ബഹിരാകാശ ഗവേഷണവും സംരംഭക സാധ്യതകളും
ലോറൻസ് മാത്യു
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ മാസങ്ങളോളം കുടുങ്ങിപ്പോയ സുനിതാ വില്യംസും കൂട്ടാളിയും സുരക്ഷിതമായി ഭൂമിയിലെത്തിയത് സാധാരണക്കാരുടെ പോലും ശ്രദ്ധ പിടിച്ച് പറ്റിയ സംഭവം ആയിരുന്നു. കോടികൾ ചിലവഴിച്ച് ബഹിരാകാശ ഗവേഷണം നടത്തിയിട്ട് എന്ത് കാര്യമെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടാകും. ഗവേഷണത്തിനായി ഒരു രാജ്യം മാറ്റി വെക്കുന്ന സമ്പത്ത് ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ്. കമ്മ്യൂണിക്കേഷൻ രംഗത്തും കാലാവസ്ഥാ നിരീക്ഷണത്തിലും കാർഷിക വ്യാവസായിക മേഖലകളിലുമെല്ലാം അഭൂതപൂർവ്വമായ മാറ്റങ്ങൾക്ക് വഴി മരുന്നിട്ടത് ബഹിരാകാശ ഗവേഷണം ആയിരുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. ബഹിരാകാശ ഗവേഷണം വെറും ചിലവല്ല, മനുഷ്യന്റെ ജിജ്ഞാസയും ഭാവിയും സംബന്ധിച്ച ഒരു നിക്ഷേപമാണ്. ഇത് നമ്മുടെ ജ്ഞാനത്തെ വികസിപ്പിക്കുകയും പുതിയ സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുകയും ഭൂമിയിലെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഭാവിയിൽ മനുഷ്യന്റെ നിലനിൽപ്പിനെ സംബന്ധിച്ച പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും ഇത് സഹായിക്കുന്നു.
പ്രമുഖ ബഹിരാകാശ ഏജൻസികൾ
ലോകത്തിലെ പ്രബല ശക്തികളെല്ലാം തന്നെ ബഹിരാകാശ ഗവേഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. 1958 ൽ സ്ഥാപിതമായ നാസയാണ് (National Aeronautics and Space Administration) അമേരിക്കയുടെ ബഹിരാകാശ ഏജൻസി. ബഹിരാകാശ ഗവേഷണവും വിമാനം, ഉപഗ്രഹങ്ങൾ, ലോഞ്ച് സിസ്റ്റം, റോക്കറ്റ് ടെക്നോളജികൾ എന്നിവയുടെ വികസനവും നടത്തുന്നുണ്ടിവിടെ. 1975ൽ സ്ഥാപിതമായ European Space Agency (ESA), യൂറോപ്പിലെ 22 രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളോട് ചേർന്ന് ബഹിരാകാശ അനുശാസന, പ്രയോഗങ്ങൾ, ഗവേഷണങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നു. ബഹിരാകാശ പ്രോഗ്രാമുകൾ, സാറ്റലൈറ്റ് വിക്ഷേപണങ്ങൾ, മിനി-റോക്കറ്റുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് Roscosmos (Russian Federal Space Agency). 1993ൽ സ്ഥാപിതമായ China National Space Administration (CNSA), ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങളും റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ വിക്ഷേപണങ്ങളിൽ പ്രവർത്തിക്കുന്നു. 2003ൽ സ്ഥാപിതമായ ജപ്പാന്റെ JAXA (Japan Aerospace Exploration Agency) എന്ന ഏജൻസി, ബഹിരാകാശ ഗവേഷണങ്ങൾ, ഉപഗ്രഹ വിക്ഷേപണം, മനുഷ്യരെയോ റോക്കറ്റുകളെയോ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ദൗത്യങ്ങൾ എന്നിവ നടത്തുന്നു. 1969ൽ സ്ഥാപിതമായ ഇന്ത്യയുടെ അഭിമാന സ്തംഭമായ Indian Space Research Organization (ISRO), ഇന്ത്യയുടെ ബഹിരാകാശ യാത്രകൾ, ഉപഗ്രഹങ്ങൾ, ചന്ദ്രയാൻ, മംഗൽയാൻ തുടങ്ങിയ പ്രശസ്ത ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്നു. ഇത് കൂടാതെ ലോക കോടീശ്വരനായ എലോൺ മസ്കിന്റെ നേതൃത്വത്തിൽ 2002 ൽ സ്ഥാപിതമായ Space X എന്ന സ്വകാര്യ കമ്പനി റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, Marsലേക്ക് മനുഷ്യനെ എത്തിക്കുന്ന ദൗത്യങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. Space X ബഹിരാകാശ പേടകത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിതാ വില്യംസിനെയും മറ്റും ഭൂമിയിലെത്തിച്ചത്. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകളെന്ന വിപ്ലവകരമായ ആശയം Space X ന്റേതായിരുന്നു.
ഐ എസ് ആർ ഓ യും സംരംഭക സാധ്യതകളും
ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ എസ് ആർ ഓ യാണ് ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇന്ത്യയുടെ വ്യവസായപരമായ വളർച്ചയിൽ ഐ എസ് ആർ ഓ യുടെ പങ്ക് ചെറുതല്ല. പല നിലയിൽ സംരംഭങ്ങൾക്ക് സഹായകരമായ നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഐ എസ് ആർ ഓ.
ടെക്നോളജി ട്രാൻസ്ഫർ
കേന്ദ്ര സർക്കാർ Make in India ക്യാമ്പയിനുമായി വരുന്നതിനും എത്രയോ മുൻപേ തന്നെ ISRO ഇത്തരത്തിൽ ചുവട് വെച്ചിരുന്നു. അതായത് തദ്ദേശിയമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുക. ഇറക്കുമതിക്ക് ബദലായി ഇന്ത്യയിൽത്തന്നെ നിർമ്മിക്കുക എന്ന ലക്ഷ്യമിട്ട് കൊണ്ട് തന്നെ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ISRO രൂപപ്പെടുത്തിയിട്ടുണ്ട്. ഈ സാങ്കേതിക വിദ്യകൾ നിയമപരമായി കൈമാറുകയും ചെയ്യുന്നുണ്ട്. സംരംഭക താൽപ്പര്യമുള്ളവർക്ക് ഇത്തരം ഉൽപ്പന്നങ്ങളുടെ വിപണി സാധ്യത മനസ്സിലാക്കി നിർമ്മാണ രംഗത്തേക്ക് കടക്കുവാൻ കഴിയും.
ഉദാഹരണമായി CASPOL (Ceramic- Polymer Hybrid) എന്ന തീ പിടിക്കാത്ത ഒരു പ്രത്യേക തരം പെയിന്റ് ISRO രൂപപ്പെടുത്തിയിട്ടുണ്ട്. ഇതൊരു വാട്ടർ ബേസ്ഡ് പെയിന്റ് ആണ്. സെറാമികും പോളിമർ കമ്പോണന്റുകളും കൂടിച്ചേർന്നൊരു പ്രത്യേക മെറ്റീരിയൽ ആണിത്. ഏവിയേഷൻ രംഗത്തും വാഹന നിർമ്മാണ മേഖലയിലും മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലയിലുമൊക്കെ ഉപയോഗിക്കാൻ കഴിയുന്ന ഈ പെയിന്റിന്റെ വിപണി സാധ്യത തിരിച്ചറിഞ്ഞ് സംരംഭക രംഗത്തേക്ക് പ്രവേശിക്കുവാൻ കഴിയും.
വ്യവസായികമായി നിരവധി ഉപയോഗങ്ങളുള്ളയൊന്നാണ് Alumina (AI203) എന്ന മെറ്റീരിയൽ. ഇപ്പോഴും നമുക്കാവശ്യമുള്ള അലുമിനയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. 1600 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുണ്ടുവെങ്കിലേ അത് കത്തുകയുള്ളു. എന്നാൽ ഐ എസ് ആർ ഓ വികസിപ്പിച്ചെടുത്ത കോമ്പോസിറ്റ് അലുമിനക്ക് ഇതിൽ താഴെ ചൂടിൽ കത്തുവാൻ കഴിയും. ഇത് മാത്രമല്ല നിരവധി ഗുണങ്ങളുള്ള ഈ മെറ്റീരിയൽ വിവിധങ്ങളായ വ്യവസായ മേഖലകളിൽ ഉപയോഗിക്കുവാൻ കഴിയും.
ഇൻസുലേഷനുകൾക്കുപയോഗിക്കാനായി അടുത്തിടെ ISRO വികസിപ്പിച്ച ഒരു പ്രത്യേക മെറ്റീരിയലാണ് Silica aerogel based composite sheets. സാന്ദ്രതയും (Density) തെർമൽ കണ്ടക്ടിവിറ്റിയും ഏറെ കുറഞ്ഞതാണ് ഇത്. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നേരിട്ട് DC Supply നൽകുന്ന Triple Input Smarty Power Supply (TRISP) എന്നയൊരു സംവിധാനം ISRO രൂപപ്പെടുത്തിയിട്ടുണ്ട്. ഉപകരണങ്ങൾക്ക് ഒരിക്കലും പവർ നഷ്ടമാകാതെ നോക്കുന്ന ഈ സംവിധാനം 85 ശതമാനത്തോളം പവർ സേവ് ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ USP ഒഴിവാക്കുവാനും കഴിയുന്നു. വൈദ്യുതി വാഹനങ്ങളുടെ ചാർജ്ജിങ്ങിൽ ഉപയോഗപ്പെടുത്താവുന്ന ഒരു സംവിധാനമാണിത്.
വൈദ്യുതി ശേഖരിച്ച് വെക്കുവാനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുവാനും കഴിയുന്ന സംവിധാനമാണല്ലോ കപ്പാസിറ്ററുകൾ. എന്നാൽ നിലവിലുള്ളവയുടെ പരിമിതികൾ പരിഹരിച്ചു കൊണ്ട് സെക്കൻറുകൾക്കുള്ളിൽ ചാർജ്ജാവുന്ന സൂപ്പർ കപ്പാസിറ്ററുകൾ ISRO വികസിപ്പിച്ചിട്ടുണ്ട്. റോക്കറ്റുകളിലും വാഹന വ്യവസായ മേഖലയിലും, ഇലക്ട്രോണിക്സ് രംഗത്തും ഗ്രിഡ് സിസ്റ്റത്തിലുമൊക്കെ വിപ്ലവം സൃഷ്ടിക്കുവാൻ പോന്നതാണിത്.
സിലിക്ക ഫൈബറിന്റെ ഉൽപ്പാദനത്തിന് osl-gel process എന്നയൊരു പുതിയ സാങ്കേതിക വിദ്യ ISRO കണ്ടെത്തിയിട്ടുണ്ട്. 1500 ഡിഗ്രി വരെ ചൂട് താങ്ങുവാൻ കഴിവുള്ളതാണ് ഇങ്ങനെ ഉൽപ്പാദിപ്പിക്കപ്പെടുന്ന സിലിക്ക ഫൈബർ. നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിർമ്മാണ ചിലവാണിതിനുള്ളത്.
ഇത്തരത്തിലുള്ള നിരവധിയായ സാങ്കേതിക വിദ്യകളും, മെറ്റീരിയലുകളും ഉപകരണങ്ങളുമൊക്കെ ISRO വികസിപ്പിച്ചിട്ടുണ്ട്. സംരംഭക മോഹമുള്ളവർക്ക് ഐ എസ് ആർ ഓ യുമായി ബന്ധപ്പെട്ടാൽ സാങ്കേതിക വിദ്യ സ്വായത്തമാക്കി സ്വന്തം സംരംഭങ്ങളാരംഭിക്കുവാൻ കഴിയും. nsil@isro.gov.in എന്ന വിലാസത്തിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങളറിയുവാൻ കഴിയും. ബി ടെക് വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊജക്ട് ഇവിടെ ചെയ്ത് കൊണ്ട് സംരംഭക ലോകത്തേക്ക് പ്രവേശിക്കുവാനും അവസരമുണ്ട്. കൂടുതൽ അറിയേണ്ടവർക്ക് ഐ എസ് ആർ ഓ യുടെ മ്യൂസിയം സന്ദർശിക്കാവുന്നതാണ്.
ആൻസിലറി സാധ്യതകൾ
ഒരു സംരംഭം മറ്റൊന്നിനെ ആശ്രയിച്ച് നില നിൽക്കുമ്പോൾ അത് ആദ്യത്തേതിന്റെ ആൻസിലറി യൂണിറ്റാകുന്നു. ഉദാഹരണമായി ഒരു മെഡിക്കൽ കോളേജിനാവശ്യമായ സർജിക്കൽ ഇംപ്ലാന്റ്സ് ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾ കോളേജിന്റെ ആൻസിലറി യൂണിറ്റാണ്. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ ISRO യുടെ ആൻസിലറി യൂണിറ്റുകൾ നാടിന്റെ നാനാ ഭാഗത്തുമുണ്ട്. ബഹിരാകാശ ഗവേഷണത്തിന് നിരവധി വസ്തുക്കളാവശ്യമുണ്ട്. ഗവേഷണത്തിന് മാത്രമല്ല മംഗൾയാൻ, ചന്ദ്രയാൻ പോലുള്ളവയുടെ നിർമ്മാണത്തിനും. അത് വിവിധങ്ങളായ മെറ്റീരിയലുകളാവാം, ഫ്യൂവലുകളാവാം അങ്ങനെ എന്തുമാകാം. ഐ എസ് ആർ ഓ ക്ക് വേണ്ടതായ മെറ്റീരിയലുകൾകക്കായി അതിന് എക്സ്പേർട്ടുകളെയാണ് അവർ സമീപിക്കുന്നത്. അപ്പോൾ ആവശ്യമുള്ളവ നിർമ്മിച്ച് നൽകുന്ന ആൻസിലറി യൂണിറ്റുകൾ ആരംഭിക്കുകയെന്നത് ഒരു സംരംഭക സാധ്യതയാണ്.
ബഹിരാകാശ സ്റ്റാർട്ടപ്പുകൾ
ബഹിരാകാശ ഗവേഷണത്തിന്റെ ഗുണഗണങ്ങൾ ഏറെയായതിനാൽ സ്റ്റാർട്ടപ്പ് സാധ്യതകളും നിരവധിയാണ്. മുൻകാലങ്ങളിൽ ബഹിരാകാശ ഗവേഷണത്തിന് ISRO ക്ക് മാത്രമേ അനുമതിയുള്ളുവെന്ന സർക്കാർ നയം മാറി ഈ മേഖലയിലും സ്വകാര്യ സംരംഭങ്ങളാവാം എന്ന അവസ്ഥ വന്നപ്പോൾ അത് സ്റ്റാർട്ടപ്പുകളുടെ സാധ്യത വർദ്ധിപ്പിച്ചു. ആരോഗ്യ മേഖല, സ്പെയ്സ് ടൂറിസം, റോക്കറ്റ് നിർമ്മാണം, അർബൻ പ്ലാനിങ്ങ്, കൃഷി, നാവിഗേഷൻ, സ്പെയ്സ് എഡ്യുക്കേഷൻ, കാലാവസ്ഥാ നിരീക്ഷണം, കമ്യൂണിക്കേഷൻ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി മേഖലകളുമായി കണക്ട് ചെയ്യാവുന്നയൊന്നാണ് ബഹിരാകാശ ഗവേഷണം എന്നതിനാൽത്തന്നെ മികച്ച ആശയങ്ങളുള്ളവർക്ക് സ്റ്റാർട്ടപ്പുകളാരംഭിക്കുവാൻ കഴിയും.
എലോൺ മസ്കിന്റെ അധീനതയിലുള്ള Space X പുനരുപയോഗിക്കാവുന്ന റോക്കറ്റുകളെന്ന നൂതനാശയം മുന്നോട്ട് വെച്ചയൊരു സ്റ്റാർട്ടപ്പായിരുന്നു. അതിന്റെ വളർച്ചക്ക് വർത്തമാന കാലഘട്ടം സാക്ഷ്യം വഹിച്ചത് നാം കണ്ടതാണ്. എലോൺ മസ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റിനായി ജിയോയുമായും എയർ ടെല്ലുമായും കൈകോർത്തത് ഈ അടുത്ത കാലത്താണ്. ആമസോൺ സി ഇ ഓ ജെഫ് ബഫോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒർജിൻ ഈ മേഖലയിലെ മറ്റൊരു ശ്രദ്ധേയമായ ചുവട് വെപ്പാണ്. പുനരുപയോഗിക്കുന്ന റോക്കറ്റുകളിലും സ്പെയ്സ് ടൂറിസത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാറ്റലൈറ്റുകൾ നിർമ്മിച്ച് earth imaging ഡാറ്റാ സേവനങ്ങൾ നൽകുന്ന ഒരു സ്റ്റാർട്ടപ്പാണ് Planet Labs Agriculture, Forestry, Disaster response തുടങ്ങി നിരവധി മേഖലകളിൽ ഈ ഡാറ്റ ഉപയോഗിക്കുന്നു. Relativity Space, 3D Printing technology ഉപയോഗിച്ച് റോക്കറ്റുകൾ നിർമ്മിക്കുന്ന ഒരു സ്റ്റാർട്ടപ്പ് ആണ്. Additive manufacturing എന്നതിന്റെ അടിസ്ഥാനത്തിൽ, റോക്കറ്റുകളുടെ നിർമ്മാണം സുതാര്യവും എളുപ്പവുമായ രീതിയിലാക്കുന്നു.
ബഹിരാകാശ സ്റ്റാർട്ടപ്പുകൾ കേരളത്തിൽ
ഐ എസ് ആർ ഓ യുടെ 3 സെന്ററുകളാണ് കേരളത്തിലുള്ളത്. വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (VSSC), ISRO Inertial Systems Unit (HSU), Liquid Propulsion Systems Centre (LPSC) കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് ഇത്. ഇതിൽ പ്രമുഖമായത് VSSC ആണ്. അതുകൊണ്ട് തന്നെ നിരവധി വിദ്യാർത്ഥികളവിടെ പ്രോജക്ടും ഇന്റേൺഷിപ്പും ചെയ്യുന്നുണ്ട്. ഇത് കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നയൊന്നാണ്.
കേരളാ സ്പേയ്സ് പാർക്ക് (Space park) എന്നത് ബഹിരാകാശ ഗവേഷണ, വികസന, നിർമ്മാണം, ശാസ്ത്രീയ പഠനങ്ങൾ, അല്ലെങ്കിൽ ബഹിരാകാശ വ്യവസായത്തിലെ വിവിധ പ്രവർത്തനങ്ങൾക്കായി സംരംഭങ്ങൾക്കുള്ള ഒരു ടെക്നോളജി ഹബ് അല്ലെങ്കിൽ Innovative ecosystem എന്ന രീതിയിൽ വികസിപ്പിച്ച ഒരു ആശയമാണ്. തിരുവനന്തപുരം ആണ് ആസ്ഥാനം. https://kspace.kerala.gov.in/ എന്നതാണ് അഡ്രസ്സ്.
Rocket technology-ലേക്ക് പുതിയ പാതകൾ തുറക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പാണ് Skyroot Aerospace. ഇതിന്റെ പ്രധാന ലക്ഷ്യം small satellite launch vehicles (ചെറിയ ഉപഗ്രഹ പ്രക്ഷേപണ വാഹനങ്ങൾ) വികസിപ്പിച്ച്, വ്യവസായം, ഗവേഷണം, തുടങ്ങിയവയ്ക്കായി ഉപയോഗിക്കുകയാണ്.
ഉപഗ്രഹ വികസനം, ഡാറ്റാ വിശകലനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന Space Innovations ബഹിരാകാശ ഗവേഷണത്തിനും ഉപഗ്രഹ വികസനത്തിനും സഹായിക്കുന്ന മറ്റൊരു സ്റ്റാർട്ടപ്പാണ് കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Galaxy Innovations. ബഹിരാകാശ സാങ്കേതിക വിദ്യ, ഉപഗ്രഹ വികസനം, ഡാറ്റാ വിശകലനം തുടങ്ങിയവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് തൃശൂർ ആസ്ഥാനമായുള്ള Space Tech. കേരളത്തിലെ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസത്തിനും ഉപഗ്രഹ വികസനത്തിനും ബഹിരാകാശ ഗവേഷണത്തിനും സഹായിക്കുന്നു.
ബഹിരാകാശ ഗവേഷണവും സംരംഭക സാധ്യതകളും തമ്മിൽ ഏറെ ബന്ധമുണ്ട്. ISRO യുടെ സാങ്കേതിക വിദ്യകൾ, കൂടാതെ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ വളർച്ച, പുതിയ വ്യവസായങ്ങൾക്ക് ചാലക ശക്തിയായി വർത്തിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ space technologies ലേക്കുള്ള അനേകം പുതിയ അവസരങ്ങൾ ഈ മേഖലയിലൂടെ സൃഷ്ടിക്കപ്പെടുന്നു. ISRO യുടെ സഹായത്തോടെ, സംരംഭക ലോകത്ത് അവസരങ്ങൾ തേടുന്നവർക്ക് നൂതന സാങ്കേതിക വിദ്യകളെ ആശ്രയിച്ച് വിവിധ മേഖലകളിൽ മുന്നേറാം. പരമ്പരാഗത വ്യവസായങ്ങൾക്കപ്പുറം ചിന്തിക്കുവാനും ബഹിരാകാശ സാങ്കേതിക വിദ്യയുടെ ചിറകിലേറി പുത്തൻ സംരംഭക സാധ്യതകൾ കണ്ടെത്തുവാനും കഴിയട്ടെ. മാറുന്ന ലോകത്ത് പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിൽ മാത്രം ശ്രദ്ധയൂന്നുന്ന യുവതലമുറ വഴി മാറി ചിന്തിക്കുവാനും ഈ രംഗത്ത് പുത്തൻ സ്റ്റാർട്ടപ്പുകൾക്ക് ഉദയം ചെയ്യുവാനും കഴിയട്ടെയെന്ന് പ്രത്യാശിക്കാം.