ട്രേഡക്സ് കേരളയിലൂടെ എംഎസ്എംഇ മേഖലയ്ക്ക് 81 കോടി രൂപയുടെ നേട്ടം

 

 

ശ്രീ. വിഷ്ണുരാജ് പി. ഐ.എ.എസ്
ഡയറക്ടര്‍, വ്യവസായ വാണിജ്യ വകുപ്പ്

 

 

 

വ്യവസായ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റ് ‘ട്രേഡക്സ് കേരള 2026’ ല്‍ എംഎസ്എംഇ സംരംഭകരും അന്താരാഷ്ട്ര കമ്പനികളും തമ്മില്‍ 146 ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചതിലൂടെ സംരംഭകർക്ക് 81 കോടിയിലധികം രൂപയുടെ വ്യാപാരക്കരാറുകള്‍ ലഭിച്ചു. കരാറുകളുടെ ഭാഗമായി ലഭ്യമായ 12 വ്യാപാര ഓർഡറുകളുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകള്‍ ഉടന്‍ ആരംഭിക്കും.

മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ‘ട്രേഡക്സ് കേരള 2026’ കേരളത്തിലെ സംരംഭകരെ അന്താരാഷ്ട്ര കമ്പനികളുമായി ബന്ധിപ്പിക്കുന്ന സ്ഥിരം വേദിയായി മാറ്റുന്നതാണ്.. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിപുലമായി അന്താരാഷ്ട്ര റിവേഴ്സ് ബയര്‍-സെല്ലര്‍ മീറ്റ് സംഘടിപ്പിക്കുന്നത്. വിദേശ വിപണികളിലേക്ക് പോകാന്‍ കാത്തിരിക്കുന്നതിനുപകരം, അന്താരാഷ്ട്ര കമ്പനികളെ നേരിട്ട് കേരളത്തിലെ സംരംഭകർക്ക് മുന്നിലെത്തിക്കുന്ന വേദിയായിരുന്നു ട്രേഡക്സ് കേരള 2026. ഈ ഉദ്യമം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേരളത്തിന്റെ വളര്‍ന്നുവരുന്ന വ്യാവസായിക ആവാസ വ്യവസ്ഥയായ ‘കേരള ബ്രാൻഡ്’ സഹായകരമാകും.

സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി പ്രവേശം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 31 അന്താരാഷ്ട്ര ബയേഴ്സും സംസ്ഥാനത്തെ ഒമ്പത് പ്രധാന മേഖലകളില്‍ നിന്നുള്ള 400-ലധികം എംഎസ്എംഇ കളും മീറ്റില്‍ പങ്കെടുത്തു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിച്ച ‘ട്രേഡക്സ് കേരള 2026’ വളരെ മികച്ച ഒരു വേദിയായി എന്നത് സംരംഭക സമൂഹത്തിന് അനുഭവവേദ്യമായി. അന്താരാഷ്ട്ര ബയർമാർക്ക് കേരളത്തിലേക്ക് വീണ്ടും സന്ദർശനം നടത്താനും, പ്രാദേശിക വിൽപ്പനക്കാരുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും കഴിയുന്ന വിധത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കണമെന്നുമുള്ള ആവശ്യം ഉയർന്നു വരുന്നു എന്നത് ശുഭോദാർഹമാണ്.