വ്യവസായിക വളർച്ചയുടെ നേർസാക്ഷ്യമായി മെഷീനറി എക്സ്പോ 2025

സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ 7-ാമത് മെഷിനറി എക്സ്പോ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ 2025 സെപ്തംബർ 20 മുതൽ 23 വരെ തീയതികളിൽ സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം ബഹു.വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവ് സെപ്തംബർ 20 ന് നിർവ്വഹിച്ചു. മെഷീനറി എക്സ്പോ വിപുലപ്പെടുന്നതിലൂടെ വ്യവസായങ്ങൾ ആധുനിക വത്കരിക്കപ്പെടുന്നെന്നും, വ്യവസായ വികസനത്തിന് അനുസൃതമായ പുതുമെഷീനറികൾ എല്ലാവരെയും പരിചയപ്പെടുത്തുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്നും ഉദ്ഘാടന ചടങ്ങിൽ മന്ത്രി അഭിപ്രായപ്പെട്ടു.

വ്യവസായം വിപുലപ്പെടുത്താൻ ഏറെ ക്രിയാത്മക നടപടികളാണ് സർക്കാർ കൈക്കൊണ്ടതെന്നും, അതിന്റെ ഭാഗമായി നിക്ഷേപസമാഹരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കുകയും തുടരെ വിലയിരുത്തുകയും ചെയ്തു വരുന്നതും, നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനു കർമ്മപദ്ധതി ആവിഷ്കരിച്ചതും, വ്യവസായ വളർച്ചക്കു എല്ലാ വകുപ്പുകളിലും മാറ്റങ്ങൾ വരുത്തി തുടർന്നു പോകുന്നതും, കുടാതെ സംസ്ഥാനത്തിന്റെ ചരിത്ര നേട്ടങ്ങളായ പ്രൈവറ്റ് ഇൻഡസ്ട്രിയൽ എട്ടെണ്ണം പൂർത്തിയാക്കാനായതും, എം എസ് എം ഇ മേഖലയിൽ ഏഴര ലക്ഷം തൊഴിൽ സൃഷ്ടിക്കാനായതും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ചിത്രം മാറുകയാണ്. കേരളത്തിൽ ഒന്നുമില്ലെന്നും, വ്യവസായ മേഖല ശൂന്യമാണെന്നും ഉള്ള പ്രചാരണം ഇല്ലാതാക്കിക്കൊണ്ട് നന്നായി മുന്നേറാൻ കേരളത്തിനായി. നമ്മുടെ ചെറുപ്പക്കാർക്കു ഇവിടെ തന്നെ ജോലി ചെയ്യാൻ കഴിയുന്നു എന്നു മാത്രമല്ല മറ്റിടങ്ങളിൽ ജോലിചെയ്തിരുന്ന വ്യക്തികളും, സംരംഭങ്ങളും ഇവിടേക്കു വരുന്നതുകൊണ്ട് വിപ്ലവകരമായ മാറ്റത്തിനാണ് കേരള വ്യവസായം സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിൽ കുറവു വന്നിട്ടും കേരളത്തിനു മുന്നോട്ടു പോകാനായത് ആഭ്യന്തരവരുമാനത്തിന്റെ വളർച്ച കൊണ്ടാണ്. ഇത് വ്യവസായിക വികസനത്തിന്റെ സൂചികയാണ്. ഏറ്റവും മികവാർന്ന രീതിയിൽ വർഷം തോറും നടക്കുന്ന മെഷീനറി എക്സ്പോ ഇത്തവണയും സ്ഥിരം വേദിയായ കിൻഫ്ര കൺവെൻഷൻ സെന്ററിലാണ്. ഈ സർക്കാരിന്റെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു കൺവെൻഷൻ സെന്റർ നിർമ്മിക്കുകയെന്നത്. വാഗ്ദാനം പ്രതീക്ഷിച്ചതിലും നേരത്തെ മനോഹരമായി പൂർത്തിയാക്കാനായതിൽ അത്യന്തം ചാരിതാർഥ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉദ്ഘാടന വേളയിൽ മന്ത്രി പ്രകാശനം നിർവ്വഹിച്ച ഏഴാം പതിപ്പ് എക്സ്പോ ഡയറക്ടറി സന്ദർശകർക്ക് സൗകര്യപ്രദമായ വിവരങ്ങൾ മനസ്സിലാക്കാനുതകുന്ന ഒന്നായിരുന്നു. സ്റ്റാളുകളെക്കുറിച്ചുള്ള എല്ലാ വസ്തുതകളും ഡയറക്ടറിയിലെ ഒരു ക്യുആർ കോഡ് വഴി ലഭ്യമാക്കുകയും മറ്റൊരു ക്യൂ ആർ കോഡിൽ എക്സിബിഷനെക്കുറിച്ചുള്ള വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് തയ്യാറാക്കിയിരുന്നത്.

ഇന്ത്യൻ ഹെറിറ്റേജ് ആൻഡ് കൾച്ചർ സെന്ററിലെ ആർട്ടിസ്റ്റ് ആൽവിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ച പരിപാടിയിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിക്കുകയും, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തുകയുമുണ്ടായി. കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ. ഐ എ എസ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രാന്ധേ സായ്കൃഷ്ണ ഐ എ എസ് എന്നിവർ പ്രത്യേക പ്രഭാഷണം നടത്തി.

തൃക്കാക്കര നഗരസഭ കൗൺസിലർ എം ഒ വർഗീസ്, വ്യവസായ വാണിജ്യ ഡയറക്ടർ വിഷ്ണുരാജ് പി. ഐ എ എസ്, ജോയിന്റ് ഡയറക്ടർ ആന്റ് ഹെഡ് ഓഫ് എംഎസ്എംഇ – ഡിഎഫ്ഒ തൃശൂർ ജി എസ് പ്രകാശ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീൻ, ഫിക്കി കെഇഎസ്ഇ ടൂറിസം കമ്മിറ്റി ചെയർമാൻ യു സി റിയാസ്, സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ ലേഖ ബാലചന്ദ്രൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി എ തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ – ബിപ്പ് സിഇഒ സൂരജ് എസ്, വ്യവസായ വാണിജ്യ അഡീഷണൽ ഡയറക്ടർ രാജീവ് ജി എന്നിവർ സന്നിഹിതരായിരുന്നു.

യന്ത്രങ്ങളില്ലാതെ എന്തു ജീവിതം!

കുഞ്ഞൻ പേപ്പർ കപ്പ് നിർമ്മാണ യന്ത്രം മുതൽ മുന്തിയ ഇനം വിവിധോദ്ദേശ്യ ക്രെയിൻ വരെ. എക്സിബിഷൻ സെന്ററിൽ ഇരുന്നുറിലേറെ സ്റ്റാളുകളിലായി ഒരുങ്ങിയ മെഷീനറി എക്സ്പോ ജനപ്രിയമാകുന്നതിന് കാരണം ഇതൊക്കെയായിരുന്നു. സ്കെയിൽസ് ആന്റ് ബാലൻസ്, സ്പീഡ്, പ്രിസിഷൻ യന്ത്രങ്ങൾ, വിവിധ പ്രയോഗ ഡീഹൈഡ്രേറ്റർ, പലതരം പാക്കിംഗ് സൊലൂഷൻസ്, വിവിധ പ്രിന്റിംഗ് യന്ത്രങ്ങൾ, വയർ, ട്യൂബ്,  LED ലൈറ്റുകൾ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ എന്നിവ ഒരു ഭാഗത്ത് ജനശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ സോളാർ സിസ്റ്റംസ്, പ്ലാസ്റ്റിക്കിനു പകരമാകുന്ന ബയോ ഡീഗ്രഡേബിൾ പേപ്പർ, വിവിധങ്ങളായ പൊടി മെഷീനുകൾ, എനർജി സേവറുകൾ എന്നിവ മറ്റൊരിടത്ത് ആളുകളെ ആകർഷിച്ചു.

സൈലന്റ് ജനറേറ്ററുകളും, പോർട്ടബിൾ ബയോഗ്യാസും, തയ്യൽയന്ത്രങ്ങളും, ഹോളോ മാർക്ക് യന്ത്രങ്ങളും, തേങ്ങ പ്രോസസിംഗ് മെഷീനും, ചപ്പാത്തിയും അപ്പവുമുണ്ടാക്കുന്ന പുതുതലമുറ മെഷീനുകളും കൗതുകം പകരുന്നവയായിരുന്നു. ഐസ്ക്രീം, ഡയറി, ഫുഡ് മെഷീനുകളുടെ ആരാധകരിലേറെയും സ്ത്രീകളായിരുന്നു. അഗ്രോഫാം മെഷീനറികൾ, മറ്റ് വ്യവസായിക, സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങിയവ വലിയ ജനശ്രദ്ധ ആകർഷിക്കുന്നവയായിരുന്നു.

ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും അനവധി മെഷീനറി നിർമ്മാതാക്കൾ എക്സ്പോയിൽ പങ്കെടുത്തു. തത്സമയ യന്ത്ര ഡെമോകൾ സാങ്കേതിക വികസനങ്ങളുടെ നേരിട്ടുള്ള അനുഭവം ഒരുക്കിയതുവഴി സംരംഭകർക്കും, സംരംഭ മേഖലയിൽ പുത്തൻ കാൽവയ്പ് നടത്തുന്നവർക്കും സാങ്കേതിക-വാണിജ്യ ഉൾക്കാഴ്ചകളും വിശദാംശങ്ങളും നൽകുന്നതിനു പുറമെ, ബ്രാൻഡ് നിർമ്മാണത്തിനും അവസരം ഒരുക്കിയിരിക്കുകയാണ് 2025-ലെ എക്സ്പോ എന്നത് എടുത്തുപറയേണ്ടുന്നതാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ സംഭരണ, വിപണന (പിഎംഎസ്) പദ്ധതിയുടെ പിന്തുണ കൂടി ഇത്തവണത്തെ എക്സ്പോയ്ക്ക് ഉണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

എക്സ്പോയിൽ പ്രകൃതിക്കിണങ്ങിയ ഉൽപന്നങ്ങളും വൈവിധ്യമാർന്ന മെഷീനറികളും

പ്ലാസ്റ്റിക്കിനെ പുറത്താക്കി, നൂറു ശതമാനവും പരിസ്ഥിതി സൗഹൃദ ഉൽപന്ന നിർമ്മാണ യന്ത്രങ്ങൾ എക്സ്പോ കീഴടക്കുന്ന കാഴ്ചയായിരുന്നു അക്ഷരാർത്ഥത്തിൽ. ടിഷ്യൂ പേപ്പർ, പേപ്പർ ബാഗ്, പേപ്പർ കപ്പ് മുതലായവയുടെ നിർമ്മാണ യന്ത്രങ്ങൾ ഇതിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. എന്തിനും ഏതിനും ഉപയോഗിക്കുന്ന ടിഷ്യൂ പേപ്പറിന്റെ അത്യാധുനിക മാതൃകകൾ ഇവിടെ കാണാൻ കഴിഞ്ഞു. മണിക്കൂറിൽ 30,000 എണ്ണം വരെ ഉൽപ്പാദനം നടത്താവുന്ന വ്യത്യസ്ത സ്പീഡിൽ ടിഷ്യു ലഭ്യമാക്കുന്ന മെഷീനുകൾ സ്റ്റാളിന്റെ മുഖമുദ്രയായി മാറി. ഹൈസ്പീഡ്, ഓട്ടോമാറ്റിക് മെഷീനുകളിൽ നിന്നും തീർത്തും പരിസ്ഥിതി സൗഹൃദമായ പേപ്പർ കപ്പ് എന്നത് മറ്റൊരു പ്രത്യേകത ആയിരുന്നു. ഒരു മിനിറ്റിൽ 100 -120 വരെ കപ്പുകൾ നിർമ്മിക്കാനാവും. 150 – 300 എം എൽ വരെ കപ്പാസിറ്റി ഉള്ള കപ്പുകളിൽ പ്ലാസ്റ്റിക് കോട്ടിംഗ് ഇല്ലാത്തതും, എത്ര ചൂടിലും ദീർഘനേരം വരെയും ചൂടുള്ള പാനീയങ്ങൾ നിറച്ചാലും കപ്പിന് കുഴപ്പമുണ്ടാകില്ല എന്നതൊക്കെയാണ് ഇത്തരം സ്റ്റാളുകളിലേയ്ക്ക് സന്ദർശകരെ ആകർഷിക്കാനുള്ള കാരണം.

പേപ്പർ ബാഗുകൾ വർണങ്ങളിൽ പൊതിഞ്ഞു ലഭ്യമാക്കുന്ന മെഷീനുകളും എക്സ്പോയിലെ ആകർഷണീയതയായിരുന്നു. മെഡിക്കൽ പൗച്ച് മുതൽ ഷോപ്പിംഗ് ബാഗുകൾ വരെ ലഭിക്കും. 100 ഗ്രാം മുതൽ അഞ്ചു കി.ഗ്രാം വരെയാണ് ഇവയുടെ കപ്പാസിറ്റി. കൂടാതെ പൊടികളുടെയും ദ്രാവകങ്ങളുടെയും പല വലുപ്പത്തിലുള്ള കവറുകൾ വൈവിധ്യമാർന്ന ലേബൽ സഹിതം ലഭ്യമാക്കുന്ന മെഷീനുകൾ, വിവിധ ശ്രേണികളിലുള്ള ലേബലുകൾ തയ്യാറാക്കുന്ന യന്ത്രങ്ങൾ, പാലും മറ്റ് ദ്രാവകങ്ങളും പായ്ക്ക് ചെയ്യാനുള്ള യന്ത്രസംവിധാനങ്ങൾ തുടങ്ങി വ്യത്യസ്തത പുലർത്തുന്ന ഒട്ടനവധി അനുഭവങ്ങളുടെ ഒരു നേർകാഴ്ചയായിരുന്നു എക്സ്പോ.

പ്രോഡക്ടിന്റെ മാർക്കറ്റിംഗിൽ പ്രാധാന്യം കൽപ്പിക്കുന്ന ഘടകമാണ് അതിന്റെ പായ്ക്കിംഗ്. ആയതിനാൽ തന്നെ പായ്ക്കിംഗിന്റെ രീതി എന്നത് ഒട്ടേറെ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്. ആകർഷമായ രീതിയിലുള്ള പായ്ക്കിംഗുണ്ട്, പ്രോഡക്ടിനു യോജ്യമായ പായ്ക്കിംഗുണ്ട്. ഇതിൽ പലതും വിൽപനയുമായി ബന്ധപ്പെട്ട് നേരിട്ടു ബന്ധപ്പെടുന്ന കാര്യമാണ്. കാലഘട്ടത്തിനനുസൃതമായി വലിയ ഇടപെടൽ ഈ മേഖലയിൽ നടക്കുന്നു. പ്രോഡക്ടിനു യോജ്യമായ പ്രിന്റിംഗ് സഹിതമുള്ള ഏറ്റവും പുതിയ കാർട്ടൺ ഒരുക്കുന്ന, ആധുനിക യന്ത്രങ്ങൾ തയ്യാറാക്കുന്നതിനു എക്സ്പോയിൽ ശ്രമിച്ചിട്ടുണ്ടെന്നു ജനറൽ കൺവീനറും ജില്ലാ വ്യവസായ കേന്ദ്രം ജനറൽമാനേജരുമായ ശ്രീ.നജീബ് പി എ അഭിപ്രായപ്പെട്ടു. കേരളത്തിൽ പുതിയ സംരംഭങ്ങൾ വരുമ്പോൾ സെയിൽസ് പെർസെന്റേജ് വർദ്ധിപ്പിക്കുന്നതിൽ പായ്ക്കിംഗ് വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതുകൊണ്ട് പായ്ക്കിംഗ്/പ്രിന്റിംഗ് മേഖലയുമായി ബന്ധപ്പെട്ട് അത്യാധുനിക, ഓട്ടോമാറ്റിക് മെഷീനറികൾ പ്രദർശനത്തിനു എത്തിക്കാൻ കഴിഞ്ഞതാണ് എക്സ്പോയുടെ വിജയത്തിന്റെ ഒരു മുഖ്യ ഘടകമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിക്കു യോജ്യമായ ഉൽപന്നങ്ങളും അനുരൂപമായ പാക്കിംഗും ഒന്നിച്ച് യാഥാർത്ഥ്യമായിരിക്കുന്നതാണ് നമുക്ക് എക്സ്പോയിൽ കാണാൻ കഴിഞ്ഞത്.

എക്സ്പോയിൽ തരംഗമായി മണിക്കൂറിൽ 500 അപ്പം ഉണ്ടാക്കുന്ന യന്ത്രങ്ങൾ, എ ഐ യിൽ പ്രവർത്തിക്കുന്ന തയ്യൽ യന്ത്രങ്ങൾ തുടങ്ങി കരുത്തിന്റെ പ്രതീകമായ ക്രെയിൻ വരെ

ഒരു മണിക്കൂറിൽ 500 അപ്പം, മിനിറ്റിൽ 60 ഇഡലി, മണിക്കൂറിൽ 2000 പിടി, ഇതേസമയത്ത് തന്നെ 1000 ഇടിയപ്പം, മണിക്കൂറിൽ 4000 വരെ ചപ്പാത്തികൾ. എക്സ്പോയിൽ തരംഗം തീർക്കുകയായിരുന്നു ഈ സ്റ്റാൾ. ഒരേസമയം 16 ചട്ടികളിലാണ് ഓട്ടോമാറ്റിക് അപ്പം മെഷീൻ പ്രവർത്തിക്കുന്നത്. ചട്ടികൾ കറങ്ങിക്കൊണ്ടിരിക്കും. വേഗത നിയന്ത്രിക്കാനുമാകും. വേണ്ടവർക്കെല്ലാം അപ്പം രുചിച്ചു നോക്കാനും അവസരമൊരുക്കുന്നു. ചപ്പാത്തി മെഷീനുകൾ പല വിധമുണ്ട്. സെമി ഓട്ടോമാറ്റിക്, ഓട്ടോമാറ്റിക്, ഫുൾ കുക്ക്ഡ് ചപ്പാത്തി, ഹാഫ് കുക്ക്ഡ് ചപ്പാത്തി മെഷീനുകൾ തുടങ്ങിയവ. ഓരോന്നിന്റെയും ഉൽപാദനക്ഷമത വ്യത്യസ്തം. മുഴുവൻ സ്റ്റെയിൻലെസ് സ്റ്റീലിൽ തീർത്ത ഇഡ്ഡലി ബോക്സ് 2 കിലോവാട്ട് വൈദ്യുതിയിലും 1/2 കിലോഗ്രാം എൽപിജിയിലും പ്രവർത്തിക്കുന്നവയുണ്ട്. പിടിയും പൊറോട്ടയും പത്തിരിയുമൊക്കെ ഉണ്ടാക്കാനും യന്ത്രങ്ങൾ ഒരുങ്ങിയിട്ടുണ്ട്. പൊറോട്ടയുണ്ടാക്കുന്ന മെഷീന് മണിക്കൂറിൽ 1000 എണ്ണമാണ് ക്ഷമത.

വസ്ത്രമേഖലയെ ലക്ഷ്യംവയ്ക്കുന്ന സ്റ്റാളുകളിൽ അയണിംഗ്, തയ്യൽ, എംബ്രോയിഡറി എന്നിവയുടെയെല്ലാം അത്യാധുനിക കാഴ്ചകളാണ് ഒരുക്കിയിരുന്നത്. ഓട്ടോമാറ്റിക്, കംപ്യൂട്ടറൈഡ്സ് എന്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന യന്ത്രങ്ങൾ വരെ വസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് എക്സ്പോയിലുണ്ട്. വാക്വം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അയൺ ബോക്സുകൾ നിമിഷങ്ങൾക്കകം ജോലി തീർക്കും. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഇത്തരം അയൺ ബോക്സുകൾ പ്രോത്സാഹിപ്പിക്കുന്നില്ല. ഉയർന്ന ചെലവാണ് കാരണം. 55,000 രൂപ തൊട്ട് വിലവരുന്ന ഇവ ഗാർമെന്റ്സ് സംരംഭങ്ങളെയാണ് ലക്ഷ്യമിടുന്നത്. മികച്ച പ്രതികരണമാണ് ഇവയ്ക്കെല്ലാം ലഭിക്കുന്നതെന്ന് ഉൽപാദകർ പറയുന്നു. കൂടാതെ നവീന തയ്യൽ മെഷീനുകൾ എക്സിബിഷൻ കാണാനെത്തുന്നവരുടെ ഹൃദയം കവരും. അതിവേഗത്തിൽ, കൃത്യതയോടെ നിർദ്ദേശാനുസൃതം തയ്യൽ തീർക്കുന്ന തരം മെഷീനുകളാണ് പ്രദർശനത്തിലുള്ളത്. എംബ്രോയിഡറി, കോളർ, കഫ് എന്നിവയുടെയെല്ലാം സമ്മേളനം സൂക്ഷ്മമായി അതിവേഗം ഇവ തീർക്കും. പല ഡിസൈനുകളും തത്സമയം കംപ്യൂട്ടർ സ്ക്രീനിൽ കണ്ട് തെരഞ്ഞെടുക്കാനും അവസരമുണ്ട്. പല വിധത്തിലും എംബ്രോയിഡറി ചെയ്യാവുന്ന മെഷീനുകൾ ലഭ്യമാണ്. ബീഡുകൾ ഉൾപ്പെടെ മെഷീനിലേക്ക് ഇട്ടു കൊടുത്തു പ്രോഗ്രാം ചെയ്താൽ അതിനനുസൃതം അവ തുന്നിവരും. കത്രിക മുതൽ തയ്യലുമായി ബന്ധപ്പെട്ട എന്തും ലഭ്യമായിരുന്ന തയ്യൽ യന്ത്ര സ്റ്റോളുകളിൽ ലക്ഷ്യമിട്ടത് വ്യവസായോൻമുഖ ഗാർമെന്റ് കടകളെയും സ്ഥാപനങ്ങളെയുമാണ്.

കരുത്തിന്റെ പ്രതീകമായി ക്രെയിനുകളുടെ സാന്നിധ്യം എക്സ്പോയിൽ ഇത്തവണയും ഉായിരുന്നു. എക്സ്പോ വേദിയുടെ മുൻവശത്തു തന്നെ സ്ഥാപിച്ചിരുന്നതിൽ ആർട്ടിക്കുലേറ്റഡ് ഉൾപ്പെടെ ക്രെയിനുകൾ കാണാം. ഒരാളെ കയറ്റി 22 മീറ്റർ വരെ ഉയരത്തിൽ എത്തുന്ന പല വിധത്തിലുള്ളവയാണ് ആർട്ടിക്കുലേറ്റഡ് ക്രെയിനുകൾ. 12 ടൺ വരെ ഭാരം വഹിക്കാൻ ഇവയ്ക്കാവും. മറ്റൊരു ഹെവി മെഷീനറി ഗണത്തിൽ കാനകളും ഓടകളും വൃത്തിയാക്കാൻ സഹായകമായ യന്ത്രങ്ങളാണ്. ഇവയുടെ കുഴൽഭാഗങ്ങൾ കാനയുടെ ഉള്ളിലേക്ക് ചെന്ന് നിർദ്ദേശാനുസൃതം മാലിന്യങ്ങൾ വലിച്ചെടുക്കും. ഇവ കൂടാതെ വ്യത്യസ്ത വ്യവസായിക ആവശ്യങ്ങൾ നിറവേറ്റുന്ന ട്രക്കിൽ ഉറപ്പിച്ച ഹൈഡ്രോളിക് ക്രെയിനുകളും എക്സ്പോയുടെ ആകർഷകമായിരുന്നു. മാർബിൾ, കല്ലുകൾ, തടികൾ മുതലായവയൊക്കെ കയറ്റിറക്കു ചെയ്യാനും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നീക്കാനും ഇവ പ്രയോജനപ്പെടും.ഇന്ത്യയിൽ നിർമ്മിച്ചവയാണെന്നതാണ് ഈ ക്രെയിനുകളുടെ എല്ലാം സവിശേഷത.

 

മെഷീനറി എക്സ്പോയിൽ
10 കോടി രൂപയുടെ വില്പനയും
50 കോടിയുടെ ഓർഡറുകളും

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഏഴാമത് മെഷീനറി എക്സ്പോയിൽ ലഭിച്ചത് 50 കോടി രൂപയുടെ ഓർഡറുകൾ. ഇതിൽ 675 എണ്ണം സുനിശ്ചിത ഓർഡറുകളാണ്.10.58 കോടി രൂപയുടെ നേരിട്ടുള്ള വിൽപന എക്സിബിഷനിൽ നടന്നു. 13,968 അന്വേഷണങ്ങളുണ്ടായി. സെപ്തംബർ 20 മുതൽ 23 വരെ നടന്ന എക്സ്പോയിലേതാണ് ഈ മികവുറ്റ കണക്കുകൾ. കഴിഞ്ഞ മേളയുമായി താരതമ്യം ചെയ്യുമ്പോൾ 4 കോടിയോളം രൂപയുടെ അധിക ഓർഡറുകളാണ് ഇത്തവണ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുള്ളത്. നാല് ദിവസമായി എക്സിബിഷൻ സെന്ററിൽ നടന്ന പ്രദർശനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 40,000 ൽ അധികം പേരാണ് സന്ദർശകാരായെത്തിയത്. എക്കാലത്തേയും മികച്ച റെക്കോർഡാണ് ഏഴാമത് എക്സ്പോയിലേതെന്ന് ജനറൽ കൺവീനർ നജീബ് പി എ പറഞ്ഞു. 233 സ്റ്റാളുകളിലായി നടന്ന എക്സിബിഷനിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും പ്രാതിനിധ്യമുണ്ടായി. പ്രിൻടെക് എഞ്ചിനീയേഴ്സ് തിരുവനന്തപുരം, ഡൈനോ ക്രെയിൻസ് ഉടമകളായ മാളവിക എഞ്ചിനീയറിംഗ് വർക്ക്സ് കോട്ടയം എന്നിവയ്ക്കു ലഭിച്ച കരാറുകളുടെ കൈമാറ്റവും സമാപന ചടങ്ങുമായി അനുബന്ധിച്ച് നടക്കുകയുണ്ടായി. എക്സ്പോയിലെ മികച്ച സ്റ്റാളിനുള്ള പുരസ്കാരം കവോൺ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചു. ലിവേജ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് മികച്ച രണ്ടാമത്തേയും പ്രിൻടെക് എഞ്ചിനീയേഴ്സ് മൂന്നാമത്തെയും സ്ഥാനം സ്വന്തമാക്കി.

വൈകീട്ട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എക്സിബിറ്റർമാർക്കും പങ്കാളികൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി എ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക ഐഎഎസ് മുഖ്യ പ്രഭാഷണവും, കെഎസ്എസ്ഐഎ എറണാകുളം ജില്ലാ പ്രസിഡന്റ് ടോം തോമസ് പ്രത്യേക പ്രഭാഷണവും നടത്തി. കളമശ്ശേരി ഡെവലപ്മെന്റ് പ്ലോട്ട് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് ഒ എ നിസ്സാം, എടയാർ ഡെവലപ്മെന്റ് ഏരിയ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് വി. നരേന്ദ്ര കുമാർ, അങ്കമാലി ഡെവലപ്മെന്റ് പ്ലോട്ട് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് മുസ്തഫ പി.കെ, ആലുവ ഡെവലപ്മെന്റ് ഏരിയ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് പി. എം മുസ്തഫ, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു, പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബെനഡിക്ട് വില്യം ജോൺസ്, കീഡ് സിഇഒ സജി എസ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ പ്രേംരാജ് പി എന്നിവർ സംസാരിച്ചു. തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഷീബ എസ് സ്വാഗതവും എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അനീഷ് മാനുവൽ നന്ദിയും രേഖപ്പെടുത്തി.