സ്മാർട്ട് പ്ലാസ്റ്റിക്കും വ്യാവസായിക സാധ്യതകളും
ലോറൻസ് മാത്യു
മനുഷ്യജീവിതത്തിൽ ഏറ്റവും അധികം ഉപകാരപ്പെട്ട ഒരു കണ്ടു പിടുത്തമാണ് പ്ലാസ്റ്റിക്കിന്റേത്. പ്ലാസ്റ്റിക് നിരോധനം എന്നൊക്കെ പറയപ്പെടുന്നുണ്ടെങ്കിലും അതൊക്കെ പ്ലാസ്റ്റിക് കൂടുകളിലൊക്കെ ഒതുങ്ങി നിൽക്കുമെന്നതാണ് യാഥാർത്ഥ്യം. കാരണം പ്ലാസ്റ്റിക്കിനെ Replace ചെയ്യുവാൻ കഴിയുന്ന മറ്റൊരു മെറ്റീരിയൽ ഇത് വരേക്കും കണ്ടെത്തിയിട്ടില്ലായെന്നതാണ് യാഥാർത്ഥ്യം. അതിനാൽത്തന്നെ നിലവിലെ സാന്നിധ്യത്തിൽ പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ടൊരു വ്യാവസായിക മാറ്റം സാധ്യമല്ലായെന്നതാണ് നാം ഉൾക്കൊള്ളേണ്ടുന്ന വസ്തുത. വളരെ ഭാരം കുറഞ്ഞതും അത് പോലെ തന്നെ ഏത് രീതിയിലും ഉപയോഗിക്കുവാൻ കഴിയുന്നയൊന്നാണ് ഇതെന്നതിനാൽത്തന്നെ വ്യാവാസായികമായും ഗാർഹികമായും ഒക്കെത്തന്നെ ഏറെ ഉപകാരപ്പെടുന്നയൊന്നാണ് ഇത്. ഇന്ന് വ്യത്യസ്തമായ നിരവധി പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. വിവിധങ്ങളായ ഉപയോഗങ്ങൾക്കായിട്ടുള്ളവ. അതിൽ പ്രധാനപ്പെട്ടയൊന്നാണ് സ്മാർട്ട് പ്ലാസ്റ്റിക്കുകൾ.
എന്താണ് സ്മാർട്ട് പ്ലാസ്റ്റിക്ക്
ചുറ്റുപാടുകളുടെ മാറ്റങ്ങൾക്കനുസരിച്ച് പ്രതികരിക്കുവാൻ കഴിയുന്നവയാണ് സ്മാർട്ട് പ്ലാസ്റ്റിക്കുകൾ അല്ലെങ്കിൽ ഇന്റലിജെന്റ് പ്ലാസ്റ്റിക്കുകൾ എന്നിവ. ചുറ്റിലുമുള്ള താപനില, ലൈറ്റിന്റെ തീവ്രത, മർദ്ദം തുടങ്ങിയവയ്ക്കനുസരിച്ച് കളറും രൂപവും ഒക്കെ മാറുവാൻ കഴിവുള്ളതാണിത്. അതായത് സെൻസറുകളായിട്ടുപയോഗിക്കുവാൻ കഴിയുന്നതാണിതെന്നർത്ഥം. ചില സ്മാർട്ട് പ്ലാസ്റ്റിക്കുകൾക്കാവട്ടെ സ്വന്തമായി ഡാമേജുകൾ റിപ്പയർ ചെയ്യുവാനുള്ള കഴിവുമുണ്ട്. ചിലവയ്കാകട്ടെ മർദ്ദം പ്രയോഗിച്ച് കഴിഞ്ഞാൽ പൂർവ്വ സ്ഥിതിയിലേക്ക് പോകുവാനുള്ള കഴിവുമുണ്ട്. കുറഞ്ഞ ഭാരവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതും, എന്നാൽ ഉയർന്ന ശക്തി നൽകുന്നതുമാണ് ഇത് എന്നതാണ് ഒരു പ്രത്യേകത. സ്മാർട്ട് പ്ലാസ്റ്റിക്കുകളിൽ ചിലത് ബയോഡീഗ്രേഡബിൾ ആണ്.
ഉപയോഗം എവിടെയൊക്കെ
സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കുവാനുള്ള കഴിവുള്ളതിനാൽത്തന്നെ വ്യാവസായികമായി സ്മാർട്ട് പ്ലാസ്റ്റിക്കിന് നിരവധിയായ ഉപയോഗങ്ങളുണ്ട്.
ആരോഗ്യ രംഗം
ചുറ്റുപാടുമുള്ള താപനില, ജൈവ സിഗ്നലുകൾ പോലുള്ള ഘടകങ്ങളോട് പ്രതികരിച്ച് മരുന്നുകൾ നിയന്ത്രിതമായി നൽകുവാനുള്ള Drug Delivery System രൂപകൽപ്പന ചെയ്യുവാൻ ഇത്തരം മെറ്റീരിയലുകൾ വഴി സാധ്യമാണ്. ടിഷ്യു എൻജിനീയറിങ്ങിൽ ഇത് ഉപയോഗപ്പെടുത്തുവാൻ കഴിയും. അതായത് ഈ മെറ്റീരിയലുകൾ ശിൽപങ്ങളുടെ രൂപത്തിൽ ഉപയോഗിച്ച് ജീവകോശങ്ങൾ വളരാനും നാഡികളുടെ പുനർജ്ജീവനത്തിനും സഹായിക്കുന്നു. സ്മാർട്ട് പ്ലാസ്റ്റിക്കുകൾ മുറിവുകൾ ഡ്രസ്സ് ചെയ്യുന്നതിൽ ഉപയോഗിക്കുവാൻ കഴിയും. ശരീരത്തിലെ താപനില, മുറിവിലെ PH level തുടങ്ങിയവയ്ക്കനുസരിച്ച് മുറിവിന്റെ അവസ്ഥ മനസ്സിലാക്കുവാൻ കഴിയും. ശരീരത്തിൽ ധരിക്കുന്ന ഉപകരണങ്ങളിൽ സ്മാർട്ട് പ്ലാസ്റ്റിക്കുകൾ ഉപയോഗപ്പെടുത്തുന്നത് വ്യക്തിഗതമായ ആരോഗ്യ നില അളക്കുവാൻ സഹായകരമാണ്. കൃത്രിമ ശരീരാവയവയങ്ങളുടേയും മറ്റും നിർമ്മാണത്തിൽ ഇത്തരം മെറ്റീരിയലുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ചലനങ്ങളുടെയും സമ്മർദ്ദത്തിന്റെയും പ്രതികരണം അനുസരിച്ച് പ്രതികരിക്കുവാൻ കഴിയുന്ന അഡാപ്റ്റീവ് പ്രോസ്തറ്റിക്സ് സ്മാർട്ട് പ്ലാസ്റ്റിക് ഉപയോഗിച്ച് വികസിപ്പിക്കാവുന്നതാണ്. താപം പോലുള്ളവ അനുസരിച്ച് രൂപം മാറുന്നതിനാൽ സ്മാർട്ട് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൂടുതൽ കൃത്യമായ ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുവാൻ കഴിയും. മെഡിക്കൽ ഉപകരണങ്ങൾക്ക് സ്മാർട്ട് പ്ലാസ്റ്റിക് കോട്ടിങ് ഉപയോഗിച്ചാൽ, അവയുടെ ബയോകമ്പാറ്റിബിലിറ്റിയും ഫംഗ്ഷനാലിറ്റിയും മെച്ചപ്പെടുത്താം.
വാഹന വ്യവസായ മേഖല
താരതമേന്യ ഭാരം കുറഞ്ഞവയായ സ്മാർട്ട് പ്ലാസ്റ്റിക്കുകൾ വാഹനങ്ങളിൽ ഉപയോഗിച്ചാൽ ഇന്ധനക്ഷമത കൂട്ടുവാൻ സഹായകരമാണ്. താപത്തെ അടിസ്ഥാനമാക്കി പ്രതികരിക്കുന്ന സ്മാർട്ട് പ്ലാസ്റ്റിക്കുകൾ, കാബിൻ താപനില നിയന്ത്രിക്കുന്നതിലും എഞ്ചിൻ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ടയർ സമ്മർദ്ദം, താപനില, ഡ്രൈവറുടെ ക്ഷീണം എന്നിവ നിരീക്ഷിക്കാൻ സെൻസറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്മാർട്ട് പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുവാൻ കഴിയും.
ടെക്സ്റ്റൈൽ രംഗത്ത്
ഫാബ്രിക് നിർമ്മാണ രംഗത്തും സ്മാർട്ട് പ്ലാസ്റ്റിക്കുകൾക്ക് റോളുണ്ട്, സ്മാർട്ട് പ്ലാസ്റ്റിക് ഫാബ്രിക്കുകൾ താപം നിയന്ത്രിക്കാൻ കഴിവുള്ളവയായതിനാൽ തണുത്ത കാലാവസ്ഥയിലും ചൂടുള്ള കാലാവസ്ഥയിലും ആശ്വാസം നൽകുന്നയൊന്നാണ്.
പാക്കിങ്ങ് രംഗം
സ്മാർട്ട് പ്ലാസ്റ്റിക്കുകൾ പാക്കേജിംഗിൽ വളരെയധികം പ്രയോജനപ്പെടുന്നു, അതിന്റെ നവീന ഗുണങ്ങൾ ഫംഗ്ഷനാലിറ്റി, ദീർഘകാല നിലനിൽപ്പ്, ഉപഭോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നു. താരതമ്യേന ഭാരം കുറഞ്ഞ സ്മാർട്ട് പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ചിലവ് വളരെ കുറക്കുവാൻ സഹായിക്കുന്നയൊന്നാണ്. പാക്കിങ്ങിൽ തന്നെ സെൻസറുകൾ ഉപയോഗിക്കുവാൻ കഴിയുമെന്നതിനാൽ തുറന്ന് നോക്കാതെ തന്നെ ഉള്ളിലെ ഉൽപ്പന്നങ്ങളുടെ തൽസ്ഥിതി അറിയുവാൻ കഴിയുന്നു. കാലാവസ്ഥയോട് പ്രതികരിച്ച് രൂപം അല്ലെങ്കിൽ ഗുണങ്ങൾ മാറ്റാൻ കഴിയുന്ന പാക്കേജുകൾ, ഉള്ളടക്കത്തെ കൂടുതൽ മികച്ച രീതിയിൽ സംരക്ഷിക്കുന്നവയാണ്.
കൺസ്ട്രക്ഷൻ മേഖല
കൺസ്ട്രക്ഷൻ മേഖലയിൽ സ്മാർട്ട് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം വർദ്ധിച്ച് വരുന്നു, കാരണം ഇവയുടെ അനുകൂല ഗുണങ്ങളും പ്രവർത്തനക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. പരിസ്ഥിതി സാഹചര്യങ്ങളിൽ പ്രതികരിച്ച് അവരുടെ കാഴ്ച, നിറം, അല്ലെങ്കിൽ താപ ഗുണങ്ങൾ മാറ്റുന്ന സ്മാർട്ട് പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നത് കെട്ടിടത്തിനുള്ളിലെ താപനില നിയന്ത്രിക്കാൻ സഹായിക്കും. താപ വ്യത്യാസങ്ങൾക്കനുസരിച്ച് പ്രതികരിക്കുന്ന സ്മാർട്ട് പ്ലാസ്റ്റിക്കുകൾ, മികച്ച താപ ഇൻസുലേഷൻ നൽകുന്നു, ഈ നിലയിൽ ഊർജ്ജ ചെലവ് കുറയ്ക്കുന്നു. ഇലക്ട്രോ ക്രോമിക് അല്ലെങ്കിൽ ഫോട്ടോ ക്രോമിക് സ്മാർട്ട് പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിതമായ വിൻഡോകൾ, സൂര്യപ്രകാശം അനുസരിച്ച് അവയുടെ ടിൻറ്റ് മാറ്റുവാൻ കഴിയുന്നതാണ്. ബിൽഡിങ്ങിൽ ഇപ്പോൾ 3D പ്രിന്റിങ്ങിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിൽ സ്മാർട്ട് പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുവാൻ കഴിയും.
വ്യോമയാന മേഖലയിലും
വ്യോമയാന മേഖലയിലും സ്മാർട്ട് പ്ലാസ്റ്റിക്ക് ഉപയോഗപ്പെടുത്തുവാൻ കഴിയും. മൈക്രോ ക്രാക്കുകൾ സ്വയം പരിഹരിക്കുന്ന ഇതിന്റെ ഉപയോഗം എയർക്രാഫ്റ്റുകളുടെ ചിലവ് കുറക്കുവാൻ സഹായകരമാകും. സ്മാർട്ട് പ്ലാസ്റ്റിക്കുകൾക്കുള്ള കൂടുതൽ പ്രവർത്തനക്ഷമത ഉൾക്കൊള്ളുന്ന ഗവേഷണം തുടരുകയാണ്, വ്യോമയാന മേഖലയിൽ വ്യാപകമായഉപയോഗത്തിനായി നന്നായി വികസിപ്പിക്കേണ്ടതുണ്ട്. ടെക്നോളജി പുരോഗമിക്കുമ്പോൾ, ഈ മെറ്റീരിയലുകൾ വ്യവസായത്തിലെ നിലവാരമായി മാറുകയും സുരക്ഷിതമായ, കാര്യക്ഷമമായ വിമാനങ്ങൾ, പേടകങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ സഹായിക്കും.
വെയറബിൾ ടെക്നോളജിയിലും
ശരീരത്ത് ധരിക്കുകയും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവയാണ് സാധാരണ വെയറബിൾ ടെക്നോളജിയുടെ പരിധിയിൽ വരുന്നത്. സ്മാർട്ട് വാച്ചൊക്കെ ഇതിനുദാഹരണമാണ്. ഇത്തരം ഉപകരണങ്ങളിൽ ഇനി സ്മാർട്ട് പ്ലാസ്റ്റിക്കിന്റെ യുഗമാണു വരുവാൻ പോകുന്നത്.
കായിക രംഗത്തും
കായിക മേഖലയിൽ സ്മാർട്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വ്യാപകമാകുവാൻ സാധ്യതയുണ്ട്. സെൻസറുകൾ ഉള്ള വെയറബിളുകളുടെ ഉൽപ്പാദനത്തിൽ സ്മാർട്ട് പ്ലാസ്റ്റിക്കുകൾ ഉപയോഗപ്പെടുത്തുവാൻ കഴിയും.
ഇത് കൂടാതെ നിരവധിയായ ഉപയോഗങ്ങൾ ഇതിനുണ്ട്. ഊർജ്ജ ഉപഭോഗം നിരീക്ഷിക്കാൻ സ്മാർട്ട് പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്ന സ്മാർട്ട് ഗ്രിഡുകൾ ഉണ്ടാകാം. സോളാർ പാനലുകളുടെ നിർമ്മാണത്തിലും ഇതിന്റെ ഉപയോഗം ഇനി കാണുവാൻ കഴിയും. ഇലക്ട്രോണിക്സ് ഡിസ്പ്ലേകൾ ഇനി സ്മാർട്ട് പ്ലാസ്റ്റിക്കും ആകുവാനും സാധ്യതയുണ്ട്.
സ്മാർട്ട് പ്ലാസ്റ്റിക്കുകൾ അവയുടെ സവിശേഷതകൾ കാരണമായിട്ടാണ് വ്യാവസായിക രംഗങ്ങളിൽ വ്യാപകമായി സ്വീകരിക്കപ്പെടുന്നത്. സ്മാർട്ട് പ്ലാസ്റ്റിക്കുകൾ സംരംഭങ്ങളുടെ സുസ്ഥിരതയെയും പരിസ്ഥിതിയോട് സൗഹൃദമായ രീതിയിൽ പുരോഗതിക്കും അനുസരിച്ച്, ഭാവിയിൽ കൂടുതൽ നവീനമായ ഉൽപ്പന്നങ്ങൾക്കും സാങ്കേതികവിദ്യകൾക്കും വഴിതെളിയിക്കും. ഈ മെറ്റീരിയലുകൾ ഉപയോക്തൃ അനുഭവങ്ങൾക്കും വ്യവസായ മുന്നേറ്റങ്ങൾക്കും നിർണായകമായ പങ്ക് വഹിക്കുന്നതാണ് ഇനി നാം കാണുവാൻ പോകുന്നത്.