കേരളത്തിൽ പുതുതായി 50 സ്വകാര്യ വ്യവസായ പാർക്കുകൾ

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി
കേരളത്തിൽ 50 സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഇതിലൂടെ ചുരുങ്ങിയത് 500 ഏക്കർ ഭൂമി വ്യവസായ ഭൂമിയാക്കി മാറ്റാൻ സാധിക്കും. എല്ലാ ജില്ലകളിലും സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. ഈ മാസം പാലക്കാട് ജില്ലയിൽ മാത്രം 2 സ്വകാര്യ വ്യവസായ പാർക്കുകളുടെ പ്രവർത്തനോദ്ഘാടനം നടന്നു. ഇതിലൂടെ 18 ഏക്കറിലധികം ഭൂമി വ്യവസായ ഭൂമി ആയി മാറി. അമ്പലപ്പാറയിൽ ആരംഭിച്ച ഹൈടെക് വ്യവസായ പാർക്കും കടമ്പൂരിൽ ആരംഭിച്ച കടമ്പൂർ വ്യവസായ പാർക്കുമാണ് ഇവ. സ്വകാര്യ വ്യവസായ പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ അതിവേഗം ലൈസൻസുകളും മറ്റ് അനുബന്ധ സഹായങ്ങളും ലഭ്യമാക്കാൻ സാധിച്ചിരുന്നു. ഇന്ന് കടമ്പൂർ വ്യവസായ പാർക്കിൽ 150 തൊഴിലാളികൾ പ്രവർത്തിക്കുകയും ഇവിടെ നിന്നുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ഉൾപ്പെടെ ചെയ്യുകയും ചെയ്യുന്നു. 4 വ്യവസായ യൂണിറ്റുകളുമായിട്ടാണ് രണ്ടാമത്തെ സ്വകാര്യ വ്യവസായ പാർക്കായ ഹൈടെക് വ്യവസായ പാർക്ക് ആരംഭിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന നാലാമത്തെ യൂണിറ്റ് കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ്.
വ്യവസായ രംഗത്ത് സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ സാധ്യതകൾ, ഉത്പാദന ശേഷി എന്നിവ വളർത്തുകയാണ് സ്വകാര്യ വ്യവസായ പാർക്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം – 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകും. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പുറമെ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വരുമാനം ലഭ്യമാക്കുന്നതിനായി ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കും സർക്കാർ നടപ്പിലാക്കുകയാണ്. യുവതലമുറയ്ക്ക് നാട്ടിൽ തന്നെ ജോലി ചെയ്യാൻ കഴിയുന്ന സംവിധാനമാണ് സർക്കാർ ഒരുക്കുന്നത്. പാലക്കാട് വ്യവസായം വളരുന്നതോടെ അത് കേരളത്തിനാകെ നേട്ടമായി മാറും. വ്യവസായ ഇടനാഴിയും സ്വകാര്യവ്യവസായ പാർക്കുകളും മാനുഫാക്ചറിങ്ങ് യൂണിറ്റുകളും പാലക്കാട് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ ചെറുപ്പക്കാർക്ക് കേരളത്തിൽ തന്നെ തൊഴിൽ ലഭിക്കുന്നതിനായുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കും ഈ മുന്നേറ്റം സഹായകമാകും.
