ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025

ശ്രീ. മിർ മുഹമ്മദ് അലി ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിലെ ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് കേരള സർക്കാർ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിക്കുന്നു. സുസ്ഥിര വളർച്ചയുടെ അടിത്തറയായി വർത്തിക്കുന്ന ഉത്തരവാദിത്ത വ്യവസായവും ഉത്തരവാദിത്ത നിക്ഷേപങ്ങളും ESG-അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള കേരളത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുമാണ് ഈ സുപ്രധാന സമ്മേളനത്തിന്റെ മുഖമുദ്ര. സുസ്ഥിരമായ ഹരിത സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് കേരളം കുതിക്കുമ്പോൾ, ഈ ഉച്ചകോടി മികച്ച ബിസിനസ്റ്റ് പ്രതിഭകളെയും വ്യവസായ പ്രമുഖരെയും ഒരുമിച്ച് ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുകയാണ്. പ്രകൃതി, ജ്ഞാനസമൂഹം, വ്യവസായം എന്നിവയിൽ പരസ്പരബന്ധിതമായ പുത്തൻ അവസരങ്ങൾ, നൂതനാശയങ്ങ, വൈവിധ്യമാർന്ന മേഖലകളുടെ പങ്കാളിത്തം/ഒത്തുചേരൽ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള ഒരു സവിശേഷ വേദി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 വാഗ്ദാനം ചെയ്യുന്നു.

കേന്ദ്ര ഗവൺമെന്റിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (EoDB) റേറ്റിംഗിൽ ഏറ്റവും മികച്ച നേട്ടം കൈവരിച്ച സംസ്ഥാനമെന്ന നിലയിൽ, നിക്ഷേപക സൗഹൃദ നയങ്ങൾക്കും അവ നടപ്പിൽ വരുത്തുന്നതിനുള്ള മികവിലും കേരളം അംഗീകരിക്കപ്പെട്ടിരിക്കുന്നു.വ്യാവസായിക ആവശ്യങ്ങൾക്കനുസൃതമായി കരുത്തുറ്റ വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിവരയിടുന്ന, ചലനാത്മകവും ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമാവുന്ന സാമ്പത്തിക -സാമൂഹ്യ സാഹചര്യങ്ങൾക്കനുസൃതമായി പൊരുത്തപ്പെടാൻ കഴിയുന്നതുമായ തൊഴിൽ ശക്തിയോടെയാണ് കേരളം ഭാവിയിലേക്ക് ഉറ്റുനോക്കുന്നത്. അക്കാദമികരംഗം, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കിടയിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിലൂടെ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള വിപണിയിൽ നമ്മുടെ പ്രൊഫഷണലുകൾ മത്സരശേഷിയുള്ളവരായി തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, സംരഭങ്ങളുടെ നവീകരണവും നൈപുണ്യ വികസനവും സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തം വർദ്ധിപ്പിക്കുക, സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുക എന്നിവയാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നതിലൂടെ സംസ്ഥാനം ഉന്നമിടുന്നത്.

ഇന്നോവേഷനും നവീകരണത്തിനും നിക്ഷേപത്തിനുമുള്ള ആഗോള കേന്ദ്രമായി മാറാനുള്ള കേരളത്തിന്റെ ശ്രമത്തിന്റെ ഒരു മൂലക്കല്ലായി ആഗോള നിക്ഷേപക സംഗമം 2025 സജ്ജീകരിച്ചിരിക്കുന്നു. ഈ അഭിമാനകരമായ ഇവന്റിൽ എക്‌സ്ബിഷനുകൾ, പ്രഭാഷണങ്ങൾ, വ്യവസായ പ്രമുഖരുമായുള്ള ഫയർസൈഡ് ചാറ്റുകൾ എന്നിവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 2.000 പ്രതിനിധികളും പ്രമുഖ ആഗോള വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടി സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി വർത്തിക്കും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ന്റെ മുന്നോടിയായി, വ്യവസായ സമൂഹത്തിന് മുന്നിൽ സംസ്ഥാനത്തെ ഒരു നിക്ഷേപ കേന്ദ്രമായി പ്രദർശിപ്പിക്കുകയും സംസ്ഥാനത്തിന്റെ സംരംഭകത്വനയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സെക്ടറൽ മീറ്റിംഗുകൾ, റോഡ് ഷോകൾ, സാധ്യതയുള്ള നിക്ഷേപകരുമായുള്ള മീറ്റിംഗുകൾ, കൂടാതെ ലോക കേരള സഭയുടെ പ്രതിനിധികളുമായി ഓൺലൈൻ ആശയവിനിമയങ്ങളും സംസ്ഥാന നിർമ്മാതാക്കളുമായി കൂടിക്കാഴ്ചകളും നടത്തി

ഉത്തരവാദിത്തനിക്ഷേപങ്ങൾക്ക് കേരളം എങ്ങനെ അനുയോജ്യമായ സ്ഥലമാകുമെന്ന് പര്യവേക്ഷണം ചെയ്യാനുള്ള സമാനതകളില്ലാത്ത അവസരമാണ് ഈ ഉച്ചകോടിയിലൂടെ തുറന്നുനൽകുന്നത്. അവിടെ എല്ലാ പങ്കാളികൾക്കും ഊർജ്ജസ്വലമായ സംസ്ഥാനത്തിന്റെ അപാരമായ സാധ്യതകൾ അൺലോക്ക് ചെയ്യാനും വരും തലമുറകൾക്ക് വേണ്ടിയുള്ള ശാശ്വതവും ഫലപ്രദവുമായ മാറ്റം സൃഷ്ടിക്കാനും കഴിയും.