സാഡിൽ നിർമാണം

ഡോ. ബൈജു നെടുങ്കേരി
 
കേരളത്തിൽ സംരംഭകത്വ വർഷാചരണം 2.0യും വലിയ വിജയമായി മാറിയിരിക്കുന്നു. ഈ സാമ്പത്തിക  വർഷവും ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചിരിക്കുന്നു. ചെറുകിട ഉല്പാദന യൂണിറ്റുകളാണ് കൂടുതലായി ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും നടത്തിയ ഇടപെടലും ഏകോപനവുമാണ് ഈ നേട്ടത്തിലേക്ക്  എത്താൻ കേരളത്തെ സഹായിച്ചത്. മലയാളികളുടെ സംരംഭകത്വത്തോടും സംരംഭകരോടുമുള്ള മനോഭാവത്തിലും മാറ്റങ്ങൾ വന്നിരിക്കുന്നു. ഈ മാറ്റം ശുഭസൂചകമാണ്, ഈ മുന്നേറ്റം തുടർന്നാൽ വരുന്ന 5 വർഷം കൊണ്ട് കേരളം ഒരു സംരംഭകത്വ സൗഹൃദ സംസ്ഥാനമായി മാറും. നമ്മുടെ വരും തലമുറക്ക് സ്വന്തം നാട്ടിൽ തന്നെ തൊഴിൽ എടുക്കുന്നതിനും മാന്യമായി വരുമാനം ആർജിക്കുന്നതിനുമുള്ള അവസരം ഒരുങ്ങും. കൂടുതൽ ആളുകൾ സംരംഭകത്വത്തിലേക്ക് കടന്നു വരുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ്വ്യവസ്ഥയിൽ  ഉണർവുണ്ടാകുകയും ചെയ്യും. ഉല്പാദന സംരംഭമായി കേരളത്തിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് സാഡിൽ നിർമാണം.
 
സാഡിൽ 
കോൺട്യൂസ് പൈപ്പുകളും, പി വി സി  പൈപ്പുകളും ഭിത്തിയിൽ ഉറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന അർദ്ധവൃത്താകൃതിയിലുള്ള ഉൽപ്പന്നമാണ്  സാഡിൽ. 20 ാാ മുതൽ 75 ാാ വരെയുള്ള സാഡിലുകൾക്കാണ്  വിപണിയിൽ കൂടുതൽ ആവശ്യകതയുള്ളത്. ഓട്ടോമാറ്റിക് യന്ത്രം ഉപയോഗിച്ചാണ് സാഡിലുകളുടെ നിർമാണം നടത്തുന്നത്. സ്റ്റീൽ സാഡിലുകളും, ഗാൽവനൈസ്ഡ് അയൺ സാഡിലുകളും വിപണിയിൽ എത്തുന്നുണ്ട്.
 
അസംസ്കൃത വസ്തു 
0.5 ാാ തിക്ക്നസുള്ള സ്റ്റീൽ കോയിലുകളും ഗാൽവനൈസ്ഡ് അയൺ കോയിലുകളുമാണ് സാഡിലുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. മധ്യപ്രദേശിൽ നിന്നും കോയിലുകൾ ഹോൾസെയിൽ വിലക്ക് ലഭിക്കും. കേരളത്തിലുള്ള ഡീലർമാർ വഴിയും കോയിലുകൾ ലഭിക്കും.
 
സാധ്യത 
വയറിങ്, പ്ലംബിങ് മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത ഉല്പന്നമാണ് സാഡിലുകൾ. നിലവിൽ സാഡിലുകൾ  അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ നിലവിലുള്ള മാർക്കറ്റ് തന്നെയാണ് സാഡിലുകളുടെ നിർമാണത്തിന്റെ ഏറ്റവും വലിയ സാധ്യത. മനുഷ്യാധ്വാനം കുറവുള്ള ഒരു സംരംഭമാണ്. 2 ജീവനക്കാരാണ്  ഉല്പാദന പ്രക്രിയയിൽ ആവശ്യമുള്ളത്.
 
മാർക്കറ്റിംഗ് 
ഇലക്ട്രിക്കൽ പ്ലംബിംങ് വിതരണക്കാരെ കണ്ടെത്തിയുള്ള മാർക്കറ്റിങ്ങാണ് ഗുണകരം. പത്രങ്ങളിൽ ക്ലാസിഫൈഡ് പരസ്യങ്ങൾ നൽകിയും സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയും വിതരണക്കാരെ കണ്ടെത്താനാകും. നിലവിൽ വിതരണക്കാർ അന്യസംസ്ഥാനങ്ങളിൽനിന്നാണ് സാഡിലുകൾ  വാങ്ങുന്നത് 
 
നിർമാണരീതി 
സാഡിലുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഷീറ്റ് ആവശ്യമുള്ള വീതിയിൽ 6 മീറ്റർ നീളത്തിൽ കോയിലിൽ നിന്ന് മുറിച്ചെടുക്കണം. സാഡിലിന്റെ വലുപ്പത്തിന് അനുസരിച്ച് ഷീറ്റിന്റെ വീതിയും വ്യത്യാസം ഉണ്ടാകും തുടർന്ന് അഗോറ സാഡിൽ  നിർമാണ യന്ത്രത്തിലൂടെ ഷീറ്റുകൾ കടത്തി വിടും. അഗോറ യന്ത്രം ഓട്ടോമാറ്റിക്കായി ഷീറ്റിനെ ആവശ്യമുള്ള ഗ്രു സഹിതം സാഡിലായി ഫോം ചെയും. ഈ സാഡിലുകളുടെ ഇരുവശങ്ങളിലും ദ്വാരങ്ങളും ഉണ്ടാകും. അളവുകൾ വ്യത്യാസപ്പെടുന്നതിനനുസരിച്ച് ഡൈ മാറ്റി ഉപയോഗിക്കാം. സ്റ്റീൽ ഷീറ്റുകളിലും ഗാൽവനൈസ്ഡ് അയൺ ഷീറ്റുകളിലും ടി  യന്ത്രത്തിൽ സാഡിൽ നിർമിക്കാം. തുടർന്ന് നിശ്ചിത എണ്ണം പായ്ക്കുകളാക്കി വിതരണക്കാർക്ക് നൽകാം.
 
മൂലധന നിക്ഷേപം 
(പ്രതിദിനം 10000 സാഡിൽ നിർമിക്കാൻ വേണ്ടത്)
1. അഗോറ സാഡിൽ നിർമാണ യന്ത്രം     –   8,00 ,000.00  
2. അനുബന്ധ സംവിധാനങ്ങൾ                   –        50,000.00 
                                                                                           —————–
                                                                                            8,50,000 .00 
 
പ്രവർത്തന  വരവ് ചിലവ് കണക്ക് 
ചിലവ്
പ്രതിദിനം 10000  സാഡിലുകൾ നിർമിക്കുന്നതിന്റെ
ചിലവ് 
1. ജി.ഐ ഷീറ്റ്                                                    – 7000.00 
2. തൊഴിലാളികളുടെ വേതനം                – 1000.00  
3. ഇലക്ട്രിസിറ്റി                                                – 200.00  
4. പായ്ക്കിങ് അനുബന്ധ ചിലവുകൾ  – 1000.00 
ആകെ                                                                    – 92,00.00 
വരവ് 
സാഡിൽ MRP                       – 3.00
ഉല്പാദകന് ലഭിക്കുന്നത്    – 2.00 
10,000 X 2                                 = 20,000.00 
ലാഭം
20000 – 9200                           = 10800.00  
 
യന്ത്രപരിശീലനം 
സാഡിൽ നിർമാണ യന്ത്രവും  സാഡിൽ നിർമിക്കുന്നതിനുള്ള പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും  -0485-2999990. 
 
ലൈസെൻസ് -സബ്സീഡി 
ഉദ്യം രജിസ്ട്രേഷൻ, ജി എസ് ടി, കെ സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. പദ്ധതിക്ക് ആവശ്യമായ മുതൽ മുടക്കിന് ആനുപാതികമായി സഹായം ലഭിക്കും.