മാർക്കറ്റിംഗ് ചെസ്സ് ബോർഡിലെ മൂന്ന് കരുക്കൾ

ഡോ. സുധീർ ബാബു

ഫാസ്റ്റ് ഫോളോവർ (Fast Follower)

നിങ്ങൾ ഓട്ടമത്സരത്തിൽ പങ്കെടുക്കുകയാണ്. ഓട്ടമത്സരം ആരംഭിച്ചപ്പോൾ തുടക്കത്തിൽ തന്നെ നിങ്ങൾക്കൊരു പിഴവു പറ്റി. എതിരാളികൾ നിങ്ങൾക്ക് മുൻപേ കുതിച്ചു കഴിഞ്ഞു. എന്നാൽ നിങ്ങൾ വിട്ടുകൊടുക്കുന്നില്ല. സർവ്വശക്തിയും സമാഹരിച്ച് നിങ്ങൾ ഓടുന്നു. മത്സരത്തിന്റെ അവസാനം എതിരാളികളെ പിന്നിലാക്കി നിങ്ങൾ വിജയം നേടുന്നു.

നിങ്ങൾ വിജയിക്കുന്നതോടെ തുടക്കം പിഴച്ചത് പഴങ്കഥയാകുന്നു. ഇവിടെ ഫിനിഷിംഗ് പോയിന്റിനാണ് പ്രാമുഖ്യം. ആര് വേഗതയിൽ ഓടുന്നു, വിജയിക്കുന്നു. വിപണിയിലും ഇതു തന്നെ മുഖ്യം. സ്റ്റാർട്ടപ്പായ ഓവർച്യുർ (Overture) ആണ് വിപണിയിൽ ആദ്യം പേ പെർ ക്ലിക്ക് (Pay per Click) പരസ്യ തന്ത്രം അവതരിപ്പിച്ചത്. ഈ തന്ത്രം ഏറ്റവും വേഗത്തിൽ പിന്തുടർന്നത് ഗൂഗിൾ ആയിരുന്നു. ഇന്ന് ഗൂഗിളിന്റെ പരസ്യ വരുമാനത്തിൽ സിംഹഭാഗവും പേ പെർ ക്ലിക്കിൽ നിന്നാണ്. ഈ മാർഗ്ഗം വിപണിയിലേക്ക് കൊണ്ടുവന്ന ഓവർച്യുറിനെ യാഹൂ (Yahoo) പിന്നീട് ഏറ്റെടുത്തു.

നിങ്ങൾ ഉൽപ്പന്നത്തെ വിപണിയിലേക്ക് ആദ്യം അവതരിപ്പിക്കുന്ന സംരംഭകനാകണമെന്നില്ല. വിപണിയിലുള്ള ഉൽപ്പന്നത്തെയോ സേവനത്തെയോ നിരീക്ഷിച്ച് അതിനെക്കാൾ മികച്ച ഒന്ന് നിങ്ങൾക്ക് വിപണിയിലേക്ക് നൽകുവാൻ സാധിച്ചാൽ ചിലപ്പോൾ ആദ്യം വിപണിയിലേക്ക് കടന്നുവന്നവരെക്കാൾ വേഗതയിൽ വിപണി കീഴടക്കാൻ നിങ്ങൾക്ക് സാധിക്കും.

ലോകത്ത് ആദ്യമായി സ്മാർട്ട് ഫോൺ വിപണിയിലേക്ക് കൊണ്ടുവന്നത് ആപ്പിൾ (Apple) അല്ല. ആദ്യത്തെ മ്യൂസിക് പ്ലെയർ ഐ പോഡ് (iPod) അല്ല. ഐ മാക് (iMac) ആദ്യത്തെ പേർസണൽ കമ്പ്യൂട്ടർ അല്ല. എന്നാൽ മുൻപേ വന്നവരെക്കാൾ ബഹുദൂരം മുന്നിലേക്ക് കുതിക്കാൻ ആപ്പിളിന് സാധിച്ചു. മറ്റ് നിർമ്മാതാക്കൾ നൽകിയ ഉൽപ്പന്നങ്ങളെക്കാൾ മികച്ചതും പ്രിയപ്പെട്ടതുമായ ഉൽപ്പന്നങ്ങൾ ആപ്പിൾ ഉപഭോക്താക്കൾക്ക് നൽകി.

വിപണിയിലേക്ക് ആദ്യം അവതരിപ്പിക്കപ്പെടുന്ന ഉൽപ്പന്നങ്ങൾക്ക് First Mover നേട്ടങ്ങൾ ലഭിക്കുമെങ്കിലും അതിനൊപ്പം ചില കോട്ടങ്ങളുമുണ്ട്. ഉപഭോക്താക്കളുടെ യഥാർത്ഥത്തിലുള്ള അഭിരുചികളും ഉൽപ്പന്നത്തിന്റെ പ്രശ്നങ്ങളും അവർ കൃത്യമായി മനസ്സിലായിരിക്കണമെന്നില്ല. വിപണിയിലേക്ക് ചുവടുവെയ്ക്കുന്ന ഉൽപ്പന്നം അതിന്റെ എല്ലാവിധമായ റിസ്കും അഭിമുഖീകരിക്കുന്നുണ്ട്. ഉപഭോക്താക്കളിൽ ഉൽപ്പന്നത്തിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക തന്നെ വലിയൊരു പ്രയത്നമാണ്. First Mover യഥാർത്ഥത്തിൽ വിപണിയെ തയ്യാറെടുപ്പിക്കുന്നു.

വിപണിയിലേക്ക് ഉൽപ്പന്നം ആദ്യമായി അവതരിപ്പിക്കുന്ന കമ്പനി (First Mover) പണിയെടുത്ത് സൃഷ്ടിച്ച ആവശ്യകത മുതലെടുക്കുകയാണ് ഫാസ്റ്റ് ഫോളോവർ (Fast follower) ചെയ്യുന്നത്. ഇവിടെ ഉപഭോക്താക്കളിൽ അവബോധം ആദ്യത്തെ കമ്പനി വളർത്തിക്കഴിഞ്ഞു. ഫാസ്റ്റ് ഫോളോവർക്ക് കൂടുതൽ മികച്ച ഉൽപ്പന്നം വിപണിയിലേക്ക് നൽകുക എന്ന ജോലി മാത്രമാണ് നിർവ്വഹിക്കുവാനുള്ളത്. ആദ്യത്തെ കമ്പനി വഴി വെട്ടിയിരിക്കുന്നു. ഇനി വരുന്നവർക്ക് അതിലൂടെ പായാം.

ആദ്യത്തെ ഉൽപ്പന്നത്തിന്റെ കോട്ടങ്ങൾ മുഴുവൻ പഠിച്ച് കൂടുതൽ മികവുറ്റ ഉൽപ്പന്നം വിപണിയിലേക്ക് നൽകാൻ ഫാസ്റ്റ് ഫോളോവർക്ക് സാധിക്കും. ഇത് വിപണിയിലെ വിജയസാധ്യത വർദ്ധിപ്പിക്കും. ഓൺലൈൻ വിദ്യാഭ്യാസത്തിൽ ആദ്യത്തെ ആപ്ലിക്കേഷൻ തീർച്ചയായും ബൈജൂസ് (Byju’s) അല്ല. മുന്നിൽ വന്നവർ നിലം ഒരുക്കുന്നു. ഫാസ്റ്റ് ഫോളോവർ വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നു.

ഫാസ്റ്റ് ഫോളോവർ (Fast Follower) തന്ത്രം പിന്തുടരുമ്പോൾ ആദ്യം വന്നവർക്കൊപ്പമോ അവരെക്കാൾ അധികമോ ശക്തി നിങ്ങൾക്കുണ്ടാവണം. ഉൽപ്പന്നത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുവാനും സമയം പാഴാക്കാതെ വിപണിയിലേക്ക് കടന്നുവരാനും കഴിഞ്ഞാൽ മാത്രമേ ഈ തന്ത്രം കൊണ്ട് പ്രയോജനമുള്ളൂ. ഉൽപ്പന്നത്തെ വെറുതെ പകർത്തിയത് കൊണ്ടുമാത്രം കാര്യമില്ലെന്നർത്ഥം. ഇവിടെ എതിരാളിയുടെ ദൗർബല്യങ്ങൾ പഠിച്ച് അതിവേഗം പ്രവർത്തിക്കുവാൻ സാധിക്കണം.

പ്രൈസ് ഡിസ്പ്ലേ (Price Display)

ഇത് രസകരമായി തോന്നും. ഉൽപ്പന്നങ്ങളുടെ വില പ്രദർശിപ്പിക്കുമ്പോൾ എന്തെങ്കിലും ശ്രദ്ധിക്കണം എന്ന് നിങ്ങൾക്ക് ഇതുവരെ തോന്നിയിട്ടേയില്ല. അതിനും ഒരു തന്ത്രം (Strategy) സ്വീകരിക്കേണ്ടതുണ്ടോ?, തീർച്ചയായും വേണം. എന്താണെന്നു വെച്ചാൽ കസ്റ്റമറുടെ മനശാസ്ത്രം (Customer Psychology) സങ്കീർണമാണ്. അതറിഞ്ഞ് വേണം ഉൽപ്പന്നങ്ങളുടെ വില ഉപഭോക്താക്കളുടെ മുന്നിൽ പ്രദർശിപ്പിക്കുവാൻ.

നാം സംസാരിക്കുന്നത് ഉൽപ്പന്നങ്ങളുടെ വില നിർണ്ണയമേയല്ല. മറിച്ച് നിർണ്ണയിച്ച വിലയുടെ പ്രദർശനമാണ് (Display). വില നിർണ്ണയം (Pricing) പോലെ തന്നെ പ്രധാനമാണ് ആ വില ഉപഭോക്താവിന് മുന്നിൽ പ്രദർശിപ്പിക്കുന്നത്. നിങ്ങളൊരു വസ്ത്രശാലയിൽ കയറുന്നു. അതാ മുന്നിൽ മനോഹരമായ ഒരു ഡ്രസ്സ്. നിങ്ങളതിന്റെ പ്രൈസ് ടാഗ് നോക്കുന്നു. വിലയെഴുതിയിരിക്കുന്നത് ഇങ്ങിനെയാണ് ? 999.00. പെട്ടെന്ന് നിങ്ങൾക്ക് ആ വസ്ത്രത്തിൻറെ വില വളരെ കൂടുതലായി തോന്നുന്നു.

എന്തുകൊണ്ട് വില കൂടുതലായി അനുഭവപ്പെട്ടു? വിലയുടെ മുന്നിലുള്ള രൂപയുടെ ചിഹ്നം പിന്നെ വാലറ്റത്തുള്ള ദശാംശവും പൂജ്യങ്ങളും. എല്ലാം കൂടി വിലയുടെ നീളം വർദ്ധിപ്പിച്ചു. ഇത് വില കൂടുതലായി അനുഭവപ്പെടാൻ ഇടയാക്കി. ആ വില ? 999 എന്നോ 999 എന്നോ മാത്രം കൊടുത്തിരുന്നുവെങ്കിൽ നിങ്ങൾക്ക് വിലക്കൂടുതൽ എന്ന ചിന്ത ഉളവാകുകയേ ഉണ്ടാകുമായിരുന്നില്ല. വില കാണുമ്പോൾ ഉപഭോക്താവിൽ ഉടലെടുക്കുന്ന ആദ്യ ചിന്തയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അതായിരിക്കും ഉൽപ്പന്നം വാങ്ങണോ വേണ്ടയോ എന്ന തീരുമാനം അവരെക്കൊണ്ട് എടുപ്പിക്കുന്നത്.

പ്രൈസ് ടാഗിൽ ഒരിക്കലും പ്രൈസ് മാത്രമല്ല എഴുതിയിരിക്കുന്നത്. ഉൽപ്പന്നത്തിന്റെ വിവരങ്ങളും ഉൽപ്പാദിപ്പിക്കുന്ന കമ്പനിയെക്കുറിച്ചുമുള്ള വിവരങ്ങളുമൊക്കെ അതിലുണ്ടാകും. അതിനിടയിൽ വളരെ ചെറിയ അക്കങ്ങളിലായിരിക്കും വില രേഖപ്പെടുത്തിയിട്ടുണ്ടാവുക. അല്ലാതെ വില കസ്റ്റമർ ശരിക്കും കണ്ടോട്ടെ എന്ന രീതിയിൽ വളരെ വലുപ്പത്തിൽ കൊടുക്കാറില്ല. അതായത് വില എഴുതുന്ന Font size പോലും ശ്രദ്ധിക്കേണ്ടതുണ്ട്.

വിലയെഴുതുമ്പോൾ കൂടുതൽ വലുപ്പം നൽകിയാൽ ആ വില കൂടുതലാണ് എന്ന തോന്നൽ ഉപഭോക്താക്കൾക്ക് ഉണ്ടാകും. വില പ്രദർശിപ്പിക്കുമ്പോൾ അനാവശ്യ വലുപ്പവും അലങ്കാരങ്ങളും ഒഴിവാക്കുന്നത് ഉൽപ്പന്നങ്ങൾ വേഗം വിറ്റുപോകാൻ സഹായകരമാകും. എഴുത്തിന്റെ നീളവും വലുപ്പവും ഉപഭോക്താവിനെ സ്വാധീനിക്കും. ചിഹ്നങ്ങളും അലങ്കാരങ്ങളും തൊങ്ങലുമൊക്കെ വിലയിൽ കൂട്ടിച്ചേർക്കുമ്പോൾ വില വായിക്കുവാൻ ഉപഭോക്താവിന് കൂടുതൽ സമയം വേണ്ടി വരുന്നു. നീളം കൂടുതലുള്ള വില കൂടുതലായും നീളം കുറവുള്ള വില കുറവായും ഉപഭോക്താവിന്റെ മനസ്സ് വായിക്കുന്നു.

റസ്റ്റോറന്റ് മെനു ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. എത്ര ലളിതമായാണ് വിലകൾ അതിൽ എഴുതിയിരിക്കുന്നതെന്ന് നോക്കൂ. അനാവശ്യ നീളമില്ല, വലുപ്പമില്ല. അലങ്കാരങ്ങളുടെ മോടികൾ കൂടാതെ വില എഴുതിയിരിക്കുന്നു. വിലയിൽ ചിഹ്നങ്ങളും കുത്തുകളും പൈസയുമൊക്കെ കാണിച്ച് ഒരിക്കലും മെനുവിനെ സങ്കീർണ്ണമാക്കുന്നില്ല. അത് ലളിതമാണ്. മനസ്സിനെ ചിന്താക്കുഴപ്പത്തിലാക്കുവാൻ അതൊരിക്കലും ശ്രമിക്കുന്നില്ല.

ഫാൻസി വിലകൾ കാണുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ അവ എഴുതുന്നത് ഒരു പ്രത്യേക രീതിയിലായിരിക്കും. ‘1.99” എന്ന് എഴുതുമ്പോൾ 1 നേക്കാൾ അല്പം വലുപ്പം കുറവായിരിക്കും ‘.99” ന്. അതായത് ഇങ്ങിനെ 1.99. ഉപഭോക്താവിന്റെ ശ്രദ്ധ ആദ്യം പോകുന്നത് വലുപ്പം കൂടിയ ഒന്നിലേക്കായിരിക്കും. ഇത് അവരുടെ തീരുമാനത്തെ സ്വാധീനിക്കും.

വിലയിടുമ്പോൾ മാത്രമല്ല സംരംഭകൻ ശ്രദ്ധിക്കേണ്ടത് അവ ഉപഭോക്താക്കൾക്ക് മുന്നിൽ എങ്ങിനെ പ്രദർശിപ്പിക്കണം എന്നുകൂടി പഠിച്ചിരിക്കണം. വില ആകർഷകമെങ്കിലും അവയുടെ പ്രദർശനം പാളിയാലോ? അതുകൊണ്ട് സൂക്ഷ്മതയോടെയാവട്ടെ വിലയുടെ പ്രദർശനവും.

പരസ്യ തന്ത്രങ്ങൾ (Advertisement Strategies)

നിങ്ങൾ ടെലിവിഷനിൽ ജ്വല്ലറിയുടെ പരസ്യം കാണുകയാണ്. കല്യാണത്തിന്റെ ആഘോഷം പൊടിപൊടിക്കുന്നു. കുടുംബവും ബന്ധുജനങ്ങളും സുഹൃത്തുക്കളും ആഘോഷത്തിമർപ്പിലാണ്. വധു സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായിരിക്കുന്നു. എങ്ങും ആഹ്ളാദത്തിന്റെ നിറഞ്ഞ ചിരി. അതിനിടയിൽ അതാ വധുവും അച്ഛനും തമ്മിലുള്ള വൈകാരികമായ നിമിഷങ്ങൾ. നിങ്ങളും വികാരാധീനനാകുന്നു. നിങ്ങളുടെ കണ്ണുകളും നിറയുന്നു. ആനന്ദവും കണ്ണുനീരും കൂടിക്കലരുന്നു.

അടുത്തത് ചിക്കൻ മസാലയുടെ പരസ്യമാണ്. അമ്മ അടുക്കളയിൽ തിരക്കിട്ട് പാചകം ചെയ്യുന്നു. ചിക്കൻ മസാല കറിയിൽ ചേർക്കുന്നു. അതിന്റെ കൊതിപ്പിക്കുന്ന ഗന്ധം അവിടമാകെ പരന്നൊഴുകുന്നു. ഊണു മേശയ്ക്കു ചുറ്റും കുടുംബം കാത്തിരിക്കുകയാണ്. അമ്മ ചിക്കൻ കറി വിളമ്പുന്നു. ഓരോരുത്തരും കറി രുചിക്കുകയും അതിഗംഭീരമെന്ന് അമ്മയെ അഭിനന്ദിക്കുകയും ചെയ്യുന്നു. തലമുറകളായി ചിക്കൻ കറി പാചകം ചെയ്യുമ്പോഴുള്ള അതേ സ്വാദ് തന്നെയെന്ന് അമ്മ ബ്രാൻഡിനെ സാക്ഷ്യപ്പെടുത്തുന്നു.

നിങ്ങളുടെ കൺമുന്നിലൂടെ കടന്നു പോകുന്ന ഓരോ പരസ്യവും ശ്രദ്ധിക്കുക. എത്രയോ ഉൽപ്പന്നങ്ങൾ കുടുംബം (Family) എന്ന കോൺസെപ്റ്റിനെയാണ് പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വൈകാരികമായ നിമിഷങ്ങൾ ആ പരസ്യം കാണുന്ന ഓരോരുത്തരുടേയും ഹൃദയത്തെ ഉൽപ്പന്നവുമായി ബന്ധിപ്പിക്കുന്നു. അമ്മൂമ്മ കൊച്ചുമകളുടെ മുടി ചീകി അതിൽ സ്നേഹപൂർവ്വം ഹെയർ ഓയിൽ പുരട്ടുകയാണ്. ഈ പരസ്യം കാണുമ്പോൾ ആ ബ്രാൻഡുമായി വൈകാരികമായ ഒരു ബന്ധം പ്രേക്ഷകന് ഉടലെടുക്കുന്നില്ലേ?

ഭാരതത്തിന്റെ സംസ്കാരം കുടുംബ ബന്ധങ്ങളിൽ ഊന്നിയതാണ്. ഇത് അതിവിദഗ്ധമായി ഉൽപ്പന്നങ്ങളെ മാർക്കറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു. അച്ഛൻ ഇലക്ട്രിസിറ്റി ബിൽ അടക്കാത്തതിന് മകനോട്കയർക്കുന്നു. മകൻ ഫോണെടുക്കുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ബില്ലടയ്ക്കുന്നു. അച്ഛന്റെ കണ്ണുതള്ളുന്നു. അമ്മ ഒരു ചെറു പുഞ്ചിരിയോടെ ഇതൊക്കെ കണ്ടിരിക്കുന്നു. രണ്ട് തലമുറകളും കാലവും മാറ്റവും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവുമൊക്കെ ഈ പരസ്യത്തിലൂടെ തെളിയുന്നു.

ഒരു ഭാരതീയന്റെ ദിവസം ആരംഭിക്കുന്നതു തന്നെ അടുപ്പിൽ പാലുകാച്ചിക്കൊണ്ടാണ്. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് രാവിലത്തെ തിളച്ച പാല്. കെല്ലോഗ്സ് ബ്രേക്ക്ഫാസ്റ്റ് സെറിയൽ ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ ചൂട് പാലിനൊപ്പം കഴിക്കാൻ പറ്റുന്ന പ്രഭാത ഭക്ഷണം എന്നതായി മാറി അവരുടെ പരസ്യം. അത്തരത്തിൽ ഒരു പരസ്യം ലോകത്ത് മറ്റെവിടെയെങ്കിലും കാണാൻ കഴിയുമോ? സംശയമാണ്. ഉൽപ്പന്നം വിൽക്കുന്ന സ്ഥലത്തെ സംസ്കാരങ്ങൾ, ആചാരങ്ങൾ, ആഘോഷങ്ങൾ എന്നിവയൊക്കെ പരസ്യങ്ങളെ സ്വാധീനിക്കും.

പരസ്യ തന്ത്രങ്ങൾ (Advertisement Strategies) വെറുതെ മെനഞ്ഞെടുക്കുന്നതല്ലെന്നർത്ഥം. എന്താണ് പരസ്യത്തിലൂടെ പറയേണ്ടത്? എങ്ങിനെയാണത് പറയേണ്ടത്? എവിടെയാണത് പറയേണ്ടത്? എന്നതൊക്കെ കൃത്യമായി പഠിച്ച് പ്ലാൻ ചെയ്താണ് ഓരോ പരസ്യവും തയ്യാറാക്കേണ്ടത്. അതതു നാട്ടിലെ സംസ്കാരത്തിനനുസൃതമായി, ആരെയാണോ ലക്ഷ്യം വെക്കുന്നത്, എന്താണോ സംവദിക്കാൻ ഉദ്ദേശിക്കുന്നത് ഇതൊക്കെ സൂക്ഷ്മമായി നിറവേറ്റേണ്ട കടമ പരസ്യത്തിനുണ്ട്.

ക്ലോസപ്പ് (Closeup) ബ്രാൻഡിനെ കുറിച്ചോർക്കുമ്പോൾ ചെറുപ്പക്കാരുടെ മനോഹരമായ പുഞ്ചിരി നിങ്ങൾക്കുള്ളിലേക്ക് കടന്നു വരുന്നു. സൺറൈസ് നിങ്ങളിൽ കുടുംബത്തിന്റെ കുളിർമ്മ സൃഷ്ടിക്കുന്നു. സർഫ് എക്സൽ ഒരു കുട്ടിയേയും അമ്മയേയും നിങ്ങളുടെ ഹൃദയത്തിലേക്ക് എടുത്തുവെക്കുന്നു. ലക്സ് വിവിധ സെലിബ്രിറ്റികളുടെ മുഖങ്ങൾ മനസിലേക്ക് കടത്തി വിടുന്നു. ഓരോ പരസ്യത്തിനും കൃത്യമായ ലക്ഷ്യമില്ലേ? നിങ്ങൾ ചിന്തിക്കൂ.

 

നിങ്ങളുടെ ഉൽപ്പന്നത്തെ വെറുതെ പരിചയപ്പെടുത്തുകയല്ല പരസ്യത്തിന്റെ ലക്ഷ്യം. ഒരു പരസ്യത്തിനു തന്നെ പലവിധ ദൗത്യങ്ങളുണ്ട്. ദീർഘ കാലയളവിൽ ഉൽപ്പന്നത്തിന്റെ വ്യക്തിത്വം പരുവപ്പെടുത്തുക പരസ്യത്തിന്റെ കടമയാണ്. പരസ്യ തന്ത്രങ്ങൾ ഉൽപ്പന്നം വിൽക്കാനും അതിനൊപ്പം മികച്ചൊരു ബ്രാൻഡ് സൃഷ്ടിക്കാനും ഉതകുന്നതാവണം.