സസ്‌റ്റൈനബിൾ സ്റ്റാർട്ടപ്പ് മോഡൽ സംരംഭകത്വത്തിന് ഒരു പുതിയ മാതൃക

ആഷിക്ക് കെ.പി

സംരംഭകത്വത്തിന് ഒരു പുതിയ മാറ്റം കുറിച്ചുകൊണ്ട് ഒരു പുതിയ ബിസിനസ് മോഡൽ  ത്വരിതഗതിയിലും ലാഭകരമായും ലോകമാകെ വ്യത്യസ്ഥ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകിക്കൊണ്ട് വളർന്നുകൊണ്ടിരിക്കുന്നു. സസ്റ്റൈനബിൾ സ്റ്റാർട്ടപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ഈ സംരംഭകത്വ മാതൃക പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ മൂന്നു പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് മുന്നേറുകയും  സംരംഭകത്വ മേഖലയിൽ ഏറെ അവസരങ്ങൾ സൃഷ്ടിക്കുകയും  ആകർഷണീയമാക്കി  മാറ്റുകയും ചെയ്യുന്നു. വർദ്ധിച്ചുവരുന്ന ബിസിനസ് മേഖലകളിൽ പ്രത്യേകിച്ച്  സംരംഭകത്വ മേഖലയിൽ വിപണി സാധ്യതകൾ ഏറെ ഉള്ള ഉത്തരവാദിത്വ ബിസിനസ് രൂപമായും നവീനവൽകൃത സംരംഭകത്വ ആശയമായും ലോകത്തിലെ വിവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന  ഇത്തരം ബിസിനസ് മോഡലുകൾ  വളരെ ആകർഷകവും അനുകരണീയവുമാണ്.

എന്താണ്  സസ്‌റ്റൈനബിൾ  സ്റ്റാർട്ടപ്പ് മോഡലുകൾ ?

സാമ്പത്തിക ഉന്നമനത്തിനപ്പുറം അല്ലെങ്കിൽ ലാഭം എന്ന ഏക ലക്ഷ്യത്തിനപ്പുറം ദീർഘകാല പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്ന പദ്ധതിയാക്കി മാറ്റി  അതിലൂടെ സാമ്പത്തിക നേട്ടവും  സുസ്ഥിരതയും  കൈവരിക്കാൻ കഴിയുന്ന  സംരംഭങ്ങളായി മാറുകയാണ് ഇത്തരം  സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനങ്ങളിലൂടെ   ലക്ഷ്യമാക്കുന്നത്.

ലോകം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും അവ ഉത്തരവാദിത്വത്തോട് കൂടി പരിഹരിക്കാനുള്ള ബിസിനസ് മോഡലുകളായി പരിണമിക്കുകയും ചെയ്യുക എന്നതാണ് ഇവയുടെ പ്രധാനപ്പെട്ട ലക്ഷ്യം. അതിലൂടെ സാമ്പത്തിക ഉന്നമനം കരസ്ഥമാക്കുന്ന ബിസിനസ് രൂപങ്ങളായി മാറുമ്പോൾ അതിന് മാറുന്ന ലോകത്തിൽ വലിയ ആകർഷകത്വവും സാധ്യതയുമാണ് ഉണ്ടാവാൻ പോകുന്നത്.  പരിസ്ഥിതി അനുയോജ്യ സംരംഭങ്ങളായും  നവീനവൽകൃത ഉത്പന്നങ്ങൾ ഉണ്ടാക്കിയും  പാരിസ്ഥിതിക അനുയോജ്യ സേവനങ്ങൾ നൽകിയും ഇത്തരം ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും ഗ്രീൻ  സാങ്കേതിക വിദ്യകളായി രൂപാന്തരപ്പെടുത്തിയും സംരംഭകത്വത്തിന് മാതൃകയാകുന്ന നൂതനമായ രീതിയാണ് ഇവ.  അത് ഉൽപ്പന്നമായോ  സേവനമായോ അല്ലെങ്കിൽ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്ന മേഖലയായോ  കണക്കാക്കാവുന്നതാണ്.

പീപ്പിൾ, പ്ലാനറ്റ്, പ്രോഫിറ്റ്, എന്ന മൂന്ന് അടിസ്ഥാന തത്വങ്ങളിൽ ആണ് സസ്‌റ്റൈനബിൾ സംരംഭകത്വ മോഡലുകൾ പ്രവർത്തിക്കുന്നത്. പരമ്പരാഗത സ്റ്റാർട്ടപ്പുകളിൽ നിന്നും വ്യത്യസ്തമായി ദീർഘകാലത്തേക്കുള്ള കാഴ്ചപ്പാടാണ് ഈ മോഡലുകൾക്ക് ഉള്ളത്. പരമ്പരാഗത സംരംഭകത്വം പെട്ടെന്ന് തന്നെ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഇവ ദീർഘകാല ലക്ഷ്യം വച്ചുകൊണ്ട് എല്ലാ ഗുണഭോക്താക്കൾക്കും അതായത് തൊഴിലാളികൾ, ഉപഭോക്താക്കൾ, സമൂഹം, പ്രമോട്ടർമാർ എന്നിവരെയൊക്കെ ഒരേ പോലെ വളരാനും ഉയരാനും ലാഭകരമായ ഒരു സംവിധാനത്തിന്റെ ഭാഗമാകാനും ലക്ഷ്യം വയ്ക്കുന്ന സംരഭകത്വ രൂപങ്ങളായാണ് പ്രവർത്തിക്കുന്നത്.

സസ്റ്റൈനബിൾ സംരംഭകത്വ മോഡലുകൾ എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു എന്നതിന് ധാരാളം ഘടകങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും

ഒന്ന്  അവ നാം നേരിടുന്ന പലതരം പാരിസ്ഥിതിക പ്രശ്‌നങ്ങളെയും  അഭിമുഖീകരിക്കുകയും പരിഹരിക്കുകയും ചെയ്യും എന്നുള്ളത് തന്നെയാണ്. ഉദാഹരണത്തിന് നാം നേരിടുന്ന മിക്ക പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും പ്രധാനപ്പെട്ട കാരണം പരമ്പരാഗത ഊർജസ്രോതസ്സുകളുടെ അമിതമായ ഉപയോഗം തന്നെയാണ്. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗവും അതിനനുസരിച്ചിട്ടുള്ള ഉൽപ്പന്നങ്ങളും തന്നെയാണ് കാർബൺ അളവ് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാനും ഉള്ള പ്രധാനപ്പെട്ട മാർഗം. പരിസ്ഥിതിക്കിണങ്ങുന്ന ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും അതിനുള്ള മാർക്കറ്റ് കണ്ടെത്തുകയും ചെയ്യുന്ന ബിസിനസ് മോഡലുകൾക്ക് സാമ്പത്തിക ലാഭത്തിന് അപ്പുറം വലിയ ഭാവിയാണ്  ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ശങ്കിച്ചുകൊണ്ട് ആരംഭിച്ച ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ന് നമ്മുടെ നഗരങ്ങളെ എത്രവേഗം കീഴ്‌പ്പെടുത്തി എന്നുള്ളതും അവ സമാനഗതിയിലുള്ള ഒട്ടനവധി സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു എന്നുള്ളതും ഇതിന് ഉദാഹരണമാണ്.

അതേപോലെതന്നെയാണ്  അവശിഷ്ട നിർമാർജനം എന്നതും. ഇന്ത്യയിലെ പല നഗരങ്ങളും ഇന്ന് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ് ടൂറിസം അതിവേഗം പുരോഗതി പ്രാപിക്കുമ്പോഴും പരിഹരിക്കാൻ കഴിയാത്ത രീതിയിൽ എല്ലായിടങ്ങളും അവശിഷ്ട കൂമ്പാരങ്ങളുടെ കുന്നുകൾ ആയി മാറിക്കൊണ്ടിരിക്കുമ്പോഴും പരിഹാരമാർഗമായി കാണാവുന്ന ഒരു സംരംഭകത്വം അവസരമാണ് സസ്‌റ്റൈനബിൾ സ്റ്റാർട്ടപ്പ് മേഖല. ഇന്ത്യയുടെ മിക്ക പ്രദേശങ്ങളും ഇത്തരത്തിൽ മലിനമായി കൊണ്ടിരിക്കുന്ന കാഴ്ച കാണാൻ കഴിയും മഞ്ഞിൽ പൊതിഞ്ഞ ശ്രീനഗർ മുതൽ ഏറെ കടൽത്തീരമുള്ള ഗോവ വരെ സന്ദർശിച്ചാൽ എല്ലായിടങ്ങളും അവശിഷ്ടങ്ങൾ കുന്നുകൂടി ദുർഗന്ധം വമിക്കുന്ന പ്രദേശങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.അവശിഷ്ടങ്ങളുടെ പുനരുപയോഗം എന്നത് ഒരു സർക്കാർ പദ്ധതിയായി മാത്രം കാണുന്നതിനപ്പുറം അവയെ  ഒരു ബിസിനസ് മോഡലാക്കി മാറ്റിയാൽ വലിയ ഒരു അളവോളം  പുതിയ സംരംഭകത്വ മാർഗ്ഗം സൃഷ്ടിക്കാൻ കഴിയുകയും നീറുന്ന ഒരു സാമൂഹ്യപ്രശ്‌നം ദൂരീകരിക്കാൻ കഴിയുകയും ചെയ്യും. ഒട്ടേറെ സംരംഭങ്ങൾ  വിദേശരാജ്യങ്ങളിൽ ഇത്തരം മേഖലകളിൽ പ്രവർത്തിക്കുകയും തുടക്കഘട്ടങ്ങളിൽ സർക്കാർ സഹായം ഉണ്ടെങ്കിലും പിന്നീട് അവ സ്വന്തം കാലിൽ നിന്നുകൊണ്ട് ലാഭകരമായ സംവിധാനമായി മാറുകയും ചെയ്തിട്ടുണ്ട്.

ഇത്തരം മോഡലുകളുടെ മറ്റൊരു പ്രസക്തി സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്ന ഒരു ഉത്തമ മാതൃക എന്നതാണ്. സമൂഹം എന്നത് സാധാരണക്കാരനും സ്ത്രീകളും കുട്ടികളും  പാർശ്വവൽക്കരിക്കപ്പെടുന്ന എല്ലാവരും അടങ്ങുന്നതാണ്.  അതുകൊണ്ടുതന്നെ തുല്യതയും പങ്കാളിത്തവും ഉള്ള സമൂഹം എന്നത്  പ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്തമായി മാറുന്നു.  മാന്യമായ വേതനം,  സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും,   വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുക, എല്ലാവരെയും ഉൾക്കൊള്ളുന്ന വിവിധ ഉൽപാദന സേവന രൂപങ്ങൾ,   എന്നിവയൊക്കെ പൂർണ്ണമാകുമ്പോഴേ സാമൂഹ്യ ഉത്തരവാദിത്തങ്ങൾ നിറവേറ്റുവാൻ കഴിയൂ. ഇതൊക്കെ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകൾക്ക് മാത്രം ചെയ്യാവുന്ന ഒന്നല്ല.  മറിച്ച് ഒരു മിക്‌സഡ് സാമ്പത്തിക വ്യവസ്ഥിതിയിൽ സംരംഭകത്വത്തിലൂടെ ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചാൽ അത് സുസ്ഥിരമായ വികസനത്തിലൂടെ പുതിയ പുതിയ ബിസിനസ് മോഡലുകൾ സൃഷ്ടിച്ചുകൊണ്ട് സാമൂഹ്യ ഉത്തരവാദിത്വം ദീർഘകാല അടിസ്ഥാനത്തിൽ നിറവേറ്റാൻ കഴിയുന്നതാണ്. ഇത്തരത്തിലുള്ള ലക്ഷ്യങ്ങൾ സഹകരണ അടിസ്ഥാനത്തിലും മറ്റും ആരംഭിക്കുകയും ഓരോരുത്തരും എല്ലാവർക്കും വേണ്ടിയും എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും എന്നുള്ള ലക്ഷ്യം മുൻനിർത്തി സ്റ്റാർട്ടപ്പുകൾ  ആരംഭിക്കുകയും ചെയ്യുക എന്നതും അതിനുവേണ്ട പ്രോത്സാഹനങ്ങൾ നൽകുക എന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്.

എല്ലാ സംരംഭങ്ങളും സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചുള്ളതു തന്നെയാണ്. എന്നാൽ സാമ്പത്തിക വളർച്ച ലക്ഷ്യം വയ്ക്കുന്നതിനോടൊപ്പം ദീർഘകാലത്തേക്ക് എങ്ങനെ ഒരു സംരംഭത്തെ ലാഭകരമായും ഉയർച്ച, വളർച്ച എന്നിവ ലക്ഷ്യമാക്കി മുന്നോട്ടു കൊണ്ടുപോകാമെന്നും, അതിനുള്ള അവസരങ്ങൾ ഏതൊക്കെയാണ് എന്നുള്ളതാണ്  ഇത്തരം മോഡലുകൾ വിഭാവനം ചെയ്യുന്നത്. പ്രവർത്തന സുതാര്യതയും നൈതികതയും  പലപ്പോഴും സംരംഭങ്ങൾ നടത്തുന്നവർക്ക് ചിന്തിക്കാൻ കഴിയില്ല. എന്നാൽ സസ്റ്റൈനബിൾ സ്റ്റാർട്ടപ്പുകൾ  ലക്ഷ്യം വയ്ക്കുന്നത് സുതാര്യമായ ഒരു വീക്ഷണമാണ്.  നൈതികതയിൽ ഊന്നി പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ ഏറ്റെടുത്തുകൊണ്ട് എത്തിക്കൽ പ്രാക്ടീസ് നടത്തി മുന്നേറുന്ന ഇത്തരം രൂപങ്ങൾ കാലത്തിന് അതീതമായി നിലനിർത്താൻ കഴിയുമെന്നുള്ളത് ഉറപ്പാണ്. 

ഈയടുത്ത കാലത്തായി ലാഭകരമായും വിജയകരമായും മുന്നേറുന്ന ചില സസ്‌റ്റൈനബിൾ സ്റ്റാർട്ടപ്പുകൾ ഏതൊക്കെയാണ് എന്ന് നോക്കാം. അമേരിക്കയിലെ പ്രശസ്തമായ ഗ്ലോബൽ ഗ്രീൻ ടെക്‌നോളജി സ്ഥാപനമായ സ്റ്റാറ്റിസ്റ്റ 2020 ഗ്രോത്ത് മോഡലിലൂടെ 11.2 ബില്യൺ ഡോളർ വളർച്ച വിപണി മൂല്യം കൈവരിച്ച ഒരു സ്ഥാപനമാണ്.  2021 മുതൽ 23വരെയുള്ള കാലയളവിൽ വാർഷിക വളർച്ച  36.3 ശതമാനം ഉയർത്തുവാനും ആ സ്ഥാപനത്തിന് കഴിഞ്ഞു. ഇത് കാണിക്കുന്നത് വലിയ ഒരു അവസരം ഹരിത സാങ്കേതിക മേഖലകളിൽ ഇപ്പോഴും ഉണ്ട് എന്നുള്ളതാണ്.  ഈ വൈ ഗ്ലോബൽ വെഞ്ചർ ക്യാപിറ്റൽ സർവേ 2023 ൽ നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നത് 42% വെഞ്ചർ ഇൻവെസ്റ്റർമാർ ഇത്തരത്തിലുള്ള സ്റ്റാറ്റസ് സംരംഭങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നതാണ്. അതായത് പുതു തലമുറയിൽ ഉള്ള നിക്ഷേപകർ ഇത്തരം  സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ വലിയ താൽപര്യം കാണിക്കുന്നുണ്ട് എന്ന് അർത്ഥം. ഇതേ പോലെ തന്നെ 2022 ലെ നീൽസൺ റിപ്പോർട്ടിലും  73% ആഗോള ഉപഭോക്താക്കൾ ഇത്തരം ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുവാൻ തയ്യാറാണെന്നും പരിസ്ഥിതി അനുകൂല വിഭവങ്ങൾ വിപണിയിൽ നിന്ന് എളുപ്പത്തിൽ വാങ്ങുവാൻ ഇഷ്ടപ്പെടുന്നു എന്നും കാണിക്കുന്നു. ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻ കണക്ക് പ്രകാരം ഹരിത സാമ്പത്തിക സംരംഭകത്വ  മേഖലകളിൽ 24 മില്യൺ പുതിയ ജോബുകൾ  സൃഷ്ടിക്കുമെന്ന് കാണിക്കുന്നുണ്ട്.  ഈ മേഖലയിൽ ഒരു വൻ കുതിച്ചുചാട്ടം തന്നെ ഇത്തരത്തിൽ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് പാരമ്പര്യ ഊർജ്ജ മേഖല, പുനരുപയോഗ വസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള  ഫാഷൻ വസ്ത്ര മേഖല   തുടങ്ങിയവ വൻ  സാധ്യതകളാണ് സമീപകാലത്തു തന്നെ സൃഷ്ടിക്കാൻ പോകുന്നത്. പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്ന മേഖലകളിൽ  ഏഷ്യയിൽ തന്നെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ കഴിഞ്ഞ ഒരു വർഷം കൊണ്ട് നിക്ഷേപകരുടെ എണ്ണം അഞ്ചു ശതമാനത്തിനു മുകളിൽ വർധിച്ചിട്ടുണ്ട് എന്ന് കാണിക്കുന്നു. എന്തുകൊണ്ട് മോഡലുകൾ പ്രവർത്തിക്കേണ്ടതുണ്ട് എന്നും അവ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്നും സസ്‌റ്റൈനബിൾ സ്റ്റാർട്ടപ്പ് മോഡലുകളുടെ വിജയത്തിനും ഉയർച്ചയ്ക്കും പിന്നിൽ ഉള്ള ഘടകങ്ങൾ ഏതൊക്കെയാണെന്നും പരിശോധിക്കുമ്പോൾ പ്രധാനമായും കാണാവുന്ന സംഗതികളിൽ ഒന്ന് ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ശ്രദ്ധ തന്നെയാണ്. ഇന്ന് ഉപഭോക്താക്കൾ പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതങ്ങളെ വളരെ കരുതലോടെ വീക്ഷിക്കുകയും അവരുടെ വാങ്ങൽ തീരുമാനങ്ങളിൽ അത്തരം ഘടകങ്ങൾക്ക് വലിയ പ്രാധാന്യം നൽകുകയും ചെയ്യുന്നു.  ഇത് ഇക്കോ ഫ്രണ്ട്‌ലി ഉൽപ്പന്നങ്ങളെയും പാരമ്പര്യേതര ഊർജ്ജ മേഖലകളുടെ സാധ്യതകളെയും ഉപയോഗപ്പെടുത്തിയുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്ക് മാറുന്നു. സ്വാഭാവികമായും ഇത്തരം സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന അവസ്ഥ സമീപഭാവിയിൽ വളരെ വലുതായി കൊണ്ടിരിക്കുകയാണ്.  അതോടൊപ്പം തന്നെ ഭൂരിഭൂരിഭാഗം രാജ്യങ്ങളിലുള്ള സർക്കാരുകളും നിയമം വഴി  വലിയ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തുകൊണ്ട് ഇത്തരം സംരംഭങ്ങളെ വിജയിപ്പിക്കുന്നു. സബ്‌സിഡികൾ, സാമ്പത്തിക അനുകൂല്യങ്ങൾ, പലിശരഹിത വായ്പ തുടങ്ങിയവ ഇത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ഘടകമായി മാറിക്കൊണ്ടിരിക്കുന്നു. സ്റ്റാൻഡപ്പ് ഇന്ത്യ സ്റ്റാർട്ടപ്പ് ഇന്ത്യ എന്ന കേന്ദ്രസർക്കാർ പദ്ധതി ഇതിന് മെച്ചപ്പെട്ട ഒരു ഉദാഹരണമാണ്.  കേരളത്തിൽ തന്നെ സ്റ്റാർട്ടപ്പ് മിഷൻ വലിയ ഒരു അളവോളം ഇത്തരം സംരംഭങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട ഘടകം സാങ്കേതിക മേഖലയിലുള്ള നവീനവൽക്കരണമാണ്.  സസ്‌റ്റൈനബിൾ ബിസിനസ് മോഡലുകൾക്ക് അനുയോജ്യമായ ഒട്ടേറെ സാങ്കേതിക വിദ്യകൾ ആവിഷ്‌കരിക്കുക വഴി വേസ്റ്റ് മാനേജ്‌മെൻറ് പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളിലൂടെയുള്ള നവീകൃത ഉൽപ്പന്നങ്ങൾ തുടങ്ങിയ ഹരിത മേഖലയിലുള്ള ഉൽപ്പന്നങ്ങൾക്കും  സേവനങ്ങൾക്കും ത്വരിത ഗതിയിലുള്ള വളർച്ച ഉണ്ടായികൊണ്ടിരിക്കുകയാണ്.

ചില സസ്‌റ്റൈനബിൾ സ്റ്റാർട്ടപ്പ് വിജയ കഥകൾ

ഇനി നമുക്ക് വിജയിച്ച ചില സസ്റ്റൈനബിൾ സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ച് പറയാം. അതിൽ ഏറ്റവും പ്രധാനമായി എടുത്തുപറയാൻ കഴിയുന്ന ഒന്ന് ടെസ്‌ല തന്നെയാണ്. ഇന്ന് ഒരു ട്രില്യൻ ഡോളർ ആസ്ഥിയുള്ള വൻ സംരംഭമായി മാറിയിരിക്കുകയാണ് ഇലോൺ മസ്‌കിന്റെ ഈ സംരംഭം. ഇലോൺ മസ്‌ക് എന്ന ശതകോടീശ്വരന്റെ കമ്പനി ആയതുകൊണ്ടല്ല ടെസ്‌ല ഇന്ന് ഒരു വലിയ ലാഭകരമായ കമ്പനിയായി മാറിയത് മറിച്ച് അത് ഒരു ഡെവലപ്‌മെൻറ് പ്രൊജക്റ്റ് ആയി ലോകം ഏറ്റെടുത്തത് കൊണ്ടാണ്. ഇതേപോലുള്ള മറ്റൊരു കമ്പനിയാണ് പാറ്റോഗോണിയ കമ്പനി. 100% വും പുനരുൽപാദിപ്പിക്കപ്പെടുന്ന  അനുയോജ്യമായ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുകൊണ്ട് മുന്നേറുകയും ഉപഭോക്താക്കളുടെ വലിയ പിന്തുണ ലഭിച്ചുകൊണ്ട് ലാഭകരമായി പോവുകയും ചെയ്യുന്ന ഈ കമ്പനി ലോകത്തിലെ ഏറ്റവും മഹത്തായതും  വിജയകരവുമായ സസ്റ്റൈനബിൾ മോഡലായി ലോക സാമ്പത്തിക ഫോറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  ബിയോണ്ട് മീറ്റ് എന്ന് സസ്യ കേന്ദ്രീകൃതമായ ഭക്ഷണ കമ്പനി ഭക്ഷ്യ വ്യവസായത്തിൽ വലിയ മാറ്റങ്ങളാണ്  കൊണ്ടുവരുന്നത്. ഓല എന്ന ഇന്ത്യൻ ഇലക്ട്രിക് വെഹിക്കിൾ കമ്പനി ഇന്ത്യയിലെ ഡെവലപ്‌മെൻറ് മോഡലിന് ഒരു വലിയ ഉദാഹരണമാണ്.  5 ബില്യൺ ഡോളർ 2024 ൽ അവരുടെ ആസ്തി മൂല്യമായി കണക്കാക്കുന്നു. നഗരങ്ങളിൽ ഉള്ള സ്‌കൂട്ടറുകളിൽ മിക്കതും ഇലക്ട്രിക് സ്‌കൂട്ടർ ആയി മാറിക്കൊണ്ടിരിക്കുകയും കാർബൺ എമിഷന് ഒരു പരിഹാരമാർഗമായി മാറാൻ മാതൃക കാണിക്കുകയും സമാന രീതിയിലുള്ള വ്യവസായങ്ങൾക്ക് മാതൃകയാകാനും ഓല കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.  ഉപഭോക്താവിന്റെ ആവശ്യങ്ങൾ വർദ്ധിക്കുകയും സർക്കാർ സംവിധാനങ്ങൾ ഏറെ പ്രോത്സാഹനാത്മകമായി മാറുകയും പുതിയ സാങ്കേതികവിദ്യകൾ ഉയർന്നു വരികയും ചെയ്യുമ്പോൾ സസ്റ്റൈനബിൾ സ്റ്റാർട്ടപ്പ് മേഖല വൻതോതിൽ പ്രചാരത്തിൽ എത്തും. ഇപ്പോൾ തന്നെ കേന്ദ്രസർക്കാർ സസ്‌റ്റൈനബിൾ സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രോത്സാഹനങ്ങൾ  നൽകിവരുന്നുണ്ട്.

ഇന്ത്യയിൽ ഓല ഇലക്ട്രിക് കമ്പനിക്ക് പുറമേ ഡാബർ ഇന്ത്യ ലിമിറ്റഡ് ആഭിമുഖ്യത്തിലുള്ള എഫ് എം ജി ബി ഉത്പന്നങ്ങൾ ബികോ  ഇന്ത്യ ലിമിറ്റഡിന്റെ ഇക്കോ ഫ്രണ്ട്ലി കൺസ്യൂമർ ഉൽപ്പന്നങ്ങൾ,  അമൂൽ ഡയറി ഉൽപ്പന്നങ്ങൾ മാലിന്യനിർമാർജന മേഖലയിലുള്ള സ്വാനിധി, സോളാർ ആർക്കാ എന്ന പാരമ്പര്യേതര ഊർജ്ജ കമ്പനി എന്നിവയൊക്കെ ഇതിന് ഉദാഹരണമാണ്.  കേരളത്തിലും  ഈയടുത്തായി ചില സസ്‌റ്റൈനബിൾ സ്റ്റാർട്ടപ്പ് മോഡലുകൾ വിജയകരമായി മുന്നേറുന്നത് കാണാൻ കഴിയുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം പ്രകൃതി ഭംഗിയായാലും സാംസ്‌കാരിക വളർച്ചയാലും വിദ്യാഭ്യാസ പുരോഗതിയാലും മുന്നിട്ടുനിൽക്കുമ്പോൾ വലിയ സാധ്യതയാണ് ഉള്ളത്. നമ്മുടെ ബിസിനസ് സംരംഭങ്ങളെ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്വം നിറവേറ്റാനുള്ള പുതിയ ബിസിനസ് മോഡലുകളായി മാറ്റിയാൽ നിശ്ചയമായും ദീർഘകാല അളവിൽ അത് വിജയകരമായി മാറും എന്നുള്ളത് ഉറപ്പാണ്.  ഓർഗാനിക് ഫാമിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന നാച്ചുറൽ ബാസ്‌ക്കറ്റ് എന്ന സ്ഥാപനം ഇതിന് ഉദാഹരണമാണ്. കീടനാശിനികൾ ഉപയോഗിക്കാത്ത രാസവളമുക്തമായ  ഉൽപ്പന്നങ്ങൾ ഓർഗാനിക് ഫാർമേഴ്‌സിൽ നിന്ന് നേരിട്ട് ശേഖരിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന ഈ സ്ഥാപനം പഴവർഗങ്ങൾ പച്ചക്കറികൾ തുടങ്ങിയ മിക്ക ഭക്ഷ്യൂൽപാദന മേഖലകളിലും ഇന്ന് കൈ വച്ചിട്ടുണ്ട്.  ബയോണിക് ഫാർമേഴ്‌സ് എന്ന മറ്റൊരു സ്ഥാപനം  ഓർഗാനിക് ഫാമിങ്ങിനൊപ്പം വേസ്റ്റ് മാനേജ്‌മെൻറ് പ്രവർത്തനങ്ങളും ചെയ്യുന്ന സ്ഥാപനമാണ്. അർബൻ വേസ്റ്റുകൾ ഉപയോഗിച്ച് ഓർഗാനിക് വളങ്ങൾ നിർമ്മിച്ച കാർഷിക മേഖലകളിൽ വിതരണം ചെയ്തു ലാഭകരമായി പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പ് കേരളത്തിൽ വലിയ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നു. സസ്‌റ്റൈനബിൾ ഫാഷൻ മേഖലയിൽ കൊച്ചിയിൽ തുടങ്ങിയ വെസ്റ്റയർ എന്ന സ്ഥാപനം വ്യത്യസ്തമായ മറ്റൊരു സംരംഭമാണ്. ഇവരുടെ പ്രധാന ഉൽപ്പന്നം ഇക്കോ ഫ്രണ്ട്ലി ക്ലോത്തിങ് ആണ്. നാച്ചുറൽ ഫൈബറുകളിൽ നിന്ന് ഉണ്ടാക്കുന്ന ഇത്തരം ഫാഷൻ വസ്ത്രങ്ങൾക്ക് വലിയ ഒരു അളവോളം മാർക്കറ്റ് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജീവാമൃത് എന്ന ഓർഗാനിക് വളങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം കേരളത്തിലെ ഒരു വലിയ വിജയിച്ച സ്റ്റാർട്ടപ്പായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ  രണ്ടു ഉത്പന്നങ്ങൾ  ബയോ കീടനാശിനികൾ, ബയോട്ടിലൈസർ  എന്നിവയ്ക്ക്   നല്ല മാർക്കറ്റാണ്  നിലവിൽ ഉള്ളത്. ഇക്കോ കൊയർ എന്ന കയർ അനുബന്ധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം ചുരുങ്ങിയ വർഷത്തിനുള്ളിൽ തന്നെ ലാഭകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു സ്റ്റാർട്ടപ്പാണ്.  മലബാർ വേസ്റ്റ് മാനേജ്‌മെൻറ് എന്ന പുതിയ സ്റ്റാർട്ടപ്പ് വേസ്റ്റ് മാനേജ്‌മെൻറ് രംഗത്ത് നൂതനമായ മാതൃക സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെ പുതുതായി എത്രയോ സംരംഭങ്ങൾ ആരംഭിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ സസ്റ്റെനബിൾ സ്റ്റാർട്ടപ്പ് മേഖല ഇനിയും ഏറെ സാധ്യതകളും അവസരങ്ങളും ഉള്ള ഒരു സംരംഭകത്വ മേഖലയാണ്. സംരംഭകൻ എന്നത് എല്ലാവരും ചെയ്യുന്ന സംരംഭങ്ങൾ ഏറ്റെടുത്ത് ചെയ്യുന്ന ആളല്ല മറിച്ച് ഭാവിയെ മുന്നിൽ കണ്ടുകൊണ്ട്, ദീർഘവീക്ഷണത്തോടുകൂടി, ക്ഷമയോടെ, സംരംഭകത്വ സാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട്, സാമൂഹ്യ ഉത്തരവാദിത്വവും നിറവേറ്റുന്ന രീതിയിൽ മുന്നേറുന്ന ആളാണ്.  അതുകൊണ്ടുതന്നെ സസ്‌റ്റൈനബിൾ സംരംഭകത്വം എന്നത് വളരെ പ്രതീക്ഷയോടെ നോക്കിക്കാണാവുന്ന ഒരു മേഖലയാണ്.