സംസ്ഥാനത്തെ ആദ്യ ക്രെയിൻ നിർമാണശാല തൃശൂരിൽ

ബിനോയ് ജോർജ് പി
 
സംസ്ഥാനത്ത് ആദ്യമായി ക്രെയിൻ നിർമാണശാല തൃശൂർ ജില്ലയിലെ മതിലകത്ത് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് വ്യാവസായിക മാന്ദ്യം ആരോപിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ലെവേജ് എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘സാറ്റോ’ ബ്രാൻഡിലെ ക്രെയിൻ നിർമ്മാണ കമ്പനി. 300 കോടിയിലേറെ രൂപ പ്രാഥമികമായി മുതൽ മുടക്കുള്ള സ്ഥാപനത്തിലേക്ക് നേരിട്ടും അല്ലാതെയുമായി 500 ഓളം പേർക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ വ്യവസായ മേഖലയ്ക്ക് കൂടുതൽ ഉണർവു പകരുന്ന ഈ സംരംഭം, നിർമ്മാണ കമ്പനികൾ, വെയർഹൗസുകൾ, റെയിൽവേ, തുറമുഖങ്ങൾ, കപ്പൽശാലകൾ, പ്രതിരോധം, ഊർജോത്പാദനം, എഞ്ചിനീയറിംഗ്, അടിസ്ഥാന സൗകര്യങ്ങൾ, റീട്ടെയിൽ മേഖലകൾ, ഓട്ടോമൊബൈൽ ഡീലർഷിപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ പ്രയോജനകരമാകും. ലെവേജ് എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ പ്രവാസി വ്യവസായി സീഷോർ മുഹമ്മദലിയും മാനേജിംഗ് ഡയറക്ടർ ഡോ. സി പി ബാവഹാജിയുമാണ്. രണ്ടുപേരും മതിലകം സ്വദേശികളാണ്. മറ്റു പ്രവാസികളും ഓഹരിയുടമകളായ സ്ഥാപനം 12 ഏക്കർ സ്ഥലത്താണ്  പ്രവർത്തിക്കുന്നത്.
 
എഞ്ചിനിയറിംഗ് രംഗത്ത് അന്താരാഷ്ട പ്രശസ്തിയാർജിച്ച ഖത്തർ ആസ്ഥാനമായുള്ള സീ ഷോർ ഗ്രൂപ്പിന്റെ സാങ്കേതിക സഹായത്തോടെയാണ് കമ്പനിയുടെ പ്രവർത്തനം. ഒരു മാസം മൂന്ന് ഷിഫ്റ്റുകളിലായി 300 ക്രെയിനുകൾ വരെ നിർമ്മിക്കാൻ സ്ഥാപനത്തിന് ശേഷിയുണ്ട്. സാറ്റോ ബ്രാൻഡിന് കീഴിൽ ആദ്യ ഘട്ടത്തിൽ ട്രക്ക് മൗണ്ടഡ് ക്രെയിനുകളാണ് പ്രധാനമായും വിപണിയിലെത്തുക. ട്രക്ക് മൗണ്ടഡ് ടെലിസ്‌കോപ്പിക് ബൂം ക്രെയിൻസ്, ട്രക്ക് മൗണ്ടഡ് ടെലിസ്‌കോപ്പിക് നക്കിൾ ബും ക്രെയിൻസ്, മറൈൻ ക്രെയിൻസ്, ഏരിയൽ പ്ലാറ്റ്‌ഫോസ്, സിസേർസ് ലിഫ്ട് ഉപകരണങ്ങൾ, ഹൈഡ്രോളിക് സിലിണ്ടേഴ്‌സ് ആന്റ് അറ്റാച്ച്‌മെന്റ്‌സ്, റൺവേ ഹാൻഡ്‌ലിങ്ങ് ഉപകരണങ്ങൾ, വേസ്റ്റ് മാനേജ്‌മെന്റ് ഉപകരണങ്ങൾ എന്നിവയും താമസിയാതെ ആവശ്യക്കാരിലേക്കെത്തും. ട്രക്ക് മൗണ്ടഡ് ക്രെയിനുകൾ ഉപയോഗിച്ച് മറ്റുള്ള യന്ത്രങ്ങളുടെ സഹായമില്ലാതെ ചരക്കുകൾ സുഗമമായി കയറ്റുന്നതിനും ഇറക്കുന്നതിനും സാധിക്കും. കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും പേരുകേട്ട ഈ ക്രെയിനുകൾ പതിറ്റാണ്ടുകളായി യൂറോപ്യൻ, ഏഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
 
ഭാരം ഉയർത്തുന്നതിനും ചുമക്കുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്ന ഇത്തരം ക്രെയിനുകളിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മികച്ച സംവിധാനമാണുള്ളത്. യൂറോപ്പിലേക്കും മെന മേഖലയിലേക്കും ക്രെയിനുകൾ കയറ്റുമതി ചെയ്യുന്നതിന് ഇവിടത്തെ തൊഴിൽ വിഭവങ്ങളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തി, ലിഫ്റ്റിംഗ്, ഷിഫ്റ്റിംഗ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് തുടക്കമിടുകയാണ് സാറ്റോവിന്റെ ലക്ഷ്യങ്ങളിൽ പ്രധാനം. വിവിധതരം ജോലികൾക്ക് ഉപകാരപ്പെടുന്ന സാറ്റോവിന്റെ ഇത്തരം ക്രെയിനുകൾ, വലിയ യന്ത്രങ്ങൾ ഉൾപ്പടെയുള്ളവ ചെലവ് കുറച്ച് സുഗമമായി ലക്ഷ്യസ്ഥാനത്തെത്തിച്ച് ആവശ്യമുള്ളിടത്ത് ഉറപ്പിച്ച് നൽകാൻ ഉപയോഗിക്കാം. വസ്തുക്കൾ ഉയർത്താൻ മാത്രമല്ല ഉയർന്ന പ്രതലങ്ങളിൽ യന്ത്രങ്ങൾ കയറ്റി സ്ഥാപിക്കുന്നതിനും ഇവ ഉപകരിക്കും.  
 
സാറ്റോ സ്റ്റിഫ് ബൂം ടെലിസ്‌കോപ്പിക് ട്രക്ക് മൗണ്ടഡ് ക്രെയിനുകൾ മൊബൈൽ ലിഫ്റ്റിംഗിനുള്ള സ്റ്റാൻഡേർഡ് മെഷിനറിയാണ്, പ്രത്യേകിച്ച് സ്റ്റാൻഡേർഡ് ഫിക്‌സഡ് ക്രെയിനുകൾക്ക് പകരമായി ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ളവ. ഓൺ-ബോർഡ് ഹൈഡ്രോളിക് ഫംഗ്ഷൻ ഉപയോഗിച്ച് നീട്ടാനും പിൻവലിക്കാനും കഴിയുന്ന ലിഫ്റ്റിംഗിനായി ഒരു വിഞ്ച് സജ്ജീകരിച്ചിരിക്കുന്നു, കപ്പലുകളിലും ഓഫ്ഷോർ യൂണിറ്റുകളിലും ധാരാളം ഡെക്ക് സ്ഥലമുള്ളപ്പോൾ ചരക്ക് കൈകാര്യം ചെയ്യുന്നതിന് അവ ഏറ്റവും അനുയോജ്യമാണ്.
 
സാറ്റോ നക്കിൾ ബൂം ടെലിസ്‌കോപ്പിക് ട്രക്ക് മൗണ്ടഡ് ക്രെയിനുകൾ, ട്രക്ക് മൗണ്ടഡ് ക്രെയിനുകളുടെ ഒരു കോംപാക്റ്റ് പതിപ്പാണ്, ഇത് കൂടുതൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും പരിമിതമായ ഇടങ്ങളിലും ഉപയോഗിക്കാൻ സഹായകരമാണ്. നക്കിൾ ഫംഗ്ഷൻ വിഞ്ചിനെ സങ്കീർണ്ണമായ രൂപങ്ങളിൽ ചലിപ്പിക്കാൻ അനുവദിക്കുന്നു, ക്രെയിനിന് കൂടുതൽ വൈവിധ്യമാർന്ന ചലനങ്ങൾ നൽകുന്നു, ഇതിന് ഒരു സാധാരണ സ്റ്റിഫ് ബൂം ക്രെയിനിനെ പോലെ ഉപയോഗിക്കാനും കൂടുതൽ വഴക്കത്തോടെ പ്രവർത്തിക്കാനും കഴിയും. നിലവിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ ക്രെയിൻ മോഡലുകളുടെയും 40% ട്രക്ക് മൗണ്ടഡ് ക്രെയിനുകൾ പോലെയുള്ള മൊബൈൽ ക്രെയിനുകൾ ആണ്. ഈ മേഖലയിൽ ഏറ്റവും ഉയർന്ന ഡിമാൻഡുള്ള ഉല്പന്നമാണിത്. നിശ്ചിതമായി ഉറപ്പിക്കപ്പെട്ട ഒരു ക്രെയിനിനെക്കാൾ ഉപഭോക്താക്കൾ കൂടുതൽ ആഗ്രഹിക്കുന്നത് ട്രക്ക് മൗണ്ടഡ് മൊബൈൽ ക്രെയിനുകളാണ്. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ഇത്തരം ക്രെയിനുകൾ തന്നെയാണ്. ഈ സാഹചര്യത്തിൽ സാറ്റോയുടെ ക്രെയിനുകൾക്ക് അന്താരാഷ്ട്ര തലത്തിലും വലിയ സാധ്യതയുണ്ടെന്നാണ് സംരംഭകർ പ്രതീക്ഷിക്കുന്നത്.
 
വിദേശ വിപണി കൂടി ലക്ഷ്യമാക്കിയുള്ള പ്രവർത്തനമായതിനാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ മികച്ച ഉത്പന്നങ്ങളായിരിക്കും സാറ്റോ ബ്രാൻഡിൽ പുറത്തിറങ്ങുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാതരത്തിലുള്ള പ്രവർത്തന അനുമതികൾക്കായി അപേക്ഷകൾ നൽകിയിട്ടുണ്ട്. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയിൽ നിന്നും നിർലോഭമായ പിന്തുണയാണ് കമ്പനിയുടെ പ്രവർത്തനത്തിന് ലഭിച്ചതെന്ന് മാനേജിംങ് ഡയറക്ടർ പറയുകയുണ്ടായി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യ എന്റർപ്രൈസ് പ്രോഗ്രാമിലും സ്റ്റാർട്ട്-അപ്പ് ഇന്ത്യ പ്രോഗ്രാമിലും അപേക്ഷകൾ നൽകിയിട്ടുണ്ട്. ഫാക്ടറീസ് &ബോയിലേഴ്സ് ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് ക്ലിയറൻസ്, പഞ്ചായത്ത് ലൈസൻസ്, ജിഎസ്ടി രജിസ്‌ട്രേഷൻ, പാൻ, ഐഇ കോഡ്, ജിഎം രജിസ്‌ട്രേഷൻ, എംഎസ്എംഇ മന്ത്രാലയം നൽകുന്ന ഉദ്യം രജിസ്‌ട്രേഷൻ എന്നിവയുൾപ്പെടെ എല്ലാ നിയമാനുസൃത ലൈസൻസുകളും നേടിയാണ് കമ്പനി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
 
2022 ജൂലൈയിൽ സ്ഥാപിച്ച ഇന്ത്യൻ കമ്പനിയായ ലെവേജ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഈ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾക്കൊപ്പം നിൽക്കാൻ കെൽപ്പും അനുഭവപരിചയവുമുള്ളവരാണ്. അത്യാധുനിക നിലവാരത്തിലുള്ള ഫാക്ടറിയും മികവാർന്ന ഉത്പന്ന രൂപകല്പനയ്ക്കുമായി വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഉയർന്ന ഗുണനിലവാരമുള്ള യന്ത്രങ്ങളാണ് ക്രെയിൻ നിർമ്മാണത്തിനായി ഇവിടെ ഉപയോഗിക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നവയാണെങ്കിലും അന്തർദേശീയ നിലവാരമുള്ള നൂതന യന്ത്രസാമഗ്രികൾ വിപണിയിലെത്തിക്കുകയാണ് സാറ്റോയുടെ ലക്ഷ്യമെന്ന് സംരംഭകർ പറയുന്നു.