സംരംഭകത്വം  ഒരു യാത്ര 

ആഷിക്ക് കെ.പി
 
നുഷ്യ ജീവിതം ഒരു യാത്രയാണ്. സ്വപ്നങ്ങളിലേക്കുള്ള യാത്ര. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള പ്രയാണം. 
 
സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള ആഗ്രഹം തന്നെയാണ് ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്.  തൊഴിലും വിദ്യാഭ്യാസവും മറ്റു സാമ്പത്തിക പ്രവർത്തനങ്ങളും ഒക്കെ ഇതിനുവേണ്ടി തന്നെയാണ്. അതുകൊണ്ടുതന്നെ ജീവിക്കാൻ പഠിക്കുക എന്നതാണ് ഏറ്റവും വലിയ വിദ്യാഭ്യാസം. ഈ ലോകത്ത് നിലനിൽക്കാൻ രണ്ട് കാര്യങ്ങൾ കൂടിയേ തീരൂ. ഒന്ന് നാം ആരാണെന്നും നമ്മുടെ കഴിവും കഴിവുകേടുകളും എന്ത് എന്നും മനസ്സിലാക്കുക.  രണ്ട് കഠിനാധ്വാനം ചെയ്തു നിർഭയനായി, വിശ്വാസത്തോടെ,  തന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി മുന്നോട്ടുപോവുക.  ഇവിടെയാണ് ജീവിതവിജയം നിലകൊള്ളുന്നത്.  സംരംഭകൻ ആവാൻ വേണ്ടി സംരംഭകൻ സംരംഭകത്വ പ്രവർത്തനം നടത്തിയിട്ട് കാര്യമില്ല. പല സംരംഭങ്ങളും പൊളിഞ്ഞു പോകുന്നതും അതുകൊണ്ടുതന്നെയാണ്. നേരമറിച്ച് തന്റെ ഉള്ളിലുള്ള തീഷ്ണമായ ആഗ്രഹത്തെ പുറത്തെത്തിക്കാനുള്ള സ്വതന്ത്രമായ വ്യഗ്രതയാണ് ആവശ്യമായി വരുന്നത്.  നാം കണ്ടു ശീലിച്ച , കേട്ടു ശീലിച്ച, പഠിച്ചു വെച്ച ചില സംഗതികൾ ഉണ്ട്. അതിനനുസരിച്ചാണ് സമൂഹം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.  കെ ജി മുതൽ ഡിഗ്രിയോ പി ജി വരെയോ  പഠിക്കണമെന്നും അതുകഴിഞ്ഞ് എവിടെയെങ്കിലും ജോലി കിട്ടണമെന്നും വിവാഹം കഴിക്കണമെന്നും കുട്ടികൾ ഉണ്ടാവണമെന്നും കുടുംബനാഥനാവണമെന്നും ഉള്ള കാലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീവിത പ്രക്രിയയാണ് മനുഷ്യൻ പുലർത്തി കൊണ്ടിരിക്കുന്നത്. ഇന്നും നാം പ്രഥമ പരിഗണന കൊടുക്കുന്നത് അതിനു തന്നെയാണ്.  എന്നാൽ ഇങ്ങനെ തന്നെ മുന്നോട്ടു പോകണമോ അതോ നമുക്ക് വേറിട്ട് ചിന്തിച്ചാൽ എന്താണ് എന്ന ഒരു തോന്നലാണ് നമുക്ക് വേണ്ടത്.  ഇവിടെ എനിക്ക് ഒരു ഇംഗ്ലീഷ് കഥയാണ് ഓർമ്മ വരുന്നത്. ദികാഫ് പാത്ത് എന്നോ മറ്റോ ആണ് ആ കഥയുടെ പേര്.  കഥയുടെ ചുരുക്കം ഇതാണ്. ഒരു കാളക്കുട്ടി അമ്മയുടെ ശ്രദ്ധ മാറിയപ്പോൾ മെല്ലെ തനിക്ക് തോന്നുന്ന വഴിയിലൂടെ കാട്ടിലൂടെ സഞ്ചരിക്കാൻ തുടങ്ങി.  വളഞ്ഞും പുളഞ്ഞും നടന്ന്,  തനിക്ക് ഇഷ്ടമുള്ള വഴിയിലൂടെ അവൻ മുന്നോട്ടു നീങ്ങി. ഓടിച്ചാടി കയറ്റത്തിലൂടെയും ഇറക്കത്തിലൂടെയും വലത്തും ഇടത്തും മാറിമാറി അവൻ മുന്നോട്ടു നടന്നു.  വൈകുന്നേരം ആയപ്പോഴേക്കും തളർന്ന് എങ്ങനെയോ വീട്ടിലെത്തി. പിന്നീട് നടന്ന പല മൃഗങ്ങളും അത്തരത്തിലുള്ള ഒരു വഴി കണ്ടപ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് അത് ആശ്രയിച്ചു. അങ്ങനെ മെല്ലെ അതൊരു ചെറിയ വഴിയായി മാറി.  പിന്നീട് മനുഷ്യനും അതുവഴി നടക്കാൻ തുടങ്ങി. കാലം മാറിയത് അനുസരിച്ച് അതൊരു വലിയ പാതയായി മാറി.  ടാറിട്ട റോഡായി,  വാഹനങ്ങൾ തിരക്കിട്ട പാതയിലൂടെ മുന്നോട്ടു നീങ്ങി തുടങ്ങി.  എന്നാൽ ആരും അതിന്റെ ഘടനയെ  മാറ്റാൻ തയ്യാറായില്ല. എങ്ങനെയാണോ ആ വളവും തിരിവും കയറ്റവും ഇറക്കവും ഒക്കെ ഉള്ളത് അതിനനുസരിച്ച് തന്നെയായിരുന്നു പിന്നീടുള്ള എല്ലാവരുടെയും യാത്ര. 
 
മനുഷ്യന്റെ യാത്ര ഇങ്ങനെയാണ് കാലാകാലങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്ന ജീവിതപ്രക്രിയകളെ അനിശ്ചിതമായി അതേ രീതിയിൽ തുടർന്നുകൊണ്ടിരിക്കുന്ന  ഒരു അവസ്ഥ എന്ന് വേണമെങ്കിൽ പറയാം.  
മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ ഈ ഒരു വഴി തന്നെ വീണ്ടും അവലംബിച്ചാൽ മുന്നോട്ടുള്ള യാത്ര ദുഷ്കരവും സങ്കടകരവും ആത്മഹത്യാപരവും ആയിരിക്കും. കാരണം ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയവും സാമൂഹ്യവും സാങ്കേതികമായ മാറ്റങ്ങളുടെ ഇടയിലാണ് നാം ഉള്ളത്. ഇത്തരം മാറ്റങ്ങൾ ഉൾക്കൊള്ളാനും മാറ്റങ്ങളോടൊപ്പം നടക്കാനും മാറ്റങ്ങളെ സ്വീകരിക്കാനും കഴിയുമ്പോഴേ നാം നേടിയ, അഥവാ മനസ്സിലാക്കിയ, അറിവുകൾ നമുക്ക് ഉപകാരപ്രദമാകൂ. 
 
അറിവിനെ തിരിച്ചറിവായി, തിരിച്ചറിവിനെ ജീവിതയാഥാർത്ഥ്യങ്ങളായി,  ജീവിതയാഥാർത്ഥ്യത്തെ പ്രവർത്തന പദത്തിൽ എത്തിക്കുന്നതായി മാറ്റുമ്പോഴാണ് നമ്മുടെ ജീവിതത്തിന്റെ യാത്രാ ലക്ഷ്യം സന്തോഷകരവും സമാധാനപരമായി മാറുകയുള്ളൂ.  
 
ഇന്ന് ആധുനിക ലോകം നേരിടുന്നത് വലിയ പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാവാനുള്ള  കാരണം മനുഷ്യന്  ഉണ്ടാകുന്ന അസ്വസ്ഥതകളും സാമ്പത്തിക പ്രശ്നങ്ങളുമാണ് എന്ന് ആഴത്തിൽ ചിന്തിച്ചാൽ മനസ്സിലാകും. തൊഴിലില്ലായ്മ രൂക്ഷമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.  ജനസംഖ്യ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യകൾ തൊഴിതൊഴിലില്ലായ്മയുടെ ആക്കം കൂട്ടുന്നു.  ജോലികൾ ആകട്ടെ വലിയ അളവോളം കുറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്താണ് ഇതിനൊരു പരിഹാരം. പരിഹാരം  ഒന്നു മാത്രമേയുള്ളൂ. അത് സ്വയംതൊഴിൽ അഥവാ സംരംഭകത്വം തന്നെയാണ്.  സാമാന്യ ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ  അവർക്ക് സ്വന്തമായി ചെയ്യാനുള്ള ഒരു മേഖല തിരഞ്ഞെടുത്ത് ആ മേഖലയിൽ അവരുടെ പ്രവർത്തനങ്ങളെ പരിപോഷിപ്പിച്ചു മുന്നോട്ടു കൊണ്ടുപോയി അതിനുള്ള വെല്ലുവിളികളെ കഠിനാധ്വാനം കൊണ്ടും ശുഭാപ്തിവിശ്വാസം കൊണ്ടും നേരിട്ട് മറ്റൊരാളുമായോ മറ്റൊന്നുമായുമോ  നെഗറ്റീവ് ആയ രീതിയിൽ താരതമ്യം ചെയ്യാതെ മുന്നോട്ടു നീങ്ങാൻ കഴിയണം. അതിനുവേണ്ട പിന്തുണയാണ് കുടുംബവും സമൂഹവും സർക്കാരും നൽകേണ്ടത്. 
 
ഒരാൾ വിജയിച്ചു കഴിഞ്ഞ് അയാളുടെ കോടിക്കണക്കിന് സമ്പത്തിനെക്കുറിച്ചും അയാളുടെ പഴയ കാലങ്ങളെക്കുറിച്ചും ഘോരഘോരം ദീർഘനേരം നാം വാചാലനായിട്ട് കാര്യമില്ല. മറിച്ച് തുടക്കത്തിലെ ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനുള്ള പ്രക്രിയയാണ് നടത്തേണ്ടത്.  വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തുകളും സാമൂഹ്യ സേവന സംഘടനകളും ഒക്കെ ഇന്ന് ചെയ്യേണ്ട മുഖ്യമായ ചുമതല നമ്മുടെ നാട്ടിലുള്ള വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾക്ക് പ്രായഭേദമന്യേ ജീവിക്കാനുള്ള മാർഗങ്ങൾ പറഞ്ഞുകൊടുക്കുന്ന സംരംഭകത്വത്തിന്റെ നൂതന സാധ്യതകൾ മനസ്സിലാക്കി പരിശീലനം നൽകി അവരെ അത് തുടങ്ങിക്കുക എന്നുള്ളതാണ്. പലതരം സംശയങ്ങൾ തുടക്കക്കാർക്ക് ഉണ്ടാവാം. പറയാൻ എളുപ്പമാണ് ചെയ്യുമ്പോഴല്ലേ അറിയൂ, എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എപ്പോൾ തുടങ്ങണം, സമൂഹം എന്തു വിചാരിക്കും, സാമ്പത്തികം ഒരു പ്രശ്നമല്ലേ, നഷ്ട സാധ്യത ഉണ്ടാവാനുള്ള സാധ്യത്യ കൂടുതലല്ലേ, എങ്ങനെ വിപണനം ചെയ്യണം തുടങ്ങിയ ആലോചിച്ചാൽ ഉത്തരം കിട്ടാത്ത സംശയങ്ങൾ നമുക്കുണ്ടാവാം. എന്നാൽ ഉറച്ച വിശ്വാസത്തോടുകൂടി സംരംഭം ആരംഭിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം  അവർ  കഠിനാധ്വാനി ആണെങ്കിൽ എളുപ്പത്തിൽ മുന്നോട്ടു കൊണ്ടു പോകാനും വിജയിക്കാനും കഴിയും.  പല വിജയിച്ച ചെറുപ്പക്കാരെയും പരാജയപ്പെട്ട ചെറുപ്പക്കാരെയും നേരിട്ട് കണ്ടു സംസാരിക്കുമ്പോൾ ഈ കാര്യം വളരെവ്യക്തമായി എനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. ഒന്നുകിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ പിന്മാറി കളയുകയോ അല്ലെങ്കിൽ അസ്വസ്ഥനാവുകയോ ചെയ്തു സംരംഭത്തിന്റെഗതി മാറ്റുകയോ അല്ലെങ്കിൽ നിർത്തുകയോ ചെയ്യുന്ന ആളുകൾ .  അതല്ലെങ്കിൽ അല്പം മെച്ചമായി മാറുമ്പോഴേക്കും  വിപുലീകരിക്കാൻ വേണ്ടി ഒന്നും ആലോചിക്കാതെ വലിയ തുക വായ്പ എടുത്തോ അല്ലെങ്കിൽ മറ്റു പങ്കാളികളെ കൂട്ടിയോ മുന്നോട്ടു കുതിക്കാൻ ആഗ്രഹിക്കുന്നവർ. ഇങ്ങനെ നമ്മുടെ സാമൂഹ്യ മാധ്യമങ്ങളെ കണ്ട് മതിമറക്കുന്ന  വൻ സംരംഭകരെയും അവരുടെ ജീവിതത്തെയും താരതമ്യം ചെയ്തു സംരംഭകരാവാൻ തയ്യാറാവുന്നവരെയാണ് പലപ്പോഴും കാണുന്നത്. 
 
സംരംഭകത്വം എന്നാൽ ആഡംബരം അല്ലെന്നും അത് നമ്മുടെ മനസ്സമാധാനത്തിനും സന്തോഷത്തിനും, ആരെയും ആശ്രയിക്കാതെ മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കി ജീവിതം കരുപ്പിടിപ്പിക്കുവാനും ഉള്ള ഒരു യാത്രയാണെന്നും മനസ്സിലാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ പലതും നമുക്ക് ദൂരീകരിക്കാനും ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടു പോകാനും കഴിയും. ഇന്ന് സംരംഭകനെ സഹായിക്കാൻ ധാരാളം പദ്ധതികളും പരിപാടികളും ഉണ്ട്. ഇതൊന്നുമില്ലാത്ത കാലത്തും ധാരാളം ആളുകൾ സംരംഭകത്വത്തിലേക്ക് കുതിച്ചുചാടി വിജയകരമായി ഉന്നത മേഖലയിൽ എത്തിയിട്ടുണ്ട്. ഇന്ന് നമ്മെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പ് മിഷനുകൾ എന്നിവയൊക്കെ ഉണ്ട് എന്ന് കാണാം. ധാരാളം രീതിയിൽ ഉള്ള സഹായങ്ങളും ഇവരിൽ നിന്ന് ലഭിക്കുന്നുണ്ട്. പ്രയോജനപ്പെടുത്തുന്ന ആളുകൾ എത്രയുണ്ട് എന്ന് ചോദിച്ചാൽ വളരെ കുറവാണ് എന്നതാണ് യാഥാർത്ഥ്യം. പലർക്കും പെട്ടെന്ന് തന്നെ പണക്കാരൻ ആവാനുള്ള അതിമോഹമാണ്.  പ്രശസ്ത സാമ്പത്തിക വിദഗ്ധനും  മുൻ റിസർവ്  ബാങ്ക് ഗവർണറുമായിരുന്ന ഡോക്ടർ രഘുറാം രാജൻ  പറഞ്ഞ വാക്യം ഇതാണ്. ‘പണം ഉണ്ടാക്കാൻ നിങ്ങൾ എത്രത്തോളം ധൃതി കാണിക്കുന്നുവോ  അത്രത്തോളം പണം നിങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും എന്നാൽ നിങ്ങളുടെ ഉദ്യമം നിങ്ങൾ നെഞ്ചിലേറ്റി യാതൊരു ധൃതിയുമില്ലാതെ കഠിനാധ്വാനം ചെയ്ത് മുന്നേറുമ്പോഴോ അറിയാതെ  പണം നിങ്ങളെ തേടി എത്തുമെന്നും അപ്പോൾ നിങ്ങൾ അതിനെ തിരസ്കരിക്കാതെ കൈ നീട്ടി സ്വീകരിച്ചാൽ മതി’  എന്ന അർത്ഥവത്തായ  വാക്യം  നമുക്ക് മുഖവിലക്കെടുക്കാവുന്നതാണ്. 
 
ഓഹരി വിപണിയിൽ പെട്ടെന്ന് കയറി  ഇടപെടുന്ന ആളുകൾ,  അല്ലെങ്കിൽ മറ്റു സംരംഭകരോടൊപ്പം പങ്കാളികളാകുന്ന ആളുകൾ,  അതുമല്ലെങ്കിൽ ആരെങ്കിലും പറയുന്നത് കേട്ട് പെട്ടെന്ന് കുറെ പണം നിക്ഷേപിച്ചു അതിൽ പെട്ടു പോകുന്നവർ, ഇവരൊക്കെ  കൃത്യമായി പഠിക്കാതെയും മനസ്സിലാക്കാതെയും ചിന്തിക്കാതെയും സംരംഭകത്വത്തിൽ ഏർപ്പെടുന്നവരാണ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള,  ആഡംബരത്തിൽ ജീവിക്കാനുള്ള ഉപാധിയല്ല സംരംഭകത്വം എന്ന് നാം മനസ്സിലാക്കേണ്ടതാണ്. 
 
അത് മെല്ലെ മെല്ലെ നമ്മുടെ സ്വപ്നങ്ങളെ സാക്ഷാത്കരിച്ച് നമ്മുടെ ചിന്തകളെ പരിപോഷിപ്പിച്ചു നാം തന്നെ ഉയർത്തി നമ്മളിൽ നിന്നുണ്ടാകുന്ന സർഗാത്മകതകളിലൂടെയും  ക്രിയാത്മകതകളിലൂടെയും ഉയർന്നുവന്നു ഒരു ബ്രാൻഡ് ഇമേജ് ലഭിച്ചു മുന്നേറുന്ന പ്രക്രിയയാണ്.
 
വളർച്ച ഉയർച്ച വിജയം എന്നിവയാണ് അതിൻറെ 3 അടിസ്ഥാന പ്രമാണങ്ങൾ. വളർച്ച എന്നാൽ മെല്ലെ മെല്ലെ വളരുന്ന കൃത്യമായ അടിത്തറയോടെ ഉണ്ടാവുന്ന അവസ്ഥ എന്നാണ് അർത്ഥം. അത് നിലവിൽ ഒരു ബ്രാൻഡ് ആയി വന്നു ലാഭകരമായി മാറുമ്പോൾ  ഉയർച്ച ഉണ്ടാകും.  അത്തരം ഉയർച്ചയിൽ മതിമറന്നു പോകാതെ അതിനെ സാമൂഹ്യ ഉത്തരവാദിത്വത്തോട് കൂടി നിലനിർത്തി മുന്നോട്ടുപോകാനുള്ള പ്രക്രിയയിൽ സംരംഭകൻ ഏർപ്പെടുമ്പോഴാണ് വിജയിച്ച സ്ഥാപനമായി അത് മാറുന്നത്. ഇതിനെയാണ് സംരംഭകത്വ യാത്ര എന്ന് പറയുന്നത്. നാം ഒരു യാത്രക്കാരനായി സംരംഭകത്വത്തെ അല്ലെങ്കിൽ സംരംഭകത്വം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുക. ദൂരെ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളാണ് നമ്മുടെ സ്വപ്നങ്ങൾ. അതിലേക്ക് നാം എത്തുക തന്നെ ചെയ്യും. പക്ഷേ അർപ്പണ  ബോധവും ആത്മവിശ്വാസവും കഠിനാധ്വാനവും കൂടിയേ തീരൂ.