2023- 24 വർഷത്തിൽ 2548 ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ കേരളം രാജ്യത്തിന് മാതൃക തീർക്കുന്നു
കേന്ദ്രം നൽകിയ ലക്ഷ്യവും മറികടന്ന് ഭക്ഷ്യസംസ്‌കരണ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ പി.എം.എഫ്.എം.ഇ വഴി മാത്രം 2548 വ്യവസായ യൂണിറ്റുകൾ കേരളത്തിൽ ആരംഭിച്ചു എന്നത് നമ്മുടെ നാട് എത്രവലിയ വ്യാവസായിക മുന്നേറ്റത്തിനാണ് സാക്ഷ്യംവഹിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്. പി എം എഫ് എം ഇ സ്‌കീമിലൂടെ 2023-2024 സാമ്പത്തികവർഷത്തിൽ 2500 യൂണിറ്റുകൾ തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടതെങ്കിൽ 2548 സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാൻ സാധിച്ചു. ഇന്ത്യയിലാകെ കേരളമടക്കം കേവലം മൂന്നു സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം നൽകിയ ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചത്. ഇതോടെ, രാജ്യത്ത് സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളുടെ റാങ്കിങ്ങിൽ മൂന്നാംസ്ഥാനത്തും കേരളമെത്തി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംരംഭകവർഷം പദ്ധതിയിലൂടെ രണ്ടര ലക്ഷത്തോളം സംരംഭങ്ങളാരംഭിച്ചിട്ടുള്ള കേരളത്തിൽ എല്ലാ മേഖലയിലും വ്യാവസായിക മുന്നേറ്റം സാധ്യമാകുകയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിപ്പോൾ വന്നിരിക്കുന്ന കണക്കുകൾ. ഇതിനൊപ്പം തന്നെ നൂതന സാങ്കേതിക മേഖലയിൽ കടന്നുവന്നുകൊണ്ടിരിക്കുന്ന നിക്ഷേപങ്ങളും നമ്മുടെ കേരളത്തെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ലക്ഷ്യസ്ഥാനമാക്കി ഉയർത്തുകയാണ്.