പത്ത് പുതിയ ഉത്പന്നങ്ങളുമായി കേരള ബ്രാൻഡ് – ആഗോള കുതിപ്പിന് തുടക്കം

 

ശ്രീ. വിഷ്ണുരാജ് പി. ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച കേരള ബ്രാൻഡ്’ പുതിയൊരു ചരിത്ര ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കേരളത്തിന്റെ വ്യവസായ മേഖലയെ ആഗോള വിപണിയിൽ ഉയർന്ന നിലവാരമുള്ള, ധാർമ്മികമായി ഉത്പാദിപ്പിച്ച ഉത്പന്നങ്ങളുടെ കേന്ദ്രമായി അടയാളപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ടൂറിസത്തിലൂടെ ലോകപ്രശസ്തമായ കേരളത്തിന്, ഉൽപ്പാദന മേഖലയിൽ ഒരു ആധികാരികമായ ആഗോള മുദ്ര നൽകാനുള്ള ദീർഘവീക്ഷണത്തോടെയുള്ള ഈ ശ്രമം, നമ്മുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിൽ നിർണ്ണായകമാകും. വ്യവസായങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രാദേശിക ഉദ്യമം, കേരളത്തിന്റെ ഉത്പാദന മേഖലയുടെ ഭാവിയിലേക്കുള്ള പ്രത്യാശയാണ്.

കേരള ബ്രാൻഡിന്റെ പത്ത് പുതിയ ഉൽപ്പന്നങ്ങളുടെ ഉൾപ്പെടുത്തൽ ഔദ്യോഗികമായി നടപ്പിൽ വരുന്നതോടെ, കേരളത്തിന്റെ വിവിധ ഉൽപ്പാദന മേഖലകളിൽ നിന്നുള്ള ഉത്പന്നങ്ങൾ Made in Kerala’ എന്ന ഗുണമേന്മാ മുദ്രയുടെ ഭാഗമാകും. കാർഷിക-ഭക്ഷ്യ ഉൽപ്പന്നങ്ങളായ കാപ്പി, തേയില, തേൻ, ശുദ്ധീകരിച്ച നെയ്യ്, കുപ്പികളിലാക്കിയ ശുദ്ധജലം, കന്നുകാലിത്തീറ്റ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതോടൊപ്പം, വ്യാവസായിക ഉത്പാദന മേഖലയിൽ സുപ്രധാനമായ പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി. പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ് എന്നീ ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിപുലീകരണം, നമ്മുടെ പ്രാദേശിക ഉൽപ്പാദകർക്ക് ആഗോള വിപണിയിൽ കൂടുതൽ അവസരങ്ങൾ തുറന്നു കൊടുക്കും.

കേരള ബ്രാൻഡ് കേവലം ഗുണമേന്മയുടെ മുദ്ര മാത്രമല്ല. ആഗോളതലത്തിൽ ഉപഭോക്താക്കൾ ഇന്ന് ഉൽപ്പന്നങ്ങളുടെ ഗുണമേന്മയെപ്പോലെ തന്നെ, അതിന്റെ സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്തവും (ESG) കണക്കിലെടുക്കുന്നതിനാൽ, കേരളത്തിന്റെ പുരോഗമനപരമായ സാമൂഹിക മുല്യങ്ങളോടു കൂടിയ ഈ ബ്രാൻഡ് ആഗോള വിപണിയിൽ വേറിട്ട് നിൽക്കും. എന്നാൽ, ഈ പദ്ധതിയുടെ ഭാവി വിജയം കർശനമായ ഗുണമേന്മ നിലനിർത്തുന്നതിലുള്ള ജാഗ്രതയെ ആശ്രയിച്ചിരിക്കുന്നു. സർട്ടിഫിക്കേഷൻ പ്രക്രിയ സമഗ്രവും കർശനവുമാണ് എന്ന് ഉറപ്പുവരുത്താൻ വ്യവസായ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. ഈ ഉദ്യമം കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് ഒരു പുതിയ ഊർജ്ജം പകരുമെന്നതിൽ സംശയമില്ല. ഗുണമേന്മയും ധാർമ്മികതയും കൈമുതലാക്കി, കേരള ഉൽപ്പന്നങ്ങൾക്ക് ലോക വിപണിയിൽ ഒരു സ്ഥിരമായ സ്ഥാനം ഉറപ്പിക്കാൻ ഈ കേരള ബ്രാൻഡ് ഒരു നിമിത്തമാകുമെന്നും അതുവഴി നമ്മുടെ സംസ്ഥാനത്തിന്റെ വ്യവസായവാണിജ്യ വളർച്ചയിൽ പങ്കുചേരാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കുമെന്നും പ്രത്യാശിക്കുന്നു.