മലപ്പുറം താഴെക്കോടിന്റെ ജീവനായി സഞ്ജീവനി

2006 ൽ സാധാരണക്കാരായ 10 വനിതകളാണ് സഞ്ജീവനിക്ക് താഴെക്കോടിന്റെ മണ്ണിൽ ജീവൻ പകർന്നു നൽകിയത്. സ്ത്രീകൾ സമൂഹത്തിൽ വളരെയധികം പ്രയാസങ്ങൾ നേരിട്ട കാലഘട്ടത്തിലാണ്, ഈ വനിതകൾ മറ്റുള്ള സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിലേക്ക് നടന്നു നീങ്ങിയത്. പിരിച്ചെടുത്ത വളരെ ചെറിയ മുടക്കുമുതലിൽ നിന്നാണ് സഞ്ജീവനിയിലേക്ക് വളർന്നത്. തുടക്കത്തിൽ വീട്ടിൽ നിന്ന് സാധനങ്ങൾ വറുത്ത് അടുത്തുള്ള മില്ലിൽ കൊണ്ടുപോയി പൊടിച്ച് കൈകൊണ്ട് പാക്ക് ചെയ്തായിരുന്നു വിപണനം. അയൽവാസികളും നാട്ടിലെ പരിചയക്കാരുമായിരുന്നു പ്രധാന ഉപഭോക്താക്കൾ. തുടക്കത്തിൽ തന്നെ ഒരു ഉൽപ്പന്നത്തിൽ ഒതുങ്ങിക്കൂടാതെ മറ്റ് ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിച്ചു. ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുവാൻ വേണ്ടി ഗ്രാമസഭകളിലൂടെ കൊണ്ടുപോയി വിപണനം നടത്തി, ഇതെല്ലാം തന്നെ സഞ്ജീവനിയുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ജനപ്രീതി നൽകി. 18 വർഷങ്ങൾക്കിപ്പുറം അവർ ഒരു സാധാരണ കുടിൽ വ്യവസായത്തിൽ നിന്നും 2.28 കോടി രൂപ വരുമാനമുള്ള വൻ സംരംഭമായി വളർന്നു.

മലപ്പുറം ജില്ലയിലെ താഴെക്കോട് പഞ്ചായത്തിലാണ് സഞ്ജീവനി ന്യൂട്രിമിക്‌സ് യൂണിറ്റിന്റെ തുടക്കം. അതിനെ ഇന്നത്തെ സഞ്ജീവനി ആക്കി മാറ്റിയത് പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ശ്രീമതി ഉമ്മു സൽമയുടെ മേൽനോട്ടത്തിലാണ്. 2021-22 കാലഘട്ടത്തിലെ സംരംഭക മേഖലയിലെ മികവിനുള്ള പുരസ്‌കാരം നേടിയ സഞ്ജീവനിയുടെ വിജയ കഥയ്ക്കാണ് താഴെക്കോട് പഞായത്ത് സാക്ഷ്യം വഹിച്ചത്. 2006-ൽ ആദ്യമായി കുടുംബശ്രീയിൽ നിന്നും 5 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയാണ് പദ്ധതി ആരംഭിച്ചത്. 2008 ൽ വായ്പ അടച്ചു തീർത്തു. അങ്ങനെ 2016 ൽ വീണ്ടും 30 ലക്ഷം രൂപ വായ്പ എടുത്തു. താഴേക്കോട് പഞ്ചായത്തിലെ കരിങ്കല്ലത്താണി വ്യവസായ എസ്റ്റേറ്റിൽ പുതിയ മെഷീൻ സ്ഥാപിച്ച് പ്രവർത്തനം വിപുലമാക്കി. സ്വന്തം സ്ഥലവും കെട്ടിടവും വേണമെന്ന വാശിയിൽ താഴെക്കോട് കുരിക്കുണ്ടിൽ 30 സെന്റ് സ്ഥലം വാങ്ങുന്നതിനായി കാനറാ ബാങ്കിൽ നിന്നും 1.66 കോടി ലോൺ ലഭ്യമാക്കി. ഇതുപയോഗിച്ച് ആധുനിക മെഷീനുകളും മനോഹരമായ ഒരു കെട്ടിടവും സ്ഥാപിച്ചത് കഴിഞ്ഞ ഫെബ്രുവരി 16 നാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് മാസം 2.42 ലക്ഷം രൂപ ബാങ്കിൽ തിരിച്ചടക്കുന്നുണ്ട്. വ്യവസായ വകുപ്പ് അനുവദിക്കുന്ന 35% സബ്‌സിഡിക്ക് സ്ഥാപനം യോഗ്യത നേടിയിട്ടുണ്ട്. പിന്നീട് പുതിയ കെട്ടിടത്തിലേക്കുള്ള റോഡ് നിർമ്മാണത്തിനായി 20 സെന്റ് കൂടി വാങ്ങിച്ചു.

നിലവിൽ മാസം 18,000 കിലോ ന്യൂട്രി മിക്‌സ് ഉത്പാദനം നടത്തുന്ന സഞ്ജീവനി ന്യൂട്രിമിക്‌സ് പെരിന്തൽമണ്ണ നഗരസഭ ഉൾപ്പെടെയുള്ള 9 തദ്ദേശസ്ഥാപനങ്ങളിലാണ് വിൽപ്പന നടത്തുന്നത്. 19 ലക്ഷം രൂപയാണ് മാസം വിറ്റുവരവ്. ഗർഭിണികൾക്കുള്ള ന്യൂട്രി മാം, 60 കഴിഞ്ഞവർക്കുള്ള 60 പ്ലസ്, ഭാരം കുറയ്ക്കാനുള്ള സീറോ സൈസ്, എല്ലാ പ്രായക്കാർക്കുമുള്ള പുക്ക ഹെൽത്ത് മിക്‌സ്, ആറു മാസം മുതൽ മൂന്ന് വയസ് വരെയുള്ളവർക്ക് സൂപ്പർ ബേബി എന്നിവ കൂടാതെ രണ്ട് തരം ബിസ്‌കറ്റുകളും സ്ഥാപനം നിർമിക്കുന്നുണ്ട്.

കരിങ്കല്ലത്താണിയിൽ മസാലപ്പൊടി, മുളകുപൊടി, പുട്ടുപൊടി, മല്ലിപ്പൊടി എന്നിവ ഉത്പാദിപ്പിക്കുന്ന ആംലസ് ഫുഡ് പ്രോഡക്ട് എന്ന യൂണിറ്റും സബ്‌സിഡി നിരക്കിൽ ഗോതമ്പ് ഇറക്കി അത് പോളിഷ് ചെയ്ത് വൃത്തിയാക്കുന്ന അഗ്രിനോ ആഗ്രോ എന്ന സ്ഥാപനവും വിജയകരമായി നടന്നു പോകുന്നുണ്ട്. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാ ഉൽപന്നങ്ങളും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓൺലൈൻ വിപണനത്തിനായി ഒ എൻ ഡി സി പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ശ്രീമതി ഉമ്മു സൽമയെ കൂടാതെ മറിയാമ്മ ജോർജ്, എം. സുശീല, എം. ഫാത്തിമ, എം. വിജയശ്രീ, അംബിക എന്നിവരാണ് മാനേജിംഗ് പാർട്ണർമാർ. കൂടാതെ കെ. അജിഷ, പി. എം. ശോഭന, കെ. രഞ്ജിത, പി. റംലത്ത് എന്നിവരും ജീവനക്കാരികളാണ്. ടി എച്ച് ഫസീലയാണ് അക്കൗണ്ടന്റ്. തുടക്കത്തിൽ ഒരു രൂപ പോലും വരുമാനം ഇല്ലാതിരുന്ന സഞ്ജീവനി ടീമിന് ഇപ്പോൾ ദിവസവും എല്ലാവർക്കും ആയിരം രൂപയാണ് കൂലി. എല്ലാവർക്കും ഇപ്പോൾ സ്വന്തം വീടായി. തുടക്കം മുതലേ കൂടെനിന്ന ആരെയും തന്നെ സഞ്ജീവനി ന്യൂട്രിമിക്‌സ് ഇന്നുവരെ കൈവിടാതെ ജൈത്രയാത്ര തുടരുന്നു.