POWER BI: ബിസിനസ് ഇന്റലിജൻസിന്റെ പുതിയ മുഖം

 

 ലോറൻസ് മാത്യു

    ഇന്നത്തെ കാലത്ത്, ഒരു ബിസിനസിന്റെ വിജയമോ പരാജയമോ നിശ്ചയിക്കുന്നത് ‘ഡാറ്റ’ ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ഡേറ്റാ എന്നത് ഇന്നത്തെ ബിസിനസ്സുകളുടെ സ്വർണ്ണ തുല്യമായ അസറ്റ് ആണ്. അതിന്റെ വാസ്തവ മൂല്യം മനസ്സിലാക്കാനും ഉപയോഗിക്കാനും സഹായിക്കുന്നത് ഡേറ്റാ സയൻസ് ആണ്. ഒരു ബിസിനസ്സിന്റെ വിജയത്തിന് അതിന്റെ കൈവശമുള്ള ഡാറ്റയെ എത്ര മാത്രം ശരിയായി ഉപയോഗിക്കുന്നു എന്നത് നിർണായകമാണ്. കണക്കുകൾ മാത്രം നമുക്ക് ഉപയോഗിക്കാനാകില്ല; അവയെ സ്വതന്ത്രമായി വായിക്കാനും, അവയിൽ നിന്നുള്ള വ്യാഖ്യാനങ്ങൾ കൈവരിക്കാനും കഴിയണം. ഈ സാഹചര്യത്തിൽ Microsoft Power BI എന്ന ബിസിനസ് ഇന്റലിജൻസ് (BI) ഉപാധി, ചെറുതും വലുതുമായ ബിസിനസ്സുകൾക്ക് വലിയൊരു മാറ്റം കൊണ്ടു വരുന്നു. ഡാറ്റയിലൂടെ എന്താണ് നമുക്ക് അറിയാനുള്ളത്? അതാണ് Power BI നമ്മെ പഠിപ്പിക്കുന്നത്.

     Microsoft വികസിപ്പിച്ച Power BI എന്ന ബിസിനസ് ഇന്റലിജൻസ് ടൂൾ, സ്ഥാപനങ്ങൾക്ക് അവരുടെ ഡാറ്റ നന്നായി കാണാനും, വിശകലനം ചെയ്യാനും, അതിൽ നിന്നുള്ള ട്രെൻഡുകളും വ്യക്തതയും മനസ്സിലാക്കുവാനും സഹായിക്കുന്നു

എന്താണ് പവർ ബി ഐ

      Power BI എന്നത് Microsoft വികസിപ്പിച്ച ഒരു ബിസിനസ് ഇന്റലിജൻസ് (Business Intelligence) ടൂൾ ആണ്. ഇതിന്റെ പ്രധാന ലക്ഷ്യം: ഡാറ്റയെ മനസ്സിലാക്കാൻ എളുപ്പമാക്കുക, അതിൽ നിന്നും തീരുമാനം എടുക്കാൻ സഹായിക്കുക എന്നിവയാണ്. വില്പന, ലാഭം, ചെലവുകൾ എന്നിവയുടെ റിപ്പോർട്ടുകൾ തൽക്ഷണം കാണാനും ആ ഡാറ്റയിൽ നിന്ന് ട്രെൻഡുകൾ കണ്ടെത്താനും അതിനനുസൃതമായി കാര്യക്ഷമമായ തീരുമാനങ്ങൾ എടുക്കാനും ഇത് സഹായിക്കുന്നു.

Power BI എങ്ങനെ പ്രവർത്തിക്കുന്നു?

     Power BI ഒരു ഡാറ്റാ വിഷ്വലൈസേഷൻ പ്ലാറ്റ്‌ഫോം ആണ്. വ്യത്യസ്ത ഡാറ്റാ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ കൊണ്ടു വരികയും, അതിനെ ഗ്രാഫുകളും ചാർട്ടുകളും അടങ്ങുന്ന മനോഹരമായ ഡാഷ് ബോർഡുകളാക്കുകയും ചെയ്യുന്നു. Power BI ഉപയോഗിച്ച് നിരവധി ഡാറ്റ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച്, അതിൽ നിന്നുള്ള ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാനും, അതിന്റെ അടിസ്ഥാനത്തിൽ ഡാഷ് ബോർഡുകൾ നിർമ്മിക്കാനും കഴിയും. Excel, SQL, Google Analytics, SharePoint തുടങ്ങി പല തരം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഡാറ്റ ഇമ്പോർട്ട് ചെയ്യാം. അതിന്റെ ഉന്നതമായ വിഷ്വലൈസേഷൻ ടെക്‌നോളജി ഉപയോഗിച്ച്, ടെക്‌നിക്കൽ പരിചയം കുറഞ്ഞവർക്കും എളുപ്പത്തിൽ ഇൻസൈറ്റുകൾ മനസ്സിലാക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു റീട്ടെയിൽ സ്ഥാപനത്തിന് Power BI ഉപയോഗിച്ച് ദിവസേനയുള്ള വിൽപ്പനകളുടെ വളർച്ച, സ്റ്റോക്ക് നില, മേഖലയനുസരിച്ചുള്ള ഉപഭോക്തൃ പ്രതികരണങ്ങൾ എന്നിവ മനസ്സിലാക്കാൻ കഴിയും. ഒരേ സമയം, മാനുഫാക്ചറിംഗ് മേഖലയിൽ ഇത് ഉൽപ്പാദനത്തിന്റെ ഗതിവിഗതികൾ പരിശോധിക്കാൻ, supply chain bottlenecks തിരിച്ചറിയാൻ മുതലായ കാര്യങ്ങളിൽ ഉപകാരപ്പെടുന്നു.

എക്‌സലുമായുള്ള വ്യത്യാസം

      മൈക്രോസോഫ്റ്റിന്റെ തന്നെ എക്‌സൽ ഈ ദിശയിലൊക്കെ ഉപയോഗിക്കാവുന്ന വളരെ നല്ലയൊരു ടൂളാണ്. എന്നാൽ ബിസിനസ്സിൽ അതിലുമേറെ പ്രയോജനപ്പെടുന്നയൊന്നാണ് പവർ ബി ഐ എന്നത്. Excel ഒരു spreadsheet ടൂൾ ആണ്. ഇത് ഡാറ്റയെ ടേബിളുകളായി കൈകാര്യം ചെയ്യാനും, ഫോർമുലകൾ ഉപയോഗിച്ച് കണക്കുകൾ എടുക്കാനും, ഗ്രാഫുകൾ വരയ്ക്കാനും സഹായിക്കുന്നു. Excel വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതും ലളിതവുമായ ടൂളാണ്. എന്നാൽ വലിയ ഡാറ്റ സെറ്റുകൾക്കും റിയൽ ടൈം അനാലിറ്റിക്‌സിനും Power BI പോലുള്ള ബിസിനസ് ഇന്റലിജൻസ് ടൂളുകൾ അനുയോജ്യമാണ്.

    സാധാരണ ബജറ്റ് കണക്കുകൾ, ലാഭം/നഷ്ടം ട്രാക്കിംഗ്, ചെലവുകളുടെ വിശദീകരണം, സ്റ്റോക്ക് ലിസ്റ്റുകൾ, ഗ്രാഫുകൾ (ചാർട്ടുകൾ) തുടങ്ങിയവയ്‌കെല്ലാം ഏറെ അനുയോജ്യമാണ് എക്‌സൽ.  എന്നാൽ ഡാറ്റയെ സംഗ്രഹിക്കാനും അതിൽ നിന്നുള്ള വിഷ്വലൈസേഷനുകൾ (interactive visuals) നിർമ്മിക്കാനും ഡാഷ് ബോർഡുകൾ ഒരുക്കാനും ഏറെ ഫലപ്രദമായത് പവർ ബി ഐ തന്നെയാണ്. Live  ഡാറ്റ കണക്ഷൻ, സെയിൽസ് ട്രെൻഡുകൾ, ഡിഫെക്റ്റ് അനാലിസിസ്, ബ്രാഞ്ച് ലെവൽ പ്രകടനം, കസ്റ്റമർ ബിഹേവിയർ ട്രാക്കിങ് തുടങ്ങിയവയ്കല്ലാം ഏറെ ഫലപ്രദമായത് ഇതാണ്.

ചെറുകിട സംരംഭകരും പവർ ബി ഐയും

      വലിയ എൻറർപ്രൈസുകളെ പോലെ ഡാറ്റ അനാലിസിസിനും മാർക്കറ്റിങ്ങിനും വലിയ തുക ചെലവാക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് Power BI പോലുള്ള ടൂളുകൾ ചെറുകിട ബിസിനസുകളിൽ മാറ്റം സൃഷ്ടിക്കുന്നത്.

റിപ്പോർട്ട് ഓട്ടോമേഷൻ

       Power BI എന്നത് വെറും ഡാറ്റാ വിഷ്വലൈസേഷൻ ടൂൾ മാത്രമല്ല ഇത് ഒരു ശക്തമായ റിപ്പോർട്ട് ഓട്ടോമേഷൻ സംവിധാനവുമാണ്. ഒരിക്കൽ ഡാറ്റ കണക്ഷനുകളും ആവശ്യമായ കണക്കുകൾ, ഗ്രാഫുകൾ, ഡാഷ്ബോർഡുകൾ എന്നിവയും സജ്ജമാക്കി കഴിഞ്ഞാൽ, പിന്നീട് ആവർത്തിച്ച് രേഖപ്പെടുത്തേണ്ടതില്ല. ഓരോ തവണയും പുതിയ റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടതില്ല. ഡാറ്റ അപ്ഡേറ്റ് ചെയ്താൽ അതിനനുസരിച്ച് റിപ്പോർട്ടുകളും തത്സമയമായി (real-time) അപ്ഡേറ്റ് ചെയ്യും.

          ഇത് വഴി സംരംഭകർക്കും സ്ഥാപനങ്ങൾക്കും ലഭിക്കുന്ന പ്രധാന ഗുണങ്ങൾ ചുരുക്കത്തിൽ:

     ആളുകളുടെ ജോലി കുറയുന്നു: ഓരോ മാസം, ഓരോ ആഴ്ച, ഓരോ ദിവസം പ്രത്യേകിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ആളെ വേണം എന്ന ആവശ്യമില്ല.

     സമയം ലാഭിക്കുന്നു: നിരവധി മണിക്കൂറുകൾ ആവശ്യമായ ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ബിസിനസ് ഉടമയ്ക്ക്/ടീമിന് കൂടുതൽ സാങ്കേതിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

  ചിലവ് കുറയുന്നു: കൂടുതൽ ജീവനക്കാരെ ഡാറ്റ എടുക്കാൻ, റിപ്പോർട്ടുകൾ തയ്യാറാക്കാൻ നിയോഗിക്കേണ്ടതില്ല; അത് കൊണ്ട് തന്നെ മാനവ വിഭവ സാമ്പത്തിക ലാഭം നടക്കുന്നു.

    തകരാറുകൾ കുറവാണ്: മാനുവൽ റിപ്പോർട്ടുകളിൽ സംഭവിക്കാവുന്ന കണക്ക് പിഴവുകൾ, ഡാറ്റ മിസ്മാച്ചുകൾ എന്നിവ Power BI ഓട്ടോമേഷൻ വഴി ഒഴിവാക്കാം.

   Consistency & Reliability –  ഓരോ തവണയും അതേ രീതിയിൽ, വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിക്കുമെന്നത് ബിസിനസിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് വലിയ സഹായമാണ്.

    ഉദാഹരണത്തിന്, ഒരു MSME സ്ഥാപനത്തിന് ഓരോ മാസവും വിൽപ്പന, ലാഭം, ചെലവുകൾ എന്നിവയുമായി ബന്ധപ്പെട്ട Excel ഫയലുകൾ പേരു മാറ്റി, പുതുക്കി, സ്റ്റാഫ് തയ്യാറാക്കി കൈമാറുന്ന രീതി Power BI ഉപയോഗിച്ച് പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യാം. ഒരിക്കൽ സജ്ജമാക്കിയാൽ, ഓരോ മാസം അവസാനത്തിലും അതേ രേഖകൾ സ്വമേധയാ ഉടനെ ഡാഷ്ബോർഡിൽ പ്രത്യക്ഷപ്പെടും.

വിൽപ്പന ട്രെൻഡുകൾ അറിയാൻ

       Power BI പോലുള്ള ടൂളുകൾ ഉപയോഗിച്ച് MSME സംരംഭങ്ങൾക്ക് അവരുടെ വില്പന ട്രെൻഡുകൾ ശരിയായി തിരിച്ചറിയാൻ കഴിയും. അതിലൂടെ ഉൽപ്പന്നങ്ങൾക്ക് വിപണിയിലുണ്ടാകുന്ന സ്വീകാര്യത മനസ്സിലാക്കി മാർക്കറ്റിങ് തന്ത്രങ്ങൾ രൂപപ്പെടുത്താം.  Power BI-ൽ, കസ്റ്റമർ ഓർഡറുകൾ മാസം പ്രതിയുള്ളത് ഗ്രാഫടിസ്ഥാനത്തിൽ കാണാം. ഏത് മാസത്തിലാണ് വിറ്റു വരവ് കൂടിയത് എന്നത് തിരിച്ചറിയാൻ ഇത് സഹായിക്കും. ഓരോ ഉൽപ്പന്നത്തിന്റെയും വരുമാനം – ചെലവ് = ലാഭം എന്ന സമീകരണത്തിൽ Power BI  കണക്കുകൾ ആക്ടിവ് ചെയ്താൽ എന്താണ് കൂടുതൽ ലാഭം നൽകുന്നതെന്ന് കാണാം.

വ്യവസായ പ്രവർത്തനങ്ങൾ കാണാൻ ലളിതമായ ഡാഷ്‌ബോർഡുകൾ

    Dashboards എന്നത് Power BI യിൽ ഒരേ സ്‌ക്രീനിൽ വിവിധ വിവരങ്ങൾ, ഗ്രാഫുകൾ, ചാർട്ടുകൾ, കണക്കുകൾ, ഫിൽറ്ററുകൾ എന്നിവ സംയോജിപ്പിച്ച് കാണിക്കുന്നതാണ്. അതിലൂടെ വ്യവസായത്തിലെ വിവിധ ഭാഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ലൈവ് ആയി കാണുവാൻ കഴിയും.  Sales സ്റ്റാഫ്, Accounts, Production, Management എല്ലാം ഒരേ ഡാഷ്ബോർഡിൽ കാണുന്നതിനാൽ എല്ലാവർക്കും ഒരേ വിഷൻ ലഭിക്കുന്നു. തൻമൂലം ആശയ ഭേദഗതികൾ കുറയുന്നു.

ബിസിനസ്സ് തീരുമാനങ്ങൾ എടുക്കുവാൻ

      ഒരു സംരംഭത്തിൽ ചെലവ്, സ്റ്റോക്ക്, ഉൽപ്പന്ന ലാഭം ഇവ നിർണായകമാണ്. പവർ ബി ഐ ഉപയോഗിച്ച് എല്ലാ ചെലവുകളും കൃത്യമായി ഗ്രൂപ്പ് ചെയത് ട്രാക്ക് ചെയ്യുവാൻ കഴിയും. ലോജിസ്റ്റിക്‌സ്, പാക്കേജിംഗ്, വെയ്‌സ്റ്റേജ്, തൊഴിലാളികളുടെ ഓവർടൈം തുടങ്ങിയവയെല്ലാം തന്നെ കാണുവാനും നിയന്ത്രിക്കുവാനും കഴിയും. ഓരോ ഉൽപ്പന്നത്തിന്റെയും Profit Margin ഗ്രാഫായി കാണാം. ഏതാണ് ഏറ്റവും എളുപ്പത്തിൽ വിറ്റ് പോയത്, ഏതാണ് ഏറ്റവും കൂടുതൽ കാലം വില്ക്കാതെ ഇരിക്കുന്നത് തുടങ്ങിയവയെല്ലാം തന്നെ ലളിതമായി മനസ്സിലാക്കാമെന്നതിനാൽത്തന്നെ ബിസിനസ് തീരുമാനങ്ങളെടുക്കുവാൻ ഇത് വളരെ നിർണ്ണായകമാണ്.

       ഉദാഹരണമായി ഒരു കമ്പനിയിൽ ഉള്ള 3 ഉൽപ്പന്നങ്ങളിൽ പവർ ബി ഐ വഴി കണ്ടെത്തുവാൻ കഴിഞ്ഞത് Product A കൂടുതൽ വിറ്റതാണെങ്കിലും ലാഭം കുറവാണ്. Product C – Non – moving stock, ഉൽപ്പാദന ചിലവ് കൂടുതൽ, Product B – ൽ അടുത്ത 3 മാസത്തിനിടെ 10% കൂടി. ഇനി അവർക്ക് ചെയ്യാവുന്ന മാറ്റങ്ങൾ:, Product A യുടെ വില കുറച്ച് പ്രമോഷൻ ചെയ്യുക, Product C യുടെ ഉൽപ്പാദനം താൽക്കാലികമായി നിർത്തുക, Product B യുടെ ഇറക്കുമതി സാധനങ്ങൾ negotiation വഴി വില കുറയ്ക്കുക. ഇവയെല്ലാം  Power BI ഡാറ്റയിൽ നിന്നുള്ള അറിവുകൾ (insights) ഉപയോഗിച്ച് ഉണ്ടാക്കുന്ന കാര്യക്ഷമമായ തീരുമാനങ്ങളാണ്.

കസ്റ്റമൈസേഷൻ, ഷെയറിംഗ്,
മൊബൈൽ ആക്‌സസ്

     Power BI ൽ, നമ്മളുടെ ബിസിനസ് ആവശ്യങ്ങൾക്ക് അനുസരിച്ച് റിപ്പോർട്ടുകളും ഡാഷ്ബോർഡുകളും സ്വന്തമായി രൂപപ്പെടുത്താം. Drag & Drop രീതിയിൽ ഗ്രാഫുകളും കണക്കുകളും ചേർക്കാം.

       ചിത്രങ്ങൾ, കമ്പനി ലോഗോ, കളർ തീം എന്നിവയും ചേർക്കാം. ഈ വിവരങ്ങൾ സമയ ബന്ധിതമായി കമ്പനി അംഗങ്ങളുമായി ഷെയർ ചെയ്യാം. Email വഴി ഷെയർ ചെയ്യാം Teams/WhatsApp ലിങ്കുകൾ ആയി അയക്കാം. മറ്റുള്ളവർക്ക് ‘View only’ അല്ലെങ്കിൽ ‘Edit’ ഓപ്ഷൻ കൊടുക്കാം. Microsoft Power BI – യുടെ മൊബൈൽ ആപ്പ് (Android/Apple) ഉപയോഗിച്ച്, ഓഫീസിൽ അല്ലാതെയും, യാത്രയിലായാലും, മീറ്റിംഗിനിടെ പോലും വിവരങ്ങൾ തത്സമയത്തിൽ കാണാൻ സാധിക്കും.

     ഉദാഹരണമായി ‘Sales Target Today not achieved’ എന്നത് ഫോൺ സ്‌ക്രീനിൽ നോട്ടിഫിക്കേഷനായി വരും. Power BI വളരെ എളുപ്പം ഉപയോഗിക്കാവുന്ന, പൂർണ്ണമായും കസ്റ്റമൈസ് ചെയ്യാവുന്ന, ഓരോ ബിസിനസ് ഉടമയ്ക്കും സ്വാതന്ത്ര്യത്തോടെ ‘ഡാറ്റയിൽ നിന്നുള്ള അറിവുകൾ’ ലഭിക്കാൻ സഹായിക്കുന്നൊരു കരുത്തുറ്റ സംവിധാനമാണ്.

പവർ ബി ഐ യും ഡിജിറ്റൽ ഇന്ത്യയും

      ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്തിന് പവർ ബി ഐ എന്ന ടൂൾ ഏറെ ഉപകാരപ്രദമായിരിക്കും. സർക്കാർ വകുപ്പുകൾക്ക് അവരുടെ പ്രവർത്തനം ലൈവ് ഡാറ്റ ആയി നിരീക്ഷിക്കാൻ Dashboards ഒരുക്കാൻ Power BI ഉപയോഗിക്കുന്നു. ഉദാഹരണമായി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുവാൻ കഴിയുന്നു.

    കോവിഡിന്റെ കാലത്തായിരിക്കും ആരോഗ്യ വകുപ്പിൽ ഡേറ്റയുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞത്. രോഗവ്യാപനം, രോഗികളുടെ എണ്ണം, ടെസ്റ്റ് കിറ്റുകൾ, ആശുപത്രി ശേഷി തുടങ്ങിയവയെല്ലാം കൃത്യമായി നിരീക്ഷിക്കുവാനും വേണ്ടതായ തീരുമാനങ്ങൾ തക്ക സമയത്ത് എടുക്കുവാനും ഇത് സഹായിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന് സ്ഥാപനങ്ങളുടെ മേൽനോട്ടം, പെർഫോർമൻസ്, ഹാജർ തുടങ്ങിയവയെല്ലാം കൃത്യമായി മനസ്സിലാക്കുവാൻ കഴിയുന്നു. വ്യവസായ വകുപ്പിനാകട്ടെ തങ്ങൾ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി റിയൽ ടൈം അനലൈസ് ചെയ്യുവാൻ കഴിയുന്നു. പോലീസിന് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുന്നതാണ്. ക്രൈം ഡാറ്റ അനലിറ്റിക്സിന് ഏറെ സഹായകരമായ ടൂൾ ആണിത്. Crime & Criminal Tracking Network System (CCTNS), ഡാറ്റ visualization  എന്നിവയ്‌കെല്ലാം ഈ ടൂൾ ഉപയോഗിക്കുവാൻ കഴിയും. ആദായ നികുതി (Income Tax Department) ഉപയോഗങ്ങൾ:, Tax Collection Trend Analysis –  മാസ, ജില്ല, മേഖല അടിസ്ഥാനത്തിൽ High Net Worth Individuals (HNWI) ട്രാക്ക് ചെയ്യൽ, Refund Status Monitoring – വൈകിയ റീഫണ്ടുകൾ എവിടെ? തുടങ്ങി നിരവധിയായ ഉപയോഗങ്ങളുണ്ട്.

   ഇന്നത്തെ ഭരണ സംവിധാനത്തിൽ, ഡാറ്റാ ആധാരിതമായ തീരുമാനമെടുക്കൽ അനിവാര്യമായിരിക്കുകയാണ്. വികസനം എവിടെയാണ് സംഭവിക്കുന്നത്, എവിടെയാണ് പിന്നാക്കം, ഏത് മേഖലയിൽ കൂടുതൽ ധനവിനിയോഗം ആവശ്യമാണ്, ജനങ്ങളുടെ സാമൂഹ്യ-ആർഥിക സാഹചര്യം എങ്ങനെയാണ് എന്നതെല്ലാം കൃത്യമായി തിരിച്ചറിയുന്നത് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രധാന പങ്കാളിത്തങ്ങളിലൊന്നാണ്. Directorate of Economics and Statistics (DES)  പോലുള്ള വകുപ്പുകൾക്ക് വലിയ തോതിൽ ഡാറ്റ ശേഖരിക്കേണ്ടതുണ്ട് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ. ഈ ഡാറ്റയെ വിശ്വസനീയമായി, ദൃശ്യവത്കൃതമായി, പൊതുസമൂഹത്തിനും രാഷ്ട്രീയ നേതൃത്വത്തിനും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കാൻ Power BI വളരെ ഉപയോഗപ്രദമാണ്.

    കേരളത്തിലെ വിവിധ ഗവൺമെന്റ് പദ്ധതികൾ, ജനസംഖ്യ കണക്കുകൾ, വില നിരീക്ഷണം, സാമ്പത്തിക വളർച്ചാ നിരക്കുകൾ തുടങ്ങിയവയാണ് ഈ വകുപ്പുകൾ ശേഖരിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്യുന്നത്. ഇത്തരം വിശാലമായ ഡാറ്റാ സെറ്റുകൾ പ്രയോഗഭരിതവും ദൃശ്യവത്കൃതവുമായ രീതിയിൽ അവതരിപ്പിക്കാൻ Power BI പോലുള്ള ഉപകരണങ്ങൾ ഏറെ സഹായകരമാണ്. Microsoft വികസിപ്പിച്ചെടുത്ത ഈ ബിസിനസ് ഇൻറലിജൻസ് ടൂൾ എളുപ്പത്തിൽ  ഉപയോഗിക്കാവുന്നതും ശക്തമായ ഡാറ്റാ അനലിറ്റിക്‌സ് ശേഷിയുള്ളതുമാണ്. സംസ്ഥാനത്തെയും ജില്ലയിലെയും വളർച്ചാ കണക്കുകൾ, ജനസംഖ്യാ വിഭജനങ്ങൾ, ഉപഭോഗവിലയുടെ മാറ്റങ്ങൾ, സാമൂഹിക സൂചികകളിലെ മാറ്റങ്ങൾ എന്നിവയൊക്കെ Power BI ഉപയോഗിച്ച് വസ്തുതാപരമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കാനാകും.

       ജില്ലതലത്തിൽ വരുന്ന ഡാറ്റ, പഞ്ചായത്ത് തലത്തിൽ ശേഖരിച്ച കണക്കുകൾ, ഹൗസ്ഹോൾഡ് സർവേകളുടെ ഫലം, വില നിരീക്ഷണ റിപ്പോർട്ടുകൾ തുടങ്ങി എല്ലാ വിവരങ്ങളും Power BI യിലേക്കു ഉൾപ്പെടുത്തുന്നതിലൂടെ അതിന്റെ അടിസ്ഥാനത്തിൽ ശക്തമായ ഡാഷ്ബോർഡുകളും ഇന്ററാക്ടീവ് റിപ്പോർട്ടുകളും സൃഷ്ടിക്കാനാകും. ഉദാഹരണത്തിന്, ഓരോ ജില്ലയിലെയും ഉപഭോഗ വിലയുടെ ട്രെൻഡ് വിശദമായി കാണിക്കാൻ Time Series ഗ്രാഫുകൾ ഉപയോഗിക്കാം. ജനസംഖ്യയുടെ വർദ്ധനവോ, സ്ത്രീ-പുരുഷ അനുപാതങ്ങളോ, വിദ്യാഭ്യാസ നിലയിലെ വ്യത്യാസങ്ങളോ District Map Visualizations മുഖേന വ്യക്തമായി അവതരിപ്പിക്കാം.

     Power BI യുടെ മറ്റൊരു വലിയ പ്രയോജനം അതിന്റെ മൊബൈൽ ആക്സസിബിലിറ്റിയാണ്. വകുപ്പ് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ഓഫിസിൽ മാത്രമല്ല, ഫീൽഡിലായാലും, യാത്രക്കിടയിലായാലും തത്സമയ ഡാറ്റ നിരീക്ഷിക്കാനും ആവശ്യമായ സമയത്ത് തന്നെ നടപടികൾ സ്വീകരിക്കാനും സാധിക്കുന്നു. വില വ്യതിയാനങ്ങൾ, പദ്ധതികളുടെ ധന വിനിയോഗം, ബജറ്റിന്റെ ഉപയോഗ സാധ്യതകൾ എന്നിവയിലുണ്ടാകുന്ന അച്ചടക്കക്കേടുകൾ ഉടൻ തിരിച്ചറിയാനും Power BI സഹായിക്കുന്നു.

   സാമൂഹിക വികസന സൂചികകളായാലും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ വിവരങ്ങളുമായതുമായ ഡാറ്റയായാലും പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പോർട്ടലുകൾ വഴിയോ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെയോ തത്സമയത്തിൽ വെളിപ്പെടുത്താൻ Power BI ഉപയോഗിക്കപ്പെടുന്നു. ഇതു വഴി ഗവൺമെന്റിനും പൗരനും ഇടയിലെ വിവര വെളിച്ചം വളരുകയും, പൊതുജനങ്ങൾക്കുള്ള വിശ്വാസം ഉയരുകയും ചെയ്യുന്നു.

സ്റ്റാർട്ടപ്പുകൾക്കൊരു സഹായ ഹസ്തം

     ചെറിയ സ്റ്റാർട്ടപ്പുകൾക്ക് പോലും കുറഞ്ഞ ചെലവിൽ വൻ ഡാറ്റാനലിറ്റിക്സിന്റെ പ്രയോജനം ലഭ്യമാക്കുന്നുണ്ട് ഈ സംവിധാനം. ഒരു സ്റ്റാർട്ടപ്പിന്റെ തുടക്കം മുതൽ തന്നെ നിരീക്ഷണം, കണക്കെടുപ്പ്, ഉൽപ്പന്ന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ അവബോധം വളരെയധികം സഹായകരമാണ്. ഉദാഹരണത്തിന്, ഒരു ഓൺലൈൻ ഹോംമെയ്ഡ് ഫുഡ് ബിസിനസ് സ്റ്റാർട്ടപ്പ് ഓരോ ദിവസവും എന്തൊക്കെ വിറ്റു, ഏത് ഉൽപ്പന്നം ലാഭം നൽകുന്നു, ഏത് തിയ്യതികളിലാണ് കൂടുതൽ ഓർഡറുകൾ വന്നത് എന്നതെല്ലാം Power BI ഉപയോഗിച്ച് കാണാനും പഠിക്കാനും കഴിയും. ഇത് വഴി ആ സ്റ്റാർട്ടപ്പിന് കൂടുതൽ ബുദ്ധിപൂർവമായ മാർക്കറ്റിംഗ് തീരുമാനങ്ങൾ എടുക്കാൻ കഴിയും.

       ഇത് കൂടാതെ, സ്റ്റാർട്ടപ്പുകൾക്ക് വേണ്ടിയുള്ള ബജറ്റിംഗ്, കാഷ്ഫ്‌ളോ മാനേജ്‌മെന്റ്, കസ്റ്റമർ അനാലിറ്റിക്‌സ്, ഇൻവെന്ററി നിയന്ത്രണം, സ്റ്റാഫ് പെർഫോമൻസ് തുടങ്ങിയവയെ കുറിച്ചും Power BI അനലിറ്റിക്‌സ് നൽകുന്നു. ഓരോ ഫീൽഡിനും പ്രത്യേകം ഡാഷ്ബോർഡുകൾ ഒരുക്കാനും, ഓരോ കസ്റ്റമർക്കും/ഉൽപ്പന്നത്തിനും പ്രത്യേക ട്രാക്കിംഗ് സംവിധാനവും താൻ ആഗ്രഹിക്കുന്ന രീതിയിൽ കസ്റ്റമൈസ് ചെയ്യാനും കഴിയും.

          ഇന്ന് ഒരു ബിസിനസ്സിന്റെ വിജയത്തിന് വേണ്ട ഏറ്റവും വലിയ ശക്തി ഡാറ്റയാണ്. എന്നാൽ, ഡാറ്റ മാത്രം മതിയാകില്ല; അതിനെ മനസ്സിലാക്കാനും, അതിൽ നിന്ന് അറിവ് സൃഷ്ടിക്കാനും കഴിയണം. അവിടെയാണ് Power BI പോലെയുള്ള ബിസിനസ് ഇൻറലിജൻസ് ഉപാധികൾ ആധുനിക കാലത്തിന്റെ അനിവാര്യ ഘടകങ്ങളായി മാറുന്നത്. ചെറുകിട സംരംഭങ്ങൾ മുതൽ സർക്കാർ സംവിധാനങ്ങൾ വരെയുള്ള സ്ഥാപനങ്ങൾക്ക് Power BI ഉപയോഗിച്ച് അവരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും വിജ്ഞാന പ്രദവുമായ രീതിയിൽ നിയന്ത്രിക്കുവാൻ കഴിയും. സ്റ്റാർട്ടപ്പുകൾക്ക് അനലിറ്റിക്‌സ് ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കാനും, സർക്കാർ വകുപ്പുകൾക്ക് തങ്ങളുടെ പദ്ധതികളുടെ റിയൽ ടൈം അവലോകനം നടത്താനും Power BI സഹായകമായി മാറുന്നു. ഡാറ്റയുടെ ലോകത്ത് വിജയം തേടുന്നവർക്കുള്ള വിശ്വാസയോഗ്യമായ സഹയാത്രക്കാരൻ അതാണ് Power BI.