ഉയരെ കേരളം…


ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി

കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് വലിയ ഊർജ്ജം പകരുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് സംഘടിപ്പിച്ചു. ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, കേന്ദ്രമന്തിമാർ, കേരളത്തിലെ വ്യവസായ പ്രമുഖർ ഉൾപ്പടെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഇത് ഒരു വലിയ തുടക്കമാണ്. 1,52,905 കോടി രൂപയുടെ നിക്ഷേപതാൽപര്യമാണ് രണ്ട് ദിവസം കൊണ്ട് ഈ ഉച്ചകോടിയിലൂടെ കണ്ടെത്താനായത്. ഇനി ഈ നിക്ഷേപതാൽപര്യങ്ങളെ നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുള്ള പരിശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുക. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭ്യമായ എല്ലാ താൽപര്യപത്രങ്ങളെയും താമസംവിനാ വിലയിരുത്തി, ഉടൻ ആരംഭിക്കാൻ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളിൽ ആരംഭിക്കാൻ സാധിക്കുന്നത് എന്നിങ്ങനെ തരം തിരിക്കും.

വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രോജക്ടുകളിൽ 50 കോടിക്ക് താഴെയുള്ള സംരംഭങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ ടീമിനെ രൂപീകരിച്ച് സൂക്ഷ്മ പരിശോധന നടത്തും. 50 കോടിക്ക് മുകളിലുള്ളവയുടെ നോഡൽ ഓഫീസറായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറർ പ്രവർത്തിക്കും. ഇവയെ ഏഴ് മേഖലകളാക്കി തിരിച്ച് വിഗദ്ധരുടെ അഭിപ്രായ സമന്വയത്തോടുകൂടി ഏകോപിപ്പിച്ച് യാഥാർത്ഥ്യമാക്കുന്നതിനുള്ള പരിശ്രമം ഞങ്ങൾ നടത്തും. പ്രോജക്റ്റുമായി ബന്ധപ്പെട്ട അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറി തലത്തിൽ സെക്രട്ടറി തല കമ്മിറ്റി രൂപീകരിച്ച് ധ്രുതഗതിയിൽ നടപ്പിലാക്കും. നിയമപരമായി നടത്താൻ സാധിക്കുന്ന എല്ലാ താൽപര്യപത്രങ്ങളും എത്രയും പെട്ടെന്ന് തന്നെപ്രായോഗികമാക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. പ്രായോഗികമായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ പ്രിൻസിപ്പൽ സെക്രട്ടറി തലത്തിലും, മന്ത്രി തലത്തിലും വിലയിരുത്തി പരിഹരിക്കും.

കേരളം വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ഇനിയും വേഗത്തിൽ സുതാര്യമായിത്തന്നെ കുതിക്കാൻ കേരളത്തിനെ ഞങ്ങൾ പ്രാപ്തമാക്കും. ജനങ്ങൾക്ക് കൂടി വിവരങ്ങൾ ലഭ്യമാക്കി സുതാര്യമായിത്തന്നെ നമ്മുടെ വികസനം തുടരും. വരും തലമുറയ്ക്ക് ഈ നാട്ടിൽ തന്നെ മികച്ച ജോലി ലഭ്യമാക്കുമെന്ന ഉറപ്പ് കൂടി പാലിക്കുന്നതിനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ദ്വിദിന ഉച്ചകോടിയിൽ ആഗോള വ്യവസായ പ്രമുഖർ, ആസൂത്രകർ, നയരൂപകർത്താക്കൾ, സംരംഭകർ, നിക്ഷപകർ തുടങ്ങിയവർ ഉൾപ്പടെ 3000 പ്രതിനിധികൾ പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാർ ഉൾപ്പടെ 26 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നു. നിക്ഷേപ സമൂഹത്തിന് ആത്മവിശ്വാസം നൽകാനും, സംസ്ഥാനത്ത് കൂടുതൽ നിക്ഷേപവും, തൊഴിലവസരവും സാധ്യമാക്കുകയുമാണ് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് ഈ മുന്നേറ്റം തുടരാനും കേരളത്തെ ഇന്ത്യയുടെ ഹൈടെക് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനും പരിശ്രമിക്കാം.