തൊഴിൽ പരിശീലനങ്ങൾ സൗജന്യമായി – എല്ലാ ജില്ലകളിലും

റ്റി. എസ്. ചന്ദ്രൻ

 

തൊഴിൽ അന്വേഷകർക്കും സംരംഭകർക്കും തൊഴിൽ പരിശീലനങ്ങൾ അത്യന്താപേക്ഷിതമാണ്, സാങ്കേതിക തൊഴിൽ പരിശീലനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ കേരളത്തിൽ വളരെ കുറവാണ്. പല സ്വകാര്യ പരിശീലന സ്ഥാപനങ്ങളിലും വലിയ ഫീസ് നൽകി പഠിക്കാൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. സൗജന്യമായി തൊഴിൽ പരിശീലനം അന്വേഷിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഒരു സ്ഥാപനമാണ് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങൾ അഥവാ ആർ- സെറ്റികൾ (Rural self employment training institute R SETI) കേരളത്തിലെ എല്ലാ ജില്ലകളിലും ആർ-സെറ്റികൾ പ്രവർത്തിക്കുന്നു. ബന്ധപ്പെട്ട ലീഡ് ഡിസ്ട്രിക്ട് ബാങ്കിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. തികച്ചും സൗജന്യമായ തൊഴിൽ പരിശീലനം ആണ് ഇവിടെ നൽകുന്നത്.

ആവശ്യപ്പെടുന്ന ട്രേഡിലും കിട്ടും പരിശീലനം

ആറു ദിവസം മുതൽ 45 ദിവസം വരെ നീണ്ടുനിൽക്കുന്ന കോഴ്സുകൾ ആണ് പൊതുവെ നടത്തുന്നത്. ഏതാനും കോഴ്സുകളിലേക്ക് പൊതുവായും അപേക്ഷകരുടെ ആവശ്യമനുസരിച്ച് പ്രത്യേകമായും പരിശീലന പരിപാടികൾ ഇവിടെ ആവിഷ്കരിക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക ട്രേഡിൽ പരിശീലനം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ ഉണ്ടെങ്കിൽ അവർ പ്രത്യേകമായി ആവശ്യപ്പെടുന്ന പക്ഷം പ്രത്യേക പരിശീലന പരിപാടികളും ഇവിടെ സംഘടിപ്പിച്ചു നൽകുന്നു. പക്ഷേ മിനിമം അംഗങ്ങൾ പരിശീലനത്തിന് തയ്യാറാകണം എന്നു മാത്രം.

പൊതുവായി നൽകുന്ന പരിശീലനങ്ങൾ

ആർ സെറ്റികൾ വഴി പൊതുവായും, ജില്ലകൾ കേന്ദ്രീകരിച്ചു പ്രത്യേകമായും ഏതാനും കോഴ്സുകളിൽ ട്രെയിനിങ് നൽകിവരുന്നു. എല്ലാ ആർ- സെറ്റികളും പൊതുവിൽ നടപ്പാക്കിവരുന്ന ഏതാനും കോഴ്സുകൾ ആണ് ചുവടെ ചേർക്കുന്നത്. അവയുടെ പേരും ബ്രാക്കറ്റിൽ പരിശീലന കാലയളവും (ദിവസം) ചേർത്തിരിക്കുന്നു. ഫോട്ടോഗ്രാഫി / വീഡിയോഗ്രാഫി (30) , ഓട്ടോ മൊബൈൽ / ഫോൺ റിപ്പയറിങ് (30) അഗർബത്തി നിർമ്മാണം/ വെർമി കമ്പോസ്റ്റ് (10) ബ്യൂട്ടി ക്ലിനിക് (30) പേപ്പർ കവർ / എൻവലപ്പ് (10) വെൽഡിങ് / ഫെബ്രിക്കേഷൻ / പെയിൻറിങ് (30) മെൻസ് ടൈലറിംഗ് (30) എംബ്രോയിഡറി/ഫേബ്രിക് പെയിൻറിംഗ് (30) ആഭരണ നിർമ്മാണം ( 13 ) ഇരുചക്ര വാഹന റിപ്പയറിങ് സർവീസിങ് ( 30) ടിഷ്യു കൾച്ചർ ( 13 ) വീടു പെയിൻറിംഗ്/ പ്ലംബിംഗ് /വയറിങ് (10 ) കളിപ്പാട്ട നിർമ്മാണം (13) ആടുവളർത്തൽ / കോഴി വളർത്തൽ / പന്നി വളർത്തൽ / പശു വളർത്തൽ ( 10 ) കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് ( 30) ചണ ഉൽപ്പന്നങ്ങൾ / ജൂട്ട് ബാഗുകൾ ( 13 ) കോഴി വളർത്തൽ (10) പപ്പടം / അച്ചാർ /അച്ചാർ / സ്ക്വാഷ് / ജാം / ജെല്ലി /മസാലകൾ (10) ഔഷധസസ്യ പരിപാലനം / റബർ ടാപ്പിംഗ് / ഫാസ്റ്റ് ഫുഡ് (10)വനിതകൾക്ക് തയ്യൽ പരിശീലനം (30) ഡിടിപി / കമ്പ്യൂട്ടർ ഹാർഡ്വെയർ (45 ) മെഴുകുതിരി നിർമാണം/ സംരംഭകത്വ വികസന പരിപാടി (ഇഡിപി) (10) പ്ലംബിംഗ് / സാനിറ്ററി ഫിറ്റിംഗ്സ് (10) റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് (30) നഴ്സറി /തേനീച്ച വളർത്തൽ / ട്രാവൽ ആൻഡ് ടൂറിസം / കൂൺ കൃഷി, ആയ പരിശീലനം / പോളി ഹൗസ് ( 10 ) അലുമിനിയം ഫേബ്രിക്കേഷൻ (30) ബേക്കറി പ്രോഡക്ടുകളുടെ നിർമാണം (30) ഫോട്ടോ ഫ്രെയിമിംഗ് / ലാമിനേഷൻ / സ്ക്രീൻ പ്രിൻറിംഗ് /മെയ്സൺ വർക്ക് (10) കാർപെന്ററി ( 30) സിസിടിവി ക്യാമറ ഓപ്പറേഷൻ ( 13) ഫിഷ് ഫാർമിംഗ് /ഷോപ്പ് കീപ്പർ (10) ഇതുപോലെ നിരവധി തൊഴിൽ പരിശീലനങ്ങളാണ് ആർ- സെറ്റികൾ തുടർച്ചയായും പൊതുവായും നൽകി വരുന്നത്. മതിയായ അപേക്ഷകരെ ലഭിച്ചാൽ മാത്രമേ ബാച്ചുകൾ ആയി പരിശീലന പരിപാടികൾ ആവിഷ്കരിക്കുകയുള്ളൂ കുറഞ്ഞത് 25 – 30 പേരാണ് ഒരു ബാച്ചിലേക്ക് പൊതുവേ വേണ്ടത്.ഇത്രയും അപേക്ഷകർ തയ്യാറാണെങ്കിൽ ആവശ്യപ്പെടുന്ന ട്രേഡിലും പരിശീലനം ലഭ്യമാക്കും.

പരിശീലനം മാത്രമല്ല സൗജന്യം

ആർ സെറ്റികളിൽ നൽകുന്ന എല്ലാത്തരം പരിശീലന പരിപാടികളും തികച്ചും സൗജന്യമാണ്. അതിനോട് അനുബന്ധിച്ച് നിരവധി സൗകര്യങ്ങളും സംരംഭകർക്ക് സൗജന്യമായി തന്നെ ലഭിക്കും. രാവിലെ 9 മുതൽ 5 വരെയാണ് സാധാരണ പരിശീലനം നടക്കുന്നത്. ഈ സമയത്ത് ചായ, സ്നാക്സ്, ഉച്ചഭക്ഷണം എന്നിവയ്ക്ക് പുറമെ താമസസൗകര്യവും സൗജന്യമായി തന്നെ ലഭിക്കും. താമസസൗകര്യം ഉള്ള ആർ – സെറ്റികളിലാണ് ഇത് ലഭിക്കുക. എല്ലാ ആർ സെറ്റികളിലും താമസസൗകര്യം ഇല്ല എന്നതും ഓർക്കണം. താമസിക്കുന്നവർക്കുള്ള ബ്രേക്ഫാസ്റ്റും, ഡിന്നറും സൗജന്യമായി തന്നെ ലഭിക്കുന്നതാണ്.

പ്രായം, വിദ്യാഭ്യാസ യോഗ്യത

എല്ലാ പരിശീലനങ്ങൾക്കും കൃത്യമായ പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ പറയുന്നില്ല. 18 – 45 വയസ്സാണ് സാധാരണ പ്രായപരിധി. എന്നാൽ പ്രത്യേക പരിശീലനങ്ങൾക്ക് ഇതിൽ ഇളവുകൾ നൽകാറുണ്ട്. പൊതു വിദ്യാഭ്യാസ യോഗ്യതകൾ എല്ലാ പരിശീലനങ്ങൾക്കും ബാധകമല്ല. വളരെ അപൂർവമായി മാത്രമേ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാറുള്ളൂ.

കൂടുതൽ യുവതി യുവാക്കളെ സ്വയംതൊഴിൽ സംരംഭകർ ആക്കുകയോ ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്നതിന് പ്രാപ്തരാക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് തൊഴിൽ പരിശീലനങ്ങൾ നടത്തുന്നത്. ഇങ്ങനെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വന്തം നിലയിൽ സംരംഭം തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും ആവശ്യമായ കൈത്താങ്ങ് സഹായവും ആർ- സെറ്റികൾ നൽകിവരുന്നുണ്ട്.

ജില്ലകൾതോറും പരിശീലന കേന്ദ്രങ്ങൾ

എല്ലാ ജില്ലയിലും ആർ സെറ്റികൾ പ്രവർത്തിച്ചുവരുന്നു. പരിശീലന കേന്ദ്രത്തിലെ ഡയറക്ടർമാർ ബന്ധപ്പെട്ട ലീഡ് ഡിസ്ട്രിക്ട് ബാങ്കിൻറെ പ്രതിനിധികൾ ആയിരിക്കും. കേരളത്തിലെ ലീഡ് ഡിസ്ട്രിക്ട് ബാങ്കുകളുടെ വിവരങ്ങൾ ചുവടെ പറയുന്നു. തിരുവനന്തപുരം (ഇന്ത്യൻ ഓവർസീസ് ബാങ്ക്) കൊല്ലം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂർ, (കാനറ ബാങ്ക്)പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് (എസ്ബിഐ) ഇടുക്കി, എറണാകുളം, കാസർഗോഡ് (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) ഈ ബാങ്കുകളുടെ ബ്രാഞ്ചുകൾ വഴിയും പരിശീലന കേന്ദ്രത്തിന്റെ വിവരങ്ങൾ അറിയാൻ കഴിയും

മനുഷ്യാഅധ്വാനം ഉൽപാദനക്ഷമമാകണമെങ്കിൽ അതിനെ ശാസ്ത്രീയമായി സംസ്കരിച്ചെടുക്കാൻ കഴിയണം. എങ്കിൽ മാത്രമേ രാജ്യത്തിൻറെ ഉൽപ്പാദന പ്രക്രിയയിൽ അവരെ പങ്കാളികളാക്കാൻ കഴിയുകയുള്ളൂ. സ്വന്തമായി തൊഴിലു കണ്ടെത്തണമെങ്കിലോ സംരംഭം ചെയ്യണമെങ്കിലോ സാങ്കേതിക യോഗ്യതകൾ അത്യാവശ്യമാണ്. അത്തരം യോഗ്യതകളാണ് ഈ സെൻററുകൾ വഴി നൽകുന്നത്. സ്വദേശത്ത് മാത്രമല്ല വിദേശത്തും ജോലി നേടാൻ ഈ പരിശീലന പരിപാടികൾ സഹായിക്കും. ഒരു സ്വയംതൊഴിൽ സംരംഭം പ്ലാൻ ചെയ്യുന്നവർക്ക് താങ്ങും തണലും പ്രോത്സാഹനവും നൽകുകയാണ് ആർ സെറ്റികൾ.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)