ആഴ്ചാവസാനം സിനിമാ ടിക്കറ്റിനെന്താ ഇത്ര കൂടുതൽ നിരക്ക്? വിലയും ചെലവും ബിസിനസിലെ ചില കളികൾ
ഡോ. സുധീർ ബാബു

വ്യത്യസ്ത ഉപഭോക്താക്കൾക്ക് വ്യത്യസ്ത വിലകൾ. ആഴ്ചാവസാനം (Weekend) നിങ്ങളൊരു സിനിമയ്ക്കു പോകാൻ തീരുമാനിക്കുന്നു. തീയേറ്ററിൽ ചെന്ന് ടിക്കറ്റെടുക്കുമ്പോൾ നിങ്ങൾ ഞെട്ടുന്നു. ടിക്കറ്റ് നിരക്കിതാ വല്ലാതെ ഉയർന്നിരിക്കുന്നു. എന്നാൽ ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ ഇത്ര നിരക്കില്ലല്ലോ! എന്തുകൊണ്ട് തീയേറ്റർ ആഴ്ചാവസാനത്തിൽ കൂടുതൽ നിരക്ക് ഈടാക്കുന്നു? നിങ്ങൾ ചിന്താകുലനാകുന്നു.
വിദേശത്തുള്ള നിങ്ങൾ വെക്കേഷൻ സമയത്ത് കുടുംബവുമായി നാട്ടിലേക്ക് പുറപ്പെടുവാൻ ആലോചിക്കുന്നു. എന്നാൽ ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്ക് കേൾക്കുമ്പോൾ നിങ്ങൾക്ക് ബോധക്കേട് അനുഭവപ്പെടുന്നു. കത്തിനിരക്കാണ് വെക്കേഷൻ സമയത്ത് എയർലൈൻ കമ്പനികൾ ചാർജ്ജ് ചെയ്യുന്നത്. മറ്റ് സമയങ്ങളിലെപ്പോലെ കുറഞ്ഞ നിരക്ക് ഈടാക്കാതെ എന്താണ് തിരക്കുള്ള സീസണിൽ അവർ കൂടുതൽ നിരക്ക് ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കുന്നത്? അതെ ഡിമാൻഡ് കൂടുമ്പോൾ അവരുടെ നിരക്കും ഉയരുന്നു. അതായത് എല്ലാ സീസണിലും ഒരേ നിരക്കല്ല എയർലൈൻ കമ്പനികൾ ഈടാക്കുന്നത് എന്നർത്ഥം. സാധാരണ സമയങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ ഉയർന്ന നിരക്കുകൾ ഈടാക്കുന്ന ഫ്‌ളൈറ്റുകൾ ശനിയാഴ്ചയും ഞായറാഴ്ചയും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നതും ചിലപ്പോൾ കാണാൻ സാധിക്കും.
വില വിവേചനം (Price Discrimination)
നിങ്ങൾ ഒരു മാസം 5000 രൂപ ഒരു സ്റ്റോറിൽ ചെലവഴിക്കുന്നു എന്ന് കരുതുക. ആ സ്റ്റോർ നിങ്ങൾക്കൊരു സ്‌പെഷ്യൽ ഓഫർ കൂപ്പൺ അയച്ചു നൽകുന്നു. ഈ കൂപ്പൺ പ്രകാരം നിങ്ങൾക്ക് 10% കിഴിവ് ലഭിക്കും. എന്നാൽ ഈ ഓഫർ സ്റ്റോറിൽ കയറി ചെല്ലുന്ന മറ്റൊരു കസ്റ്റമറിന് ലഭിക്കുകയില്ല. നിങ്ങളുടെ പർച്ചേസ് ഹാബിറ്റ് വിശകലനം ചെയ്തിട്ടാണ് അവർ നിങ്ങൾക്കീ ഓഫർ നൽകിയിരിക്കുന്നത്. ഒരേ സ്റ്റോറിൽ തന്നെ വ്യത്യസ്ത ഉപഭോക്താക്കൾക്ക് വ്യത്യസ്ത വിലകൾ എന്ന് ഇവിടെ കാണാം.
വില വിവേചനം (Price Discrimination) എന്ന തന്ത്രം ഫലപ്രദമായി പ്രയോഗിക്കുന്ന പല ബിസിനസുകളും വിപണിയിലുണ്ട്. അവർ ഒരേ വില തന്നെയല്ല എല്ലാ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. വരുമാനം വർദ്ധിപ്പിക്കുവാൻ ബിസിനസുകൾ പൊതുവേ ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്. വിലയിൽ വലിയ ശ്രദ്ധ നൽകാത്ത (Less Price Sensitive) ഉപഭോക്താക്കളിൽ നിന്നും ഉയർന്ന വില ഈടാക്കുന്ന രീതിയിലാണ് വില വിവേചനം നടപ്പിലാക്കുന്നത്. ഇവിടെ ഉപഭോക്താക്കളെ തരംതിരിച്ച് വിശകലനം ചെയ്താണ് തന്ത്രത്തിന് രൂപം നൽകുന്നത്.
ഒരു ടൈലറിംഗ് ഷോപ്പ് സ്ത്രീകളുടെ വസ്ത്രം തയ്ക്കുന്നതിന് പ്രത്യേക കിഴിവ് അനുവദിക്കുന്നത്, ഒരു റെസ്റ്റോറൻറ് മുതിർന്ന പൗരന്മാർക്ക് (Senior Citizen) വിലയിൽ പ്രത്യേക പരിഗണന നൽകുന്നത്, ഒരു ട്രാൻസ്‌പോർട്ട് കമ്പനി വിദ്യാർത്ഥികൾക്ക് യാത്രാ നിരക്കിൽ ഡിസ്‌കൗണ്ട് അനുവദിക്കുന്നത് എല്ലാം ഈ വില വിവേചനം (Price Discrimination) എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണ്.
നിങ്ങൾ ഒരു ഷോപ്പിൽ നിന്നും കുറെക്കാലമായി ഒന്നും വാങ്ങുന്നില്ല. നിങ്ങൾ മുൻപവിടെ പോയിട്ടുണ്ട്, സാധനങ്ങൾ വാങ്ങിയിട്ടുണ്ട് എന്നാൽ ഇപ്പോൾ കുറെ നാളായി അവിടെ പോയിട്ട്. അപ്പോഴതാ നിങ്ങളെത്തേടി ആ ഷോപ്പിൽ നിന്നും ഒരു ഓഫർ വരുന്നു. ഞങ്ങളുടെ അടുത്തുനിന്ന് സാധനങ്ങൾ വാങ്ങൂ വലിയൊരു ഡിസ്‌കൗണ്ട് നേടൂ. ഈ ഓഫർ നിങ്ങളെ പ്രലോഭിപ്പിക്കുന്നു. നിങ്ങൾ ആ ഷോപ്പ് സന്ദർശിക്കുന്നു. ആ ബിസിനസ് നിങ്ങളുമായിതാ ബന്ധം പുതുക്കിയിരിക്കുന്നു. ഉപഭോക്താക്കളെ തിരികെ കൊണ്ടുവരാനും ഈ തന്ത്രം ഫലപ്രദമാണ്. വില വിവേചനം (Price Discrimination) പ്രയോഗിക്കുന്നതിനു മുൻപ് ഉപഭോക്താക്കളെ ശരിക്ക് മനസ്സിലാക്കുകയും വിശകലനം ചെയ്യേണ്ടതുമുണ്ട്. എതിരാളികളുടെ (Competitors) വിപണന തന്ത്രങ്ങൾ കൂടി കണക്കിലെടുത്തു വേണം ഈ തന്ത്രം നടപ്പിലാക്കുവാൻ.

കോസ്റ്റ് ലീഡർഷിപ്പ് (Cost Leadership)
സർക്കുലേഷനിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ദിനപത്രം തങ്ങളുടെ ലാഭത്തിൽ സംഭവിക്കുന്ന ഇടിവിൽ ആശങ്കാകുലരായിരുന്നു. ഏറ്റവും കൂടുതൽ എഡിഷനുകളും വായനക്കാരുമുള്ള പത്രം. പത്രത്തിൻറെ സർക്കുലേഷൻ വർദ്ധിക്കുന്തോറും പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കുന്നില്ല. അവർ അതിന്റെ കാരണം അന്വേഷിച്ചു തുടങ്ങി. തങ്ങളുടെ പ്രവർത്തനച്ചെലവുകൾ വളരെയധികം കൂടുതലാണെന്ന കണ്ടെത്തലിലേക്ക് ആ അന്വേഷണം അവരെ നയിച്ചു.
ന്യൂസ്പ്രിൻറ്, പ്രിൻറിംഗ് ഇങ്ക്, കെമിക്കലുകൾ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളെല്ലാം ഓരോ എഡിഷനും വാങ്ങിയിരുന്നത് വ്യത്യസ്ത കമ്പനികളിൽ നിന്നായിരുന്നു. ഇത്തരം പർച്ചേസുകൾ അവർ സ്വന്തമായിത്തന്നെ നടത്തിപ്പോന്നു. ഇത് മനസ്സിലാക്കിയ ദിനപത്രം തങ്ങളുടെ എല്ലാ പർച്ചേസുകളും കേന്ദ്രീകൃത (Centralised) സംവിധാനത്തിൻറെ കീഴിലാക്കി. എല്ലായിടത്തേക്കും ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഒരുമിച്ച് ഓർഡർ ചെയ്യാൻ തുടങ്ങിയതോടെ വിലയിൽ വലിയ കുറവ് ലഭ്യമാകുവാൻ തുടങ്ങി. വിൽപ്പനക്കാരുമായി വില പേശി ഏറ്റവും കുറഞ്ഞ വിലയിൽ അസംസ്‌കൃത വസ്തുക്കൾ വാങ്ങി. ഇതോടു കൂടി അവരുടെ ലാഭം കുതിച്ചുയർന്നു.
”എല്ലായ്‌പ്പോഴും ഏറ്റവും കുറഞ്ഞ വില” എന്നതായിരുന്നു അന്താരാഷ്ട്ര റീറ്റെയിൽ ഭീമനായ വാൾമാർട്ടിൻറെ (Walmart) പരസ്യവാചകം. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എതിരാളികളെക്കാൾ വിലകുറച്ച് ഉപഭോക്താക്കൾക്ക് നൽകാൻ എങ്ങിനെയാണ് വാൾമാർട്ടിന് കഴിയുക? എന്തുകൊണ്ടാണ് വാൾമാർട്ടിനോട് മത്സരിക്കുവാൻ മറ്റുള്ളവർക്ക് സാധിക്കാതെ വരുന്നത്? ചെലവുകൾ പരിമിതപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുകയെന്ന തന്ത്രമാണ് ഇവർ നടപ്പിലാക്കുന്നത്. പതിനായിരത്തിലധികം റീറ്റയിൽ സ്റ്റോറുകളുള്ള വാൾമാർട്ട് ഭീമമായ വിലക്കുറവിലാണ് ഉൽപ്പന്നങ്ങൾ വാങ്ങി സംഭരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്താലും സ്വന്തം ഡെലിവറി വാഹനങ്ങളുടെ ഉപയോഗത്തിലൂടെയും ചെലവുകൾ പരമാവധി ചുരുക്കി അവർ പ്രവർത്തിക്കുന്നു. കോസ്റ്റ് ലീഡർഷിപ്പിലൂടെ (Cost Leadership) വിപണിയിൽ എതിരാളികളെക്കാൾ മുന്നിലെത്താൻ ഇതിലൂടെ അവർക്ക് സാധിക്കുന്നു. പ്രവർത്തനച്ചെലവ് (Operating Cost) കുറച്ച് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ ഈ തന്ത്രം സഹായിക്കുന്നു.
ഫുഡ് വ്യവസായത്തിലെ അതികായനാണ് മക്‌ഡോണാൾഡ്‌സ് (McDonald’s). തങ്ങളുടെ ഓരോ ഔട്ട്ലെറ്റും ഏറ്റവും കുറഞ്ഞ ചെലവിൽ പ്രവർത്തിപ്പിക്കുവാൻ അവർ സ്വീകരിച്ചിരിക്കുന്ന മൂന്ന് മാർഗ്ഗങ്ങൾ നിരീക്ഷിക്കാം. ഒന്നാമതായി ഭക്ഷണം പാചകം ചെയ്യുന്ന പ്രക്രിയ (process) അവർ വളരെ ലളിതമാക്കിയിരിക്കുന്നു. പാചക രീതി സിസ്റ്റമാറ്റിക്കും എളുപ്പത്തിൽ പഠിക്കാവുന്നതുമായ തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടാമത് അവർ അനുഭവ സമ്പത്തുള്ള പാചകവിദഗ്ദ്ധരെയല്ല ജോലിക്കായി തിരഞ്ഞെടുക്കുന്നത്. മറിച്ച് കുറഞ്ഞ വേതനം നൽകി പുതിയ ആളുകളെ എടുത്ത് അവർക്ക് പരിശീലനം നൽകി ജോലിയിലേക്ക് നിയോഗിക്കുന്നു. മൂന്നാമതായി തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ചേരുവകൾ (Ingredients) സ്വന്തം ഫാക്ടറികളിൽ തന്നെ തയ്യാറാക്കുന്നു. ഇതിലൂടെ ചെലവുകളിൽ ശക്തമായ നിയന്ത്രണം മക്‌ഡോണാൾഡ്‌സ് നടപ്പിലാക്കുന്നു.
ഉൽപ്പാദനത്തിന്റെ (Production) കാര്യക്ഷമത (Efficiency) വർദ്ധിപ്പിക്കുകയും ചെലവുകൾ പരമാവധി കുറച്ചു കൊണ്ട് പ്രവർത്തിക്കുകയും ചെയ്യുകയാണ് കോസ്റ്റ് ലീഡേഴ്‌സിന്റെ തന്ത്രം. കുറഞ്ഞ പ്രവർത്തനച്ചെലവ് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ അവരെ പ്രാപ്തരാക്കുന്നു. കൂടുതൽ മാർക്കറ്റ് ഷെയർ നേടിയെടുക്കാൻ ഇതുമൂലം കഴിയുന്നു. കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ നേരിയ ലാഭം മാത്രമാവും ലഭിക്കുക. എന്നാൽ വലിയ അളവിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്നതോടെ കൂടുതൽ ലാഭം നേടാൻ കോസ്റ്റ് ലീഡേഴ്‌സിന് കഴിയുന്നു.
പ്രവർത്തനച്ചെലവ് കുറവായത് കൊണ്ട് വില കുറച്ച് വിൽക്കണമെന്നുമില്ല. വിപണിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാം. കോസ്റ്റ് ലീഡർഷിപ്പ് (Cost Leadership) നടപ്പിലാക്കുവാൻ നിരന്തരം പുതിയ മാർഗ്ഗങ്ങൾ തേടിക്കൊണ്ടേയിരിക്കണം. ചെലവുകൾ കുറച്ച് പ്രവർത്തിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ കാതൽ.

പ്രൈസ് ലീഡർഷിപ്പ് (Price Leadership)
നിങ്ങൾ വളരെക്കാലമായി മൊബൈൽ ഉപയോഗിക്കുന്നു. ഫോൺ വിളികൾക്കും മൊബൈൽ ഡാറ്റയ്ക്കുമായി മാസത്തിൽ നല്ലൊരു തുക ചെലവാകുന്നുണ്ട്. ഇന്റർനെറ്റ് ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മൊബൈൽ ഡാറ്റ ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് നീങ്ങാൻ പറ്റാത്ത അവസ്ഥയായി. അതുകൊണ്ട് ഈ ചെലവ് നിങ്ങൾ സഹിക്കുന്നു.
അപ്പോൾ അതാ പുതിയൊരു മൊബൈൽ കമ്പനി ഉദയം ചെയ്യുന്നു. നിങ്ങൾ കടന്നു വരൂ, ഫ്രീയായി എത്ര വേണമെങ്കിലും ഫോൺ വിളിക്കൂ, ഇൻറർനെറ്റ് ഉപയോഗിക്കൂ. അഞ്ചു പൈസ തരേണ്ടതില്ല, അടിപൊളി. നിലവിലെ സേവനദാതാവിനെ നിങ്ങൾ പുല്ലുപോലെ വലിച്ചെറിയുന്നു. പുതിയ കമ്പനിയെ സ്വീകരിക്കുന്നു. എല്ലാം പൂർണ്ണമായും ഫ്രീ. ആനന്ദലബ്ധിക്കിനിയെന്തു വേണം. കുറച്ച് മാസങ്ങൾ കടന്നു പോകുന്നു. നിങ്ങളുടെ പുതിയ മൊബൈൽ സേവനദാതാവ് പറയുന്നു ഇതാ, ഞങ്ങൾ ഇനി നിങ്ങളുടെ കയ്യിൽ നിന്നും ചാർജ്ജ് ഈടാക്കാൻ തുടങ്ങുന്നു. ഇനിയൊന്നും സൗജന്യമല്ല. നിങ്ങൾ അന്തംവിടുന്നു. കാരണം നിങ്ങളത് പ്രതീക്ഷിച്ചതേയില്ല. ഇതെന്നും എക്കാലവും സൗജന്യമായി മുന്നോട്ടു പോകും എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചു പോയി. ഇനി രക്ഷയില്ല. നിങ്ങൾ പണം നൽകി സേവനം ഉപയോഗിച്ചു തുടങ്ങുന്നു.
റിലയൻസ് ജിയോ ഇങ്ങിനെയാണ് വിപണിയിലേക്ക് ആഴ്ന്നിറങ്ങിയത്. ആദ്യം സൗജന്യമായി സേവനങ്ങൾ നൽകി. പിന്നീട് അവയ്ക്ക് പണം ഈടാക്കി. വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുത്തതിന് ശേഷമാണ് അവർ സൗജന്യ സേവനം അവസാനിപ്പിച്ചത്. മറ്റ് കമ്പനികൾക്ക് അവരുടെ പ്രൈസ് പിന്തുടരാതെ നിവൃത്തിയില്ലാതെ വന്നു. പ്രൈസ് ലീഡർഷിപ്പ് (Price Leadership) തന്ത്രത്തിലൂടെ വിപണിയിലെ മറ്റു കമ്പനികളെ തങ്ങളെ പിന്തുടരാൻ ജിയോ നിർബന്ധിതരാക്കി. വിപണിയുടെ പ്രധാനപ്പെട്ട ഷെയർ കരസ്ഥമാക്കുവാൻ അവർ ആദ്യം ശ്രമിച്ചു. അത് കൈപ്പിടിയിൽ ഒതുങ്ങിയപ്പോൾ സേവനങ്ങൾക്ക് ചാർജ്ജ് ചുമത്തി. വിപണിയിലെ നേതാവിനെ പിന്തുടരേണ്ട അവസ്ഥയിലായി മറ്റെല്ലാ കമ്പനികളും. ജിയോയുടെ നിരക്കുകൾക്കനുസരിച്ചായി മറ്റ് കമ്പനികളുടെ നിരക്ക് മാറ്റങ്ങൾ. ടെലികോം രംഗത്തെ പ്രൈസ് ലീഡർ ജിയോ ആയി മാറി.
എയർലൈൻസുകൾ വലിയ നിരക്കുകൾ ഈടാക്കുന്ന സമയം. നിങ്ങൾക്ക് കൂടുതൽ സൗകര്യങ്ങളുള്ള, മേന്മയുള്ള സേവനങ്ങൾ നൽകുന്ന വിമാനത്തിൽ സഞ്ചരിക്കണോ? അത്തരമൊരു യാത്ര വളരെ ചെലവേറിയതായിരുന്നു. എന്നാൽ നിരക്ക് കുറഞ്ഞ വിമാനത്തിൽ പറക്കാൻ തീരുമാനിച്ചാൽ അതിലെ സൗകര്യങ്ങൾ തീർത്തും അപര്യാപ്തവും., സേവനത്തിന്റെ മേന്മയോ മഹാ മോശവും. ഇത്തരമൊരു സാഹചര്യത്തിലേക്കായിരുന്നു ഇൻഡിഗോ ലാൻഡ് ചെയ്തത്.
ഇൻഡിഗോയുടെ നിരക്കുകൾ പ്രീമിയം ഫ്‌ലൈറ്റുകളെക്കാൾ കുറവായിരുന്നു. അതേസമയം തന്നെ നിലവിലെ സൗകര്യങ്ങൾ കുറഞ്ഞ മറ്റ് ഫ്‌ലൈറ്റുകളെക്കാൾ കൂടുതലും. യാത്രക്കാർക്ക് അവർ നിലവിൽ നിരക്ക് കുറഞ്ഞ മറ്റ് വിമാനങ്ങളിലെക്കാളും മികച്ച സൗകര്യങ്ങളും സേവനങ്ങളും നൽകി. യാത്രക്കാർ ഇൻഡിഗോയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇൻഡിഗോ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിലെ പ്രൈസ് ലീഡർ അവരായി മാറി. മറ്റ് കമ്പനികൾ യാത്രികരുടെ ആവശ്യങ്ങൾക്കനുസരിച്ച് തങ്ങളുടെ സൗകര്യങ്ങളിലും സേവനങ്ങളിലും മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരായി. മാർക്കറ്റ് ഷെയർ നിലനിർത്താൻ അതല്ലാതെ മാർഗ്ഗമില്ലെന്നായി.
വിപണിയിലെ ശക്തരായ ബിസിനസുകളാണ് സാധാരണ പ്രൈസ് ലീഡർഷിപ്പ് (Price Leadership) തന്ത്രം പ്രയോഗിക്കുന്നത്. വിപണിയിലെ തങ്ങളുടെ മേൽക്കോയ്മയും സാന്നിധ്യവും പ്രകടമാക്കുവാൻ അവർ ഈ തന്ത്രത്തെ ഉപയോഗിക്കുന്നു. പ്രൈസ് ലീഡറെ മറ്റ് കമ്പനികൾ ശ്രദ്ധയോടെ പിന്തുടരുന്നു. യഥാർത്ഥത്തിൽ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും വില നിശ്ചയിക്കുവാനുള്ള ശക്തി പ്രൈസ് ലീഡർ കൈവശം സൂക്ഷിക്കുന്നു.
