൽക്കുകയും പണം തിരികെ വരുകയും വേണം അത്തരത്തിലുള്ള ഒരു പ്രോജക്ട് ഐഡിയ കണ്ടെത്തുക എന്നുള്ളതാണ് ഒന്നാമത്തെ ടാസ്‌ക്
2. വേണ്ട ലൈസൻസുകളും അനുമതികളും ഇപ്പോൾ ലളിതമായിട്ടുണ്ട്
ഏറ്റെടുക്കുന്ന സംരംഭത്തിന്റെ സ്വഭാവം അനുസരിച്ച് ലൈസൻസുകളിലും അനുമതികളിലും വ്യത്യാസം വരും. ഒരു ഭക്ഷ്യ സംസ്‌കരണ സംരംഭമാണ് എങ്കിൽ അതിനു ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷൻ/ ലൈസൻസ് വേണം. ഒരു ഇലക്ട്രിക് / ഇലക്ട്രോണിക്‌സ് അതുപോലുള്ള ഉൽപ്പന്നമാണ് എങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അനുമതി. പാക്ക് ചെയ്ത് വിൽക്കുന്ന ഉൽപ്പന്നങ്ങളാണ് എങ്കിൽ അതിന് പാക്കർ ലൈസൻസ് എടുത്തിരിക്കണം. മെഡിസിൻ ആയി ഉപയോഗിക്കുന്ന ഏതൊരു പ്രോഡക്റ്റ് ഉണ്ടാക്കണമെങ്കിലും ഡ്രഗ്ഗ് കൺട്രോളറുടെ അനുമതി വേണം.
അതുപോലെ പ്രൊഡക്ഷൻ പ്ലാന്റ് തുടങ്ങുന്നതിന് പ്രത്യേകമായിട്ടുള്ള മലിനീകരണം നിയന്ത്രണ ബോർഡ്, ഫാക്ടറിസ് ആൻഡ് ബോയിലേഴ്‌സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ അനുമതികൾ സംരംഭത്തിന്റെ സ്വഭാവം അനുസരിച്ച് വേണം
5 എച്ച് പിയിൽ അധികരിക്കാതെ പവർ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകിച്ച് കുടുംബ വ്യവസായ സ്ഥാപനങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഓഫീസുകളിൽ പോകാതെ തന്നെ ലൈസൻസുകൾ എടുക്കുന്നതിന് കേരളത്തിൽ ഇപ്പോൾ ഓൺലൈൻ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചുവരുന്നുണ്ട്. (കെ സിഫ്റ്റ് )
3. ഫണ്ടിംഗ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിരവധി പദ്ധതികൾ ഉണ്ട്
വായ്പ ആവശ്യമായി വരുന്ന പക്ഷം നിരവധിയായ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ വനിതകൾക്ക് ലഭ്യമാണ്. വനിതകൾക്ക് മാത്രമായുള്ള പദ്ധതികൾ കുറവാണ് എങ്കിലും വനിതകളെ പ്രത്യേക ക്യാറ്റഗറിയായി കണ്ടുകൊണ്ട് നിരവധി ആയിട്ടുള്ള വായ്പ പദ്ധതികൾ ഇന്ന് ലഭ്യമാണ്. പി എം ഇ ജി പി, നാനോ സംരംഭങ്ങൾക്ക് ഗ്രാൻഡ് കൊടുക്കുന്ന പദ്ധതി, എന്റെ ഗ്രാമം, മൾട്ടിപർപ്പസ് ജോബ് ക്ലബ്ബ്, വി-മിഷൻ, എന്റപ്പണർ സപ്പോർട്ട് സ്‌കീം, പി എം എഫ് എം ഇ, മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി, വനിതാ വികസന കോർപ്പറേഷൻ സംരംഭം വായ്പ പദ്ധതികൾ, പലിശ ഇളവ് നൽകുന്ന പ്രത്യേക പദ്ധതികൾ എന്നിവയെല്ലാം ബാങ്ക് വായ്പക്ക് ഒപ്പം സബ്‌സിഡി കൂടി ലഭ്യമാക്കുന്നുണ്ട്.
വനിതകൾക്ക് (ടC/ടT വിഭാഗങ്ങൾക്കും) നൽകിവരുന്ന സ്റ്റാൻഡ് ഇന്ത്യ പദ്ധതി പ്രകാരം ഒരുകോടി രൂപ വരെ പ്രത്യേക കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെതന്നെ വായ്പ ലഭിക്കും.
നാനോ സംരംഭങ്ങൾക്ക് മാർജിൻ മണി ഗ്രാൻഡ് (സബ്‌സിഡി) കൊടുക്കുന്ന ഒരു പദ്ധതി സംസ്ഥാന സർക്കാർ വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. ഇത് പ്രകാരം വനിതാ സംരംഭകർക്ക് 10 ലക്ഷം രൂപ വരെയുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ 4 ലക്ഷം രൂപ ഗവൺമെന്റ് സബ്‌സിഡിയും 4 ലക്ഷം രൂപ ബാങ്കിന്റെ വായ്പയും 2 ലക്ഷം രൂപ സംരംഭകയുടെ വിഹിതവും ആയി കണക്കാക്കി പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ കഴിയുന്നു. ഇത് ഇപ്പോൾ വളരെ വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. നിർമ്മാണ സ്ഥാപനങ്ങൾക്കും സേവന സ്ഥാപനങ്ങൾക്കും ഈ പദ്ധതി ആനുകൂല്യം ലഭിക്കും. എന്നാൽ കച്ചവടത്തിന് കിട്ടില്ല. ഫാമുകൾക്കും ലഭിക്കില്ല
വ്യക്തമായ പദ്ധതി ഐഡിയ ഉണ്ടെങ്കിൽ ഇന്ന് വായ്പ ലഭിക്കാനുള്ള സൗകര്യങ്ങൾ ഒട്ടനവധിയാണ്.

4. ജിഎസ്ടി എടുത്ത് ബിസിനസ് ചെയ്യുന്നതാണ് ഉത്തമം
ചെറുകിട സംരംഭകരെ സംബന്ധിച്ച് 40 ലക്ഷം രൂപ വരെ വാർഷിക വിറ്റ് വരവുള്ള നിർമ്മാണ സ്ഥാപനങ്ങളെയും 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവന വ്യാപാര സ്ഥാപനങ്ങളെയും ജി എസ് ടി യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നല്ല രീതിയിൽ ബിസിനസ് ചെയ്യണമെങ്കിൽ ജി എസ് ടി എടുക്കേണ്ടി വരും എന്നുള്ളതാണ് അവസ്ഥ. അതാണ് അഭികാമ്യം. ഇൻകം ടാക്‌സ് എല്ലാവർക്കും ഒരുപോലെ ബാധകമാണ്.
5. നിരവധി സംരംഭ മേഖലകൾ
വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു വലിയ മേഖല കാർഷിക ഭക്ഷ്യ സംസ്‌കരണ സംരംഭ മേഖലയാണ്. തിന്നാൻ തയ്യാർ വിഭവങ്ങൾക്കും പാചകം ചെയ്യാൻ വിഭവങ്ങൾക്കും ഈ രംഗത്ത് വലിയ സാധ്യതകളുണ്ട്. ജൈവ ഉൽപ്പന്നങ്ങളുടെ സാധ്യതകൾ വളരെ വലുതാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ നിരവധിയായ ഉൽപ്പന്നങ്ങൾക്ക് സാധ്യതകൾ ഉണ്ട്. പാലുൽപന്നങ്ങൾ, മത്സ്യ- മാംസ ഉൽപ്പന്നങ്ങൾ, ചെറു ധാന്യങ്ങളിൽ അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ, ഫുഡ് സപ്ലിമെന്റുകൾ, ആട്, കോഴി, പശു, എരുമ, പന്നി ഫാമുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ഹോം മെയ്ഡ് കേക്കുകൾ, ഹോംമെയ്ഡ് ചിപ്‌സ് ഇനങ്ങൾ എന്നീ മേഖലകളിൽ എല്ലാം വലിയ സാധ്യതകളുണ്ട്.
ഗാർമെന്റ് മേഖലയാണ് മറ്റൊരു സാധ്യത മേഖല. അതിൽ ഡിസൈൻഡ് ഗാർമെന്റുകൾക്ക് വലിയ സാധ്യതകളുണ്ട്. വിവാഹ വസ്ത്രങ്ങൾ, മാമോദിസ ഡ്രസ്സുകൾ, പട്ടു പാവാടകൾ, കുട്ടിക്കുപ്പായങ്ങൾ, കഫ്താൻ – കുർത്തി പോലുള്ള ഉൽപ്പന്നങ്ങൾ, കർട്ടനുകൾ, ഫ്‌ളോർ മാറ്റുകൾ, ഏപ്രണുകൾ എന്നീ ഉൽപ്പന്നങ്ങൾക്ക് എല്ലാം തന്നെ വലിയ സാധ്യതകളുണ്ട്. ഗാർമെന്റ് മേഖലയിൽ ഡിസൈൻഡ് ഗാർമെന്റുകൾക്കാണ് കൂടുതൽ ശോഭിക്കാൻ ആവുക.
നിരവധി സേവന സംരംഭങ്ങൾക്കും സാധ്യതകളുണ്ട്. നേഴ്‌സറി, വൃദ്ധരുടെയും മറ്റും പരിപാലനം, ബേബി കെയർ സെന്റർ, ഡിടിപി / ഓൺലൈൻ സർവീസ് സെന്ററുകൾ, റീ പാക്കിംഗ്, ലോട്ടറി ഡ്രൈ ക്ലീനിങ്, വാടക കേന്ദ്രങ്ങൾ, ഓൺലൈൻ സർവീസുകൾ എന്നിവയെല്ലാം കുടുംബ ബിസിനസുകൾ ആയി വനിതകൾക്ക് ശോഭിക്കാൻ കഴിയുന്ന സംരംഭ മേഖലകളാണ്.
ബ്യൂട്ടി ക്ലിനിക്, പേപ്പർ കവർ, ഡിസൈൻഡ് ഗാർമെന്റുകൾ, ആഭരണ നിർമ്മാണം, നേഴ്‌സറി, തേനീച്ച വളർത്തൽ, കൂൺകൃഷി തുടങ്ങിയ സംരംഭങ്ങൾക്ക് വനിതകൾക്ക് സാധ്യതകൾ ഉണ്ട്.
6. ഭക്ഷ്യ സംസ്‌കരണ മേഖല മികച്ച ഒന്നാണ്
ബിസിനസ് രംഗത്ത് ഏറെ സാധ്യതയുള്ള ഒരു മേഖല ഫുഡ് ബിസിനസാണ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ രംഗത്തേക്ക് വരുമ്പോൾ വളരെയേറെ ശ്രദ്ധയും കരുതലുകളും ആവശ്യമാണ്. മനുഷ്യൻ കഴിക്കുന്ന ഏതൊരു ഭക്ഷ്യ ഉൽപ്പന്നവും നിർമ്മിച്ചു വിൽക്കുന്നതിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷൻ/ ലൈസൻസ് നിശ്ചയമായും എടുത്തിരിക്കണം. 12 ലക്ഷം രൂപയിൽ താഴെ വാർഷിക വിറ്റു വരവ് വരുന്ന സംരംഭങ്ങൾ രജിസ്‌ട്രേഷൻ എടുത്താൽ മതിയാകും. അല്ലാത്തവർ ലൈസൻസ് തന്നെ എടുക്കണം. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ വിൽക്കുന്നവരോ ആർമി റെയിൽവേ വിമാന സേവനങ്ങൾ എന്നിവിടങ്ങളിൽ വിൽക്കുന്നവർ സെൻട്രൽ ഫുഡ് സേഫ്റ്റി ലൈസൻസ് എടുത്തിരിക്കേണ്ടതാണ്. അതുപോലെതന്നെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പാക്ക് ചെയ്ത് വിൽക്കുമ്പോൾ പാക്കർ ലൈസൻസ് എടുത്തിരിക്കേണ്ടതാണ്. ചൂടാറാ വിഭവങ്ങൾ വിൽക്കുന്നവർ അത് ഉപയോഗിക്കേണ്ട വിധവും ഉപയോഗിക്കേണ്ട സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ആർട്ടിഫിഷ്യൽ കളർ, പ്രിസർവേറ്റീവ് എന്നിവ അനുവദനീയമായ തോതിൽ മാത്രമേ ചേർക്കാവൂ. ചില ഉൽപ്പന്നങ്ങൾക്ക് ആർട്ടിഫിഷൽ കളറുകൾ ചേർക്കാനേ പാടില്ല ശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ട ഒന്നാണ് ഫുഡ് ബിസിനസ്
7. ഓൺലൈൻ മികച്ച പാത
ഡിജിറ്റൽ മേഖല തന്നെ വനിതകൾക്ക് ശോഭിക്കാവുന്ന നിരവധി സംരംഭക അവസരങ്ങൾ തുറന്നു നൽകുന്ന വലിയ ഒരു മേഖലയാണ്. ഉത്പാദനം നടത്തുന്നവരും അത് ഉപയോഗിക്കുന്നവരും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികളായി മാറുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അത്തരം ഓൺലൈൻ വിപണന രംഗത്തും വലിയ സാധ്യതകൾ വനിതാ സംരംഭകർക്കുണ്ട്. ഇത് സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ ചെയ്യാം. ഓൺലൈൻ മാർക്കറ്റിംഗ്, കണ്ടെന്റ് റൈറ്റിംഗ്, ഓൺലൈൻ ഡിസ്ട്രിബ്യൂഷൻ, ഓൺലൈൻ കോച്ചിംഗുകൾ, ട്യൂഷൻ സെന്ററുകൾ അങ്ങനെ ഓൺലൈൻ നിത്യജീവിതത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത ഒരു മേഖലയായി വളർന്നിരിക്കുന്നു. നിരവധി സംരംഭക അവസരങ്ങളും ഇതിലൂടെ തുറന്നു നൽകുന്നു.
8. സോഷ്യൽ മീഡിയയെ അവഗണിക്കരുത്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗപ്പെടുത്തുകയാണ് ബിസിനസിന്റെ വികസനത്തിന് ഇന്ന് അഭികാമ്യമായിട്ടുള്ളത്. ഓൺലൈൻ പ്ലാറ്റ്‌ഫോം വലിയ അവസരങ്ങൾ തുറന്നു നൽകുന്നു. ഫേസ്ബുക്ക്, instagram, ലിങ്കിടിൻ, വാട്‌സ്ആപ്പ്, ആമസോൺ, ഫ്‌ളിപ്കാർട്ട്, തുടങ്ങിയ അറിയപ്പെടുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ എല്ലാം തന്നെ ലഘു സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ട്. വിശ്വസനീയമായ പ്ലാറ്റ്‌ഫോമിൽ കയറി ഉൽപ്പന്നങ്ങൾ സപ്ലൈ ചെയ്യാൻ ശ്രമിക്കണം. ക്രെഡിറ്റ് ബിസിനസ് ആണ് ഈ രംഗത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിൽ ഒരു ധാരണ തുടക്കം മുതലേ ഉണ്ടാകണം.വിപണനമാണ് സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളി അത് പരിഹരിക്കാൻ ഡിജിറ്റൽ മാർഗങ്ങളെ ഫലപ്രദമായി ഉപയോഗിക്കണം
9. കയറ്റുമതിയും പരീക്ഷിക്കാം
എളുപ്പമാണ് ഇപ്പോൾ
ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇപ്പോൾ കുറെയേറെ ലളിതമാണ് എന്നു പറയാം. പണ്ട് ഉണ്ടായിരുന്ന നിയമ / നൂലാമാല / പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇപ്പോൾ കയറ്റുമതിയിൽ ഇല്ല. മെച്ചപ്പെട്ട ഒരു കസ്റ്റമറെ മറ്റു രാജ്യങ്ങളിൽ കണ്ടെത്തുക എന്നുള്ളതാണ് ഇതിലെ പ്രധാന ഘടകം. അങ്ങനെ കണ്ടെത്തി കഴിഞ്ഞാൽ ഉൽപ്പന്നങ്ങൾ നമുക്ക് കയറ്റുമതി ചെയ്യാം. ഇപ്പോൾ ഇതിന് ഇംപോർട്ട് – എക്‌സ്‌പോർട്ട് കോഡ് എന്ന പേരിലുള്ള ഒരു അനുമതിയാണ് ആവശ്യമായിട്ടുള്ളത്. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജി എഫ് ടി) അതിന്റെ സൈറ്റിൽ കയറി അപേക്ഷിച്ചുകൊണ്ട് നമുക്ക് കയറ്റുമതിക്കുള്ള അനുമതി നേടാവുന്നതാണ്. ഇപ്പോൾ ഈ കാര്യങ്ങൾ വളരെ ലളിതവൽക്കരിച്ചിട്ടുണ്ട്. ചെറിയ ഒരു ഫീസ് അടച്ചുകൊണ്ട് നമുക്ക് കയറ്റുമതിയിലേക്ക് കടക്കാം. മാത്രമല്ല കോട്ടേജ് / ഹാൻഡ് മെയ്ഡ് / ജൈവ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി രംഗത്ത് വലിയ സാധ്യതകളും ഉണ്ട്. ലോകരാജ്യങ്ങൾ എല്ലാം തന്നെ അത്തരം ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഉൽപ്പന്നത്തിന്റെ സ്വഭാവം അനുസരിച്ച് സംരംഭത്തിന്റെ വളർച്ച ആഗ്രഹിക്കുന്ന സംരംഭകർ തുടക്കം മുതലേ കയറ്റുമതിരംഗത്തും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
10. ഡിജിറ്റൽ മാർക്കറ്റിംഗ്
ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറുകിട സംരംഭകരുടെ ഉൽപ്പന്നങ്ങൾ കൂടുതൽ പേരിലേക്ക് എത്താൻ കഴിയുന്ന ഒരു ആധുനിക മീഡിയമാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. ഈ ഘടകത്തെ പിന്തുണയ്ക്കാതെ ഇനി ഒരു സംരംഭകനും ഏറെ ദൂരം മുന്നോട്ടു പോകാൻ ആവുകയില്ല. ഡിജിറ്റൽ മാർക്കറ്റിംഗ് അതിവിശാലമായ ടേം ആണ്. ഡിജിറ്റൽ മീഡിയകളെ ഉൽപ്പന്നങ്ങളുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നതിനെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് പറയുന്നത്. ഇതിൽ തന്നെ ടെലി മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, സേർച്ച് എൻജിൻ ഒപ്ടിമൈസേഷൻ, സെർച്ച് എൻജിൻ മാർക്കറ്റിംഗ്, ഇ മെയിൽ ഡയറക്റ്റ് മാർക്കറ്റിംഗ്, ഇൻഫ്‌ളുവൻഷ്യൽ മാർക്കറ്റിംഗ്, കണ്ടെന്റ് ആട്ടോമേഷൻ, ഡിസ്‌പ്ലേ മാർക്കറ്റിംഗ്, ഇ കൊമേഴ്‌സ് തുടങ്ങി നിരവധി വിഭാഗങ്ങളുണ്ട്. ഇതിന്റെ എല്ലാം സോഫ്റ്റ് വെയറുകളുടെ പരിപാലനം ഇതിൽ തന്നെ വരുന്നതാണ് ഇതിനായുള്ള മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോഗിക്കാവുന്നതാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് ആണ് ഏറ്റവും വേഗത്തിൽ പൊതുജനങ്ങളിലേക്ക് സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ ഇന്നത്തെ രീതി.
11. വനിതാ സംരംഭകർ നേരിടുന്ന വെല്ലുവിളികൾ
സംരംഭം മേഖലയിലേക്ക് കടന്നു വരുന്നതിന് വനിതകൾ നേരിടുന്ന വെല്ലുവിളികൾ വ്യത്യസ്തങ്ങളാണ് നിരവധിയാണ്
1. സ്വയം എടുക്കേണ്ട തീരുമാനമാണ് സംരംഭം തുടങ്ങുക എന്നുള്ളത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം മനസ്സിനെ സംരംഭം തുടങ്ങുന്നതിന് അനുകൂലമായി പാകപ്പെടുത്തുന്ന ഒരു സാംസ്‌കാരിക പശ്ചാത്തലം അല്ല കേരളത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ അത്തരത്തിലേക്ക് ഇറങ്ങുന്നവർ പല മാമൂലുകളെയും അവഗണിച്ചുകൊണ്ട് കടന്നു വരേണ്ടി വരും ഇത് സ്വയം എടുക്കേണ്ടുന്ന ഒരു തീരുമാനമാണ്. അത്തരം ഒരു തീരുമാനം സാധ്യമാകുന്നില്ല എന്നുള്ളതാണ് വനിതാ സംരംഭം മേഖല നേരിടുന്ന ഒന്നാമത്തെ പ്രശ്‌നം.
2. സാങ്കേതിക പ്രശ്‌നങ്ങളാണ് വനിതങ്ങൾ നേരിടുന്ന മറ്റൊരു പ്രശ്‌നം. ഒരു സംരംഭം എങ്ങനെയാണ് തെരഞ്ഞെടുക്കേണ്ടത്? അതിന്റെ ഉൽപ്പന്നങ്ങളുടെ നിർമ്മാണമോ സേവനമോ വ്യാപാരമോ ഏത് രീതിയിലാണ് നടത്തേണ്ടത്? ഇത് നേരിട്ട് പോയി കാണാനുള്ള സൗകര്യങ്ങൾ എത്രത്തോളം ഉണ്ട് ? പല ഉൽപ്പന്നങ്ങളുടെയും ഒരു സാങ്കേതികമായിട്ടുള്ള കോമ്പിനേഷനുകൾ എവിടെ നിന്ന് കിട്ടും? ഇത്തരം കാര്യങ്ങൾ സംബന്ധിച്ചുള്ള അറിവില്ലായ്മ മൂലം സാങ്കേതികമായി സാധ്യതയുള്ള സംരംഭങ്ങൾ ഏറ്റെടുക്കാൻ കഴിയാതെ വരുന്നു.
3. പലപ്പോഴും വനിതാ സംരംഭകർക്ക് കുടുംബത്തിന്റെ മതിയായ സപ്പോർട്ട് ലഭിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ് ഇത് സംരംഭകർ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് എന്നാൽ കുടുംബത്തിന്റെ പിന്തുണയോട് കൂടി സംരംഭങ്ങൾ നടത്തുന്ന നിരവധി വനിതാ സംരംഭകർ നമുക്ക് ചുറ്റുമുണ്ട് കുടുംബത്തിന്റെ സപ്പോർട്ട് വളരെ പ്രധാനപ്പെട്ടതാണ് മാത്രമല്ല ഇത്തരം സംരംഭകർ നേരിടുന്ന ഒരു പ്രശ്‌നം കുടുംബത്തിലെ എല്ലാ വ്യക്തിപരമായ ചുമതലകളും നിറവേറ്റി വേണം സംരംഭത്തെ ശ്രദ്ധിക്കാൻ എന്നുള്ളതാണ് ഇത് തുടക്കത്തിലെ വനിതകൾ നേരിടുന്ന വലിയ പ്രശ്‌നമാണ്.
4. ഫണ്ടിംഗ് ആണ് മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം വനിതകൾക്ക് തീരെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ് കേരള സമൂഹത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സംരംഭം ചെയ്യുന്നതിന് ആവശ്യമായി വരുന്ന പ്രാരംഭ ചിലവുകൾക്ക് പോലും നിവൃത്തിയില്ലാതെ സംരംഭം എന്ന ആശയം ഉപേക്ഷിക്കേണ്ടതായി വരുന്ന സാഹചര്യമുണ്ട്. നിരവധി സംരംഭ സഹായ സാമ്പത്തിക പദ്ധതികൾ നിലവിലുണ്ട് എങ്കിലും അവ എല്ലാം കൃത്യമായി നേടിയെടുക്കുന്നതിനു വേണ്ട സാഹചര്യം സ്ത്രീകൾക്ക് ഉണ്ടാകുന്നില്ല. ഈ രംഗത്തുള്ള അജ്ഞതയും ഒരു പ്രധാന ഘടകമാണ്.
5. കൈത്താങ്ങ് സഹായങ്ങളുടെ അഭാവമാണ് വനിതാ സംരംഭക വികസനം നേരിടുന്ന മറ്റൊരു വെല്ലുവിളി ഒരു ആശയവുമായി വരുന്ന ഒരു സംരംഭകക്ക് ആശയം സംരംഭത്തിലേക്ക് വളർത്തിക്കൊണ്ടു വരുന്നതിന് മതിയായ കൈത്താങ്ങ് സഹായങ്ങൾ ലഭിക്കുന്നില്ല എന്നുള്ളതാണ് ഇത്തരം സഹായങ്ങൾ ലഭിക്കുന്ന സമയത്തെല്ലാം തന്നെ വനിതകൾ ഉയർത്തെഴുന്നേറ്റ് കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്ന രീതിയിലേക്ക് വന്നതായി നമുക്ക് കാണാൻ കഴിയും.
പല ഇന്റർവ്യൂകളിലും സംരംഭത്തിന്റെ സ്വഭാവത്തെക്കുറിച്ചോ, നിക്ഷേപത്തെ കുറിച്ചോ, വില്പനയെ കുറിച്ചോ ചോദിക്കുമ്പോൾ അത് ഭർത്താവിനോട് ചോദിക്കണം അല്ലെങ്കിൽ അച്ഛനോട് ചോദിക്കണം എന്ന് പറയുന്ന ഒരു രീതിയാണ് കണ്ടുവരുന്നത്.
12. ചെറുതായി തുടങ്ങുക വലുതായി വളരുക
ഇതാണ് എക്കാലത്തെയും സംരംഭ വിജയത്തിന്റെ അടിസ്ഥാനം. പുതുസരംഭകർ നിക്ഷേപം നടത്തും മുൻപ് ചെറുതായിട്ട് തുടങ്ങാൻ ശ്രമിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. വളരെ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങുമ്പോൾ ഉത്പാദനത്തിനനുസരിച്ചുള്ള വിപണി കണ്ടെത്തുക എളുപ്പമാണ്. ഏറെ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് മാത്രമല്ല ക്രെഡിറ്റ് വില്പന ഉണ്ടാവാനുള്ള സാധ്യതയും കുറവായിരിക്കും. പാർട്ട് ടൈം ആയും ഹോബിയായും കൊണ്ടുനടക്കുന്ന ആശയങ്ങളെ വ്യവസായത്തിലേക്ക് കൊണ്ടുവരാൻ ഇതുമൂലം കഴിയും. വിപണനം കൂടുന്നത് അനുസരിച്ച് ഉത്പാദനം വർദ്ധിപ്പിക്കാനും പുതിയ പ്ലാന്റുകൾ തുടങ്ങാനും എളുപ്പത്തിൽ സാധിക്കും. ഇത് പരിസ്ഥിതി സൗഹൃദവും കുടിൽ വ്യവസായവും ആയിരിക്കും. സംരംഭങ്ങൾ കുടുംബക്കൂട്ടായ്മയിലൂടെ ഉൽപാദന ചെലവ് കുറയ്ക്കാൻ കഴിയും എന്നതിനാൽ ടെൻഷനില്ലാതെ സംരംഭം മേഖലയിലേക്ക് കടന്നുവരാൻ വനിതാ സംരംഭകരെ സഹായിക്കും. ചെറുതായി തുടങ്ങിയാൽ മതി എന്നു പറയുമ്പോഴും വലുതാകണമെന്നുള്ള ആഗ്രഹം ഉണ്ടായിരിക്കണം സംരംഭകർക്ക്. നമ്മുടെ രാജ്യത്ത് വലിയ വളർച്ചയേറിയ നേടിയ വ്യവസായങ്ങളുടെ കഥ പരിശോധിച്ചാൽ അവരെല്ലാം തുടങ്ങിയത് വളരെ ചെറുതായിട്ടായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വൻ വ്യവസായി കിറ്റെക്‌സ് സാബു സംരംഭം തുറക്കുന്നത് അന്ന അലുമിനിയം എന്ന ചെറിയ ഒരു യൂണിറ്റിൽ നിന്നാണ്. തന്റെ പിതാവാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന വ്യവസായിയെ നാം ഇപ്രകാരം തന്നെ വായിച്ചെടുക്കേണ്ടതുണ്ട്. അദ്ദേഹം തുടങ്ങിവച്ച ഇൻവർട്ടറികളുടെ ഒരു ചെറിയ ബിസിനസിൽ നിന്നുമാണ് ഇന്ന് കാണുന്ന വ്യവസായ സാമ്രാജ്യം അത്രയും പടുത്തുയർത്തിയത്. ഇന്ന് അദ്ദേഹത്തിന് എത്രയോ ബിസിനസുകൾ ഉണ്ട്. ഉജാല എന്ന ഒരൊറ്റ ഉൽപ്പന്നവുമായി രംഗപ്രവേശനം ചെയ്ത സംരംഭമാണ് ജ്യോതി ലബോറട്ടറീസ് ഇന്ന് ഒട്ടനവധി ഉൽപ്പന്നങ്ങളുമായി വലിയ സംരംഭമായി വളർന്നുനിൽക്കുന്നു. രണ്ടു പശുക്കളുമായി രംഗപ്രവേശനം ചെയ്ത ഒരു ബിസിനസ് ആണ് ഇന്ദിര ഡയറി. തിരുവനന്തപുരം ജില്ലയിൽ ശോഭിച്ചു നിൽക്കുന്ന ഇന്ദിര ഡയറിക്ക് ഇന്ന് 100 ലേറെ തൊഴിലാളികൾ ഉണ്ട്. ഈസ്റ്റേൺ, ഡബിൾ ഹോഴ്‌സ് എന്നിവയെല്ലാം തന്നെ വളരെ ചെറുതായി രംഗപ്രവേശനം ചെയ്ത ബ്രാൻഡുകൾ ആണ്. ചെറുതായി തുടങ്ങുക വലുതായി വളരുക ഇതായിരിക്കണം ഒരു പുതു സംരംഭകന്റെ പ്രത്യേകിച്ചു വനിതസംരംഭകയുടെ മുദ്രാവാക്യം.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ

