കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന രണ്ട് വായ്പാ പദ്ധതികൾ

TS Chandran
റ്റി. എസ്. ചന്ദ്രൻ
 
KFC ഏറെ ശ്രദ്ധേയമായ രണ്ടു വായ്പാ പദ്ധതികൾ വിജയകരമായി നടപ്പാക്കി വരികയാണ്. സംരംഭകർക്ക് ഏറെ ഗുണം ചെയ്യുന്നതും വളരെ സൗകര്യപ്രദമായി എടുക്കാവുന്നതും ആയ പദ്ധതികളാണ് ഇവ.
  1. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി. ഇത് പ്രകാരം രണ്ട് കോടി രൂപവരെ 5% പലിശയ്ക്ക് ലഭ്യമാക്കുന്നു.
  2. കാർഷിക -ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് നൽകുന്ന വായ്പ. ഇതിന്റെ പേര് കാംസ് (KAMS) എന്നാണ്. ഇത് പ്രകാരം 10 കോടി രൂപ വരെ 6% പലിശയിൽ വായ്പ ലഭ്യമാക്കും. 
ഇതിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
1.  5% പലിശയ്ക്ക് രണ്ടു കോടി വരെ മുഖ്യമന്ത്രിയുടെ സംരംഭ വായ്പ
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി എന്ന പദ്ധതി പ്രകാരം ഇപ്പോൾ രണ്ടു കോടി രൂപ വരെ വായ്പ  5% പലിശയ്ക്ക് വായ്പ ലഭിക്കും. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ആണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതിയാണ് ഇത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി എന്നാണ് പദ്ധതിയുടെ പേര്.
 
പദ്ധതി ആനുകൂല്യങ്ങൾ
  • രണ്ട് കോടി രൂപ വരെ അഞ്ചു ശതമാനം പലിശയിൽ സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നു. ആദ്യത്തെ അഞ്ചു വർഷത്തേക്കാണ് ഈ ആനുകൂല്യം. 10% ആണ് വാർഷിക പലിശ ഇതിൽ 3% സംസ്ഥാന സർക്കാരും രണ്ട് ശതമാനം കെഎഫ്സിയും വഹിക്കുന്നു എന്നതിനാലാണ് 5% പലിശയ്ക്ക് വായ്പ അനുവദിക്കുന്നത്.
  • ടേം ലോൺ  വർക്കിംഗ് ക്യാപിറ്റൽ ലോൺ എന്നിവയിൽ സംയുക്തമായോ പ്രത്യേകമായോ വായ്പ ലഭിക്കും.
  • രണ്ട് കോടിയിൽ കൂടുതൽ വായ്പ ആവശ്യമായി വരുന്ന പദ്ധതികൾക്ക്  രണ്ടു കോടി രൂപവരെ 5% പലിശക്കും അതിനു മുകളിലുള്ള തുകയ്ക്ക് സാധാരണ കെ എഫ് സി പലിശക്കും ആയിരിക്കും വായ്പ അനുവദിക്കുക. വായ്പ രണ്ട് കോടിയിൽ നിജപ്പെടുത്തുന്നില്ല എന്ന് സാരം.
  • അംഗീകൃത പദ്ധതി ചെലവിന്റെ 90% വരെ ടേം ലോൺ ആയി ലഭിക്കുന്നതാണ്. ഇതിൽ ഭൂമിയുടെ വില പ്രവർത്തന മൂലധന വിഹിതം എന്നിവ പരിഗണിക്കില്ല.
പ്രവർത്തന മൂലധനം വിറ്റു വരവിന്റെ പരമാവധി 25 ശതമാനമായി കണക്കാക്കി 80 ശതമാനം വരെ പ്രവർത്തന മൂലധന സമയ വായ്പയായി (ടേം ലോൺ) അനുവദിക്കും. ഇത് സമയമായി അനുവദിക്കുന്നതിനാൽ സംരംഭകർക്ക് കൂടുതൽ ഗുണകരമാണ്.
  • കുറഞ്ഞ വായ്പാ അഞ്ചു ലക്ഷവും ഏറ്റവും കുറഞ്ഞ സംരംഭകന്റെ വിഹിതം 10 % വും ആയിരിക്കും.
  • പരമാവധി ഒരു വർഷത്തെ മൊറട്ടോറിയം ലഭിക്കും. പക്ഷേ പലിശ തിരിച്ചടവിന് ഇത് ബാധകമാകില്ല.
സ്റ്റാർട്ടപ്പുകൾക്കും അർഹത 
  • ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് സ്റ്റാർട്ടപ്പുകൾക്കും അർഹതയുണ്ട് – ഉൽപാദനം, വാണിജ്യവൽക്കരണം, ഉൽപാദന തോത് ഉയർത്തൽ, എന്നീ ഘട്ടങ്ങളിൽ വായ്പ ലഭിക്കും.
  • നിലവിലുള്ള സ്ഥാപനങ്ങൾക്കും വായ്പക്ക് അർഹത ഉണ്ടാകും. പുതിയ സംരംഭങ്ങളാണ് കൂടുതലായും ഈ പദ്ധതി പ്രകാരം പ്രതീക്ഷിക്കുന്നത്.
  • സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിർവചനത്തിൽ വരുന്ന സ്ഥാപനങ്ങൾക്ക് അർഹതയുണ്ട്.
  • ഉൽപ്പാദനം തുടങ്ങി 18 മാസം അധികരിക്കാത്ത സംരംഭങ്ങളെ പുതിയ യൂണിറ്റുകളായും അതിനു മുകളിൽ വരുന്നവയെ നിലവിലുള്ള സംരംഭങ്ങളായും കണക്കാക്കുന്നു.
  • നിലവിലുള്ള എം.എസ്.എം.ഇ കൾക്ക് വികസനം, ആധുനികവൽക്കരണം, വൈവിധ്യവൽക്കരണം എന്നീ ആവശ്യങ്ങൾക്കാണ് വായ്പ ലഭിക്കുക.
  • ബാർ ഹോട്ടൽ, മെറ്റൽ ക്രഷർ, സിനിമ /സീരിയൽ നിർമ്മാണം, കച്ചവടം, ട്രാൻസ്പോർട്ട്, ഫിഷിങ്, ഫാമിംഗ്, റിയൽ എസ്റ്റേറ്റ്,  എന്നിവയ്ക്ക് വായ്പ ലഭിക്കില്ല.
സംരംഭകന്റെ യോഗ്യത
  • 50 വയസ്സിൽ താഴെയായിരിക്കണം പ്രായം. എന്നാൽ സ്ത്രീകൾ, ചഞഗ, ടഇ/ടഠ എന്നിവർക്ക് 55 വരെ ആകാവുന്നതാണ്.
  • മറ്റു സ്ഥാപനങ്ങളിലെ സ്ഥിരം ജോലിക്കാർ ആയിരിക്കരുത്.
  • എല്ലാ അംഗങ്ങളുടെയും കെ.വൈ.സി മികച്ചതായിരിക്കണം. 650 ൽ കുറയാത്ത സിബിൽ സ്കോർ വേണം.
  • വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
സെക്യൂരിറ്റിയും സബ്സിഡിയും 
വായ്പയ്ക്ക് സെക്യൂരിറ്റി നൽകണം. പ്രാഥമിക ആസ്തികൾ, വായ്പ ഉപയോഗിച്ച് സമ്പാദിക്കുന്ന ആസ്തികൾ, കിട്ടാനുള്ളവ, വ്യക്തിപരമായ ഗ്യാരണ്ടികൾ, കൊലാറ്ററൽ സെക്യൂരിറ്റി, എഫ് ഡി,  ഇൻഷുറൻസ് പോളിസി, കടപ്പത്രങ്ങൾ, എന്നിവ സെക്യൂരിറ്റി ആയി സ്വീകരിക്കും. ഈ പദ്ധതി പ്രകാരം  സബ്സിഡി ഒന്നും പറയുന്നില്ല. എന്നിരുന്നാലും ESS  സ്കീം പ്രകാരവും നോർക്ക റൂട്ട്സ് പദ്ധതി പ്രകാരവും സബ്സിഡികൾക്ക് അർഹതയുണ്ടാകും. വ്യവസായ വകുപ്പ് നടപ്പാക്കിവരുന്ന ഇ എസ് എസ് പ്രകാരമുള്ള ആനുകൂല്യങ്ങൾ നിർമ്മാണ യൂണിറ്റുകൾക്ക് ലഭിക്കുന്നതാണ്. ഇവർക്കുള്ള സബ്സിഡി കെഎഫ്സി നേരിട്ട് ലഭ്യമാക്കും എന്ന സൗകര്യവുമുണ്ട്. കൈത്താങ്ങ് സഹായവും സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട ഉപദേശ- നിർദ്ദേശങ്ങളും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ലഭിക്കും. സംരംഭകർ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ജില്ലാ – മേഖല ഓഫീസുകളുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക. www.kfc.org എന്ന സൈറ്റിൽ നിന്നും ഓൺലൈൻ രജിസ്ട്രേഷൻ എടുക്കാം. അംഗീകൃത കൺസൾട്ടന്റ്മാർ നൽകുന്ന വിശദമായ പദ്ധതി രൂപരേഖയും സംരംഭകർ സമർപ്പിക്കണം. 
 
നിരീക്ഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ വിപണിയിൽ വിജയിക്കാവുന്ന ഒരു പദ്ധതി കണ്ടെത്തുക എന്നതാണ് പുതു സംരംഭകർ ചെയ്യേണ്ടത്. അത്തരം  ഒരു പദ്ധതി യാഥാർത്ഥ്യബോധത്തോടെ നടപ്പാക്കാൻ കെഎഫ്സി സഹായിക്കും.
 
2. 6% പലിശയിൽ പത്തു കോടി രൂപ വരെ വായ്പ നൽകാൻ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 
 
ഒരു പുതിയ വായ്പാ പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ . കാർഷിക ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് 10 കോടി രൂപ വരെ 6% പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നതാണ് പുതിയ പദ്ധതി. 
 
(KFC Agrobased MSME Loan Scheme -KAMS) എന്നാണ് പുതിയ പദ്ധതിയുടെ പേര്.പലിശ 11 ശതമാനം ആണെങ്കിലും മൂന്ന് ശതമാനം പലിശ സബ്സിഡി സംസ്ഥാന സർക്കാരും രണ്ട് ശതമാനം കെഎഫ്സിയും നൽകും എന്നതിനാലാണ് 6% പലിശയ്ക്ക് വായ്പ ലഭ്യമാവുക.
 
ആനുകൂല്യങ്ങൾ ഇങ്ങനെ 
  1. പദ്ധതി ചെലവിന്റെ 90 ശതമാനം വരെ സമയ വായ്പ (ഠലൃാ ഘീമി)ആയി അനുവദിക്കുന്നു.
  2. പ്രവർത്തന മൂലധന വായ്പ സമയ വായ്പയായും അല്ലാതെയും അനുവദിക്കുന്നതിനുള്ള സൗകര്യം നൽകിയിരിക്കുന്നു.
  3. ഏറ്റവും കുറഞ്ഞ വായ്പാ തുക അഞ്ച് ലക്ഷം വരെ ആയിരിക്കും.
  4. പുതിയ എംഎസ് എം.ഇ കൾക്ക് ആണ് ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. വിപുലീകരണത്തിന് ഇത് ലഭിക്കില്ല.
  5. മറ്റു ബാങ്കുകളിൽ ഉള്ള വായ്പകൾ ടേക്കോവർ ചെയ്യുന്നതിനുള്ള സൗകര്യം ഈ പദ്ധതിയിൽ ഉണ്ടാകില്ല.
  6. ടേം ലോണിന് സംരംഭകന്റെ വിഹിതം 10% ആയി നിജപ്പെടുത്തിയിട്ടുണ്ട്.
  7. സമയ വായ്പയും പ്രവർത്തനമുലധന വായ്പയും ചേർന്നുള്ള തുകയ്ക്ക് പരമാവധി 10 കോടി രൂപ വരെ 6% പലിശയിൽ വായ്പ ലഭ്യമാക്കും.
  8. പത്തു കോടിയിൽ കൂടുതലുള്ള പദ്ധതികൾക്കും ഈ സ്കീം പ്രകാരം വായ്പ ലഭിക്കും. എന്നാൽ പലിശ ഇളവുകൾ പത്തു കോടി വരെ മാത്രമേ അനുവദിക്കൂ.
  9. രണ്ടു വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ 10 വർഷം വരെ തിരിച്ചടവിന് കാലാവധി അനുവദിക്കും.
  10. ആവശ്യമെങ്കിൽ 50 ലക്ഷം രൂപ വരെ കൊലാറ്ററൽ ഫ്രീയായി ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.
  11. എന്റർപ്രണർ സപ്പോർട്ട് സ്കീം പോലുള്ള നിക്ഷേപ സബ്സിഡികൾക്ക് സംരംഭങ്ങളുടെ സ്വഭാവം അനുസരിച്ച് അർഹത ഉണ്ടാകും.
പൗൾട്രി മുതൽ ഗോഡൗൺ വരെ
കാർഷിക ഭക്ഷണ മേഖലയിലെ നിർമ്മാണ സ്ഥാപനങ്ങൾക്കും സേവന സ്ഥാപനങ്ങൾക്കും പദ്ധതി ഉപയോഗപ്പെടുത്താം. മിക്കവാറും എല്ലാത്തരം പദ്ധതികൾക്കും തന്നെ ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് പദ്ധതി.
 
പഴം, പച്ചക്കറി, വിത്ത് സംസ്കരണം, ബേക്കറി ഉൽപ്പന്നങ്ങൾ, ചിപ്സുകൾ, കറി പൗഡറുകൾ, ധാന്യപ്പൊടികൾ, എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, കൂണുകൾ, സ്പൈസസ് ഓയിൽ, മൈദ പ്ലാന്റ്, മത്സ്യം/ മാംസം / പാൽ ഉൽപ്പന്നങ്ങൾ, ജൂട്ട്/ ബാംബൂ ഉൽപ്പന്നങ്ങൾ, സ്റ്റോറേജ്, പൗൾട്രി, പൗൾട്രി അനുബന്ധ സ്ഥാപനങ്ങൾ, ചായ /കാപ്പി സംസ്കരണം തുടങ്ങിയ കാർഷിക- ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.
 
ഓൺലൈൻ വഴി അപേക്ഷ.
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുകയാണ് സംരംഭകർ പ്രാഥമികമായി ചെയ്യേണ്ടത്. (KFC.org) അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ മികച്ചതായിരിക്കണം. സിബിൽ സ്കോർ 650ൽ കുറയരുത്. ജില്ലാ / ബ്രാഞ്ച് ഓഫീസുകളുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും
 
 
കാർഷിക / ഭഷ്യ സംരംഭങ്ങൾ ഏറെ സാധ്യതയുള്ള സൂക്ഷ്മ ചെറുകിട വ്യവസായ മേഖലയാണ്. അതിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാക്കുന്ന മികച്ച ഒരു വായ്പാ പദ്ധതിയാണ് കാംസ്.
 
(സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ്
മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)