തെരുവു കച്ചവടക്കാരൻ മുതൽ സംസാരിക്കുന്ന മൃഗങ്ങൾ വരെ അതിരുകളില്ലാത്ത മാർക്കറ്റിംഗ് തന്ത്രങ്ങൾ

ഡോ. സുധീർ ബാബു

സൂര്യൻ തലയ്ക്കു മുകളിൽ ജ്വലിച്ചു നിൽക്കുന്നു. നിങ്ങൾ തായ്ലൻഡിലെ ബാങ്കോക്ക് നഗരത്തിലെ തിരക്കേറിയ ഒരു തെരുവിൽ കൂടി നടക്കുകയാണ്. അസഹനീയമായ ചൂട് നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. നിങ്ങൾ വിയർത്തു കുളിക്കുന്നു. തെരുവിലൂടെ നടക്കുന്ന മറ്റുള്ളവരുടേയും സ്ഥിതി വ്യത്യസ്തമല്ല. ചൂടിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗം അന്വേഷിച്ചു നടക്കുന്ന നിങ്ങൾ പെട്ടെന്ന് മുന്നിലൊരു കാഴ്ച കണ്ട് അമ്പരന്നു നിൽക്കുന്നു.

അതെ, ആ തെരുവോരത്ത് ആളുകൾ ഒരാൾക്ക് ചുറ്റും വട്ടമിട്ടു കൂടിയിരിക്കുകയാണ്. നിങ്ങൾ തിരക്കിനിടയിലൂടെ നൂഴ്ന്നു കയറി സംഭവം എന്താണെന്ന് നോക്കുന്നു. അയാളുടെ മുതുകത്ത് ഒരു കൂളർ കെട്ടി വെച്ചിട്ടുണ്ട്. ചുവപ്പും വെളുപ്പും നിറം കലരുന്ന ലോകം മുഴുവൻ പ്രസിദ്ധമായ ഒരു സോഫ്റ്റ്ഡ്രിങ്ക് ബ്രാൻഡിന്റെ പേര് അതിൽ എഴുതി വെച്ചിരിക്കുന്നു. കൊടും ചൂടിൽ അയാൾ തണുത്ത സോഫ്റ്റ് ഡ്രിങ്ക് ആളുകൾക്ക് വിൽക്കുകയാണ്. അയാൾക്ക് ചുറ്റും ആളുകൾ തടിച്ചു കൂടുന്നു, ദാഹം അകറ്റുന്നു. നിങ്ങളും സോഫ്റ്റ് ഡ്രിങ്കിനായി കാത്തു നിൽക്കുന്നു.

തെരുവ് കച്ചവടക്കാരൻ
ആ തെരുവ് കച്ചവടക്കാരൻ കൊടും ചൂടിൽ പൊരിയുന്ന കസ്റ്റമമേഴ്സിന് വെറുതെ സോഫ്റ്റ് ഡ്രിങ്ക് വിൽക്കുകയല്ല ചെയ്യുന്നത്. തന്റെ കസ്റ്റമമേഴ്സിന്റെ ദാഹമകറ്റുന്നതിനൊപ്പം തന്നെ രസകരവും ആനന്ദകരവുമായ ഒരനുഭവം കൂടി അയാൾ നൽകുന്നുണ്ട്. അയാൾ സോഫ്റ്റ് ഡ്രിങ്ക് നൽകുന്നതിനൊപ്പം തന്റെ വാചാലത കൊണ്ടും ശരീരഭാഷ കൊണ്ടും കസ്റ്റമമേഴ്സിനെ കയ്യിലെടുക്കുന്നു. അവരെ സന്തോഷവാന്മാരാക്കുവാൻ പരമാവധി ശ്രമിക്കുന്നു. അയാളുടെ അസാധാരണമായ ഊർജ്ജവും പാടവവും ആളുകളെ ആ തെരുവ് കച്ചവടക്കാരനിലേക്ക് വലിച്ചടുപ്പിക്കുന്നു.

ഓരോ രാജ്യം ഓരോ രീതി
ഈ ഭൂമുഖം മുഴുവൻ ശ്രദ്ധിക്കൂ. ഓരോ രാജ്യത്തും സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡുകൾ വ്യത്യസ്തങ്ങളായ ചിലപ്പോൾ അതീവ രസകരവും അസാധാരണവുമായ മാർക്കറ്റിംഗ് രീതികൾ പരീക്ഷിക്കുന്നുണ്ട്. അത് ടോക്കിയോ നഗരത്തിലാവട്ടെ അല്ലെങ്കിൽ മെക്സിക്കോ നഗരത്തിലാവട്ടെ അവിടുത്തെ സംസ്കാരമനുസരിച്ച്, പ്രാദേശിക രീതികളനുസരിച്ച് വിൽപ്പന തന്ത്രങ്ങൾ അവർ രൂപപ്പെടുത്തുന്നു, നടപ്പിലാക്കുന്നു.

ജപ്പാനിലെ വെൻഡിംഗ് മെഷീനുകൾ
സാങ്കേതികതയിൽ ഏറെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ജപ്പാൻ. വെൻഡിംഗ് മെഷീനുകൾ രാജ്യത്തുടനീളം നമുക്ക് കാണാം. ആളുകൾക്ക് ഇത് വളരെ സൗകര്യപ്രദമായ സംവിധാനമാകുന്നു. ഇത്തരമൊരു സംവിധാനത്തെ അതിസമർത്ഥമായി സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡുകൾ ഉപയോഗിക്കുന്നു. പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്ന നിറങ്ങളും മനോഹരങ്ങളായ ചിത്രങ്ങളും അവർ വെൻഡിംഗ് മെഷീനുകളിൽ ഉപയോഗിക്കുന്നു. ജപ്പാനിലെ ഉപഭോക്താക്കൾക്ക് മാത്രം ലഭിക്കുന്ന പ്രത്യേക ഫ്ളേവറുകളും ഇവിടുത്തെ പ്രത്യേകതയാണ്. ജപ്പാനിലെ ജനതയ്ക്ക് പുതുമകളോടും സുന്ദരമായ (ഗമംമശശ)വസ്തുക്കളോടുമുള്ള അഭിനിവേശം സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡുകൾ ഉപയോഗപ്പെടുത്തുന്നു.

മെക്സിക്കോയിലെ നൃത്തക്കാർ
മെക്സിക്കോയിലെ തെരുവിലേക്കിറങ്ങൂ. സോഫ്റ്റ് ഡ്രിങ്ക് ബോട്ടിൽ തലയിൽ വെച്ച് ഒരു പ്രത്യേക താളത്തിൽ ശരീരം ചലിപ്പിച്ച് ജനക്കൂട്ടത്തിനിടയിലൂടെ നടന്നു പോകുന്ന തെരുവ് കച്ചവടക്കാരെ കാണാം. കച്ചവടത്തിൽ അവർ ബഹുസമർത്ഥരാണ്. വഴിയിലൂടെ നടന്നു പോകുന്നവരെ അവർ സോഫ്റ്റ് ഡ്രിങ്ക് വാങ്ങുവാൻ പ്രലോഭിപ്പിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കുവാൻ ഒരു പ്രത്യേക കഴിവ് അവർക്കുണ്ട്. സോഫ്റ്റ് ഡ്രിങ്കിനൊപ്പം അവർ സ്നാക്കുകളും വിൽക്കുന്നു.

അമേരിക്കയിലെ പരസ്യങ്ങൾ
ഭൂമിയിലെ ഏതു ബ്രാൻഡിന്റേയും സ്വപ്നരാജ്യം. ഇവിടെ സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡുകളെല്ലാം ഏകദേശം ഒരേ രീതിയിൽ തന്നെയാണ് മാർക്കറ്റ് ചെയ്യുന്നത്. ടെലിവിഷൻ പരസ്യങ്ങളിലൂടെയും ഭീമാകാരമായ ബിൽ ബോർഡുകളിലൂടെയും ഉപഭോക്താക്കളെ പെട്ടെന്ന് ആകർഷിക്കുന്ന പരസ്യ വാചകങ്ങളിലൂടെയും സോഫ്റ്റ് ഡ്രിങ്ക് വിൽക്കാൻ ശ്രമിക്കുന്നു. കസ്റ്റമറുടെ മനസ്സിൽ തങ്ങൾ ഉദ്ദേശിക്കുന്ന ഇമേജ് സൃഷ്ടിക്കാൻ വിവിധ മീഡിയകളിലൂടെയുള്ള പരസ്യങ്ങൾ അവർ തുടർച്ചയായി നൽകുന്നു. അമേരിക്കയുടെ വമ്പൻ വിപണി പിടിച്ചെടുക്കാൻ പരസ്പരം പോരാടുന്നു.

മുംബൈയിലെ തെരുവ് ഷോപ്പുകൾ
മുംബൈയിലെ ചൂടു പിടിച്ച തെരുവുകളിലൂടെ നടക്കൂ. അവിടെ നിരനിരയായുള്ള ചെറിയ ഷോപ്പുകൾ കാണാം. ഓരോ ഷോപ്പിലും നിരത്തി വെച്ചിരിക്കുന്ന പല നിറങ്ങളിലുള്ള സോഫ്റ്റ് ഡ്രിങ്കുകൾ. കടും നിറങ്ങളിലുള്ള ബാനറുകൾ ഷോപ്പിന്റെ മുന്നിൽ വലിച്ചു കെട്ടിയിരിക്കുന്നു. തെരുവിലൂടെയുള്ള യാത്രക്കാർ തങ്ങളുടെ ദാഹം ശമിപ്പിക്കുവാൻ ഈ ഷോപ്പുകളെ ആശ്രയിക്കുന്നു.

എങ്ങിനേയും വിൽക്കാം

വിൽപ്പനക്കായി ഏത് മാർഗ്ഗവും സ്വീകരിക്കാമെന്ന് ഇവ നമ്മോട് പറയുന്നു. നൃത്തം ചെയ്യുന്ന തെരുവ് കച്ചവടക്കാരൻ മുതൽ സൂപ്പർ സ്റ്റോറുകൾ വരെ സോഫ്റ്റ് ഡ്രിങ്ക് വിൽക്കുന്നു. ചെറിയ തട്ടുകടകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും സോഫ്റ്റ് ഡ്രിങ്ക് ലഭിക്കുന്നു. കസ്റ്റമർ എവിടെയുണ്ടോ അവർക്ക് ഉൽപ്പന്നം ലഭ്യമാകണം. വമ്പൻ താരങ്ങൾ അഭിനയിക്കുന്ന പരസ്യങ്ങൾ മുതൽ തെരുവ് നർത്തകനെ വരെ അതിനായി ഉപയോഗിക്കാം.

ഓരോ രാജ്യത്തും വിൽപ്പനക്കായി പൊതുവായ രീതികൾ അവലംബിക്കുന്നതിനൊപ്പം ആ രാജ്യത്തെ സംസ്കാരവും, ശീലങ്ങളും, ഉപഭോക്താക്കളുടെ പ്രകൃതവും മനസ്സിലാക്കിയുള്ള വിൽപ്പന രീതികൾ ഫലപ്രദമാകുന്നു. സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡുകളുടെ ഈ Flexibility നിരീക്ഷണ, ഗവേഷണ വിധേയമാക്കേണ്ടതാണ്. കൂളർ പുറത്തുവെച്ചുകെട്ടി സഞ്ചരിക്കുന്ന ഷോപ്പാകുകയാണ് ബാങ്കോക്കിലെ കച്ചവടക്കാരൻ. തലയിൽ സോഫ്റ്റ് ഡ്രിങ്ക് ബോട്ടിൽ വെച്ച് നൃത്തമാടുന്ന മെക്സിക്കോയിലെ കച്ചവടക്കാരനും ഇയാളും വിൽക്കുന്നത് ഒരേ ഉൽപ്പന്നമാണ്. വാൾമാർട്ടിൽ കയറൂ. അവിടേയും ഈ ഉൽപ്പന്നം കിട്ടും.

വിൽപ്പനയുടെ പ്രകൃതം അയവുള്ളതാണ് (Flexible) അതൊരിക്കലും അയവില്ലാത്ത (Rigid) പ്രക്രിയയല്ല. ഏത് രീതിയിൽ, ഏത് മാർഗ്ഗത്തിൽ ഉൽപ്പന്നം വിൽക്കണമെന്ന് കച്ചവടക്കാരന് തീരുമാനിക്കാം. തന്റെ ഉൽപ്പന്നത്തിന്റെ പ്രകൃതമനുസരിച്ച് (Nature), വിപണിയനുസരിച്ച് വിൽപ്പനയുടെ രീതികൾ നിശ്ചയിക്കാം.

രാജുവിനെ നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടാവാൻ സാധ്യതയില്ല. അയാൾ ചെറിയൊരു ഉൾഗ്രാമത്തിലെ കർഷകനാണ്. വളരെ സത്യസന്ധനും എളിമയുള്ളവനുമായ മനുഷ്യൻ. ഗ്രാമത്തിലെ ചെമ്മൺപാതയുടെ വശത്ത് കട നടത്തിയാണ് അയാൾ ജീവിച്ചിരുന്നത്. രാജു എപ്പോഴും ഊർജ്ജസ്വലനായിരുന്നു. ഗ്രാമത്തിലെ ജനങ്ങൾക്കും അവിടേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും പച്ചക്കറികളും പഴങ്ങളും വിൽക്കുകയായിരുന്നു അയാളുടെ ബിസിനസ്.

എന്നാൽ എത്ര ശ്രമിച്ചിട്ടും രാജുവിന് തന്റെ കടയിൽ നല്ല വിൽപ്പന ലഭിച്ചിരുന്നില്ല. സാധാരണ ഒരാൾ തീർച്ചയായും ഇതിൽ നിരാശനാകും. എന്നാൽ രാജു നിരാശനവാതെ ചിന്തിക്കാൻ തുടങ്ങി. എങ്ങിനെ കടയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാം. അങ്ങിനെ രാജു ഒരു മാർഗ്ഗം കണ്ടെത്തി.

രാജു തന്റെ കടയുടെ പുറത്തായി ഒരു മത്സരം സംഘടിപ്പിക്കുവാൻ പ്ലാൻ ചെയ്തു. ആഴ്ചയിൽ ഒരു ദിവസമാണ് മത്സരം. മത്സരം അതീവ രസകരമാണ്. മുളക് തിന്നുന്ന മത്സരമാണ്. ആർക്കൊക്കെ എരിവ് സഹിച്ച് പരമാവധി മുളക് തിന്നാൻ സാധിക്കും. ഇത് ഗ്രാമവാസികൾക്ക് ഹരമായി. ആളുകൾ മത്സരത്തിൽ പങ്കെടുക്കാൻ ആഴ്ചതോറും കടയിലേക്ക് ഒഴികിയെത്തി. രാജുവിന്റെ കടയെക്കുറിച്ചും മത്സരത്തെക്കുറിച്ചും വാർത്ത പരന്നു. കട ഗ്രാമത്തിലെ സംസാരവിഷയമായി. വിൽപ്പനയും റോക്കറ്റ് പോലെ കുതിച്ചുയർന്നു.

രാജു തുടങ്ങിവെച്ചു മറ്റുള്ളവർ ഏറ്റെടുത്തു
രാജുവിന്റെ വിൽപ്പന തന്ത്രം ഗ്രാമത്തിലെ മറ്റു ബിസിനസുകാരെയും പ്രചോദിപ്പിച്ചു. ഉപഭോക്താക്കളെ ആകർഷിക്കാൻ തങ്ങൾക്കെന്തു ചെയ്യാൻ കഴിയും എന്നവർ തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ അവർ മെനയാൻ ആരംഭിച്ചു. ഗ്രാമത്തിലെ ടെയ്ലർ തന്റെ കടയിലെത്തി പദപ്രശ്നത്തിന് ഉത്തരം കണ്ടെത്തുന്നവർക്ക് സൗജന്യമായി വസ്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ ഓഫർ ചെയ്തു. ഗ്രാമത്തിലെ ബാർബർ ആകട്ടെ ഏറ്റവും രസകരമായ തമാശ പറയുന്നവർക്ക് ഡിസ്കൗണ്ട് നൽകാൻ തുടങ്ങി.

ഗ്രാമത്തിലെ ബിസിനസുകൾ മുഴുവൻ തങ്ങളുടേതായ നവീന ആശയങ്ങൾ കണ്ടെത്തി ഉപഭോക്താക്കളെ വലയിലാക്കാൻ ശ്രമിച്ചു. സാധാരണക്കാരനായ രാജുവെന്ന കർഷകൻ തുടങ്ങിവെച്ച മാർക്കറ്റിംഗ് തന്ത്രം മറ്റുള്ളവരെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. ഓരോരുത്തരും അവരവരുടേതായ തന്ത്രങ്ങൾ കണ്ടെത്തിത്തുടങ്ങി.

ഹെർബലിസ്റ്റിന്റെ കഥ പറച്ചിൽ
ഗ്രാമത്തിലെ ഹെർബലിസ്റ്റ് മാർക്കിറ്റിംഗ് തന്ത്രങ്ങളെ വേറൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാൾ വെറുമൊരു നാടൻ ഹെർബലിസ്റ്റ് മാത്രമായിരുന്നു. ആധുനിക ഫാർമസികൾ അയാളുടെ ബിസിനസിന് വലിയൊരു വെല്ലുവിളിയായി മാറിയിരുന്നു. കച്ചവടമില്ലാതെ കടപൂട്ടേണ്ടി വരുന്ന ഒരവസ്ഥയിലാണ് രാജുവിന്റെ വിൽപ്പന തന്ത്രം അയാളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

സന്ധ്യാസമയങ്ങളിൽ നടുവിൽ കൂട്ടിയിട്ടിരിക്കുന്ന വിറകുകൾ കത്തിച്ച് തീ കാഞ്ഞിരിക്കുന്ന ഗ്രാമീണരോട് അയാൾ നാടൻ കഥകൾ പറഞ്ഞുതുടങ്ങി. തലമുറകളായി കൈമാറിക്കൊണ്ടിരിക്കുന്ന രസകരങ്ങളായ കഥകൾ ആംഗ്യങ്ങളോടെ സരസമായി എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അയാൾ അവതരിപ്പിച്ചു. കഥകൾ പറയുന്നതിനിടയിൽ വളരെ സൂക്ഷ്മമായി അയാൾ നാടൻ മരുന്നുകളെക്കുറിച്ചും അവയുടെ ചികിത്സകളെക്കുറിച്ചും ചെറിയ സൂചനകൾ നൽകും. ഇത് കൂടിയിരിക്കുന്നവരുടെ മനസ്സിൽ കാലക്രമേണ ശക്തമായി സ്വാധീനം ചെലുത്തിത്തുടങ്ങി.

സാവധാനം അയാളുടെ കഥപറച്ചിൽ ഗ്രാമത്തിൽ പ്രശസ്തമായി. ആളുകൾ കൂട്ടത്തോടെ കഥ പറച്ചിൽ കേൾക്കാനും സംസാരിക്കാനും ഒത്തുകൂടി. അയാളുടെ കഥകൾ അവരിൽ ഗൃഹാതുരത്വം ഉണർത്തി. പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ആ നിമിഷങ്ങൾക്കു വേണ്ടി ആളുകൾ ഹെർബലിസ്റ്റിന്റെ കടയിലെത്തി. കടയിലെ കച്ചവടവും സ്വാഭാവികമായി ഉയർന്നു.

ജോയുടെ അടവ്
ജോ തെരുവു കച്ചവടക്കാരനാണ്. അയാൾ വിൽക്കാത്ത ഒന്നുമില്ല. എന്തു കിട്ടിയാലും വിൽക്കും. മികച്ചൊരു വിൽപ്പനക്കാരനായിട്ടാണ് ആളുകൾ ജോയെ കാണുന്നത്. ജോയുടെ വിൽപ്പനക്ക് ചില പ്രത്യേകതകളുമുണ്ട്. ജോ തെരുവിലേക്ക് ഇറങ്ങുന്നത് വെറുതെ ഉൽപ്പന്നങ്ങളുമായി മാത്രമല്ല. അയാളുടെ കയ്യിൽ ഒരു ചെറിയ ഗിറ്റാറുമുണ്ടാകും. തെരുവിന്റെ ഓരങ്ങളിൽ നിന്ന് അയാൾ ഗിറ്റാർ വായിക്കും. കൂടെ തന്റെ ഉൽപ്പന്നങ്ങളെക്കുറിച്ച് അയാൾ രചിച്ച ചെറിയ ഗാനങ്ങളും പാടും. ആസ്വാദകരുടെ മനസ്സിനെ പിടിച്ചെടുക്കുന്ന ഗിറ്റാറിന്റെ ട്യൂൺ, അയാൾ പാടുന്ന ഗാനങ്ങൾ കൂടാതെ ആരെയും ആകർഷിക്കുന്ന അയാളുടെ ശരീര ചലനങ്ങൾ ഇതെല്ലാം കൂടി വരുമ്പോൾ ജോയ്ക്ക് ചുറ്റും ആളുകൾ കൂടും. അവർക്കൊക്കെ ജോ തന്റെ ഉൽപ്പന്നങ്ങൾ വിൽക്കും.

ഇവിടെ ഉപഭോക്താക്കൾക്ക് വെറുതെ ഉൽപ്പന്നങ്ങൾ വിൽക്കാനല്ല ജോ ശ്രമിക്കുന്നത്. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം കൂടി ജോ അവർക്ക് നൽകുന്നു. അവർ വീണ്ടും തെരുവുകളിൽ ജോയെ തിരയുന്നു. അയാളിലേക്ക് വീണ്ടും എത്തുന്നു.

സംസാരിക്കുന്ന മൃഗങ്ങൾ
മാർക്കറ്റിന്റെ മൂലയിലായി ഒരു കൂട്ടം മൃഗങ്ങൾ നിൽക്കുന്നു. സോറി മൃഗങ്ങളല്ല. മൃഗങ്ങളുടെ കട്ട് ഔട്ടുകളാണ്. എന്നാലവ ജീവനുള്ളവയെപ്പോലെ തന്നെ ചലിക്കുന്നു, ഇളകുന്നു കൂടാതെ മനുഷ്യരെപ്പോലെ സംസാരിക്കുന്നു.

മാർക്കറ്റിലെ ജനങ്ങളെല്ലാം അവിടേക്ക് ഓടുന്നു. രസകരങ്ങളായ ഈ മൃഗ രൂപങ്ങൾ കാണുന്നു. അവ പറയുന്ന ഫലിതങ്ങൾ കേൾക്കുന്നു. ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്പീക്കറുകളിലൂടെയും സെൻസറുകളിലൂടെയുമാണ് ശബ്ദവും ചലനവും സാധിച്ചിരിക്കുന്നത്. മാർക്കറ്റിലുള്ള ഒരു പെറ്റ് ഷോപ്പിന്റെ മാർക്കറ്റിംഗ് തന്ത്രമാണ്. ആളുകൾ കൂടുന്നു. മൃഗങ്ങളുമായി സംസാരിക്കുന്നു. ആർത്തു ചിരിക്കുന്നു.

ഇതിനുശേഷം ആളുകൾ പെറ്റ് ഷോപ്പ് സന്ദർശിക്കുന്നു. ഇതിനെക്കാൾ രസകരമായ, അതിശയകരമായ വേറെ എന്തൊക്കെ അനുഭവങ്ങൾ അവരൊരുക്കി വെച്ചിട്ടുണ്ടെന്ന് കാണാൻ ആളുകൾക്ക് തിടുക്കമാകുന്നു. പെറ്റ് ഷോപ്പിൽ തിരക്കേറുന്നു, കച്ചവടവും തകർക്കുന്നു.

ഗ്രാമീണ മാർക്കറ്റുകളിലെ മാർക്കറ്റിംഗ് തന്ത്രങ്ങൾ
എത്ര സർഗ്ഗാത്മകമായിട്ടാണ് (Creative) മുകളിൽ നാം കണ്ട തന്ത്രങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ശ്രദ്ധിക്കൂ. മറ്റുള്ളവരുടെ തന്ത്രങ്ങൾ അതേപടി പകർത്തണമെന്നില്ല. ഓരോ ബിസിനസുകൾക്കും സ്വതന്ത്രമായ, സർഗ്ഗാത്മകമായ തന്ത്രങ്ങൾ ചിട്ടപ്പെടുത്താം. നിങ്ങൾ ഒരു ഗ്രാമീണ മാർക്കറ്റിലൂടെ നടന്നുപോകുമ്പോൾ ചുറ്റും കണ്ണോടിക്കൂ. ഇത്തരം വിവിധതരം തന്ത്രങ്ങൾ നിങ്ങളുടെ കണ്ണിൽ പെടും. ഉപഭോക്താക്കൾ അനുഭവങ്ങൾക്കായി കാത്തുനിൽക്കുന്നു. അവർക്കായി നിങ്ങളുടെ ബിസിനസിനെന്ത് നൽകാൻ കഴിയും?