ഏതൊരു സംരംഭത്തിനും വായ്പ എടുക്കാവുന്ന ടി എഫ് ആർ.

ടി. എസ്. ചന്ദ്രൻ

തൊരു സംരംഭകനും എളുപ്പത്തിൽ വായ്പ എടുക്കാവുന്ന ഒരു പദ്ധതിയാണ് ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് അഥവാ ടി എഫ് ആർ. വ്യവസായം, വ്യാപാരം, സേവനം തുടങ്ങി, സംരംഭം എന്തുമാകട്ടെ എളുപ്പത്തിൽ വായ്പയെടുക്കാൻ കഴിയുന്ന ഒരു മാർഗ്ഗമാണ് ടി എഫ് ആർ. വ്യവസായ വകുപ്പ് വ്യാപകമായി നടപ്പാക്കി വരുന്ന വായ്പ പദ്ധതിയാണ് ടി എഫ് ആർ. എത്ര ചെറിയ തുകയും വലിയ തുകയും ഇത് പ്രകാരം നിങ്ങൾക്ക് വായ്പ എടുക്കാം.

പരിശോധിക്കുന്നത് സാധ്യതകൾ

അപേക്ഷയിൽ മുഖ്യമായും പരിശോധിക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ഈ സംരംഭം വിജയിക്കുമോ ഇല്ലയോ എന്നുള്ളതാണ്. അതിൻറെ വിപണി, വില, ഉൽപ്പന്നങ്ങളുടെ കിടമത്സരം എന്നിവയെല്ലാം സാമ്പത്തിക സാധ്യതയിൽ പരിശോധിക്കപ്പെടും. അതോടൊപ്പം സാങ്കേതികമായി ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ടെക്നോളജി, സാങ്കേതിക പരിചയം, സാങ്കേതികമായി വിജയിക്കാനുള്ള സാധ്യതകൾ എന്നിവയെല്ലാം പരിശോധിക്കും. ഈ രണ്ടു ഘടകങ്ങൾ വിലയിരുത്തിയാണ് പദ്ധതി ശുപാർശ ചെയ്യുന്നത്.

വായ്പ ആനുകൂല്യങ്ങൾ

* നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് വായ്പ ലഭിക്കും.

* പുതു സംരംഭത്തിന് ഇത് പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കാം.

* നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനും ആധുനിക വൽക്കരിക്കുന്നതിനും വായ്പ ലഭിക്കും.

* വ്യാപാരം, സേവനം, വ്യവസായം എന്നിവയ്ക്കെല്ലാം ലഭിക്കും.

* സമയ വായ്പ (ടേം ലോൺ), പ്രവർത്തന മൂലധന വായ്പ എന്നിവ ഒരുമിച്ചും പ്രത്യേകമായും എടുക്കാം.

* സ്വന്തം സ്ഥലമോ രജിസ്റ്റർ ചെയ്ത ലീസ് എഗ്രിമെൻറ് ഉള്ള സ്ഥലമോ ആണെങ്കിൽ കെട്ടിടം നിർമ്മിക്കുന്നതിനും വായ്പ കിട്ടും. സാധാരണഗതിയിൽ മെഷിനറി, ഇലക്ട്രിഫിക്കേഷൻ, പ്രവർത്തന മൂലധനം എന്നിവയ്ക്കെല്ലാം വായ്പ കിട്ടും.

* എന്നാൽ വസ്തു വാങ്ങുന്നതിന് വായ്പ ലഭിക്കുകയില്ല.

* പ്രൊപ്രൈറ്ററി സ്ഥാപനങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, LLP കൾ എന്നിവയ്ക്കെല്ലാം അർഹത ഉണ്ടാകും.

* ഇതുപ്രകാരം പ്രത്യേക സബ്സിഡി പറയുന്നില്ല എന്നാൽ ഇ എസ് എസ് പ്രകാരം 15 ശതമാനം മുതൽ 45% വരെ നിർമ്മാണ സ്ഥാപനങ്ങൾക്ക് സബ്സിഡിക്ക് അർഹതയുണ്ട്.

* ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി പ്രകാരം പ്രത്യേക സെക്യൂരിറ്റി ഇല്ലാതെയും വായ്പ അനുവദിക്കും. ഇപ്രകാരം അനുവദിക്കാവുന്ന വായ്പയുടെ പരിധി 10 കോടിയായി ഉയർത്തിയിട്ടുണ്ട്.

* പത്തുലക്ഷം രൂപയിൽ അധികരിക്കാത്ത നിർമ്മാണ- സേവന- മൂല്യ വർദ്ധക സംരംഭങ്ങൾക്ക് നാനോ മാർജിൻ മണി ഗ്രാൻഡ് പദ്ധതി പ്രകാരം 30 മുതൽ 40 ശതമാനം വരെ സബ്സിഡി ലഭിക്കും.

* ഒരു ഭവനം ഒരു സംരംഭം പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെയുള്ള എല്ലാ സംരംഭ വായ്പകൾക്കും ആറു ശതമാനം വരെ പലിശ ഇളവ് ലഭിക്കും. ഇത് അഞ്ചുവർഷം തുടർച്ചയായി ലഭിക്കും.

അർഹത

* ഉദ്യം രജിസ്ട്രേഷൻ ഉള്ള എല്ലാ സംരംഭങ്ങൾക്കും അർഹതയുണ്ട്.

* പ്രായം, വിദ്യാഭ്യാസ യോഗ്യത, വാർഷിക വരുമാനം എന്നീ നിബന്ധനകൾ ഇല്ല.

* സിബിൽ സ്കോർ ബാധകം ആയിരിക്കും.

സംരംഭകന്റെ വിഹിതം

സമയ വായ്പയ്ക്ക് കുറഞ്ഞത് 20% വും പ്രവർത്തന മൂലധന വായ്പക്ക് 40% വും സംരംഭകന്റെ വിഹിതമായി സാധാരണ രീതിയിൽ കണ്ടെത്തേണ്ടിവരും.

പലിശ നിരക്ക്

അതത് ബാങ്ക് കളുടെ പലിശ നിരക്ക് ആയിരിക്കും ബാധകമായിട്ടുള്ളത്. സാധാരണയായി 8.5% മുതൽ 12% വരെ ഇത് വരാറുണ്ട്.

അപേക്ഷയിലെ നടപടിക്രമങ്ങൾ

ഇതിന് പ്രത്യേകമായ അപേക്ഷ ഫോറങ്ങൾ നിഷ്കർഷിച്ചിട്ടില്ല. സ്ഥിര ആസ്തികൾ സമ്പാദിക്കുന്നതിന് ആവശ്യമായ ക്വട്ടേഷനുകൾ, വിശദമായ പദ്ധതി രൂപരേഖ, ഉദ്യം രജിസ്ട്രേഷൻ, സംരംഭകന്റെ തിരിച്ചറിയൽ രേഖകൾ എന്നിവ ഹാജരാക്കണം. സ്വയം തയ്യാറാക്കിയ അപേക്ഷ സമർപ്പിച്ചാൽ മതി. ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ നേരിട്ട് അപേക്ഷ സമർപ്പിക്കാം. കോർപ്പറേഷൻ / മുനിസിപ്പാലിറ്റി / ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർ മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഇപ്പോൾ ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും സേവനമനുഷ്ഠിക്കുന്ന ബിസിനസ് സർവീസ് പ്രൊവൈഡർമാർ വഴിയും അപേക്ഷ സമർപ്പിക്കാം. പദ്ധതിയുടെ സാങ്കേതിക- സാമ്പത്തിക സാധ്യതകൾ പരിശോധിച്ച് വായ്പയ്ക്കായി വ്യവസായ വകുപ്പ് ബാങ്കുകളിലേക്ക് ശുപാർശ ചെയ്യുന്നു. ബാങ്ക് അതിൻറെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വായ്പ അനുവദിക്കുന്നു. വായ്പ കൈപ്പറ്റി സ്ഥാപനം പ്രവർത്തനം ആരംഭിച്ചതിനു ശേഷം ഇ എസ് എസ് പോലുള്ള സബ്സിഡി ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ