അൽപ്പം വഴി മാറി സഞ്ചരിക്കൂ, ബിസിനസ് ഉയരങ്ങളിലെത്തട്ടെ!

ഡോ. സുധീർ ബാബു
പിവെട്ടിംഗ് (Pivoting)
ഒഡിയോ (Odeo) ബിസിനസ് ആരംഭിച്ചത് വലിയ പ്രതീക്ഷകളോടെയായിരുന്നു. ഉപഭോക്താക്കൾക്ക് താല്പര്യമുള്ള പോഡ്കാസ്റ്റുകൾ കണ്ടെത്താനും സബ്സ്ക്രൈബ് ചെയ്യുവാനും സാധ്യമായ ഒരു പ്ലാറ്റ്ഫോം ആയിരുന്നു ഒഡിയോ. എന്നാൽ ഐ-ട്യൂണിന്റെ വിപണിയിലേക്കുള്ള കടന്നുവരവ് ഒഡിയോയുടെ സ്ഥാപകരുടെ പ്രതീക്ഷകൾക്ക് മേലുള്ള വെള്ളിടിയായി മാറി. പോഡ്കാസ്റ്റുകളുടെ ഇടം ഐ-ട്യൂൺ കീഴടക്കിത്തുടങ്ങി. ഇനി ഈ ബിസിനസുമായി മുന്നോട്ടു പോകുന്നത് ആത്മഹത്യാപരമാണെന്ന് അവർ മനസ്സിലാക്കി. തങ്ങളുടെ ജീവനക്കാർക്ക് പുതിയ ആശയങ്ങളുമായി വരാൻ രണ്ടാഴ്ചത്തെ സാവകാശം നൽകി. ലഭിച്ച ആശയങ്ങൾ വിശകലനം ചെയ്ത് അതിവേഗതയിൽ അവർ പുതിയൊരു ബിസിനസിലേക്ക് തിരിഞ്ഞു. ഒരു മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോം ആയിരുന്നു പുതുതായി അവർ തിരഞ്ഞെടുത്ത ആശയം. ലോകം കീഴടക്കിയ ട്വിറ്ററിന്റെ (twitter) ജനനം അങ്ങിനെയായിരുന്നു.

ബിസിനസിൽ തങ്ങളുടെ ഉൽപ്പന്നമോ സേവനമോ ഒരു പരാജയമായി മാറുന്നുവെന്ന് കണ്ടാൽ സംരംഭകർ എന്ത് ചെയ്യണം? അത്തരം ഉൽപ്പന്നങ്ങളും സേവനങ്ങളുമായി മുന്നോട്ട് പോയി വലിയൊരു തോൽവിയിലേക്ക് കൂപ്പുകുത്തണോ? അതോ ബുദ്ധിപരമായി പിന്തിരിഞ്ഞ് മറ്റൊന്നിലേക്ക് മാറണോ? തങ്ങൾ തോൽക്കുകയാണ് എന്ന് ബോധ്യമായ നിമിഷം ഒഡിയോയുടെ സ്ഥാപകർ തങ്ങളുടെ ബിസിനസിന്റെ ദിശ തിരിച്ചു. പുതിയൊരു ആശയം കണ്ടെത്തി അതിലേക്ക് ചുവടുമാറ്റി. തോൽക്കും എന്ന ഘട്ടത്തിൽ കൂടുതൽ ക്ഷതമേൽക്കാൻ നിൽക്കാതെ അവർ ”പിവെട്ട്” (Pivot) ചെയ്തു. പുതിയ ബിസിനസിലേക്ക് തിരിഞ്ഞു.

നഷ്ടം നൽകുന്ന, ജയസാധ്യതകളില്ലാത്ത ബിസിനസുകൾ തള്ളിക്കൊണ്ട് പോകുന്നതിന് പകരം മറ്റൊന്നിലേക്കുള്ള ചുവടുമാറ്റത്തെ ”പിവെട്ടിംഗ്” (Pivoting) എന്ന് പറയാം. നിലവിലുള്ള ഉൽപ്പന്നങ്ങൾ / സേവനങ്ങൾ വിജയിക്കില്ല എന്ന് തോന്നിയാൽ മാറ്റത്തിന് സംരംഭകർ മടിക്കേണ്ടതില്ല. കൂടുതൽ നഷ്ടം ഒഴിവാക്കുവാൻ അത് സഹായകരമാകും. ഇതൊരു പിൻവാങ്ങലല്ല. പകരം ബിസിനസ് തന്ത്രം തന്നെയാണ്. കൂടുതൽ സാധ്യതകളുള്ള ആശയങ്ങൾ കണ്ടെത്തുക, ബിസിനസിന്റെ ദിശ മാറ്റുക. എന്നാൽ ഇത്തരമൊരു ദിശാമാറ്റത്തിന് അന്തർലീനമായ റിസ്ക്കുകൾ ഉണ്ട്. അവയൊക്കെയും സംരംഭകൻ കണക്കിലെടുക്കേണ്ടതുണ്ട്. കൃത്യമായ ധാരണകളില്ലാതെ, തയ്യാറെടുപ്പുകളില്ലാതെ പിവെട്ടിംഗ് നടത്തിയാൽ പരാജയപ്പെടുവാനുള്ള സാധ്യത കൂടുതലാണ്. പിവെട്ടിംഗിന് മുൻപ് ആഴത്തിലുള്ള പഠനവും തയ്യാറെടുപ്പും ആവശ്യമാണ്.

ഫ്ളിപ്പ്കാർട്ട് ഏറ്റെടുത്ത മിന്ത്ര (Myntra) തങ്ങളുടെ ബിസിനസ് ആരംഭിക്കുമ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് വ്യക്തിഗതമായ ഗിഫ്റ്റ് ഐറ്റങ്ങൾക്കായിരുന്നു (Peronalised Gift Items). വ്യക്തിഗത ടീ-ഷർട്ട്, കോപ്പകൾ തുടങ്ങിയ സാധാരണ ഉൽപ്പന്നങ്ങളായിരുന്നു അവർ വിറ്റിരുന്നത്. ഈ ബിസിനസ് വലിയൊരു വളർച്ച നേടാൻ അപര്യാപ്തമാണെന്ന് സ്ഥാപകർ മനസിലാക്കി. ബിസിനസിന്റെ ദിശ മാറ്റുവാൻ അധികം താമസമുണ്ടായില്ല. അവർ ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങളിലേക്ക് തിരിഞ്ഞു. മിന്ത്ര വലിയൊരു വിജയഗാഥയായി മാറി.

ലാഭകരമല്ലാത്ത, വളർച്ചയില്ലാത്ത ബിസിനസിൽ നിന്നുള്ള മാറ്റം ഒരു തോൽവിയായി സംരംഭകൻ ചിന്തിക്കേണ്ടതില്ല. ഇന്ന് ആഗോള തലത്തിൽ വിജയിച്ചു നിൽക്കുന്ന പല വമ്പൻ ബിസിനസുകളും ”പിവെട്ടിംഗ്” തന്ത്രത്തിലൂടെ രക്ഷപ്പെട്ടവരാണ്. തുടർച്ചയായി നഷ്ടം നൽകിക്കൊണ്ടിരിക്കുന്ന ഉൽപ്പന്നങ്ങളിൽ/ സേവനങ്ങളിൽ ദീർഘകാലം തൂങ്ങി നിൽക്കുന്നത് ബുദ്ധിപരമല്ല. പുതിയ ആശയത്തെ കണ്ടെത്തുകയും അതിലേക്ക് മാറുകയും ചെയ്യുക. എത്രയും വേഗം ഇത് നടപ്പിലാക്കാമോ അത്ര വേഗത്തിൽ ചെയ്യുകയാണ് ബുദ്ധി. ഭാവിയിൽ സംഭവിക്കുവാൻ പോകുന്ന കനത്ത ആഘാതങ്ങളെ തടുക്കാൻ ”പിവെട്ടിംഗ്” എന്ന തന്ത്രത്തിന് കഴിയും. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് സംരംഭകൻ ഭയപ്പെടേണ്ടതില്ല.

വൈവിധ്യവൽക്കരണം (Diversuification)
വി-ഗാർഡ് ബ്രാൻഡ് വോൾട്ടേജ് സ്റ്റബിലൈസറുകളുടെ നിർമ്മാണമായിരുന്നു കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളിയുടെ ആദ്യത്തെ ബിസിനസ്. ഇന്നിപ്പോൾ ആദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് കടന്നു ചെല്ലുന്ന നിങ്ങൾ ഒന്ന് അമ്പരക്കും. വ്യത്യസ്തങ്ങളായ തമ്മിൽ ബന്ധമുള്ളതും അല്ലാത്തതുമായ നിരവധി ഉൽപ്പന്നങ്ങൾ, വിവിധ മേഖലകൾ. വോൾട്ടേജ് സ്റ്റബിലൈസറുകളിൽ നിന്നും ഇലക്ട്രിക് ഉപകരണങ്ങളിലേക്കും ഉപഭോഗവസ്തുക്കളിലേക്കും (Consumer Durables) ബിസിനസ് പടർന്നിരിക്കുന്നു. അമ്യൂസ്മെന്റ് പാർക്കുകൾ, അപ്പാർട്ട്മെന്റുകളുടെ നിർമ്മാണം എന്നീ മേഖലകളിലേക്കും ബിസിനസ് വ്യാപിച്ചിരിക്കുന്നു.

ബിസിനസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലയിൽ നിന്നും അല്ലെങ്കിൽ ഉൽപ്പന്നത്തിൽ നിന്നും എന്തിനാണ് മറ്റ് ഉൽപ്പന്നങ്ങളിലേക്കും ഒരു ബന്ധവുമില്ലാത്ത മേഖലകളിലേക്കും ബിസിനസ് ചുവടു മാറ്റുന്നത്? എന്തുകൊണ്ട് ചെയ്യുന്ന ബിസിനസിൽ കൂടുതൽ ശ്രദ്ധ ചെലുത്തി അതു മാത്രം വികസിപ്പിച്ചു കൂടാ? നിങ്ങൾക്കുള്ളിൽ സംശയങ്ങൾ ഉണരുന്നു.

ലോകത്തിലെ ഭീമൻ കമ്പനികളിൽ ഒന്നായ ജനറൽ ഇലക്ട്രിക്കിൻറെ (GE) പ്രധാനപ്പെട്ട ബിസിനസ് ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണമാണ്. എന്നാൽ പോകെ പോകെ കമ്പനി മറ്റ് മേഖലകളിലേക്കും കടന്നു കയറി. ഇപ്പോൾ നോക്കുക ഏറോനോട്ടിക്, റെയിൽ, പവർ പ്ലാൻറ്, ഗ്യാസ്, കിച്ചൻ അപ്ളയൻസസ്, ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ എന്നീ ബിസിനസുകളിലെല്ലാം അവരുണ്ട്. ഒന്നിൽ മാത്രം തങ്ങി നിൽക്കാതെ ബിസിനസ് ഒരു വൃക്ഷം പോലെ വളരുന്നു, പടരുന്നു, ശിഖരങ്ങൾ നീട്ടുന്നു.

വൈവിധ്യവൽക്കരണം (Diversification) അതിശക്തമായ ബിസിനസ് തന്ത്രമാണ്. ബിസിനസിലെ നിക്ഷേപത്തെ ബുദ്ധിപരമായി, കൂടുതൽ ലാഭം ലഭിക്കുന്ന രീതിയിൽ വ്യാപിപ്പിക്കുവാൻ ഉപയോഗിക്കുന്ന വളരെ റിസ്ക് കൂടിയ തന്ത്രം. ഒന്നുകിൽ അത് ഇപ്പോൾ കമ്പനി ചെയ്യുന്ന ബിസിനസുമായി ബന്ധപ്പെട്ട പുതിയ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ആകാം അല്ലെങ്കിൽ പുതിയൊരു വിപണിയിലേക്കുള്ള കടന്നുകയറ്റമാകാം.

ഒരു ബിസിനസിൽ മാത്രമോ ഒരേ ഉൽപ്പന്നങ്ങളിൽ മാത്രമോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോളുള്ള റിസ്ക് ഒഴിവാക്കുവാൻ വൈവിധ്യവൽക്കരണം (Diversification) സഹായിക്കും. കൂടുതൽ ലാഭം ലഭിക്കുന്ന മറ്റ് മേഖലകളിലേക്ക് ബിസിനസിനെ വ്യാപിപ്പിക്കുവാനും ഈ തന്ത്രം ഉപയോഗിക്കാം. ഡിസ്നി (Dinsey) ടി വി, ഫിലിം ഇൻഡസ്ട്രിയിൽ നിന്നും തീം പാർക്കുകളിലേക്ക് കടന്നപോലെ അവിടെ നിന്നും വസ്ത്ര വ്യാപാരത്തിലേക്കും ടെക്നോളജിയിലേക്കും ബിസിനസിനെ വ്യാപിപ്പിച്ചതുപോലെ.

വൈവിധ്യവൽക്കരണം (Diversification) വളരെ സൂക്ഷ്മതയോടെയും തയ്യാറെടുപ്പോടെയും പ്ലാനിംഗോടെയും ചെയ്യേണ്ട പ്രവൃത്തിയാണ്. എടുത്തുചാടി ചെയ്താൽ ഗുണത്തിനെക്കാളേറെ ദോഷം ചെയ്യും. ലോകത്തിലെ മികച്ച ബൈക്കുകളുടെ നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സൺ (Harley Davidosn) ഒരിക്കൽ സുഗന്ധദ്രവ്യ നിർമ്മാണ രംഗത്തേക്ക് കടന്നു. അവരുടെ ബൈക്കുകളുടെ ആരാധകരെ ഇത് രോഷാകുലരാക്കി. വൈവിധ്യവൽക്കരണത്തിന് മുതിരുമ്പോൾ ബ്രാൻഡുകളുടെ ചേർച്ചയില്ലായ്മ ചിലപ്പോൾ പരാജയത്തിലേക്ക് നയിക്കാം.

വിർജിൻ ഗ്രൂപ്പിനും (Virgin Group) ഇത്തരമൊരു അക്കിടി സംഭവിച്ചിട്ടുണ്ട്. അവർ കൊക്കോകോളയുമായും പെപ്സിയുമായും ഏറ്റുമുട്ടാൻ വിർജിൻ കോള (ഢശൃഴശി ഇീഹമ) പുറത്തിറക്കി. എന്നാൽ അത് ചരിത്രത്തിലെ വലിയൊരു പരാജയമായി. യു കെ വിപണിയുടെ വെറും 3% മാർക്കറ്റ് ഷെയർ ഉണ്ടാക്കുവാൻ മാത്രമേ വിർജിൻ കോളയ്ക്ക് സാധിച്ചുള്ളൂ. എന്നാൽ ആലോചിക്കുക അവരുടെ വിർജിൻ മീഡിയ, വിർജിൻ ഹോളിഡേ, വിർജിൻ മണി എന്നീ മറ്റ് വൈവിധ്യവൽക്കരണങ്ങൾ വലിയ വിജയങ്ങളുമായിരുന്നു.

വൈവിധ്യവൽക്കരണം (Diversification) ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. അനാവശ്യമായ തിടുക്കം ഒഴിവാക്കി നന്നായി തയ്യാറെടുക്കുക, പ്ലാൻ ചെയ്ത് നടപ്പിലാക്കുക. പുതിയ വിപണികളിലേക്ക് കടന്നു ചെല്ലാനും ബിസിനസ് വിപുലീകരിക്കുവാനും ഈ തന്ത്രം ഉപയോഗിക്കാം.

തന്ത്രപരമായ സഖ്യം (Strategic Alliance)
ഓൺലൈൻ ബുക്ക് സ്റ്റോറുകൾ വന്നതോടെ പരമ്പരാഗത ബുക്ക് സ്റ്റോറുകൾ പ്രതിസന്ധിയിലായി. വായനക്കാർ വീടിൻറെ അകത്തളങ്ങളിൽ നിന്നും സ്റ്റോറുകളിലേക്ക് എത്താതെയായി. പുസ്തകങ്ങൾ വീട്ടുപടിക്കലെത്തുമ്പോൾ എന്തിന് ബുക്ക് സ്റ്റോർ സന്ദർശിക്കണം. ധാരാളം സ്റ്റോറുകൾ പൂട്ടിപ്പോയി. പുസ്തക സ്റ്റോർ നടത്തിക്കൊണ്ടു പോകുന്നത് പലർക്കും അത്ര ലാഭകരമായ ബിസിനസ് അല്ലാതെയായി.

ആമസോൺ പോലുള്ള ഓൺലൈൻ സ്റ്റോറുകൾക്ക് മുന്നിൽ പല വമ്പൻ ബുക്ക് സ്റ്റോറുകളും മുട്ടുകുത്തി. പക്ഷേ ഓൺലൈൻ സ്റ്റോറുകളുടെ വെല്ലുവിളികൾ നേരിട്ട് ബാൺസ് ആൻഡ് നോബിൾ (Bames & Noble) പിടിച്ചു നിന്നു. അവർ ബിസിനസിനെ വിപുലീകരിക്കാൻ ഈ അവസരം വിനിയോഗിച്ചു. ചില വെല്ലുവിളികൾ പുതിയ അവസരങ്ങൾ തുറന്നിടും. തീർന്നു എന്ന് കരുതുന്നിടത്തു നിന്നും ബിസിനസ് ഉയർത്തെഴുന്നേൽക്കും. ബാൺസ് ആൻഡ് നോബിൾ ഈ വെല്ലുവിളിയെ അവസരമാക്കി മാറ്റി.

അവർ സ്റ്റാർബക്സുമായി ഒരു തന്ത്രപരമായ സഖ്യത്തിലേർപ്പെട്ടു (Strategic Alliance). തങ്ങളുടെ സ്റ്റോറുകളിൽ അവർ ബി ആൻഡ് എൻ കഫെകൾ ആരംഭിച്ചു. ചൂട് കാപ്പിക്കൊപ്പം പുസ്തകങ്ങളും. പുസ്തക പ്രേമികൾക്ക് ബാൺസ് ആൻഡ് നോബിൾ സ്റ്റോറുകൾ സന്ദർശിക്കാൻ ഒരു കാരണം കൂടിയായി. ഒരിക്കലും ഓൺലൈൻ സ്റ്റോറുകളിൽ ഇത്തരമൊരു അനുഭവം സാധ്യമല്ല. ഈ സഖ്യത്തിലൂടെ സ്റ്റാർബക്സിന് കൂടുതൽ സ്ഥലങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുവാൻ സാധിച്ചു. അവരുടെ വിൽപ്പനയും വർദ്ധിച്ചു. രണ്ടു കൂട്ടർക്കും സഖ്യം പ്രയോജനകരമായി.

ആഡംബര വാഹന നിർമ്മാതാക്കളായ ബി എം ഡബ്ല്യുവും (BMW) ബാഗ് നിർമ്മാതാക്കളായ ലൂയി വിറ്റോണും (Louis Vuitton) തമ്മിൽ കൂട്ടുകൂടി. ആങണ ശ8 സ്പോർട്സ് കാറ് വാങ്ങുന്നവർക്ക് കറുപ്പ്, നീല നിറങ്ങളിൽ കാറിൻറെ ഡിസൈൻ അനുസരിച്ച് രൂപപ്പെടുത്തിയ ലൂയി വിറ്റോൺ ബാഗുകൾ കൂടി വാങ്ങുവാൻ സാധിക്കും. മറ്റ് ബാഗുകളിൽ ഉപയോഗിക്കാത്ത കാർബൺ ഫൈബർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ബാഗുകൾ സൂക്ഷിക്കാൻ അനുയോജ്യമായ രീതിയിൽ കാറിന്റെ പാർസൽ ഷെൽഫ് BMW രൂപകൽപ്പന ചെയ്യുകയും ചെയ്തു.

തന്ത്രപരമായ സഖ്യത്തിലൂടെ ബിസിനസുകൾ വിഭവങ്ങൾ (Reosurces) പങ്കിടുമ്പോൾ തന്നെ തങ്ങളുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുകയും ചെയ്യുന്നു. പുതിയ വിപണികളിലേക്ക് കടന്നുകയറാനും തങ്ങളുടെ ബ്രാൻഡുകളെ ശക്തിപ്പെടുത്താനും കൂട്ടുകെട്ട് അവരെ സഹായിക്കുന്നു. പരസ്പരം കൈകോർക്കുമ്പോൾ ചിലപ്പോൾ ഒറ്റയ്ക്ക് നേടാൻ കഴിയാത്തത് പങ്കാളിത്തത്തിലൂടെ സാധ്യമാകുന്നു. ബിസിനസ് കൂടുതൽ വിശാലമാക്കുവാനും വിൽപ്പന വർദ്ധിപ്പിക്കുവാനും തന്ത്രപരമായ സഖ്യം (Strategic Alliance) പങ്കാളികളെ പ്രാപ്തരാക്കുന്നു.

നിങ്ങൾ കെ എഫ് സി (KFC – Kentucky Fried Chicken) ഔട്ട്ലെറ്റിലേക്ക് കടന്നു ചെല്ലുന്നു ഫ്രൈഡ് ചിക്കനൊപ്പം സോഫ്റ്റ് ഡ്രിങ്ക് കൂടി ഓർഡർ ചെയ്യുന്നു. അതാ ഫ്രൈഡ് ചിക്കനെത്തുന്നു ഒപ്പം പെപ്സിയും (Pepsi). എന്നാൽ മക്ഡോണാൾഡ്സിൽ (McDonald’s) കയറി നിങ്ങളൊരു ബർഗറും സോഫ്റ്റ് ഡ്രിങ്കും ഓർഡർ ചെയ്താലോ? നിങ്ങൾക്ക് ബർഗറിനൊപ്പം ലഭിക്കുക കൊക്കകോളയായിരിക്കും (Coca- Cola). നിങ്ങളിത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതും തന്ത്രപരമായ ബിസിനസ് കൂട്ടുകെട്ടാണ്.

ബിസിനസുകൾ തമ്മിൽ കൈകൾ കോർക്കുന്നതിന് മടിച്ചു നിൽക്കേണ്ട ആവശ്യമൊന്നുമില്ല. പരസ്പരം വിഭവങ്ങൾ പങ്കുവെച്ച് വളരാൻ ശ്രമിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. വിദേശ വിപണികളെ ലക്ഷ്യം വെക്കുന്നവർക്ക് ഇത്തരം സഖ്യങ്ങളിലൂടെ ലോകത്തിലെവിടേയും എത്തിച്ചേരാം. പുതിയ വെല്ലുവിളികൾ കടന്നുവരുമ്പോൾ അതിനെ നേരിടാനും തന്ത്രപരമായ സഖ്യം (Strategic Alliance) ഉപയോഗിക്കാം. എതിരാളികൾക്ക് മുന്നേ പായാനും അതിവേഗം വളരാനും ഈ തന്ത്രം ബിസിനസുകൾക്ക് ശക്തി പകരും.