പൊൻതൂവലുകളായി സംരംഭക വർഷവും, ഇൻവെസ്റ്റ് കേരളയും

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയര്‍ വകുപ്പ് മന്ത്രി
സംരംഭക വർഷം പദ്ധതിയിലൂടെ 4,00,000 സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അന്താരാഷ്ട്ര അംഗീകാരം നേടിയ കേരളത്തിന്റെ ആദ്യ വ്യവസായ പദ്ധതിയാണിത്. പ്രതിവർഷം 10,000 സംരംഭങ്ങള്‍ മാത്രം ആരംഭിച്ചിരുന്ന കേരളത്തില്‍ സംരംഭക വർഷം പദ്ധതി ആരംഭിക്കുകയും ഒരു ലക്ഷം MSME സംരംഭങ്ങളെന്ന ലക്ഷ്യം നിശ്ചയിച്ച് പ്രവർത്തിക്കുകയും ചെയ്തു. പിന്നിട്ട 3 വർഷങ്ങളിലും പദ്ധതി വിജയകരമായി ഒരു ലക്ഷം സംരംഭങ്ങളെന്ന നേട്ടം കൈവരിച്ചിരുന്നു. ഇപ്പോള്‍ നാലാം വർഷത്തില്‍ നാല് ലക്ഷം സംരംഭങ്ങള്‍ എന്ന നാഴികക്കല്ലും നാം മറികടന്നിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പ്ലാറ്റ്ഫോമായ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നേടിയ ഈ പദ്ധതിയിലൂടെ നാളിതുവരെയായി 4,06,178 സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 27,133 കോടി രൂപയുടെ നിക്ഷേപവും 8,65,287 തൊഴിലും ഇതിലൂടെ കേരളത്തിലുണ്ടായി. ഒപ്പം 1,28,663 വനിതകള്‍ ഈ പദ്ധതിയിലൂടെ സംരംഭക ലോകത്തേക്ക് കടന്നുവന്നു എന്നതും അഭിമാനകരമായ നേട്ടമാണ്. MSME മേഖലയില്‍ ലോകമാകെ കേരളത്തിന്റെ സംരംഭകവർഷം ഒരു പഠനവിഷയമായി കാണുന്നു.
മറ്റൊരു നാഴികക്കല്ലായ ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഒരു വർഷം പൂർത്തിയാകുമ്പോള്‍ സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. 54,908 കോടി രൂപയുടെ 115 പദ്ധതികള്‍ നിക്ഷേപ താൽപര്യങ്ങളെന്ന ലേബലില്‍ നിന്ന് നിക്ഷേപങ്ങളായി മാറി. ഇതില്‍ നിരവധി കമ്പനികള്‍ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 66,073 പേർക്ക് നേരിട്ട് തൊഴില്‍ നൽകാന്‍ സാധിക്കുന്നതാണ് ഈ നിക്ഷേപങ്ങള്‍. ഭൂമി ലഭ്യമായ പദ്ധതികളില്‍ 40 ശതമാനത്തിലധികം ഒരു വർഷത്തിനുള്ളില്‍ നിർമ്മാണ ഘട്ടത്തിലേക്ക് കടന്നുവെന്നത് കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും അക്കൗണ്ടബിള്‍ ആയി നിക്ഷേപ സംഗമത്തിന്റെ തുടര്‍ നടപടി സ്വീകരിച്ച മറ്റൊരു സംസ്ഥാനവും ഉണ്ടാകില്ല. 449 നിക്ഷേപതാൽപ്പ ര്യപത്രങ്ങളില്‍ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. തുടർന്നും ഇതേ ജാഗ്രതയോടെ അവശേഷിക്കുന്ന താൽപര്യപത്രങ്ങളെക്കൂടി നിക്ഷേപങ്ങളാക്കി മാറ്റാന്‍ പരിശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ വ്യവസായ നയം നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതിനൊപ്പം പല പദ്ധതികളും നിയമപരിഷ്കാരങ്ങളും ഇവർക്ക് സുരക്ഷയും ഒരുക്കുന്നു. നമ്മുടെ യുവാക്കൾക്ക് സ്വന്തം നാട്ടില്‍ തന്നെ മികച്ച വേതനം ലഭിക്കുന്ന തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നാം നീങ്ങുന്നത്. ഈ യാത്രയില്‍ ഞങ്ങളോടൊപ്പം നിന്ന നിക്ഷേപകരോടും ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും നന്ദി പറയുന്നു. ഒന്നായി മുന്നേറാം…
