വ്യവസായികളുടെ ആത്മഹത്യയ്ക്ക് പരിഹാരം എന്ത്?
ടി. എസ്. ചന്ദ്രൻ
കോൺഫിഡൻഷ്യൽ ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ജീവനൊടുക്കിയത് ഏതാനും നാളുകൾക്കു മുൻപാണ്. ഇത് ആദ്യത്തേത് അല്ല അവസാനത്തേത് ആകട്ടെ എന്നു പ്രാർത്ഥിക്കാം. വ്യവസായികളുടെ ആത്മഹത്യകൾക്കു പരിഹാരം എന്തെല്ലാമാണ്? എടുക്കാവുന്ന മുൻകരുതലുകൾ എന്തെല്ലാമാണ്?. പരിശോധിക്കാം.
1- മാനസിക ആരോഗ്യം
ഏതൊരു വ്യക്തിക്കും ഏറ്റവും പ്രധാനപ്പെട്ടത് മാനസിക-ശാരീരിക ആരോഗ്യമാണ്. ഇതിൽ മാനസിക ആരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്. ലോക ജനസംഖ്യയുടെ 10% ആളുകൾ മാനസിക സമ്മർദ്ദം നേരിടുന്നു എന്നാണ് കണക്ക്. ഇതു നിലനിർത്തുന്നതിന് അത്യാവശ്യമായ കാര്യങ്ങൾ യാതൊരു തടസ്സവും കൂടാതെ വ്യവസായികൾ ചെയ്യണം. ജിമ്മിൽ പോകാം, നടക്കാം, യോഗ അഭ്യസിക്കാം, കരാട്ടെ പഠിക്കാം, ധ്യാനം ശീലിക്കാം, മറ്റ് എക്സർസൈസുകൾ ചെയ്യാം, അധ്വാനമുള്ള ജോലികൾ ചെയ്യാം. അങ്ങനെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ട കാര്യങ്ങൾ എല്ലാം മുടക്കം കൂടാതെ ചെയ്യുക.
2- സാമ്പത്തിക അച്ചടക്കം
വരവിന് അനുസരിച്ച് ചെലവ് ചെയ്യണം എന്നത് എക്കാലത്തും പ്രസക്തമാണ്. സാമ്പത്തിക അച്ചടക്കം ഒരു ശീലമാക്കിയെടുക്കണം. മറ്റുള്ളവരെക്കൊണ്ട് അസൂയ ഉളവാക്കുന്ന തരത്തിലുള്ള ആർഭാടങ്ങളിലേക്ക് പോകാതിരിക്കാനും ശ്രദ്ധിക്കണം.
3- സിസ്റ്റം ബിൽഡിംഗ്
ബിസിനസിനകത്ത് ഒരു മികച്ച ഒരു പ്രവർത്തന ക്രമം ഉണ്ടാക്കുക എന്നത് പരമപ്രധാനമാണ്. നമ്മുടെ ദൈനം ദിന ഇടപെടൽ ഇല്ലെങ്കിലും കുറ്റമറ്റ രീതിയിൽ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം നടക്കണം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇപ്പോൾ ഇത് ലളിതമായി ചെയ്യാം. വിരൽത്തുമ്പിൽ ലഭിക്കും എല്ലാം. സ്ഥാപനത്തിന്റെ പോരായ്മകളെ കണ്ടെത്താനും അവ അതിവേഗം പരിഹരിക്കാനും കഴിയുന്ന രീതിയിൽ സിസ്റ്റത്തെ രൂപപ്പെടുത്തണം. ഈ രംഗത്ത് നൈപുണ്യമുള്ള ജീവനക്കാരെ നിയമിച്ചുകൊണ്ടും ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാം.
4 -കുടുംബം / സംസാരം
ഏതൊരു വ്യവസായിക്കും എപ്പോഴും പ്രധാനപ്പെട്ട ഒന്നായി കുടുംബത്തെ കാണുക തന്നെ വേണം. കുടുംബത്തിൽ സംസാരിക്കണം. തുറന്നു സംസാരിക്കണം. ഭാര്യയോട്, മക്കളോട്, ഭർത്താവിനോട്, അച്ഛനോട്, അമ്മയോട്, എല്ലാവരോടും സംസാരിക്കണം. കൂട്ടുകാരോട് സംസാരിക്കണം. കൂടുതൽ കൂടുതൽ സംസാരിക്കണം. നമുക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന എല്ലാവരോടുമായി നല്ല രീതിയിൽ ഇടപെടണം. വ്യവസായി എന്നാൽ സമൂഹത്തിന് പുറത്തുള്ള വലിയ ഒരു മാഗ്നറ്റ് ആണ് എന്ന് പൊതുസമൂഹത്തിന് തോന്നാൻ ഇടവരുത്തരുത്. അടിസ്ഥാനപരമായി എല്ലാവരും സാമൂഹിക ജീവിയാണ് എന്ന സത്യം മറക്കരുത്.

5- നിയമം വിട്ടുള്ള കളി
പല വ്യവസായികളെയും അപകടത്തിലാക്കുന്ന ഒന്നാണ് നിയമം വിട്ടുള്ള കളി. വ്യവസായം ചെയ്യുക എന്നത് ഒരു ഇന്ത്യൻ പൗരന്റെ മൗലിക അവകാശമാണ്. ആർട്ടിക്കിൾ 19- 1- എ ഇത് സ്ഥാപിച്ചു തരുന്നുണ്ട്. നിയമത്തിനകത്തു നിന്നു കൊണ്ട് ചെയ്യുന്നത് മാത്രമേ ചെയ്യാവൂ എന്ന് സംരംഭകർ നിശ്ചയദാർഢ്യം ചെയ്യണം. താൽക്കാലിക വിജയങ്ങൾക്ക് അപ്പുറം സുസ്ഥിര വിജയം ഒരിക്കലും നിയമവിരുദ്ധ പ്രവർത്തികൾക്ക് ലഭിക്കുകയില്ല. അത്തരം നേട്ടങ്ങൾ വേണ്ടെന്നു വയ്ക്കുന്നത് ദീർഘ കാല അടിസ്ഥാനത്തിൽ വലിയ ഗുണം ചെയ്യും.
6- വിശ്വസിക്കാവുന്ന മെന്റർ
ഇന്ന് മെന്ററിങ് വലിയ ഒരു മേഖലയായി നിലനിൽക്കുന്നുണ്ട്. വിശ്വസിക്കാവുന്ന ഒരു മെന്ററെ ബിസിനസ് യാത്രയിൽ കൂടെ കൂട്ടണം. വ്യവസായികമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാവുന്നവരെ വേണം കൂടെ നിർത്താൻ. സംരംഭകന്റെ പ്രശ്നങ്ങൾ, കയറ്റിറക്കങ്ങൾ എല്ലാം ഡിസ്കസ് ചെയ്യാനും നിക്ഷേപങ്ങളെയും വായ്പകളെയും മറ്റ് ഇടപാടുകളെയും താരതമ്യം ചെയ്ത് ഉപദേശം നൽകാനും കഴിവുള്ള മെൻഡർ ആയിരിക്കണം.

പല വ്യവസായികളും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന വാക്കുകൾ പറയുന്നവരാണ്. പക്ഷേ അവർക്ക് ജീവിതത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരുന്നു എന്നത് യാഥാർത്ഥ്യമാണ്. കൃത്യമായ ഒരു പ്ലാനിങ്ങിന്റെ അഭാവം ഉണ്ടാകുന്നു. സംരംഭകർ ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാൻ കഴിയും ഒഴിവാക്കാൻ കഴിയും.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ
