2031 ലെ വ്യവസായ കേരളം

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം, നിയമം, കയർ വകുപ്പ് മന്ത്രി
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട് 75 വർഷം പൂർത്തിയാകുന്ന വർഷമാണ് 2031. അടുത്ത അഞ്ചു വർഷം കൂടി പിന്നിടുമ്പോൾ വ്യവസായ കേരളം എങ്ങനെയാകണം എന്ന് ലക്ഷ്യമിടുന്ന വിഷൻ 2031 മാർഗ്ഗരേഖക്ക് വ്യവസായ വകുപ്പ് രൂപം നൽകിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിൽ ഉയർന്ന നിർദ്ദേശങ്ങൾ കൂടി കൂട്ടിച്ചേർത്താണ് വിഷൻ 2031 ന് രൂപം നൽകിയിരിക്കുന്നത്.
കേരളത്തെ രാജ്യത്തെ മുൻനിര വ്യവസായ നിക്ഷേപ ലക്ഷ്യകേന്ദ്രമാക്കി മാറ്റുക എന്ന ബൃഹദ് ലക്ഷ്യം പ്രഖ്യാപിക്കുന്നതാണ് ‘വിഷൻ 2031’ രേഖ. സംസ്ഥാനത്തെ വ്യവസായമേഖലയുടെ സമഗ്രവികസനം ലക്ഷ്യം വച്ചുള്ള പരിഷ്‌കാരങ്ങൾ, വ്യവസായ ഇടനാഴികൾ, ഇന്നവേഷൻ ഹബ്ബുകൾ തുടങ്ങിയവ നടപ്പിൽ വരുത്തും. ഭാവിയിലെ വ്യാവസായിക ആവശ്യങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്തെ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പി.പി.പി) കേരള യൂണിവേഴ്സിറ്റി ഫോർ സ്‌കിൽ ഡെവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് (നൈപുണ്യവികസന-സംരംഭക സർവകലാശാല) സ്ഥാപിക്കും. വിദ്യാഭ്യാസം, ഇൻകുബേഷൻ, വിജ്ഞാന സമ്പാദനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് വ്യവസായ-അധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യം.
വിഴിഞ്ഞം തുറമുഖം ഉൾപ്പെടുന്ന മേഖലയെ ആഗോള സാമ്പത്തിക കേന്ദ്രമായി വികസിപ്പിക്കുന്നതിനായി വിഴിഞ്ഞം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ യാഥാർത്ഥ്യമാക്കും. കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ പ്രധാന ഘടകമായി 358 ഏക്കറിൽ കൊച്ചി ഗ്ലോബൽ സിറ്റി പ്രോജക്റ്റ് ആവിഷ്‌കരിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ഐ.എസ്.ആർ.ഒ. തുടങ്ങിയ സ്ഥാപനങ്ങളോട് അടുത്ത് ഏറോ-ഡിഫൻസ് ആന്റ് ഡ്രോൺ ഇൻഡസ്ട്രിയൽ ക്ലസ്റ്റർ സ്ഥാപിക്കുന്നതും പ്രതിരോധ മേഖലയിലെ കേരളത്തിന്റെ സാധ്യതകൾ വർധിപ്പിക്കും. മലബാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കോഴിക്കോട്-മലപ്പുറം വ്യാവസായിക ക്ലസ്റ്ററിന്റെ ഭാഗമായി ബയോടെക് ആൻഡ് ലൈഫ് സയൻസസ് ക്യാംപസും ഇ.എസ്.ഡി.എം. (ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്) ആൻഡ് പവർ ഇലക്ട്രോണിക്‌സ് ക്യാംപസും സ്ഥാപിക്കും.
കൊല്ലത്ത് മെഗാ ഭക്ഷ്യ സംസ്‌കരണ പാർക്ക് സ്ഥാപിക്കുന്നതിലൂടെ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, നാളികേര ഉൽപ്പന്നങ്ങൾ, കശുവണ്ടി ഉൽപ്പന്നങ്ങൾ എന്നിവയുടെ മൂല്യവർദ്ധനവിന് ഊന്നൽ നൽകും. ആലപ്പുഴയിൽ മാരിടൈം ആന്റ് മറൈൻ പാർക്കും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. തിരുവനന്തപുരത്ത് 500 ഏക്കറിൽ മെഡിക്കൽ ബയോടെക് ഹബ്ബും കോട്ടയത്ത് 2,000 ഏക്കറിൽ ചെറുകിട വ്യവസായങ്ങളെ സംയോജിപ്പിച്ചുള്ള മെഗാ ഇൻഡസ്ട്രിയൽ സിറ്റിയും സ്ഥാപിക്കാൻ വിഷൻ 2031 പദ്ധതി രേഖ പ്രാധാന്യം നൽകുന്നു.
റോബോട്ടിക്‌സ് ഉൽപ്പാദനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന റോബോട്ടിക്‌സ് പാർക്കും, ജെം ആന്റ് ജ്വല്ലറി പാർക്കും തൃശൂരിൽ സ്ഥാപിക്കും. വയനാട് കോഫി പാർക്കും പാലക്കാട് ഗ്രഫീൻ അറോറ പാർക്കും വിഷൻ 2031 ന്റെ ഭാഗമാണ്. കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളെ പ്രാഥമിക കേന്ദ്രങ്ങളാക്കി ഗ്രീൻ ഹൈഡ്രജൻ വാലി പ്രോജക്റ്റ് 2031-ഓടെ പ്രവർത്തനക്ഷമമാക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകൾ ബിസിനസ് കേന്ദ്രങ്ങളായി മാറുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.
തന്ത്രപരമായ പരിഷ്‌കാരങ്ങൾ, സമർപ്പിത ഇടനാഴികൾ, നൂതന കേന്ദ്രങ്ങൾ, സുസ്ഥിര വികസന സംരംഭങ്ങൾ എന്നിവയിലൂടെ കേരളത്തെ ഇന്ത്യയുടെ പ്രധാന വ്യവസായ ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള സമഗ്രമായ കാഴ്ചപ്പാടാണ് വിഷൻ 2031 മുന്നോട്ട് വെയ്ക്കുന്നത്.
