വിവിധതരം സംരംഭകർ

ഡോ. ശചീന്ദ്രൻ.വി
 
 
വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുകയും അവ നടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നവരാണ് സംരംഭകർ. സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഉത്തരവാദിത്വവും ചുമതലകളും ഏറ്റെടുക്കുന്നവരാണ് ഇവർ. വിവിധതരം സംരംഭകരെ നമുക്ക് ചുറ്റും കാണാൻ കഴിയും. ക്ലാരൻസ് ഡാൻഹോഫിന്റെ അഭിപ്രായത്തിൽ പ്രധാനമായും നാല് തരം സംരംഭകരാണ് ഉള്ളത്. വിവിധതരം സംരംഭങ്ങൾ തുടങ്ങുവാനുള്ള ആശയങ്ങൾ/സാധ്യതകൾ കണ്ടെത്തുവാൻ നാലു തരം വഴികളാണ് ഉള്ളത് എന്നത് ഈ തരംതിരിക്കലിൽ കാണാൻ കഴിയും. അവ ഇപ്രകാരമാണ് 
 
1. നവീന (innovative) സംരംഭകർ
 
നവീന ആശയങ്ങൾ കൊണ്ടു വരികയും മികച്ച കാഴ്ചപ്പാടോടെ, പുതിയ അവസരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നവരാണ് നവീനസംരംഭകർ. പുതിയ ഉത്പന്നങ്ങൾ, സേവനങ്ങൾ, ആശയങ്ങൾ തുടങ്ങിയവയാണ് ഇത്തരക്കാർ മുതൽക്കൂട്ടാക്കുന്നത്. തികച്ചും ക്രിയാത്മകമായി ചിന്തിക്കുകയും കൃത്യമായ നഷ്ടസാധ്യതകൾ കണക്കാക്കി അവ ഏറ്റെടുക്കാൻ തയ്യാറാവുകയും, നിലവിലുള്ള വാണിജ്യ വ്യവസായ മാതൃകകളെ പൊളിച്ചെഴുതി പുതിയ മാതൃകകൾ കണ്ടെത്താനും ഇവർ ശ്രമിക്കുന്നു. ടെസ്ലയുടേയും (Tesla) സ്‌പേസ് എക്‌സിന്റെയും (SpaceX) സി.ഇ.ഓ ഇലോൺമസ്‌ക്, ഇലക്ട്രിക് വാഹനങ്ങളുടെയും, ബഹിരാകാശ പര്യവേഷണ മേഖലകളുടെയും സംരംഭകത്വ മേഖലയിൽ പ്രകടമാക്കിയത് ഇത്തരത്തിലുള്ള നവീനസംരംഭകരുടെ വഴികളാണ്. അതുപോലെ ഫേസ്ബുക്കിന്റെ സഹസ്ഥാപകനായ മാർക്ക് സുക്കർബർഗ് തിരഞ്ഞെടുത്ത വഴിയും നവീന സംരംഭകന്റെതാണ്. ആളുകളെയും സ്ഥാപനങ്ങളെയും ആഗോളതലത്തിൽ തന്നെ ഒരുമിപ്പിക്കുകയും, സുഗമമായി ആശയ വിനിമയം നടത്തുവാനും, സന്ദേശങ്ങൾ കൈമാറാനും ഉള്ള വഴികൾ സുക്കർബർഗ് കണ്ടെത്തി. നവീന ആശയങ്ങളുമായി മുന്നോട്ടു വരുന്നവർ, പുത്തൻവഴികളിലൂടെ കടന്നു, മികച്ചസാധനങ്ങളും സേവനങ്ങളും വിപണിക്ക് ലഭ്യമാക്കുന്നു.
 
2.അനുകരിക്കുന്ന (imitating)സംരംഭകർ
 
നിലവിലുള്ള ബിസിനസ് ആശയങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ തുടങ്ങിയവ അതേ പടിയോ, ചെറിയ വ്യത്യാസങ്ങളോടെയോ സംരംഭം നടത്താനായി ഉപയോഗിക്കുന്നവരാണ് അനുകരണ സംരംഭകർ. അതിനായി അവർ വിവിധ വിപണികളിൽ വിജയകരമായി തീർന്നിട്ടുള്ള ബിസിനസ് മാതൃകകളാണ് കണ്ടെത്തുക. അവർ നവീനമായ മാതൃകകൾ സൃഷ്ടിക്കാനോ, പരീക്ഷിക്കുവാനോ തയ്യാറാകുന്നില്ല. പുതുമ അവകാശപ്പെടുന്നുമില്ല. പുതിയൊരു ആശയം വികസിപ്പിച്ചെടുക്കുന്നതിന്റെ നഷ്ടസാധ്യതകൾ ഇത്തരക്കാർക്കില്ല. അതേസമയം, വിപണി സ്വീകരിച്ചിട്ടുള്ള ബിസിനസ് ആശയങ്ങൾ ആയതിനാൽ അത്തരം സംരംഭകർക്ക് വിജയസാധ്യത കൂടുതലുമാണ്. എന്നാൽ, നിലവിൽ തന്നെ അത്തരം ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണിയിൽ ലഭ്യമായതിനാൽ സമാനമായ മറ്റൊരു ഉത്പന്നത്തിന്/സേവനത്തിന് എത്രമാത്രം വിപണി പിടിക്കാൻ സാധിക്കും എന്നത് ആശങ്ക ഉണ്ടാക്കും. അതേസമയം, ഒരു വിപണിയിൽ വിജയിച്ചിട്ടുള്ള ഉൽപ്പന്നം/ സേവനം, അവ അത്ര പ്രചാരമില്ലാത്ത മറ്റൊരു മേഖലയിലേക്ക്/വിപണിയിലേക്ക് ഡിമാൻഡ് ഉണ്ടാക്കിയെടുത്തു ബിസിനസ് വളർത്തുന്നത് കുറേക്കൂടി സാധ്യതകൾ വളർത്തും. ബിസിനസ് ഫ്രാഞ്ചൈസികൾ, ഹോട്ടൽ ശൃംഖലകൾ തുടങ്ങി നിരവധി മേഖലകളിൽ അനുകരിക്കുന്ന സംരംഭകർ വിജയിച്ചിട്ടുണ്ട്. നിലവിലുള്ള ഉൽപ്പന്നങ്ങൾ അതേ പടി അനുകരിക്കാതെ അതോടൊപ്പം എന്തെങ്കിലും വ്യത്യാസങ്ങൾ കൂടി കൊണ്ടുവരാൻ സാധിച്ചാൽ നിലവിലുള്ള വിപണിയിൽ തന്നെ കൂടുതൽ സ്വീകാര്യതയും ലഭിക്കും.
 
3. ഫാബിയൻ (Fabian) സംരംഭകർ
 
വളരെ കരുതലോടെയും, ഘട്ടം ഘട്ടമായും സംരംഭകത്വത്തെ സമീപിക്കുന്നവരാണ് ഫാബിയൻ സംരംഭകർ. ചെറിയ തുടക്കവും, ക്രമേണ ശ്രദ്ധാപൂർവ്വമായ തീരുമാനങ്ങളിലൂടെ മുന്നേറുകയും ചെയ്യുന്നവരാണ് ഇവർ. പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് മുതിരുന്നതിനു പകരം ബിസിനസ് സ്ഥിരതയും, ദീർഘകാലം നിലനിൽക്കുവാനുള്ള കരുതലുമാണ് ഇക്കൂട്ടർ ലക്ഷ്യം വെക്കുന്നത്. അതിനാൽതന്നെ വിപണിയിലെ സാഹചര്യങ്ങൾ കൃത്യമായും സൂക്ഷ്മമായും വിലയിരുത്തുകയും, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും,  വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു മാത്രമേ ഇവർ മുന്നോട്ട് നീങ്ങുകയുള്ളൂ. ചെറിയ സംരംഭങ്ങളിൽ തുടങ്ങി കൃത്യമായ വിലയിരുത്തലിന്റെയും പുരോഗതിയുടെ അടിസ്ഥാനത്തിൽ ക്രമേണ സംരംഭം വളർത്തിക്കൊണ്ടുവരുന്നവരാണ് ഫാബിയൻ സംരംഭകർ.
 
4. ഡ്രോൺ (Drone) സംരംഭകർ
 
ക്ലാരൻസ് ഡാൻഹോഫിന്റെ സംരംഭകരെ തരംതിരിച്ചതിലെ നാലാമത്തെ വിഭാഗമാണ് ഡ്രോൺ സംരംഭകർ. പുതിയ അവസരങ്ങളെ 
ഉപയോഗിക്കുന്നതിൽ മടി കാണിക്കുകയും, അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്യുന്നവരാണ് ഇവർ. എപ്പോഴും യാഥാസ്ഥിതിക മാർഗങ്ങളിൽ മാത്രം സംരംഭകാവസരങ്ങൾ കാണുകയും, യാതൊരു പുതുമകളും കൊണ്ടുവരാൻ തയ്യാറാകാത്തതുമായ സംരംഭകരാണ് ഡ്രോൺ സംരംഭകർ. മാറ്റങ്ങൾക്ക് വിധേയരാവാൻ തയ്യാറാകാത്തവരാണിവർ. കാലം മാറുന്നതിനനുസരിച്ച് ഉത്പന്നങ്ങളിലും സേവനങ്ങളിലും മാറ്റം കൊണ്ടുവരാൻ തയ്യാറാകാത്തതിനാൽ സംരംഭകത്വമേഖലയിൽ കുറഞ്ഞ വളർച്ച നിരക്ക് മാത്രമേ ഇക്കൂട്ടർക്ക് ലഭിക്കുകയുള്ളൂ.
 
മറ്റു തരംതിരിക്കലുകൾ
 
സംരംഭകരെ മറ്റ് പല തരത്തിലും തരംതിരിക്കാനാകും. അവയിൽ ചിലത് ചുവടെ ചേർക്കുന്നു. സംരംഭങ്ങൾ ആരംഭിക്കാനുള്ള സാധ്യതകൾ ഈ തരംതിരിക്കലുകൾ ചൂണ്ടിക്കാട്ടുന്നു;
 
1. നടത്തുന്ന സ്ഥാപനത്തിന്റെ അടിസ്ഥാനത്തിൽ
 
സംരംഭകർ അവർ നടത്തുന്ന സ്ഥാപനത്തിന്റെ അടിസ്ഥാനത്തിൽ എം.എസ്.എം.ഇ ബിസിനസ് സംരംഭകർ, വൻകിട സംരംഭകർ, വാണിജ്യ സംരംഭകർ, വ്യവസായ സംരംഭകർ, കാർഷിക സംരംഭകർ, സേവനമേഖലയിലെ സംരംഭകർ എന്നിങ്ങനെ തരംതിരിക്കാം. 
 
സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ആരംഭിച്ചു നടത്തിക്കൊണ്ടു പോകുന്നവരാണ് എം.എസ്.എം.ഇ സംരംഭകർ എന്ന പേരിൽ അറിയപ്പെടുന്നത്. വൻകിട സംരംഭകർ വലിയ കമ്പനികൾ ആണ് നടത്തുന്നത്. ഇത്തരത്തിലുള്ള വലിയ കമ്പനികൾക്ക് ഉയർന്ന മുതൽ മുടക്കും മറ്റു വിഭവശേഷികളും ആവശ്യമാണ്. അവ വൻതോതിലുള്ള ഉത്പാദനവും വിപണനവും ലക്ഷ്യമിടുന്നു. ചിലപ്പോൾ രാജ്യാന്തര തലത്തിലുള്ള ബിസിനസ് നടത്തിപ്പുകളും അനുബന്ധ തീരുമാനങ്ങളും വൻകിട സംരംഭങ്ങളുടെ ഭാഗമാകുന്നു. മറ്റൊരു സ്ഥാപനം ഉല്പാദിപ്പിച്ച സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരാണ് വാണിജ്യ സംരംഭകർ. ഉൽപാദനം നടത്തുന്ന പ്രക്രിയയിൽ ഇക്കൂട്ടർ ഏർപ്പെടുന്നില്ല. കേരളത്തിൽ പൊതുവേ ഇത്തരം സംരംഭകരാണ് എല്ലാ പ്രദേശങ്ങളിലും ഒരു പോലെ വിജയിച്ചതായി കാണപ്പെടുന്നത്. കാരണം ഉത്പാദത്തിന് ആവശ്യമായ സ്ഥലവും സാഹചര്യങ്ങളും എല്ലാ പ്രദേശങ്ങളിലും ഒരു പോലെ ലഭ്യമല്ലാത്തതിനാൽ, അവർ കേവലം വാങ്ങലും വിൽക്കലും നടത്തുന്ന സംരംഭകർ മാത്രമായി ഒതുങ്ങുന്നു. ഇത്തരം സംരംഭകർക്ക് സാധനങ്ങളുടെ വിപണനത്തിന് ഉൽപാദകരുടെ സഹായം ലഭിക്കുന്നു. വിപണി വളർത്തിയെടുക്കലും വില്പന വർധിപ്പിക്കലും ആണ് ഇവരുടെ പ്രധാന കർത്തവ്യങ്ങൾ. വ്യാവസായിക സംരംഭകർ ഉൽപ്പാദന പ്രക്രിയയിൽ ഏർപ്പെടുന്നവരാണ്. അവർ അതിന് ആവശ്യമായ ഫാക്ടറികൾ/ പ്ലാന്റുകൾ എന്നിവ സ്ഥാപിക്കുകയും, അസംസ്‌കൃത വസ്തുക്കൾ വാങ്ങുകയും, ആവശ്യമായ തൊഴിലാളികളെയും, മെഷീൻസും ഉപയോഗിച്ച് ഉത്പാദനം നടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. പുതിയൊരു ഉൽപ്പന്നത്തിന്റെ ഗവേഷണവും വളർത്തിയെടുത്തലും വ്യവസായിക സംരംഭകരുടെ ഉത്തരവാദിത്തമാണ്.ഇത്തരത്തിൽ പുതിയ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുമ്പോൾ നഷ്ടസാധ്യതയും ഏറുന്നു. എങ്കിലും ഒരു വിപണിയുടെ വളർച്ചയ്ക്കും വികസനത്തിനും വ്യാവസായിക സംരംഭകർ കൂടിയേതീരൂ.
 
മറ്റൊരു വിഭാഗം സംരംഭകർ കാർഷിക മേഖലയിൽ സംരംഭകത്വം നടത്തുന്നവരാണ്. ഇവർ കാർഷിക ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുകയോ, കർഷകരിൽ നിന്നും വാങ്ങി, പ്രോസസ ്‌ചെയ്ത് വിപണിയിൽ എത്തിക്കുകയോ ചെയ്യുന്നു. സേവന മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർ ഉപഭോക്താക്കൾക്കായി നിരവധിയായുള്ള സേവനങ്ങൾ നൽകുന്നു. ബാങ്കിംഗ്, ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ടുകൾ തുടങ്ങി നിരവധിയായ സേവനമേഖലകൾ സംരംഭകർക്ക് തിരഞ്ഞെടുക്കാം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ വലിയൊരു വിഭാഗം സേവന മേഖലയിലുള്ള സംരംഭങ്ങളാണ് സംഭാവന നൽകുന്നത്.
 
2. സാങ്കേതിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ
 
സംരംഭകരെ സാങ്കേതിക സംരംഭകർ, സാങ്കേതിക-ഇതര സംരംഭകർ എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. സാങ്കേതിക സംരംഭകർ ഉൽപാദനത്തിന്റെ വിവിധ വിഷയങ്ങളിൽ സാങ്കേതിക പരിജ്ഞാനം ഉള്ളവരാണ്. സാങ്കേതിക വിദ്യാഭ്യാസയോഗ്യതയുള്ളവരോ, പ്രവർത്തന പരിചയം ഉള്ളവരോ ആണ് ഇത്തരം സംരംഭകർ. മറ്റ് സംരംഭകരാകട്ടെ സാങ്കേതിക പരിജ്ഞാനം ഇല്ലാതെ, ലഭ്യമായ ഉൽപ്പന്നങ്ങൾ/സേവനങ്ങൾ നൽകുകയോ അല്ലെങ്കിൽ സാങ്കേതിക വിദഗ്ധരെ ജോലിക്ക് വെച്ച്, വേതനം നൽകി, ഉത്പാദനം നടത്തുകയോ ചെയ്യുന്നവരാണ്.
 
3. സംരംഭകർ പ്രചോദനത്തിന്റെ അടിസ്ഥാനത്തിൽ
 
നമുക്ക് ചുറ്റുമുള്ള സംരംഭകരിൽ ചിലർ ആന്തരിക പ്രേരണയാലേ പ്രചോദനം ഉണ്ടായി സംരംഭകത്വത്തിലേക്ക് വന്നവരാണ് അവർ, സംരംഭകരാകുന്നതിന്റെ വ്യക്തിപരവും സാമ്പത്തികവുമായ നേട്ടങ്ങൾ സ്വയം മനസ്സിലാക്കി മുന്നോട്ടുവരുന്നവരാണ്. മറ്റൊരു കൂട്ടരാകട്ടെ, പുറമേ നിന്നുള്ള പലവിധ പ്രേരണകൾ/ പ്രചോദനങ്ങൾ എന്നിവയിൽ ആകൃഷ്ടരായി സംരംഭകത്വത്തിലേക്ക് കടക്കുന്നവരാണ്. ഗവൺമെന്റ് നൽകുന്ന സബ്‌സിഡികൾ, ഇൻസെന്റീവുകൾ, നികുതിയിളവുകൾ, വായ്പാ സൗകര്യങ്ങൾ എന്നിവയുടെ പ്രേരണയാൽ സംരംഭകത്വത്തിലേക്ക് കടന്നുവരുന്നവരാണ് ഇവർ. വിവിധ ഏജൻസികൾ, സംരംഭകത്വം വളർത്തിയെടുക്കുവാൻ നടത്തുന്ന പരിശീലന/ ബോധവൽക്കരണ പരിപാടികളും ആളുകളെ സംരംഭകത്വത്തിലേക്ക് പ്രേരിപ്പിക്കാറുണ്ട്. ആന്തരിക പ്രേരണകളാൽ സംരംഭകത്വത്തിലേക്ക് കടക്കുന്നവരെപോലെ തന്നെ പ്രധാനമാണ് ബാഹ്യപ്രേരണകളാൽ ഈ മേഖലയിലേക്ക് വരുന്നവർ. സത്യത്തിൽ, സംരംഭകത്വം ആന്തരിക പ്രേരണയോടെ, ഒരു തൊഴിൽ മേഖലയായി തിരഞ്ഞെടുക്കുന്നവർ കൂടുതൽ ഇച്ഛാശക്തിയോടെയും സ്ഥിരോത്സാഹത്തോടെയും പ്രതിസന്ധികളെ അതിജീവിക്കുന്നതായി കാണാം. അതേസമയം സംരംഭകത്വത്തിന്റെ പ്രയോജനങ്ങൾ അറിയാത്തതുകാരണം ഈ മേഖലയോട് മുഖം തിരിഞ്ഞുനിൽക്കുന്നവരെ പ്രചോദിപ്പിക്കുവാൻ ബാഹ്യപ്രേരണകൾ ഉണ്ടായേ മതിയാവൂ. അത് മാത്രമല്ല സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി നൽകുന്ന സാമ്പത്തിക സഹായങ്ങൾ, സബ്‌സിഡികൾ, നികുതിയിളവുകൾ തുടങ്ങിയവയും, വിവിധ ഏജൻസികൾ നടത്തുന്ന പരിശീലന പരിപാടികൾ എന്നിവയും സംരംഭകത്വത്തിന്റെ വിവിധ പ്രതിസന്ധികളെയും കടമ്പകളെയും അതിജീവിക്കുവാൻ ഏറെ സഹായകമാണ്.
 
4. സംരംഭകർ പ്രവേശനത്തിന്റെ അടിസ്ഥാനത്തിൽ 
 
സംരംഭകരുടെ ബിസിനസ്സിലുള്ള പ്രവേശനത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം തലമുറ സംരംഭകർ, രണ്ടാം തലമുറ സംരംഭകർ എന്നിങ്ങനെ തരംതിരിക്കാം. ഒന്നാം തലമുറ സംരംഭകർ സ്വന്തമായി തങ്ങളുടെ സ്ഥാപനം ആരംഭിക്കുകയും വളർത്തിക്കൊണ്ടുവരികയും ചെയ്യുന്നു. പുതിയൊരു സ്ഥാപനം തുടങ്ങുന്നതിന്റെ ആശയം വളർത്തിയെടുക്കൽ, അത് യാഥാർത്ഥ്യമാക്കൽ, നിരവധിയായ അനുമതികൾ വാങ്ങിക്കൽ, തുടക്കത്തിലുള്ള നിക്ഷേപങ്ങൾ നടത്തൽ തുടങ്ങി നിരവധിയായ കാര്യങ്ങൾ ഇക്കൂട്ടർ ചെയ്യുന്നു. രണ്ടാം തലമുറ സംരംഭകരാകട്ടെ മറ്റുള്ളവർ നേരത്തെ തുടങ്ങിവച്ച സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. സ്വന്തം കുടുംബത്തിലെ ബിസിനസ് സ്ഥാപനങ്ങൾ പിൽക്കാലത്ത് മുന്നോട്ടു കൊണ്ടുപോകുന്നവരും, നിലവിലെ സ്ഥാപനങ്ങൾ വാങ്ങി, സ്വന്തം നിലയ്ക്ക് മുന്നോട്ടു കൊണ്ടുപോകുന്നവരും രണ്ടാംതലമുറ സംരംഭകരുടെ വിഭാഗത്തിൽ വരുന്നു. അത്തരം സംരംഭകർ തങ്ങളുടെ സാധന/സേവനങ്ങളുടെ വിപണി സാധ്യതകൾ നേരത്തെ മനസിലാക്കിയിട്ടുള്ളതിനാൽ, കൂടുതൽ കരുതലോടെ മുന്നോട്ടു പോകാനും, നഷ്ടസാധ്യതകളും കുറയ്ക്കുവാനും പ്രാപ്തരാകുന്നു.
 
ചുരുക്കത്തിൽ, സംരംഭകത്വ മേഖലയിൽ നിരവധി തരത്തിലുള്ള സംരംഭകരാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഏതെങ്കിലും ഒരു പ്രത്യേക മേഖലയിൽ ആത്മവിശ്വാസം ഇല്ലാത്തവർക്ക് മറ്റു മേഖലകളിൽ തങ്ങളുടെ സാധ്യതകൾ പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ സംരംഭകരാകാനുള്ള വിവിധങ്ങളായിട്ടുള്ള സാധ്യതകൾ കണ്ടെത്തുകയും മനസ്സിലാക്കുകയും തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള സംരംഭക രൂപം സ്വീകരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം
 
(മഞ്ചേശ്വരം ജി. പി. എം. ഗവൺമെന്റ് കോളേജിലെ പ്രൊഫസ്സറും വാണിജ്യ വിഭാഗം മേധാവിയുമാണ് ലേഖകൻ)