മെഷീനറി എക്സ്പോ 2025

 

ശ്രീ. വിഷ്ണുരാജ് പി. ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

    സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷീനറി എക്സ്പോ 2025 സെപ്റ്റംബർ 20 മുതൽ 23 വരെ കാക്കനാട് കിൻഫ്ര ഇൻറ്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്ററിൽ നടക്കും.

      സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ നവീകരണത്തിനുതകുന്ന അത്യാധുനിക സാങ്കേതിക വിദ്യകൾ ആധാരമാക്കിയുള്ള മെഷിനറികൾ പ്രദർശിപ്പിക്കുകയാണ് എക്സ്പോയുടെ പുതിയ പതിപ്പിലൂടെ ലക്ഷ്യമിടുന്നത്. നൂതന സാങ്കേതികവിദ്യകളുടെയും നിർമ്മാണ തന്ത്രങ്ങളുടെയും സമഗ്രപ്രദർശനമായ മെഷീനറി എക്സ്പോ 2025 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. നിലവിലുള്ളതും ഭാവിയിൽ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നതുമായ സംരംഭകർ, മെഷീനറികളുടെ അംഗീകൃത വിതരണക്കാർ, മെഷീനറി നിർമ്മാതാക്കൾ, ട്രേഡ് പ്രമോഷൻ സംഘടനകൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണൽ അസോസിയേഷനുകൾ, ഗവേഷണ/സാങ്കേതിക പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് മെഷീനറി എക്സ്പോയിൽ പങ്കെടുക്കാം.

    വിവിധ മേഖലകളിലായി മെഷീൻ ടൂളുകൾ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ, സിഎൻസി മെഷീനുകൾ, സിസ്റ്റങ്ങൾ, എസ് പി എമ്മുകൾ, നൂതന പ്രോസസ്സിംഗ്, പാക്കേജിംഗ് മെഷീനുകൾ എന്നിവയിലെ ഏറ്റവും പുതിയ യന്ത്രസാമഗ്രികൾ എടുത്തുകാണിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പ്രദർശനം, തത്സമയ യന്ത്ര ഡെമോകളിലൂടെ പുത്തൻസാങ്കേതിക വിദ്യകളുടെ നേരിട്ടുള്ള അനുഭവശ്രേണി ഒരുക്കും. കാർഷികാധിഷ്ഠിത ഭക്ഷ്യ സംസ്കരണവും പാക്കേജിംഗും, ജനറൽ എഞ്ചിനീയറിംഗ് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്, തടി അധിഷ്ഠിത വ്യവസായം, റബ്ബർ, പ്ലാസ്റ്റിക്, പാദരക്ഷ, പ്രിന്റിംഗ്, ഫാർമസ്യൂട്ടിക്കൽസ്, ആയുർവ്വേദം, വസ്ത്രങ്ങൾ, മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് പുനരുപയോഗം ഇ-മൊബിലിറ്റി/പുനരുപയോഗം തുടങ്ങിയവയാണ് എക്സ്പോയുടെ കേന്ദ്രീകൃത മേഖലകൾ. വളർന്നുവരുന്ന ഭാവി സംരംഭകർക്ക് വിലപ്പെട്ട സാങ്കേതിക-വാണിജ്യ സംബന്ധമായ പുത്തൻ ഉൾക്കാഴ്ചകളും വിശദാംശങ്ങളും ഇടപെടലുകൾ പകർന്നു നൽകുന്നതിന് ധാരാളം സാധ്യമാക്കുന്നതിനൊപ്പം ബ്രാൻഡ് എന്ന രൂപത്തിൽ സ്വയം വളരുന്നതിനും, ഉപഭോക്തൃ അടിത്തറയും പരസ്പരബന്ധങ്ങളും വളർത്തുന്നതിനും എക്സ്പോ അവസരം നൽകും. മെഷീനറി നിർമ്മാതാക്കൾക്ക് തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനും ഏറ്റവും മികച്ച വേദിയായിരിക്കും മെഷീനറി എക്സ്പോ 2025 സമ്മാനിക്കുന്നത്.

      മെഷിനറി എക്സ്പോ 2025ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മെഷീനറി എക്സ്പോ കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://machineryexpokerala.in/) വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ (MoMSME) സംഭരണ, വിപണന പിന്തുണ’ (PMS) പദ്ധതിയുടെ പിന്തുണയോടു കുടി നടത്തുന്ന എക്സ്പോയിൽ എം.എസ്.എംഇ കൾക്ക് നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായി സ്റ്റാൾ വാടകയുടെ 80% റീഇംബേഴ്സ്മെന്റ് ലഭിക്കുന്നതാണ്.

    കേരളം വ്യവസായമേഖലയിൽ ആർജിച്ചിരിക്കുന്ന നേട്ടങ്ങൾ സുസ്ഥിരമാകണമെങ്കിൽ ആഗോളമായുണ്ടാകുന്ന സാങ്കേതികവിദ്യാ വികസനത്തിന്റെ ഗുണഫലങ്ങൾ നമ്മുടെ സംരംഭകർക്കും പകർന്നുകിട്ടാൻ ഈ ഉദ്യമം സഹായകരമാകും എന്ന് പ്രത്യാശിക്കുന്നു.