എം.എസ്.എം.ഇ. സംരംഭങ്ങളുടെ ഉന്നമനത്തിനായി കേര, റാംപ് പദ്ധതികൾ
ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
KERA- Kerala Climate Resilient Agri Value Chain Modernisation
കാർഷിക മേഖലയിലെ സംരംഭങ്ങൾ നിലവിൽ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും, ഈ മേഖലയിൽ ഒളിഞ്ഞിരിക്കുന്ന സാധ്യതകൾ തുറക്കുന്നതിനുമായി ലോക ബാങ്കുമായി സഹകരിച്ച് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേര (കേരള ക്ലൈമറ്റ് റെസിലന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ) പദ്ധതി. ഈ പദ്ധതിയിലൂടെ തെരഞ്ഞെടുക്കുന്ന 250 കാർഷിക ഭക്ഷ്യ സംസ്കരണ മേഖലയിൽപ്പെട്ട സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ സ്കെയിൽ അപ് ചെയ്യുക എന്നതാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. വകുപ്പിന്റെ മിഷൻ 1000 പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. മൂലധന നിക്ഷേപ സബ്സിഡി, പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്സിഡി, ഡി.പി.ആർ. തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവയാണ് മിഷൻ 1000 പദ്ധതി മുഖേന വകുപ്പ് നൽകുന്ന സഹായങ്ങൾ. കേര പ്രോജക്ടിൽ ഡി.പി.ആർ. തയ്യാറാക്കാൻ സാമ്പത്തിക സഹായം നൽകുകയും തുടർന്ന് ഉൽപ്പന്നത്തിന്റെ വിപണനം, പാക്കിംഗ് ടെക്നോളജി, വിവിധ ക്വാളിറ്റി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്നതിനുള്ള സഹായം മുതലായ ചെലവുകൾക്ക് സഹായം നൽകുന്നു. പരമാവധി ഒരു സംരംഭത്തിന് 80 ലക്ഷം രൂപ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കാർഷിക ഭക്ഷ്യ സംസ്കരണ മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ സ്കെയിൽ അപ് ചെയ്യുന്നതിനായി ഏകദേശം 200 കോടി രൂപയാണ് കേര പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്.
പ്ലാന്റേഷൻ മേഖലയാണ് ഈ പദ്ധതിയുടെ ഗുണഭോക്താവാകുന്ന മറ്റൊരു മേഖല. ഈ മേഖലയിൽ റബ്ബർ, കോഫീ, ഏലം എന്നീ ഉൽപ്പന്നങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ ആകെ ഉൽപ്പാദനത്തിന്റെ 25% നു മുകളിൽ കേരളത്തിന്റെ സംഭാവനയായതിനാലാണ് മേൽ ഉൽപ്പന്നങ്ങൾ പ്ലാന്റേഷൻ മേഖലയിൽ നിന്നും തെരഞ്ഞെടുക്കാനുള്ള കാരണം. പ്ലാന്റേഷൻ മേഖലയിൽ കേര പദ്ധതി മുഖേന മുഖ്യമായും രണ്ട് സഹായങ്ങളാണ് നൽകുന്നത്. 1) റീപ്ലാന്റിംഗിനുള്ള സഹായം – ഒരു ഹെക്ടർ റീപ്ലാന്റ് ചെയ്യുവാൻ വരുന്ന ചെലവിന്റെ 20% സഹായമായി പദ്ധതി മുഖേന സംരംഭകനു നൽകുന്നു. ബാക്കി തുക ലോണായി സംരംഭകർ കണ്ടെത്തേണ്ടതുണ്ട്. 2) ലോൺ എടുക്കുന്നതിന് ക്രെഡിറ്റ് ഗ്യാരന്റി നൽകുന്നതിന് ഫണ്ട് വകയിരുത്തും. കൂടാതെ ട്രെയിനിംഗ് ചെലവുകൾ, സർട്ടിഫിക്കേഷൻ ചെലവുകൾ എന്നിവയ്ക്കായും തുക ചെലവാക്കുന്നുണ്ട്. മേൽ സഹായങ്ങൾ നൽകുന്നതിലേയ്ക്കായി കേര പദ്ധതി മുഖേന 600 കോടി രൂപ വകയിരുത്തുന്നതിന് ആസൂത്രണം ചെയ്യുന്നു.
കേര പദ്ധതിയുടെ ഗുണഭോക്താവാകുന്ന മൂന്നാമത്തെ മേഖല എന്നത് അഗ്രി പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ്. നിലവിൽ 4 പാർക്കുകളാണ് പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. കിൻഫ്രയുടെ മട്ടന്നൂർ പാർക്കും, കൃഷി വകുപ്പിന്റെ 3 പാർക്കുകളുമാണ് അവ. ഈ നാലു പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതി മുഖേന 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.