IITF 2023- അന്താരാഷ്ട്ര വ്യാപാരോത്സവം

ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ് ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

    ഇന്ത്യ ഇന്റർ നാഷണൽ ട്രേഡ് ഫെയറിന്റെ (ഐഐടിഎഫ്) 42-ാമത് എഡിഷൻ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് 2023 നവംബർ 14 മുതൽ 27 വരെ നടക്കും. വസുധൈവകുടുംബകം – യുണൈറ്റഡ് ഫോർ ട്രേഡ് എന്നതാണ് ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ (ഐടിപിഒ) പ്രധാന പരിപാടിയായ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ്ഫെയറിന്റെ നിലവിലെ പ്രമേയം. 2023 നവംബർ 14 ന് ആരംഭിച്ച് നവംബർ 27 വരെ നടക്കുന്ന ഈ വർഷത്തെ എക്സിബിഷൻ ഐടിപിഒ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വ്യാപാരമേളയായിരിക്കും എന്നാണ് കരുതുന്നത്. നവംബർ 19 മുതൽ പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാം.

 വസുധൈവകുടുംബകം – യുണൈറ്റഡ് ഫോർ ട്രേഡ് ക്യാമ്പയിനിന് കീഴിൽ കേരളത്തിന്റെ സുപ്രധാന പദ്ധതികളും, നയങ്ങളും, സംസ്ഥാനത്തിന്റെ സാധ്യമായ എല്ലാ വ്യാപാര-വാണിജ്യ മേഖലകളെയും അവതരിപ്പിക്കാൻ പറ്റുന്ന തരത്തിലാണ് സംസ്ഥാനം മേളയിൽ പങ്കെടുക്കുന്നത്. മുൻ വർഷങ്ങളിൽ സംസ്ഥാനം മേളയിൽ പങ്കെടുക്കുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2022 വർഷത്തിൽ തീം സ്റ്റാളുകളുടെ ഇനത്തിൽ വിവിധ വകുപ്പുകളുമായി മൽസരിച്ച വ്യവസായ വാണിജ്യ വകുപ്പ് ഒന്നാം സ്ഥാനം നേടുകയുണ്ടായി. കഴിഞ്ഞ വർഷം ഫോക്കസ് സ്റ്റേറ്റ് ആയാണ് സംസ്ഥാനം മേളയിൽ പങ്കെടുത്തതെങ്കിൽ ഈ വർഷം പാർട്ണർ സ്റ്റേറ്റ് ആയാണ് പങ്കെടുക്കുന്നത്. പ്രമേയത്തിലധിഷ്ഠിതമായി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പുതിയ ആത്മവിശ്വാസവും വീര്യവും പകരുന്നതിനും ഐഐടിഎഫ് അനുയോജ്യമായ ഒരു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. തീം സ്റ്റാളിന് പുറമെ കേരളത്തിൽ നിന്നുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ വ്യവസായ വകുപ്പ് വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും.

   വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം ആഭ്യന്തര, വിദേശ പ്രദർശകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ഖത്തർ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബഹ്റൈൻ, ബെലാറസ്, ഇറാൻ, നേപ്പാൾ, തായ്ലൻഡ്, തുർക്കി, യുഎഇ തുടങ്ങി 12 രാജ്യങ്ങൾ മേളയിൽ പങ്കെടുക്കും. കൂടാതെ കേന്ദ്ര മന്ത്രാലയങ്ങൾ, കമ്മോഡിറ്റി ബോർഡുകൾ, കെവിഐസി, ആദായനികുതി വകുപ്പ്, കസ്റ്റംസ്, ആയുഷ് മന്ത്രാലയം എന്നിവയും, സർക്കാർ ഉടമസ്ഥതയിലുള്ള യൂണിറ്റുകളും അവരുടെ മേഖലകളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കും.

   ആദ്യമായാണ് സമുച്ചയത്തിലെ 14 ഹാളുകളും മേളയിൽ ഉപയോഗിക്കുന്നതെന്നും, 2015-ൽ സ്ഥാപിച്ച 1.8 ദശലക്ഷം സന്ദർശകരുടെ റെക്കോർഡ് മറികടക്കാനാകുമെന്നും ഐടിപിഒ പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.