ലൈസൻസിംഗ് ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിച്ച് സർക്കാർ
റ്റി. എസ്. ചന്ദ്രൻ
കേരളത്തിലെ 80 ശതമാനം വ്യവസായികളും
ഇനി പഞ്ചായത്ത് ലൈസൻസ് എടുക്കേണ്ടി വരില്ല.
കേരളത്തിലെ വ്യവസായികൾ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് ലൈസൻസിംഗ് സംവിധാനം ലളിതമാക്കുക എന്നത്. അത്തരത്തിൽ നിരവധി പരിഷ്കാരങ്ങൾ സംസ്ഥാന സർക്കാർ കൊണ്ടുവന്നു. 2018-ലെ കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട്, 2019 -ലെ കേരള എം എസ് എം ഇ ഫെസിലിറ്റേഷൻ ആക്ട് തുടങ്ങിയവയെല്ലാം മികച്ച നിയമപരിഷ്കാരങ്ങൾ ആയിരുന്നു. എന്നാൽ ഇതിലൊന്നും തന്നെ പഞ്ചായത്തുകളുടെ ലൈസൻസിംഗ് അധികാരം എടുത്തു കളഞ്ഞിരുന്നില്ല. കേരളത്തിലെ വ്യവസായികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് പഞ്ചായത്തുകളുടെ ലൈസൻസിന് അധികാരങ്ങൾ എടുത്തു കളയണം എന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഒന്നും തന്നെ വ്യവസായങ്ങൾ തുടങ്ങുന്നതിനു പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി മാത്രം മതിയാകും. ഇത്തരത്തിലുള്ള ഒരു ആവശ്യം പരിഗണിക്കുന്നതിന്റെ ആദ്യപടിയായി ഇപ്പോഴത്തെ പഞ്ചായത്ത് രാജ് ചട്ടങ്ങളുടെ പരിഷ്കരണത്തെ കാണാവുന്നതാണ്. മുനിസിപ്പൽ ചട്ടങ്ങൾ ഇതേ രീതിയിൽ പരിഷ്കരിക്കുമെന്നും വിജ്ഞാപനം ഇറക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് പ്രസ്താവിച്ചിട്ടുണ്ട്.
കേരളം സംരംഭ സൗഹൃദം ആക്കാൻ ഉദ്ദേശിച്ചുള്ള പഞ്ചായത്ത് രാജ് ചട്ട ഭേദഗതി ആഗസ്റ്റ് – 18 ന് പുറത്തിറങ്ങി. അതിലെ പ്രധാന സവിശേഷതകൾ ആദ്യം പരിശോധിക്കാം.
സംരംഭങ്ങൾക്ക് ഇനി രണ്ട് കാറ്റഗറി മാത്രം
സംരംഭങ്ങളെ നിർമ്മാണ സംരംഭങ്ങൾ എന്നും സേവന / കച്ചവട സംരംഭങ്ങൾ എന്നും രണ്ട് കാറ്റഗറിയായി തിരിച്ചിരിക്കുന്നു. കാറ്റഗറി ഒന്നിൽ വരുന്നത് നിർമ്മാണ സംരംഭങ്ങളാണ്. രണ്ടിൽ വ്യാപാര/ സേവന സംരംഭങ്ങളും. ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസുകളും അനുമതികളും നൽകും.
പഞ്ചായത്ത് ലൈസൻസ് വേണ്ട
പഞ്ചായത്ത് രാജ് ചട്ട ഭേദഗതിയിലെ ഒരു സുപ്രധാന വ്യവസ്ഥയാണ് ഇത്. കാറ്റഗറി ഒന്നിൽ വരുന്നതും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി) വൈറ്റ്, ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുന്നതുമായ സംരംഭങ്ങൾക്ക് ഇനിമേൽ പഞ്ചായത്ത് ലൈസൻസ് ആവശ്യമില്ല. അതിനു പകരം രജിസ്ട്രേഷൻ എടുത്താൽ മതിയാകും. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന സംരംഭങ്ങളിൽ 80 ശതമാനം ഗ്രീൻ / വൈറ്റ് കാറ്റഗറിയിൽ വരുന്നവയാണ് എന്നതിനാൽ ബഹുഭൂരിപക്ഷം സംരംഭകർക്കും ഇത് ഗുണം ചെയ്യും.
ഓറഞ്ച്, റെഡ് കാറ്റഗറി സംരംഭങ്ങൾ 20% ത്തിൽ താഴെ മാത്രമേ സംസ്ഥാനത്ത് ഉണ്ടാകുന്നുള്ളൂ. എന്നാൽ റെഡ്, ഓറഞ്ച് എന്നീ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമാണ്. കാറ്റഗറി രണ്ടിൽ വരുന്ന വ്യാപാര വാണിജ്യ യൂണിറ്റുകൾ ലൈസൻസ് എടുക്കേണ്ടിവരും.
വീടുകളിൽ തുടങ്ങാം വ്യവസായങ്ങൾ
വീടുകളിൽ വ്യവസായം തുടങ്ങുന്നതിനും നടത്തുന്നതിനും ഈ നിയമത്തിൽ പ്രത്യേക പരിഗണന നൽകിയിരിക്കുന്നു. നിയമപരമായ എല്ലാ പ്രവർത്തികൾക്കും ലൈസൻസ് നൽകുന്നതിനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. മൂലധന നിക്ഷേപം 10 ലക്ഷത്തിൽ അധികരിക്കാത്തതും 5 HP അധികരിക്കാത്ത യന്ത്രങ്ങൾ ഉപയോഗിക്കുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർവചനത്തിൽ വൈറ്റ്, ഗ്രീൻ കാറ്റഗറിയിൽ പെടുന്നതും ആയ സംരംഭങ്ങൾ ഇനിമേൽ വീടുകളിൽ തന്നെ പ്രവർത്തിപ്പിക്കാം. ആൾ താമസമുള്ള വീടുകളിലെ 50% വരെ സ്ഥലവും താമസമില്ലാത്ത വീടുകളിൽ ആണെങ്കിൽ 100% സ്ഥലവും സംരംഭങ്ങൾക്കായി വിനിയോഗിക്കാം. ചെറിയ സംരംഭകരെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായ ഒരു തീരുമാനമാണ് ഇത്.
5 ദിവസത്തിനകം ലൈസൻസ്
ലൈസൻസിന് അപേക്ഷിച്ചു കഴിഞ്ഞാൽ അതിൽ കുറവുകൾ ഉണ്ട് എങ്കിൽ ഉടൻ തന്നെ സംരംഭകനെ അറിയിക്കണം. അപേക്ഷ സ്വീകരിച്ച് 5 ദിവസത്തിനകം കാറ്റഗറി രണ്ട് പ്രകാരമുള്ള ലൈസൻസുകളും 30 ദിവസത്തിനുള്ളിൽ കാറ്റഗറി 1 പ്രകാരമുള്ള ലൈസൻസും നൽകിയിരിക്കണം. ഇപ്രകാരം നൽകിയില്ലെങ്കിൽ ഏത് ആവശ്യത്തിനാണോ അപേക്ഷിച്ചത് പ്രസ്തുത ലൈസൻസ് നൽകിയതായി കണക്കാക്കി കല്പിത ലൈസൻസ് നൽകുന്നതാണ്.
സർക്കാർ വ്യവസായ എസ്റ്റേറ്റുകൾ
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് ഇനിമേൽ പഞ്ചായത്തിന്റെ ലൈസൻസോ അനുമതിയോ എടുക്കേണ്ടതില്ല. എന്നിരുന്നാലും നിശ്ചിതമായിട്ടുള്ള ഫീസ് അടച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ലൈസൻസ് ഫീസ് നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തി മാത്രം പരിഷ്കരിച്ച ചട്ടത്തോടനുബന്ധിച്ച് ചേർത്തിട്ടുള്ള പട്ടിക പ്രകാരം ഫീസ് എല്ലാവരും നൽകണം. നിക്ഷേപത്തിൽ കെട്ടിടം, ഭൂമി എന്നിവയുടെ വില കണക്കാക്കുന്നില്ല. മെഷിനറികൾ, ഉപകരണങ്ങൾ മറ്റു സ്ഥിര നിക്ഷേപങ്ങൾ എന്നിവയായിരിക്കും പരിഗണിക്കുക.
നിയമവിധേയമായി എല്ലാ പ്രവർത്തികൾക്കും ലൈസൻസ്.
ഓൺലൈൻ സംരംഭങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, ട്യൂഷൻ സെൻററുകൾ, കൺസൾട്ടൻസി സർവീസുകൾ അടക്കമുള്ള പ്രവർത്തികൾക്ക് ലൈസൻസ് നൽകാൻ വകുപ്പില്ലായിരുന്നു. എന്നാൽ നിയമപരമായി നടത്തുന്ന എല്ലാത്തരം സംരംഭങ്ങൾക്കും ഇനിമേൽ പഞ്ചായത്ത് ലൈസൻസ് ലഭിക്കും. ഇത് ഇല്ലാത്തതിന്റെ പേരിൽ ലോൺ, ഗ്രാൻഡുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇനി തടസ്സപ്പെടുകയില്ല ഇനിമുതൽ. മൊബൈൽ സർവീസുകൾ, മൊബൈൽ റസ്റ്റോറന്റുകൾ, ഹൗസ് ബോട്ടുകൾ ഇരുചക്ര / മുചക്ര വാഹനങ്ങളിൽ നടത്തുന്ന മിനി സംരംഭങ്ങൾ തുടങ്ങിയവയ്ക്കെല്ലാം തന്നെ ലൈസൻസ് നൽകുന്നതിന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
ലൈസൻസുകളുടെ കാലാവധി അഞ്ചുവർഷം
ലൈസൻസുകൾ പരമാവധി അഞ്ചുവർഷത്തേക്ക് നൽകും. എന്നാൽ ലൈസൻസ് എടുക്കുന്നതിനു വേണ്ട ഏതെങ്കിലും ഒരു അനുമതിയുടെ കാലാവധി അവസാനിക്കുന്ന തീയതിക്കു വിധേയമായിട്ടാകും ഇത് അനുവദിക്കുക. ലൈസൻസുകൾ പുതുക്കുന്നതും എളുപ്പമാക്കി. സ്വയം സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് സമർപ്പിച്ച്, ഫീസ് അടച്ചാൽ പുതുക്കാനുള്ള സൗകര്യവും ഉണ്ടാകും. അതുപോലെതന്നെ സ്ഥാപനത്തിന്റെ പ്രവർത്തി മാറുന്നില്ലെങ്കിൽ സംരംഭം കൈമാറ്റം ചെയ്യുന്ന വ്യക്തിക്കും ഉടമസ്ഥനെ മാറ്റി ലൈസൻസ് പുതുക്കി പോരാം. അതുപോലെ ഒന്നിലധികം പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും ആയതിനും ലൈസൻസ് ലഭിക്കും. ലൈസൻസ് കാലാവധിക്കകത്ത് തന്നെ ഇത്തരം പ്രവർത്തികൾ കൂട്ടിച്ചേർക്കാനും കഴിയും. അതുപോലെ തന്നെ വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകളിലും നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നു. അപേക്ഷ നിരസിച്ചാൽ അപേക്ഷകൻ അടച്ച ഫീസ് തിരികെ നൽകാനും വ്യവസ്ഥ ചെയ്യുന്നു. ഒന്നിൽ കൂടുതൽ പഞ്ചായത്തുകളിൽ പ്രവർത്തനം വരുന്നുവെങ്കിൽ മുഖ്യപ്രവർത്തനം നടത്തുന്ന പഞ്ചായത്തിൽ ലൈസൻസ് എടുത്താൽ മതിയാകും. അല്ലെങ്കിൽ മുഖ്യ ഓഫീസ്/ കേന്ദ്രം ഉണ്ടെങ്കിൽ അത് പ്രവർത്തിക്കുന്ന പഞ്ചായത്തിലും ലൈസൻസ് എടുക്കാം.
അപ്പീൽ അധികാരം
പഞ്ചായത്ത് സെക്രട്ടറി എടുക്കുന്ന തീരുമാനങ്ങളിൽ അതൃപ്തി ഉള്ള പക്ഷം അപ്പീൽ നൽകുന്നതിന് പ്രത്യേകമായ ഒരു സംവിധാനം ഉണ്ടാകുമെന്ന് നിയമത്തിൽ പറഞ്ഞിരിക്കുന്നു. ജില്ലാതലത്തിൽ തന്നെ ഇതിന് ആവശ്യമായ ഒരു സംവിധാനം കൊണ്ടുവരാനാണ് വ്യവസ്ഥ. ഇത് നിലവിൽ ഇല്ലാത്ത ഒരു സൗകര്യമാണ്.
നൽകേണ്ട രേഖകൾ കുറയ്ക്കുന്നു
സംരംഭം നടത്തുന്ന സ്ഥലത്തിന്റെ കൈവശരേഖ മാത്രമാണ് രണ്ടു വിഭാഗം സംരംഭകരും ഒരു പോലെ ഹാജരാക്കേണ്ടത്. എന്നാൽ കാറ്റഗറി ഒന്നിൽ അനുമതിക്കായി പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതിപത്രം കൂടി (ബാധകമായ സംഗതികളിൽ) ഹാജരാക്കണം. മറ്റ് അനുമതികൾ സംരംഭകർ സൂക്ഷിച്ചാൽ മതിയാകും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നൽകേണ്ടതില്ല. നൽകേണ്ട രേഖകൾ കുറയ്ക്കുന്നു എന്നു മാത്രമല്ല വ്യക്തമായി വേണ്ട രേഖകൾ സംബന്ധിച്ച് ലിസ്റ്റ് ചെയ്ത് പറയുന്നു എന്നുള്ളത് കൂടിയാണ് നേട്ടം.
ലൈസൻസിംഗ് രംഗത്ത് വന്ന പരിഷ്കാരങ്ങൾ സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ വളർന്നുവരുന്നതിന് തീർച്ചയായും പ്രോത്സാഹനമാണ്. ഇനിയും കുറെയേറെ കാര്യങ്ങൾ ഈ രംഗത്ത് പരിഷ്കരിക്കേണ്ടത് ഉണ്ട്. അത്തരത്തിലുള്ള മറ്റൊരു ചുവടുവെപ്പായി പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ ഭേദഗതിയെ കാണാവുന്നതാണ്.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ
