ആവേശമായി സമഗ്ര

എഴുമാവിൽ രവീന്ദ്രനാഥ്

നി സ്റ്റാർട്ടപ്പുകളുടെ കാലമാണ്. നവീനാശയങ്ങളെ മനസ്സിൽ താലോലിയ്ക്കാൻ മാത്രമുള്ളതല്ലെന്നും അവ കർമ്മപഥത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതു കണ്ട് ആനന്ദിയ്ക്കാനുള്ളതുമാണെന്നും നമ്മുടെ യുവാക്കൾ തിരിച്ചറിയുന്നു. അവർക്കു തുണയായി കേരളാ സ്റ്റാർട്ടപ്പ് മിഷനും എത്തിയതോടെ പൂരം പൊടിപൂരം. കുറഞ്ഞോരു കാലം കൊണ്ട് നേട്ടങ്ങൾ കൊയ്തു മുന്നേറുന്ന സമഗ്ര എന്ന നിർമ്മിതബുദ്ധിയിലധിഷ്ഠിതമായ സാങ്കേതിക സംരംഭം ഒരു കൂട്ടം യുവാക്കളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥ പറയുന്നു.

തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിച്ചു വരുന്ന നിരവധി സംരംഭങ്ങളിൽ ഒന്നു മാത്രമാണ് ഗൗഡേ ബിസിനസ് ആന്റ് ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ്. വിവര സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ആരംഭിച്ച ഈ സ്റ്റാർട്ടപ്പ് സംരംഭം നിർമ്മിതബുദ്ധിയെ പുതിയ തലങ്ങളിൽ എപ്രകാരം പ്രയോജനപ്പെടുത്താമെന്ന ഗവേഷണ നിരീക്ഷണങ്ങളിലൂടെയാണ് ശ്രദ്ധയാകർഷിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ ഗൗഡേ അവതരിപ്പിച്ച എൽപ്പീബോ എന്ന ചാറ്റ് ബോട്ട് സംഘാടകരുടെയും സന്ദർശകരുടെയും മുക്തകണ്ഠം പ്രശംസയ്ക്കു പാത്രമായതിനു പിന്നാലെയാണ് സംസ്ഥാന പട്ടികജാതി- പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിനായി രൂപപ്പെടുത്തിയ ‘വാസു’ തരംഗമായി മാറിയത്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രചരണാർത്ഥം നടത്തിയ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ യഥാർത്ഥത്തിൽ ഗ്ലോബൽ ആയത് ‘എൽപിബോ’ യിലൂടെയായിരുന്നു. എന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. എല്ലാവരുടെയും സംശയങ്ങൾക്ക് ഉടനടി മറുപടി നൽകിക്കൊണ്ട് ഇത് ഏവർക്കും പ്രിയങ്കരമായതു പോലെ തന്നെയാണ് വാസു ഒരു സർക്കാർ വകുപ്പിന്റെ എല്ലാമെല്ലാമായി മാറിയത്. കസ്റ്റമർ സർവ്വീസും, പബ്ലിക് റിലേഷൻസും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഈ നിർമ്മിതബുദ്ധി സങ്കേതം 24 മണിക്കൂറും പ്രവർത്തനനിരതമാണെന്നുള്ളതാണ് എറ്റവും വലിയ പ്രത്യേകത. മനുഷ്യ വിഭവത്തേക്കാൾ പതിന്മടങ്ങ് കാര്യപ്രാപ്തി കാട്ടുന്ന ഈ സാങ്കേതിക വിദ്യ മറ്റു വകുപ്പുകളിലേയ്ക്കും പ്രവർത്തനം വ്യാപകമാക്കുകയാണ്. ഇവർ തയ്യാറാക്കിയ ക്യു ആർ കോഡ് അധിഷ്ഠിത വെസ്സൽ ഇൻഫർമേഷൻ സിസ്റ്റം കഴിഞ്ഞ വാരമാണ് സംസ്ഥാന ഹൈഡ്രോഗ്രാഫി വകുപ്പിൽ വി. കെ. പ്രശാന്ത് എം എൽ എ ഉദ്ഘാടനം ചെയ്തത്.

അടുത്തിടെ ആരംഭിച്ച നാലു വർഷ ഡിഗ്രി കോഴ്സുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ അധ്യാപകർക്കും, രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെയുണ്ട്. ഇതിനൊരു പരിഹാരമായാണ് ഇവർ എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആന്റ് റിസർച്ചിന് വേണ്ടി ‘മൈക്ക’ എന്ന സിസ്റ്റം വികസിപ്പിച്ചത്. ഇപ്പോൾ കേരള സർവ്വകലാശാലയ്ക്കു വേണ്ടി പുതിയൊരു സോഫ്റ്റ്വെയർ രൂപീകരണത്തിലാണിവർ.

വ്യാവസായിക രംഗത്ത് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി വരുന്ന ഒരു നയമാണല്ലോ നമ്മുടേത്. എം എസ് എം ഇ കൾക്ക് വഴികാട്ടിയാവാനുള്ള പുതിയ സംരംഭമാണിപ്പോൾ ഈ സ്റ്റാർട്ടപ്പ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഒപ്പം സഹകരണ മേഖലയെയും സാങ്കേതിക മികവിലേയ്ക്കുയർത്തുക എന്ന ലക്ഷ്യവുമുണ്ട്. ഇതിനായി കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (കോസ്ടെക്) ന്റെയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെയും (കിക്മാ), കേരള ബാങ്കിന്റെയും പിൻബലം ഇവർക്കൊപ്പമുണ്ട്.

സർക്കാർ, സഹകരണ, എം എസ് എം ഇ മേഖലകൾക്കായി ഇവർ തയ്യാറാക്കിയ സമഗ്ര എന്ന എ ഐ സങ്കേതം പേരു പോലെ തന്നെ സമഗ്രവും സമ്പൂർണവുമാണ്. ഒപ്പം സംതൃപ്തിദായകവും. ഈ മൂന്നു മേഖലകളെയും നിർമ്മിതബുദ്ധിയിലൂടെ പുതിയൊരു ഇൻഫർമേഷൻ സിസ്റ്റത്തിലേക്കു കൊണ്ടുവരിക മാത്രമല്ല, മാർക്കറ്റ് റിസർച്ച് ബിസിനസ് ഫോർകാസ്റ്റ്, ബജറ്റിങ്ങ്, റിവ്യൂ, അനാലിസിസ് ഇവ സുതാര്യവും സുഗമവുമായി സാധിതമാക്കുകയും ചെയ്യുന്നു. മൂന്നു മേഖലകളും വ്യത്യസ്ത ധാരകളിലൂടെയാണ് പ്രവർത്തനമെങ്കിലും അവ പരസ്പര ബന്ധിതങ്ങളാണ്. ആവശ്യകതയനുസരിച്ച് ഇവയ്ക്കെല്ലാം വേണ്ടത് അപ്പപ്പോളറിഞ്ഞ് നൽകാൻ സമഗ്രയ്ക്കു സാധിക്കും. എം. എസ്. എം. ഇ കളിൽ സ്ഥാപനത്തിന്റെ പ്രതിദിന, പ്രതിവാര, പ്രതിമാസ, വാർഷിക വിശകലനങ്ങൾ നൊടിയിടയ്ക്കുള്ളിൽ തയ്യാർ. നൂറിലേറെ വിദേശ ഭാഷകളും ഇരുപതിലേറെ ഇന്ത്യൻ ഭാഷകളും സമഗ്രയ്ക്കു ഹൃദിസ്ഥം. സൈബർ തട്ടിപ്പുകാരിൽ നിന്നും ഹാക്കർമാരിൽ നിന്നും സ്ഥാപനത്തിനു സമ്പൂർണ കവചമൊരുക്കുവാൻ കോസ്ടെക്കിലൂടെ പ്രതിജ്ഞാബദ്ധമാണ് ഈ എ ഐ ഹീറോ. ലോകത്തിന്റെ ഏതു കോണിൽ നിന്നുമുള്ള ബിസിനസ് എൻക്വയറികൾക്കും, സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകാനോ, പ്രസ് റിലീസോ, പ്രസ്താവനയോ തയ്യാറാക്കുവാനോ സമഗ്രയ്ക്ക് ഒരു നിമിഷം മതി. വിരൽത്തുമ്പമർത്തിയാൽ എല്ലാം ശുഭം.

ബാങ്കിംഗ് മേഖലയിലും സമാന പ്രവൃത്തികൾക്കു പുറമെ നിക്ഷേപകർക്കും മറ്റിടപാടുകാർക്കും വഴികാട്ടിയായി സമഗ്ര നിലകൊള്ളും. നിക്ഷേപ സുരക്ഷയ്ക്ക് കാവലാളാവുകയും തട്ടിപ്പിനുള്ള ശ്രമങ്ങളെ ഫലപ്രദമായി ചെറുക്കുകയും ചെയ്യും. നിക്ഷേപകനറിയാതെ ഒരു ചില്ലിക്കാശു പോലും അവരുടെ അക്കൗണ്ടിൽ നിന്നു പോവില്ല. ഇതുപോലെ വൻകിട ആശുപത്രികൾക്കും സമഗ്ര സഹായിയാവുന്നു. വിവിധ ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാർ, രോഗികൾ, ഔഷധങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, കൺസൾട്ടൻസി സംവിധാനങ്ങൾ, നിലവിലെ അവസ്ഥ, ബുക്കിങ്ങ് സൗകര്യങ്ങൾ, ബില്ലിങ്ങ് തുടങ്ങിയവയൊക്കെയും സമഗ്ര സാധിതമാക്കുന്നു. കെ. എസ്. ഐ. ഡി. സിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 10, 11 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാനത്തെ പ്രഥമ എ ഐ കോൺക്ലേവിൽ ക്ഷണിയ്ക്കപ്പെട്ട ആദ്യ സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറിയത് തങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമായി ഇതിന്റെ ഏകോപനച്ചുമതലയുള്ള സുമേഷ് എം നായർ പറഞ്ഞു. ലോകം മാറുന്നതനുസരിച്ച് സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങളെ സംസ്ഥാന സർക്കാരും വ്യവസായ വകുപ്പും ഉൾക്കൊള്ളുന്നു എന്നത് ആവേശകരമായ ഒന്നാണെന്ന് സുമേഷ് പറഞ്ഞു.

 

സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ ഉണർവ്വു നൽകുവാനും, സാമ്പത്തിക മേഖലയെ ഉത്തേജിപ്പിയ്ക്കുവാനുമുള്ള സ്റ്റാർട്ടപ്പുകളുടെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു സമഗ്രയുടെ കർട്ടൺറൈസർ പ്രോഗ്രാം. സാക്ഷര കേരളം സ്റ്റാർട്ടപ്പ് കേരളം എന്ന് നമ്മുടെ പ്രതിഭാശാലികളായ യുവത നാളെ നമ്മുടെ സംസ്ഥാനത്തെ വ്യവസായ മേഖലയെ പുനർ നിർവ്വചിയ്ക്കുവാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. മാലിന്യ വിമുക്തമായ, പ്രശ്നരഹിതമായ ഒരു വ്യാവസായികാന്തരീക്ഷം ഇവിടെയുണ്ടാകട്ടെ. നാളെകളിൽ നവീനാശയങ്ങൾ നമ്മെ നയിയ്ക്കട്ടെ. പ്രൊഫഷണലിസത്തിലൂടെ പുതിയ പ്രോജക്ടുകൾ പൊതുജനങ്ങൾക്കിടയിൽ പ്രചുരപ്രചാരം നേടട്ടെ.