വ്യത്യസ്തരാകുവാനും കൂടുതൽ പണം നേടാനും മൂന്ന് തന്ത്രങ്ങൾ
ഡോ. സുധീർ ബാബു
സെൽഫ് സർവീസ് (Self Service)
നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ടിക്കറ്റ് കൗണ്ടറിൽ നല്ല തിരക്കുണ്ട്. ട്രെയിൻ ഇപ്പോഴെത്തും. ക്യൂ നിന്ന് ടിക്കറ്റ് എടുക്കുവാനുള്ള സമയമില്ല. നിങ്ങൾ നേരെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിംഗ് മെഷീനിന്റെ (ATVM) അരികിലേക്ക് ചെല്ലുന്നു. സ്വയം ടിക്കറ്റ് എടുക്കുന്നു. പ്ലാറ്റ്ഫോമിലേക്ക് പായുന്നു.
ഇവിടെ ആരും നിങ്ങളെ സഹായിക്കുന്നില്ല. നിങ്ങൾ തന്നെ ടിക്കറ്റ് എടുത്തു. ക്യൂ നിന്ന് വിലപ്പെട്ട സമയം പാഴായില്ല. റെയിൽവേയുടെ ഒരു ഉദ്യോഗസ്ഥനും നിങ്ങൾക്ക് ടിക്കറ്റ് നൽകാനായി സമയമോ ശ്രമമോ വിനിയോഗിച്ചില്ല. നിങ്ങൾക്കാവശ്യമുള്ളത് നിങ്ങൾ തന്നെ കണ്ടെത്തി. ഒരു എ ടി എമ്മിൽ നിന്നും പണമെടുക്കുന്നത് പോലെ നിസ്സാരമായി നിങ്ങളത് ചെയ്തു. പണമെടുക്കാൻ ബാങ്കിൽ പോകേണ്ട, ക്യൂ നിൽക്കേണ്ട നിങ്ങൾ സ്വയം സേവിക്കുന്നു, സ്വയം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു.
നിങ്ങളുടെ ബിസിനസിൽ പെട്ടെന്ന് സപ്ലയർക്ക് പണം നൽകണം. നിങ്ങൾ ചെക്ക് എഴുതി അതുമായി ബാങ്കിൽ ചെന്ന് സമയം കളയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. പകരം നിങ്ങൾ സപ്ലയർക്ക് പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യുന്നു. ഇരുന്നിടത്തു നിന്ന് അനങ്ങാതെ നിങ്ങൾ ആ പണം നൽകിക്കഴിഞ്ഞു. കസ്റ്റമർക്ക് ബാങ്കിലേക്ക് വരാതെ തന്നെ ഇടപാടുകൾ നടത്താനുള്ള സൗകര്യം ബാങ്ക് ഒരുക്കിയിരിക്കുന്നു. രണ്ടു കൂട്ടർക്കും പണവും സമയവും ലാഭം.
ബിസിനസുകൾ തങ്ങളുടെ ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണ് (Empowerment) സെൽഫ് സർവീസിലൂടെ ചെയ്യുന്നത്. ഉപഭോക്താക്കളെ അവരുടെ പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം തേടാൻ പ്രാപ്തരാക്കുന്നു. ഇന്നിപ്പോൾ ഒരു ഉൽപ്പന്നം വാങ്ങിക്കുക എത്ര എളുപ്പമായിരിക്കുന്നു. വെബ്സൈറ്റിൽ കയറുക, ഉൽപ്പന്നം ഓർഡർ ചെയ്യുക, ഓൺലൈനായി പണം നൽകുക. നിമിഷങ്ങൾക്കുള്ളിൽ ഇടപാടുകൾ കഴിയുന്നു. ഉപഭോക്താവ് കൂടുതൽ സംതൃപ്തനും സന്തോഷവാനുമായിത്തീരുന്നു. ഉപഭോക്താവിനെ സ്വീകരിക്കുവാനും ഉൽപ്പന്നങ്ങളെക്കുറിച്ച് വിശദീകരിക്കുവാനും വിൽപ്പന നടത്തുവാനും ജീവനക്കാരുടെ ആവശ്യമില്ല. ഉപഭോക്താവ് തന്നെ ആവശ്യമുള്ളത് തിരഞ്ഞെടുക്കുന്നു, ഓർഡർ ചെയ്യുന്നു, പണമടക്കുന്നു. സാങ്കേതികതയുടെ (Technology) കാലഘട്ടത്തിൽ സെൽഫ് സർവീസ് (Self Service) ശക്തമായ ബിസിനസ് തന്ത്രമായി മാറുന്നു.
നിങ്ങൾ മാളിലെ ഫുഡ് കോർട്ടിൽ കയറുന്നു. മെനു നോക്കി ഭക്ഷണം തിരഞ്ഞെടുത്ത് ഓർഡർ ചെയ്യുന്നു, പണമടക്കുന്നു. നിങ്ങൾക്ക് ഒരു ടോക്കൺ (Token) ലഭിക്കുന്നു. അതുമായി നിങ്ങൾ കാത്തിരിക്കുന്നു. അതാ നിങ്ങളുടെ ഭക്ഷണം തയ്യാറായിക്കഴിഞ്ഞു. നിങ്ങൾ കൗണ്ടറിൽ പോയി ഭക്ഷണം എടുക്കുന്നു. ഇവിടെ നിങ്ങളെ സഹായിക്കുവാൻ ആരുമില്ല. നിങ്ങൾ തന്നെ ഭക്ഷണം എടുക്കണം. ഇത്തരം സെൽഫ് സർവീസ് നിങ്ങൾ തീർച്ചയായും അനുഭവിച്ചിട്ടുണ്ടാകും.
ബിസിനസിലെ പ്രക്രിയകൾ ഉപഭോക്താക്കൾക്ക് സ്വയം സേവിക്കുവാൻ സാധ്യമായ തരത്തിൽ ചിട്ടപ്പെടുത്തുവാൻ കഴിഞ്ഞാൽ ബിസിനസുകൾക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കും. സാങ്കേതിക വിദ്യയുടെ വളർച്ച ഇന്ന് ബിസിനസിൽ ഇത്തരം പ്രവൃത്തികളെ കൂടുതൽ എളുപ്പത്തിൽ ഉൾക്കൊള്ളിക്കുവാൻ സഹായിക്കുന്നു. ഒരു ബിസിനസിന് വെബ്സൈറ്റിൽ കൂടിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വളരെ വേഗത്തിൽ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുവാൻ സാധിക്കും. ഉപഭോക്താക്കൾ തന്നെ സ്വയം സേവിക്കുന്നു. ഇതുവഴി ബിസിനസുകൾ പണവും സമയവും ലാഭിക്കുന്നു. കൂടുതൽ ഉപഭോക്താക്കളെ കുറഞ്ഞ സമയം കൊണ്ട് സേവിക്കുവാൻ സാധിക്കുന്നു. ബിസിനസിലെ ലാഭം വർദ്ധിക്കുകയും ചെയ്യുന്നു.
സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക. ഉപഭോക്താക്കൾക്ക് സ്വയം ഇടപെടാൻ, സ്വയം സേവിക്കുവാൻ അവസരങ്ങൾ സൃഷ്ടിക്കുക. അവർ സ്വയം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. കാലം കടന്നുപോകവേ ബിസിനസിന്റെ കാര്യക്ഷമത കൂടും. ബിസിനസിന്റെ വിപുലീകരണത്തിന് സെൽഫ് സർവീസ് (self Service) എന്ന തന്ത്രം ശക്തി പകരും.
സബ്സ്ക്രിപ്ഷൻ മോഡൽ (Subscription Model)
സൗന്ദര്യം നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. മേക്കപ്പ് സാമഗ്രികൾ തിരഞ്ഞെടുക്കുവാനും വാങ്ങിക്കുവാനും നിങ്ങൾ ധാരാളം സമയവും പണവും ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ മേക്കപ്പ് സാമഗ്രികൾ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിയാലോ? അതിൽപ്പരം സന്തോഷം വേറെയുണ്ടോ?.
ബിർച്ച് ബോക്സ് (Birch Box) ആവശ്യമുള്ള മേക്കപ്പ് സാമഗ്രികൾ നിങ്ങളുടെ കൈകളിൽ എത്തിക്കും. മാസം ചെറിയൊരു തുക തുടർച്ചയായി മുടക്കി ബിർച്ച് ബോക്സിന്റെ വരിക്കാരനായാൽ (subscriber) മതി. ഇഷ്ടമുള്ള ബ്രാൻഡ് തിരഞ്ഞെടുക്കാം. ഒരു മാസം, മൂന്ന് മാസം, പന്ത്രണ്ട് മാസം തുടങ്ങിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ലഭ്യമാണ്. ഒരു ബ്രാൻഡിലും ആസക്തി തോന്നേണ്ടതില്ല. മികച്ചവ പരീക്ഷിക്കാം. തിരഞ്ഞെടുക്കാൻ കൈനിറയെ ബ്രാൻഡുകളുണ്ട്. പർച്ചേസിന്റെ മറ്റൊരു ആസ്വാദന തലവും ഇതിലൂടെ കണ്ടെത്താം.
ബിർച്ച് ബോക്സിന്റെ കാലടികൾ അതേപോലെ പിന്തുടർന്ന മറ്റു ബിസിനസുകളുണ്ട്. ഡോളർ ഷേവ് ക്ലബ് (Dollar Shave Club) വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് റേസറുകൾ തുടർച്ചയായി അയച്ചു കൊടുക്കുന്നു. ബ്ലൂ ഏപ്രൺ (Blue Apron) ദിവസവും മൂന്നരലക്ഷം ഭക്ഷണപ്പൊതികൾ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നു. സബ്സ്ക്രിപ്ഷൻ മോഡൽ (Subscription Model) കൃത്യമായ, സുരക്ഷിതമായ വരുമാനം ബിസിനസുകൾക്ക് ഉറപ്പു വരുത്തുന്നു.
നിങ്ങളുടെ ബിസിനസിന് ഒരു സോഫ്റ്റ് വെയർ വേണം. എന്നാൽ മുഴുവൻ വില കൊടുത്ത് അത് വാങ്ങി ഉപയോഗിക്കുവാനുള്ള സാമ്പത്തിക സ്ഥിതി നിങ്ങൾക്കില്ല. ബിസിനസിന്റെ പ്രവർത്തനങ്ങൾക്ക് അത് അനിവാര്യമാണ് താനും. എന്തുചെയ്യും? അതെ നിങ്ങളെ സഹായിക്കാൻ സോഫ്റ്റ് വെയർ കമ്പനികൾ തയ്യാറാണ്. അവരുടെ സോഫ്റ്റ് വെയർ വരിക്കാരനായാൽ മാത്രം മതി. മാസം ചെറിയൊരു തുക ചെലവഴിക്കുക. സോഫ്റ്റ് വെയർ ഉപയോഗിക്കുക. അത് വാങ്ങാൻ തുക ഒരുമിച്ച് മുടക്കേണ്ടതില്ല. എന്നാൽ നിങ്ങളുടെ ആവശ്യം സാധിക്കുകയും ചെയ്യും.
ഒരൊറ്റ തവണ മാത്രം വാങ്ങുന്ന ഉപഭോക്താക്കളെയല്ല സബ്സ്ക്രിപ്ഷൻ മോഡൽ ലക്ഷ്യം വെയ്ക്കുന്നത്. ഉപഭോക്താക്കളെ തുടർച്ചയായി ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുകയാണ് ഈ തന്ത്രത്തിലൂടെ നടപ്പിലാക്കുന്നത്. സബ്സ്ക്രിപ്ഷൻ മോഡൽ നിരന്തരമായ ഉപയോഗം ഉറപ്പു വരുത്തുന്നു. ദീർഘകാലത്തേക്കുള്ള വരുമാനം കൂടി ഇതിലൂടെ ലഭ്യമാകുന്നു.
നിങ്ങൾക്ക് സിനിമ ഇഷ്ടമാണ്. ധാരാളം സിനിമകൾ നിങ്ങൾ കാണുന്നു. അതിനായി പണം മുടക്കുന്നു. മാസം നല്ലൊരു തുക തന്നെ ഇതിനായി ചെലവാകുന്നു. എന്നാൽ ഓരോ സിനിമയ്ക്കും പണം മുടക്കുന്നതിന് പകരം സിനിമ നിരന്തരം കാണാൻ സാധ്യമാകുന്ന ഒരു പ്ലാറ്റ്ഫോം വാടകക്കെടുത്താലോ? ചെറിയൊരു തുക മുടക്കിയാൽ മതി. വ്യത്യസ്ത ഭാഷകളിലെ എത്ര സിനിമ വേണമെങ്കിലും കാണാം. പുതിയതായി ഇറങ്ങുന്ന ചിത്രങ്ങൾ ചൂടോടെ ആസ്വദിക്കാം. ഇത്തരമൊരു ഓഫർ എങ്ങിനെ ആകർഷിക്കാതിരിക്കും. നിങ്ങൾ നെറ്റ്ഫ്ലിക്സിന്റെയോ (Netflix) ആമസോൺ പ്രൈമിന്റെയോ (Amazon Prime) സബ്സ്ക്രിപ്ഷൻ എടുക്കുന്നു. അവയുടെ ദീർഘകാല വരിക്കാരനായി മാറുന്നു.
നിങ്ങൾക്ക് കാർ ആവശ്യമുള്ളപ്പോൾ മാസവരിക്ക് (Monthly Subscription) കാർ ലഭ്യമായാലോ? അല്ലെങ്കിലൊരു ഫ്ളൈറ്റ് ആയാലോ? തമാശയല്ല സബ്സ്ക്രിപ്ഷൻ മോഡൽ (Subscription Model) മറ്റ് മേഖലകളിലേക്കും കടന്നു വരികയാണ്. നിങ്ങളുടെ ബിസിനസിലും ഇത് പ്രാവർത്തികമാക്കുവാൻ സാധിക്കുമോ? ചിന്തിക്കുന്നതിൽ തെറ്റില്ല. ഉപഭോക്താക്കൾ നിങ്ങളെ ദീർഘകാലം ആശ്രയിക്കും, തുടർച്ചയായ വരുമാനം ലഭ്യമാകും. ഉൽപ്പന്നമാവട്ടെ സേവനമാവട്ടെ സബ്സ്ക്രിപ്ഷൻ മോഡൽ പരീക്ഷിക്കാം. ബിസിനസിനെ മറ്റൊരു തലത്തിലേക്ക് മാറ്റുവാൻ ഈ തന്ത്രത്തിന് സാധിക്കും.
പ്രീമിയമൈസേഷൻ (Premiumsation)
ആർട്ടിസനൽ ഭക്ഷണം (Artisanal Foods) വിളമ്പുന്ന റസ്റ്റോറന്റുകൾ നിങ്ങൾ കണ്ടിരിക്കാം. അതായത് വളരെ കുറഞ്ഞ അളവിൽ അതീവ ശ്രദ്ധയോടെ മികച്ച ഗുണമേന്മയോടെ കൃഷി ചെയ്തെടുക്കുന്നവയെയാണ് Artisanal Foods എന്ന് വിളിക്കുന്നത്. ചില വിശിഷ്ടങ്ങളായ ഇടങ്ങളിൽ പ്രത്യേക പരിസ്ഥിതികളിൽ കൃഷി ചെയ്യുന്ന ഇത്തരം ഉൽപ്പന്നങ്ങൾ അപൂർവ്വങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് പ്രീമിയം വിലയുമാണ് റസ്റ്റോറന്റുകൾ ഈടാക്കുന്നത്.
ബാഗ്രിസ് (Bagrry’s) ഓട്സ് (Oats) വിപണിയിൽ ഇറക്കാൻ ആലോചിക്കുന്നു. വിപണി ആകെ താറുമാറായി കിടക്കുകയാണ്. ധാരാളം എതിരാളികൾ, ധാരാളം ഉൽപ്പന്നങ്ങൾ, മത്സരം വളരെ കടുപ്പമേറിയതാണ്. സാധാരണ ഓട്സുമായി വിപണിയിലേക്കിറങ്ങിയാൽ നിലം തൊടില്ല. അതുകൊണ്ട് അവർ കളി മാറ്റാൻ തീരുമാനിച്ചു. വിലകൂടിയ ചില സുഗന്ധവ്യഞ്ജനങ്ങളും (Spices) ഒലിവ് ഓയിലും അവർ തങ്ങളുടെ ഓട്സിനൊപ്പം കൂട്ടിച്ചേർത്തു. സാധാരണ ഓട്സിൻറെ വിലയുടെ ഇരട്ടിയാണ് ഈ ഉൽപ്പന്നത്തിൻറെ വില. പ്രീമിയം വിലയുമായി വന്ന വ്യത്യസ്തമായ ഈ ഉൽപ്പന്നം വിപണിയിൽ ഹിറ്റായി മാറി.
ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്ക് പ്രീമിയം വില നൽകാൻ ഉപഭോക്താക്കൾ തയ്യാറാകും. സാധാരണ നിലവാരം പുലർത്തുന്ന ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വില ഈടാക്കുന്ന കൊമോഡറ്റെസേഷൻറെ (Commoditization) നേരെ വിപരീതമാണ് ഈ തന്ത്രം. ഇവിടെ ഉൽപ്പന്നത്തിൻറെ മേന്മ (Quality) സമാനതകളില്ലാത്തതാണ്. മേന്മയിൽ അതീവ താൽപ്പര്യം പുലർത്തുന്ന ഉപഭോക്താക്കൾ ഉയർന്ന വില നൽകാൻ തയ്യാറാകുന്നു. പ്രീമിയമൈസേഷൻ (Premiumisation) വിപണിയിലെ മത്സരത്തെ മറികടക്കുവാൻ ബിസിനസുകൾക്ക് വഴിയൊരുക്കുന്നു.
Zandu എന്ന ബ്രാൻഡിന്റെ പതിവ് ചവനപ്രാശത്തിന്റെ വില 250 രൂപയാണ്. അവരുടെ Sona Chandi ചവനപ്രാശത്തിന്റെ വില 340 രൂപയും. പതിവ് ചവനപ്രാശത്തെക്കാൾ അൽപ്പം കൂടുതൽ. കാരണം അതിൽ 32 മില്ലിഗ്രാം സിൽവർ ഫോയിലും 0.06 മില്ലിഗ്രാം സ്വർണ്ണവും അടങ്ങിയിരിക്കുന്നു. എന്നാൽ അവരുടെ തന്നെ മറ്റൊരു ചവനപ്രാശമാണ് Zandu Kesari Jivan അതിന്റെ വില 740 രൂപയാകുന്നു. മറ്റുള്ളവയെക്കാൾ ഇരട്ടിയിൽ കൂടുതൽ. കാരണമെന്താണെന്നോ അതിൽ 0.2 ഗ്രാം കുങ്കുമപ്പൂവും (Saffron) 0.1 ഗ്രാം ഏലക്കയും ചേർത്തിരിക്കുന്നു. സാധാരണ ചവനപ്രാശത്തിന്റെ കൂടെ ചില ആകർഷകങ്ങളായ ചേരുവകൾ (Ingredients) കൂട്ടിച്ചേർത്തപ്പോൾ അത് പ്രീമിയം ഉൽപ്പന്നമായി മാറി, ഒപ്പം പ്രീമിയം വിലയും.
വിപണിയിൽ ഒരു പ്രത്യേക ബ്രാൻഡിന്റെ 100000 കാറുകൾക്ക് ഡിമാൻഡ് ഉണ്ടെന്ന് കരുതുക. അവർ 10000 എണ്ണം മാത്രം ഉൽപ്പാദിപ്പിക്കുകയും പ്രീമിയം വില ഈടാക്കിക്കൊണ്ട് വിപണിയിലേക്കിറക്കുകയും ചെയ്യുന്നു. ഇവിടെ ഉപഭോക്താവിന്റെ ആവശ്യകതയെ ബുദ്ധിപരമായി ഉപയോഗിച്ചു കൊണ്ട് ഉയർന്ന വില ചുമത്തുവാൻ കമ്പനിക്ക് സാധിക്കുന്നു. പ്രീമിയമൈസേഷൻ അവസരങ്ങൾ അനുസരിച്ചും നടപ്പിൽ വരുത്താൻ കഴിയുന്നു.
ചില സ്ഥലങ്ങൾ (Locations) തന്നെ പ്രീമിയമൈസേഷന് സഹായകരമാകും. ഒരു ആഡംബര (Posh) ലൊക്കേഷനിലുള്ള ബിസിനസിനോടുള്ള ഉപഭോക്താക്കളുടെ സമീപനം വ്യത്യസ്തമായിരിക്കും. അവിടെ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ഗുണമേന്മ അവർ പ്രതീക്ഷിക്കുന്നു. അതിനൊപ്പം തന്നെ പ്രീമിയം വില നൽകാനും അവർ തയ്യാറാകുന്നു. അത്തരമൊരു ലൊക്കേഷനിൽ സ്ഥിതിചെയ്യുന്ന ബിസിനസുകൾക്കും ബ്രാൻഡുകൾക്കും ഒരു പ്രീമിയം പരിവേഷം ലഭിക്കുന്നു.
പ്രശസ്തനായ ഒരു ഫാഷൻ ഡിസൈനർ ഡിസൈൻ ചെയ്ത ഡ്രസ്സ് ഒരിക്കലും കുറഞ്ഞ വിലയ്ക്ക് വിൽക്കപ്പെടുന്നില്ല. ആ വസ്ത്രത്തിന്റെ മേന്മയ്ക്കും ഡിസൈനും ഉപഭോക്താക്കൾ വലിയ മൂല്യം കൽപ്പിക്കുന്നു. പ്രീമിയം വില ഈടാക്കാൻ ഇത് ആ ഫാഷൻ ഡിസൈനറെ സഹായിക്കുന്നു. ഉൽപ്പന്നത്തിൻറെ മേന്മ (Quality) ഉയർത്തുക അതിനൊപ്പം വിലയും. നിങ്ങളുടെ ഉൽപ്പന്നം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാവട്ടെ.