സംരംഭത്തിന്റെ അടിസ്ഥാനം ആശയമാണ് IDEA IS THE BASE OF AN ENTERPRISE

ജി. കൃഷ്ണപിള്ള

വിജയകരമായ ഒരു സംരംഭം സ്ഥാപിക്കുന്നതിനുള്ള ആദ്യ നടപടി വാഗ്ദത്തമായ ഒരു അന്വേഷണമാണ്. ആശയങ്ങളുടെ കണ്ടെത്തൽ സങ്കീർണമായ നടപടിക്രമങ്ങളുടെ ഉള്ളടക്കമാണ്. നിക്ഷേപ അവസരങ്ങളെ തിരിച്ചറിയുകയും അത് കൂടുതൽ പ്രായോഗികമാകുകയും ചെയ്യണം. കണ്ടെത്തുന്ന ആശയങ്ങൾ കൂടുതൽ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. ആശയങ്ങളെ സംബന്ധിച്ച് ഒരു സോട്ട് (SWOT) വിശകലനം നടത്തുന്നു. സോട്ട് എന്നാൽ ആശയങ്ങളുടെ ശക്തി (Strength – S), ദൗർബല്യം (Weakness – W), അവസരങ്ങൾ (Opportunities – O), ഭീക്ഷണി (Threat – T) എന്നിവയുടെ വിശകലനമാണ്. തെരഞ്ഞെടുത്ത ആശയങ്ങളുടെ പ്രവർത്തനപരമായ ലക്ഷ്യങ്ങൾ താഴെ പറയുന്നവയെ ആശ്രയിച്ചിരിക്കുന്നു.

1. ചെലവ് കുറയ്ക്കൽ (Cost Reduction)
2. ഉത്പാദനക്ഷമത മെച്ചപ്പെടുത്തുക (Productivity Improvement)
3. കപ്പാസിറ്റി യൂട്ടിലൈസേഷൻ വർദ്ധിപ്പിക്കുക
4. വരുമാന ഉൽപാദനം വർദ്ധിപ്പിക്കുക (Improvement in contribution of Income) 
5. മറ്റു മേഖലകളിലേക്കുള്ള വ്യാപനം (Expansion towards Promising Fields) 

ഒരു സംരംഭം അത് സ്ഥിതി ചെയ്യുന്ന അല്ലെങ്കിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പരിസ്ഥിതിയെ (Environment) വളരെ അടുക്കും ചിട്ടയോടും കൂടി വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഉല്പാദനക്ഷമതയിലൂടെ ഒരു പരിതസ്ഥിതിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നല്ല ആശയങ്ങൾ ഒരു സംരംഭകനെ പ്രാപ്തമാക്കുന്നു. ഒരു സംരംഭം പ്രവർത്തിക്കുന്ന പരിതസ്ഥിതിയെ പ്രധാനമായി താഴെപ്പറയുന്ന ആറു മേഖലകളായി തരം തിരിക്കാവുന്നതാണ്.

1. സാമ്പത്തിക മേഖല (Economic Sector)
ഇതിൽ ഉൾപ്പെടുന്നവ

* ഒരു സമ്പദ് വ്യവസ്ഥയുടെ അവസ്ഥ
* മൊത്തത്തിലുള്ള വളർച്ചാ നിരക്ക്
* പ്രാഥമിക ദ്വതീയ തൃതീയ മേഖലകളുടെ വളർച്ചാ നിരക്ക്
* ആഗോള സമ്പദ് വ്യവസ്ഥയുമായുള്ള ബന്ധം
* വ്യാപാരമെച്ചം അല്ലെങ്കിൽ കമ്മി
* ബാലൻസ് ഓഫ് പെയ്‌മെന്റ് അവസ്ഥ

2. ഗവൺമെന്റ് മേഖല (Government Sectors)

* വ്യവസായ നയം (Industrial Policy)
* സർക്കാർ പരിപാടികൾ (Government Programmes)
* നികുതി ഘടന (Tax Framework)
* സബ്‌സിഡി, ആനുകൂല്യങ്ങൾ, ഇളവുകൾ (Subsidy, Incentives & Concessions)
* കയറ്റുമതി – ഇറക്കുമതി നയങ്ങൾ
* വായ്പാ നടപടിക്രമങ്ങൾ

3. സാങ്കേതിക മേഖല (Technological Sector) 

* നൂതന സാങ്കേതിക വിദ്യയുടെ ആവിർഭാവം
* സാങ്കേതിക പരിജ്ഞാനത്തെ ആശ്രയിക്കുക.
* സാങ്കേതിക സ്വീകാര്യത

4. സാമൂഹ്യ- ജനസംഖ്യാപരമായ മേഖല (Socio -Demographic Sector)

* ജനസംഖ്യ പ്രവണത
* പ്രായ ഘടന
* വരുമാന വിതരണം
* വിദ്യാഭ്യാസ പ്രൊഫൈൽ
* സ്ത്രീകളുടെ തൊഴിലവസരങ്ങൾ

5. മത്സര മേഖല (Competition Sector)

* വ്യവസായ മേഖലയിലെ സംരംഭങ്ങളുടെ എണ്ണം
* ഉല്പന്ന വൈവിധ്യവത്കരണം
* പ്രതിസ്ഥാപന ഉല്പന്നങ്ങളുടെ ഗുണമേന്മ, വില മുതലായവയുടെ താരതമ്യം

6. സപ്ലൈയേഴ്‌സ്

* അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത
* അസംസ്‌കൃത വസ്തുക്കളുടെ വില
* അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ

നല്ല ആശയങ്ങൾ എങ്ങനെയെല്ലാം കണ്ടെത്താം?

ഒരു സംരംഭത്തിന്റെ വിജയം നല്ല ആശയത്തെ ആശ്രയിച്ചിരിക്കുന്നു. ചെറിയ ആശയമായാലും വലിയ ആശയമായാലും നല്ല ആശയമാണെങ്കിൽ അത് ഏതൊരു സംരംഭത്തെയും വിജയത്തിലേക്ക് നയിക്കും. താഴെപ്പറയുന്ന രീതിയിൽ ആശയങ്ങൾ കണ്ടെത്താവുന്നതാണ്:-

1. നിലവിലുള്ള സംരംഭത്തിന്റെ പ്രകടനം (Performance of Existing Industries)

നിലവിലുള്ള സംരംഭത്തിന്റെ ലാഭക്ഷമതയും കപ്പാസിറ്റി വിനിയോഗവും അവലോകനം നടത്തി അതിൽ നിന്നും പുതിയ പ്രോജക്ട് ആശയങ്ങൾ കണ്ടെത്താവുന്നതാണ്.

2. വ്യത്യസ്തമായ ഇൻപുട്ട്- ഔട്ട്പുട്ട് വിശകലനം

വ്യത്യസ്തമായ സംരംഭങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിശകലനം നടത്തി അതിൽ നിന്നും പ്രോജക്ട് ആശയങ്ങൾ കണ്ടെത്താവുന്നതാണ്.

3. ഇറക്കുമതി – കയറ്റുമതി അവലോകനം (Review the Import – Export Review)

5 മുതൽ 7 വർഷം വരെയുള്ള ഇറക്കുമതി ഡേറ്റകൾ മനസ്സിലാക്കി ഇറക്കുമതിക്ക് പകരമുള്ള ഉൽപ്പന്നങ്ങൾ ഇവിടെ ഉത്പാദിപ്പിക്കുവാൻ കഴിയുമോ എന്നുള്ളതിന് തീരുമാനമെടുക്കാവുന്നതാണ്. അതുപോലെ കയറ്റുമതി ഡേറ്റകൾ പരിശോധിച്ച് വ്യത്യസ്തമായ ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യതകൾ പരിശോധിക്കുന്നതിൽ നിന്നും പ്രോജക്ട് ആശയങ്ങൾ സൃഷ്ടിക്കാവുന്നതാണ്.

4. സർക്കാർ നയവും മാർഗ്ഗനിർദേശങ്ങളും (Govt. Policy and Guidelines)

സംരംഭമേഖലകളിൽ സർക്കാർ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. സംരംഭമേഖലയിൽ സർക്കാർ നൽകുന്ന സാമ്പത്തികാനുകൂല്യങ്ങളും പിന്തുണയും മനസ്സിലാക്കി പ്രോജക്ട് ആശയങ്ങൾ രൂപീകരിക്കാവുന്നതാണ്.

5. ധനകാര്യസ്ഥാപനങ്ങളുടെയും വ്യവസായ വികസന ഏജൻസികളുടെയും അഭിപ്രായങ്ങൾ

ധനകാര്യ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് പ്രോജക്ട് ആശയങ്ങൾ രൂപീകരിക്കാവുന്നതാണ്. വ്യവസായ ഏജൻസികൾ നടത്തുന്ന പഠനങ്ങൾ, റിപ്പോർട്ടുകൾ, അഭിപ്രായങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ സംരംഭകർക്ക് പ്രോജക്ട് ആശയങ്ങൾ സൃഷ്ടിക്കാവുന്നതാണ്.

6. പ്രാദേശിക വിഭവങ്ങളും വൈദഗ്ദ്ധ്യവും

പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങളെ ഉപയോഗപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി പ്രോജക്ട് ആശയങ്ങൾ സൃഷ്ടിക്കാവുന്നതാണ്. അതുപോലെ തന്നെ പ്രാദേശികമായി ലഭ്യമാകുന്ന കരകൗശല വൈദഗ്ദ്ധ്യം പോലെയുള്ള മറ്റ് വൈദഗ്ദ്ധ്യങ്ങളെയും കുറിച്ച് മനസ്സിലാക്കി അതിൽ നിന്നും പ്രോജക്ട് ആശയങ്ങൾ സൃഷ്ടിക്കാവുന്നതാണ്.

7. സാമൂഹ്യ സാമ്പത്തിക പ്രവണതകളുടെ വിശകലനം

മാറുന്ന സാമ്പത്തിക സാഹചര്യങ്ങൾക്കും ഉപഭോക്താവിന്റെ അഭിരുചിക്കും അനുസരിച്ചുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സാധ്യതകൾ മനസ്സിലാക്കി പ്രോജക്ട് ആശയങ്ങൾ രൂപീകരിക്കാം.
ഉദാ:- സമയം ലാഭിക്കുന്നതിനു വേണ്ടി റെഡി ടു ഈറ്റ് ആന്റ് റെഡി ടു കുക്ക് ഫുഡ്

8. പുതിയ സാങ്കേതികവിദ്യ വികസനത്തെ കുറിച്ചുള്ള പഠനം

ശാസ്ത്ര – സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളും വ്യവസായ വിവക്ഷണ കോർപ്പറേഷനുകളും പുതിയ ആശയങ്ങളെ വാണിജ്യവത്കരണം നടത്തി സഹായിക്കുന്നു.

9. നിറവേറ്റപ്പെടാതെ പോകുന്ന മാനസികാവശ്യങ്ങളളെ തിരിച്ചറിയുക

ഉപഭോക്താക്കളുടെ നിറവേറ്റപ്പെടാതെ പോകുന്ന മാനസികാവശ്യങ്ങളെ തിരിച്ചറിയുക. അതിൽനിന്നും പുതിയ ഉൽപ്പന്നങ്ങളും സേവനകളും നൽകുന്നതിനുവേണ്ടി പ്രോജക്റ്റ് ആശയങ്ങൾ രൂപീകരിക്കാവുന്നതാണ്.

ഉദാ:- ബാത്തിങ് സോപ്പുകൾ, വാഷിംഗ് സോപ്പുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയുടെ പ്രത്യേക ബ്രാൻഡുകൾക്ക് ഉപഭോക്താവ് മുൻഗണന നൽകുന്നു.

ആശയങ്ങളുടെ പ്രധാന സ്രോതസുകൾ (Main Sources of Idea)

മുകളിൽ പ്രതിപാദിച്ചതെല്ലാം ആശയങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പല സ്രോതസ്സുകളാണ്. എന്നാൽ ആശയങ്ങൾ ആവിർഭവിക്കുന്ന പ്രധാനപ്പെട്ട രണ്ട് സ്രോതസുകൾ താഴെപ്പറയുന്നവയാണ്:-

1. അവസരങ്ങൾ

അവസരങ്ങളിൽ നിന്നും ആശയങ്ങളുണ്ടാകുന്നു. ഉദാ:- കോവിഡ് ഒരു മഹാദുരന്തം ആയിരുന്നു. എന്നാൽ ഈ കാലഘട്ടം ചില സംരംഭങ്ങൾക്ക് അവസരമായിരുന്നു. ഈ അവസരത്തെ ആശയമായി മാറ്റി സാനിറ്റൈസർ, ഹാൻഡ് വാഷ് നിർമ്മിക്കുന്ന സംരംഭങ്ങൾ നിലവിൽ വന്നു.

2. പ്രശ്‌നപരിഹാരത്തിൽ നിന്നും ആശയങ്ങൾ ഉണ്ടാകാം

പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നതിനുള്ള മാർഗങ്ങൾ തേടുമ്പോഴാണ് അതിൽനിന്നും ആശയങ്ങളുണ്ടാകുന്നത്. ഉദാ:- വോൾട്ടേജ് ക്ഷാമം എന്ന പ്രശ്‌നം പരിഹരിക്കുക എന്ന ആശയത്തിൽ നിന്നുമാണ് വി-ഗാർഡ് സ്റ്റെബിലൈസർ എന്ന സംരംഭമുണ്ടായത്.

ആശയങ്ങളുടെ സ്‌ക്രീനിങ് (Screening of Ideas)

പല മാർഗങ്ങളിലൂടെ അനവധി ആശയങ്ങൾ ആവിർഭവിക്കാം. എന്നാൽ ആശയങ്ങൾ തെരഞ്ഞെടുക്കാനോ പ്രയോഗിക്കാനോ കഴിയില്ല. അതുകൊണ്ട് ആശയങ്ങളുടെ സ്‌ക്രീനിങ് ആവശ്യമാണ്. ആശയങ്ങളുടെ സ്‌ക്രീനിങ്ങിനുവേണ്ടി താഴെപ്പറയുന്ന ഘടകങ്ങൾ പരിശോധനാ വിധേയമാക്കാവുന്നതാണ്.

1. പ്രൊമോട്ടറുമായി പൊരുത്തപ്പെടണം

സംരംഭകന്റെ വ്യക്തിത്വം, താൽപര്യം, വിഭവങ്ങൾ എന്നിവയുമായി ആശയങ്ങൾ പൊരുത്തപ്പെടണം. തെരഞ്ഞെടുക്കുന്ന ആശയത്തിന് സവിശേഷതകളുണ്ട്.

1. ആശയത്തിന്റെ വിജയം, സംരംഭകന്റെ കഴിവ്, പരിശീലനം, ഉൽപാദനക്ഷമത എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

2. ആശയം സംരംഭകന് ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കണം.

3. മൂലധനത്തിന് ഉയർന്ന പ്രതിഫലനവും, ത്വരിതഗതിയിലുള്ള വളർച്ചയും ഉറപ്പാക്കാൻ ആശയത്തിന് കഴിയണം.

2. സർക്കാരിന്റെ മുൻഗണന മേഖലകളുമായി യോജിക്കണം

പ്രോജക്ട് ആശയങ്ങൾ സ്വീകാര്യതയുള്ളതാകണമെങ്കിൽ ദേശീയ ലക്ഷ്യങ്ങൾക്കും സർക്കാരിന്റെ നിയമപരമായ ചട്ടക്കൂടിന് വിധേയവുമായിട്ടായിരിക്കണം. പ്രോജക്ടുകൾ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കാത്തത് ആകണം. പ്രോജക്ടുകൾ സർക്കാരിന്റെ അനുമതികളും ലൈസൻസും എളുപ്പത്തിൽ നേടിയെടുക്കാൻ കഴിയുന്നതായിരിക്കണം.

3. വിഭവങ്ങളുടെ ലഭ്യത

ആശയങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള വിഭവങ്ങളും ഇൻപുട്ടുകളും ഉറപ്പാക്കണം. പ്രോജക്ട് നടപ്പിലാക്കുന്നതിന് ആവശ്യമായ മൂലധനം സംരംഭകന്റെ പരിധിക്കുള്ളിലായിരിക്കണം. സാങ്കേതികവിദ്യയുടെ ലഭ്യത ഉറപ്പാക്കണം. ന്യായമായ വിലയ്ക്ക് പ്രാദേശികമായി അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകുമോയെന്ന് വിലയിരുത്തണം. വൈദ്യുതി ലഭ്യതയുണ്ടോ എന്ന് പരിശോധിക്കണം.

4. പര്യാപ്തമായ വിപണി

വിപണി പര്യാപ്തമാണോയെന്ന് താഴെപ്പറയുന്ന രീതിയിൽ പരിശോധിക്കാവുന്നതാണ്:-

* മൊത്ത ആഭ്യന്തര വിപണി

* മത്സരാർത്ഥികളും അവരുടെ കമ്പോളത്തിലെ സാന്നിധ്യവും പങ്കും

* കയറ്റുമതി വിപണി

* വില്പനയും വിതരണ സമ്പ്രദായവും

5. യുക്തി സഹജമായ ചെലവ്

പ്രോജക്ട് ആശയത്തിന്റെ നിലവിലുള്ള ചെലവ് ഘടനയും വില്പന വിലയും താരതമ്യം ചെയ്യുമ്പോൾ സ്വീകാര്യമായ ലാഭമുണ്ടാകുമോ എന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ്

എങ്ങനെ പ്രോജക്ട് ആശയങ്ങൾ നടപ്പിലാക്കാം

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ, സർക്കാർ ഗ്രാൻഡ്, സ്വന്തം ഫണ്ട് എന്നിവ ഉപയോഗിച്ച് പ്രോജക്റ്റ് ആശയങ്ങൾ നടപ്പിലാക്കാവുന്നതാണ്. ആശയത്തിന് ജീവൻ നൽകുന്നത് ബിസിനസ് പ്ലാൻ അല്ലെങ്കിൽ പ്രോജക്ട് റിപ്പോർട്ട് ആണ്. സംരംഭത്തിന്റെ ആരംഭം മുതൽ വിജയം വരെയുള്ള എല്ലാ വിവരങ്ങളും വിശദമാക്കുന്ന റോഡ് മാപ്പാണ് ബിസിനസ് പ്ലാൻ. ഇത് ധനകാര്യ സ്ഥാപനങ്ങളിൽ സമർപ്പിച്ചാണ് സംരംഭത്തിനാവശ്യമായുള്ള ഫണ്ട് നേടിയെടുക്കുന്നത്.

പ്രോജക്ട് ആശയങ്ങളും സംരംഭകരും

എല്ലാ സംരംഭകനും അവരുടെതായ സ്വന്തം സംരംഭങ്ങൾ ആരംഭിക്കുന്നതിൽ വ്യഗ്രതയുണ്ട്. പ്രോജക്ട് ആശയങ്ങൾ നടപ്പിലാക്കുമ്പോൾ തന്റെ വ്യക്തിപരമായ അഭിലാഷങ്ങൾ വ്യക്തമായി നിർവ്വചിച്ചിരിക്കണം. പ്രോജക്റ്റിന്റെ ലക്ഷ്യങ്ങൾ, നഷ്ട സാധ്യത സഹിക്കാനുള്ള കഴിവ്, സംരംഭത്തിന്റെ സുസ്ഥിരത എന്നിവയെക്കുറിച്ച് നല്ല ബോധ്യവും അറിവും സംരംഭകന് ഉണ്ടാകണം.

പ്രോജക്ട് ആശയങ്ങൾ നടപ്പിലാക്കി വിജയഗാഥ രചിക്കുവാൻ കഴിയുന്ന ഒരു സംരംഭകന് എന്തെല്ലാം സ്വഭാവ സവിശേഷതകൾ ആവശ്യമാണ് ?

1. ത്യജിക്കാനുള്ള മനസ്സ്

ഒരു സംരംഭത്തിന് തുടക്കത്തിൽ ധാരാളം പ്രയാസങ്ങളും അപ്രതീക്ഷിതമായ പ്രശ്‌നങ്ങളും ഉണ്ടാകും. ആശ്വാസകരമല്ലാത്ത പരിതസ്ഥിതിയിൽ സമയം, ഊർജ്ജം, വിഭവങ്ങൾ എന്നിവ സംരംഭത്തിന് വേണ്ടി ത്യജിക്കാൻ സംരംഭകൻ തയ്യാറാകണം. വിജയം വരിക്കുന്ന സംരംഭകർ പ്രതികൂലമായ സാഹചര്യങ്ങളുടെയും പ്രയാസങ്ങളുടെയും മുൻപിൽ തളർന്നു വീഴുന്നവരാകരുത്. എന്തുകൊണ്ട് പരാജയം ഉണ്ടായി? എന്ന് തിരിച്ചറിഞ്ഞ് അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടുപോകുന്ന സംരംഭകന് മാത്രമേ വിജയചരിത്രം രചിക്കുവാൻ സാധ്യമാകൂ. 9 മണി മുതൽ 5 മണി വരെ ജോലി ചെയ്യുന്ന ഒരു എക്‌സിക്യൂട്ടീവ് ജോലിയല്ല സംരംഭകത്വം. സംരംഭകന് ആഴ്ചയിൽ 24 മണിക്കൂറും (24×7) ജോലി ചെയ്യുന്നവനാണ്. സംരംഭകൻ തന്റെ സംരംഭത്തോട് പൂർണ്ണ അർപ്പണ മനോഭാവം പുലർത്തുന്നവനാകണം.

2. നേതൃത്വം

വിജയചരിത്രം രചിക്കുന്ന സംരംഭകർ ശക്തമായി നേതൃത്വ ഗുണമുള്ളവരായിരിക്കണം. നല്ല ആശയവിനിമയം, തുറന്ന മനസ്, റിസ്‌ക്ക് എടുക്കാനുള്ള സന്നദ്ധത, സ്വാധീനം, നൂതനത്വം മുതലായ സ്വഭാവ സവിശേഷതകൾ ഒരു നല്ല സംരംഭകനുണ്ടാകണം.

3. തീരുമാനമെടുക്കാനുള്ള കഴിവ്

അനിശ്ചിതമായ അന്തരീക്ഷത്തിൽ പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ് സംരംഭകനുണ്ടായിരിക്കണം. കുറഞ്ഞ വിവരങ്ങൾ മാത്രമേ ലഭ്യമാകുന്നുവെങ്കിലും തീരുമാനം എടുക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നത് സംരംഭത്തിന്റെ തുടർന്നുള്ള യാത്രയെ പ്രതികൂലമായി ബാധിക്കും. ചിലപ്പോൾ എടുക്കുന്ന തീരുമാനങ്ങളിൽ തെറ്റുണ്ടാകാം. തെറ്റായ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നത് ഒരു നല്ല സംരംഭകന്റെ ശീലമല്ല. അതുകൊണ്ട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് തീരുമാനങ്ങളിൽ ഭേദഗതി വരുത്താൻ സംരംഭകന് സാധ്യമാകണം.

4. പ്രോജക്ടിലുള്ള വിശ്വാസം (Confidence in the project)

ഒരു സംരംഭകന് തന്റെ പ്രോജക്ടിൽ അതിർത്തികളില്ലാത്ത വിശ്വാസമുണ്ടായിരിക്കണം. സപ്ലൈയേഴ്‌സ്, നിക്ഷേപകർ, ഉപഭോക്താക്കൾ, തൊഴിലാളികൾ മുതലായവരിൽ വിശ്വാസം സൃഷ്ടിക്കുന്നതിന് സംരംഭകന് ഇതിലൂടെ സാധ്യമാകുന്നു.

5. വിപണനാധിഷ്ഠിതം (Marketing Orientations)

ഒരു പുതിയ സംരംഭം ശക്തമായ വിപണനാധിഷ്ഠിതമായിരിക്കണം. വിപണി അവസരങ്ങളെ ചൂഷണം ചെയ്യാൻ ഒരു സംരംഭകന് സാധ്യമായാൽ അത് സംരംഭത്തിന്റെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു.

6. ശക്തമായ തൻഭാവം (Strong Eye)

ഒരു സംരംഭത്തിന് ഉയർച്ചയും താഴ്ചകളുമുണ്ടാകുമ്പോൾ ശക്തമായ തൻഭാവത്തോടെ അതിനെ നേരിടുന്നതിന് കഴിയണം. ചില ദിവസങ്ങൾ അനുകൂലമാകും ചില ദിവസങ്ങൾ പ്രതികൂലമാകും. പ്രതികൂലമായ സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുന്നതിന് ശക്തമായ തൻഭാവമുണ്ടാകണം.

ആശയങ്ങളും സംസ്ഥാന വ്യവസായ വകുപ്പും (Idea and State Industries Department)

നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ വ്യവസായ വകുപ്പ് മുഖേന അനവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളും സേവനങ്ങളും താഴെപ്പറയുന്നവയാണ്:-

1. കേരള സ്റ്റാർട്ടപ്പ് മിഷൻ (Kerala Startup Mission)

നൂതനാശയങ്ങളെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖേന ഗ്രാൻഡ്, പ്രവർത്തന മൂലധന വായ്പ എന്നിവ നൽകി വരുന്നു.

2. ഇൻക്യുബേഷൻ കേന്ദ്രങ്ങൾ (Incubation Centre)

നൂതനാശയങ്ങളെ സംരംഭങ്ങളാക്കി മാറ്റുന്നതിന് സാങ്കേതികവിദ്യ സഹായം, പരിശീലനം, പ്രോജക്ട് റിപ്പോർട്ട് എന്നിവയെല്ലാം സൗജന്യമായി സംരംഭകർക്ക് നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ഇൻക്യുബേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കേരള കാർഷിക സർവകലാശാല, എൻ. ഐ. ടി., എൻജിനീയറിങ് കോളേജ് മുതലായ സ്ഥലങ്ങളിൽ ഇൻക്യുബേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

3. എം എസ് എം ഇ ക്ലിനിക്ക് (MSME Clinic)

പ്രോജക്ട് ആശയം മുതൽ സംരംഭകർക്കുണ്ടാകുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതിന് വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ തേടുന്നതിന് പാനൽ ടീമിനെ ജില്ലാതലങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.

4. ക്യാമ്പസ് വ്യവസായ പാർക്കുകൾ (Campus Industrial Parks)

അക്കാദമിക് തലത്തിലുള്ള പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ നൂതനാശയങ്ങളെ സംരംഭങ്ങളാക്കി മാറ്റുന്നതിനു വേണ്ടി ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നു. ഭൂമി ലഭ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ സർക്കാർ നൽകി വരുന്നു. പഠനശേഷവും ഫിനിഷിംഗ് സ്‌കൂൾ മാതൃകയിൽ ഈ പാർക്കുകൾ വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

നൂതനാശയങ്ങൾ ഉള്ള സംരംഭകരെ സഹായിക്കാൻ എല്ലാവിധ പിന്തുണയുമായി സർക്കാർ ഒപ്പമുണ്ട്. ഒറ്റ ക്ലിക്കിലൂടെ സംരംഭം തുടങ്ങാനാവശ്യമായ എല്ലാ കാര്യങ്ങളും ലഭ്യമാകുന്നതിന് സംസ്ഥാന വ്യവസായ വകുപ്പ് ഇന്ന് പൂർണ്ണസജ്ജമാണ്. ചുരുക്കിപ്പറഞ്ഞാൽ നല്ല ആശയങ്ങൾ സംരംഭത്തിന്റെ അടിത്തറയായി മാറുന്നു. ആ അടിത്തറ ബലപ്പെടുത്താൻ സംസ്ഥാന സർക്കാരും നിങ്ങളുടെ കൂടെയുണ്ടാകും……..

(വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)