ഇൻവെസ്റ്റ് കേരളയിൽ സെഞ്ചുറി

ശ്രീ. വിഷ്ണുരാജ് പി. ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
വ്യവസായ വകുപ്പ് ഈ വർഷം ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ നൂറ് പദ്ധതികളുടേയും നിർമ്മാണം തുടങ്ങാൻ സാധിച്ചു. NDR സ്‌പെയ്‌സിന്റെ വെയർഹൗസിംഗ് ആന്റ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവയിൽ നിർമ്മാണ ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെയാണ് നൂറാമത്തെ പദ്ധതിയും യാഥാർത്ഥ്യമായിരിക്കുന്നത്. 276 പദ്ധതികൾക്ക് ഭൂമി ലഭ്യമാക്കി. 35,111.75 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് നിർമ്മാണഘട്ടത്തിലുള്ളത്. നിക്ഷേപക സംഗമത്തിൽ താൽപര്യപത്രം ഒപ്പിട്ട പ്രമുഖ ആഗോള കമ്പനികൾ ഉൾപ്പെടെ ഇത്രയും ചുരുങ്ങിയ സമയത്തിൽ നൂറ് പദ്ധതികൾ നിർമ്മാണം തുടങ്ങുന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്.
449 സ്ഥാപനങ്ങളിൽ നിന്നായി 1.81 ലക്ഷം കോടി രൂപയുടെ താൽപര്യപത്രങ്ങളാണ് നിക്ഷേപ സംഗമത്തിലൂടെ ഒപ്പിട്ടത്. ഇതിൽ അനിമേഷൻ രംഗത്തെ പ്രമുഖരായ ഇറ്റാലിയൻ കമ്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് കമ്പനി അവിഗ്‌ന തുടങ്ങിയവർ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി. അദാനി ലോജിസ്റ്റിക് പാർക്ക്, കോവിഡ് വാക്‌സിൻ വികസിപ്പിച്ച കൃഷ്ണ എല്ലയുടെ ഭാരത് ബയോടെകിന്റെ കീഴിലുള്ള ലൈഫ് സയൻസ് കമ്പനി, സിസ്‌ട്രോം, എസ്.എഫ്.ഒ ടെക്‌നോളജീസ്, ഗാഷ സ്റ്റീൽസ് ടി.എം.ടി പ്‌ളാന്റ്, കെ.ജി.എ ഇന്റർനാഷണൽ, കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാനറ്റോണി തുടങ്ങിയ സംരംഭങ്ങളുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.
ടൂറിസം, ഐ ടി, ഭക്ഷ്യ സംസ്‌കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണം, ഫാർമസ്യൂട്ടിക്കൽസ്, മര അധിഷ്ഠിത വ്യവസായങ്ങൾ, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലാണ് ഇതിനകം നിക്ഷേപം നടത്തിയിട്ടുള്ളത്. 100 കോടി രൂപ വരെ മുതൽ മുടക്കുള്ള പദ്ധതികൾക്ക് വ്യവസായ വാണിജ്യ വകുപ്പാണ് മേൽനോട്ടം വഹിക്കുന്നത്. 100 കോടിക്ക് മുകളിൽ നിക്ഷേപമുള്ള പദ്ധതികൾക്ക് കെ.എസ്. ഐ.ഡി.സി മേൽനോട്ടം വഹിക്കുന്നു. കിൻഫ്ര പാർക്കുകളിലെ നിക്ഷേപ പദ്ധതികൾക്ക് കിൻഫ്രയാണ് ഏകോപനം നിർവ്വഹിക്കുന്നത്. വ്യവസായമന്ത്രി അധ്യക്ഷനായ ഉപദേശക സമിതി കൃത്യമായി പദ്ധതികളുടെ അവലോകനം നടത്തുന്നുണ്ട്. പദ്ധതി നിർവ്വഹണം വേഗത്തിലാക്കുന്നതിന് 22 നയപരിഷ്‌കാരങ്ങൾ നടപ്പിലാക്കിയത് കൂടാതെ ഐ.കെ.ജി.എസ് പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനായി തദ്ദേശ വകുപ്പിൽ ടാസ്‌ക് ഫോഴ്‌സിനും രൂപം നൽകിയിട്ടുണ്ട്.
