റബ്ബർ വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ പകർന്ന് CFSC C-GATE

ശ്യാം. എസ്

വീകരണത്തിന്റെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും ശ്രദ്ധേയമായ പ്രദർശനത്തിന് സാക്ഷ്യം വഹിച്ച മെഷീനറി എക്സ്പോയ്ക്ക് എറണാകുളം അടുത്തിടെ ആതിഥേയത്വം വഹിച്ചു. കിൻഫ്രാ പാർക്കിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽവച്ച് നടന്ന എക്സ്പോയിൽ റബ്ബർ അധിഷ്ഠിത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന നിര പ്രദർശിപ്പിച്ചുകൊണ്ട് സംരംഭകരെയും യുവാക്കളെയും വിസ്മയിപ്പിച്ചിരിക്കുകയാണ് കേരള വ്യവസായ വാണിജ്യ വകുപ്പ്. വകുപ്പിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ (CFSC-CGATE) ആരംഭിച്ച ഗവേഷണ വികസന (RD&I) വിഭാഗമാണ് ടി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

റബ്ബർ, പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആയതിന്റെ ഉൽപ്പന്ന നിർമ്മാണത്തിനായി പൊതുസൗകര്യങ്ങൾ നൽകുന്നതിനും കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് കോമൺ ഫെസിലിറ്റി സർവീസ് സെന്ററുകൾ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലും മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുമാണ് കോമൺ ഫെസിലിറ്റി സർവീസ് സെന്ററുകൾ പ്രവർത്തിക്കുന്നത്. റബ്ബർ, പ്ലാസ്റ്റിക് ഉൽപ്പന്ന നിർമ്മാണത്തിനുള്ള മെഷീനെറികളുടെ പൊതുസൗകര്യ സേവനം, മോൾഡുകളുടെയും ഡൈകളുടെയും നിർമ്മാണം, ഉൽപ്പന്ന നിർമ്മാണത്തിന് സാങ്കേതിക സഹായം, റബ്ബർ- പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഗുണമേന്മ പരിശോധന, ഉൽപ്പന്ന നിർമ്മാണ പരിശീലനം, സെമിനാറുകൾ, റിസർച്ച്, ഡെവലപ്പ്മെന്റ് & ഇൻകുബേഷൻ പ്രവർത്തനങ്ങൾ കൂടാതെ പോളിമർ ടെക്നോളജി, കെമിസ്ട്രി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് അധിഷ്ഠിത കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഇന്റേൺഷിപ്പ് പരിശീലനം, പ്രോജക്ട് വർക്ക്, ഗവേഷണ സൗകര്യം തുടങ്ങിയവ ഈ സ്ഥാപനത്തിൽ നൽകിവരുന്നു.

മെഷീനറി എക്സ്പോയിലെ സി.എഫ്.എസ്.സി യുടെ പ്രദർശനം റബ്ബർ ആപ്ലിക്കേഷനുകളുടെ അതിരുകൾ ഭേദിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയുടെ തെളിവായി സന്ദർശകർ വിലയിരുത്തി. പ്രദർശനത്തിലെ ഉൽപ്പന്നങ്ങൾ റബ്ബറിന്റെ വൈവിധ്യവും വിവിധ വ്യവസായങ്ങളിൽ വിപ്ലവം സൃഷ്ടിക്കാനുള്ള അതിന്റെ സാധുതയും എടുത്തുകാട്ടി. നാം നിത്യേന ഉപയോഗിക്കുന്ന വാട്ടർ ബോട്ടിലുകളും, മറ്റ് കുപ്പികളും വളരെ അനായാസമായി കൊണ്ട് നടക്കുന്നതിനായി രൂപകൽപ്പന ചെയ്ത ബോട്ടിൽ ഹോൾഡറുകളുടെ അവതരണമായിരുന്നു എക്സ്പോയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഗ്ലാസ് ബോട്ടിലുകളുടെ കാര്യക്ഷമമായ ട്രാൻസ്പോട്ടേഷൻ ഉൾപ്പടെയുള്ള മേഖലയിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഈ കണ്ടുപിടിത്തം സഹായിക്കും.

റബ്ബറും ചണവും സംയോജിപ്പിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത ഗ്രോ ബാഗുകൾ പരമ്പരാഗത കാർഷിക രീതികൾ നേരിടുന്ന നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഉതകുന്നതാണ്. എക്സ്പോയിൽ പങ്കെടുത്ത വീട്ടമ്മമാരുടെ പ്രധാന ശ്രദ്ധ ആകർഷിച്ചത് ഈ ഗ്രോ ബാഗ് ആയിരുന്നു എന്നത് മറ്റൊരു സവിശേഷതയാണ്. പ്ലാസ്റ്റിക് ഗ്രോ ബാഗുകൾ ഉപയോഗിച്ചുള്ള കൃഷിക്ക് പകരം കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഒരു ബദൽ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള സൂക്ഷ്മമായ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഒരു ഉൽപ്പന്നമാണ് റബ്ബർ ഗ്രോ ബാഗുകൾ. ഈ പരിസ്ഥിതി സൗഹൃദ സമീപനം സുസ്ഥിര കാർഷിക രീതികൾക്കായുള്ള വർദ്ധിച്ചു വരുന്ന ആവശ്യവുമായി പൊരുത്തപ്പെടുന്നതാണ്.

ഇവ കൂടാതെ റബ്ബർ പാലും -ചണവും സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്ത പാക്കിങ് മെറ്റീരിയൽ, വിവിധയിനം ബാഗുകൾ, ബെഡ്, തുടങ്ങിയവ സി.എഫ്.എസ്.സി സ്റ്റാളിലെ മുഖ്യ ആകർഷണങ്ങളായി. ടി മെഷീനറി എക്സ്പോ വ്യവസായ വിദഗ്ധർക്കും ഗവേഷകർക്കും മറ്റ് താൽപ്പര്യക്കാർക്കും യന്ത്രസാമഗ്രികളുടെ മണ്ഡലത്തിനപ്പുറം റബ്ബറിന്റെ പരിവർത്തന സാധ്യതകൾ നേരിട്ട് കാണാനുള്ള വേദിയൊരുക്കി. വിജ്ഞാനപ്രദമായ സെക്ഷനുകളിലൂടെയും പ്രദർശനങ്ങളിലൂടെയും വിദഗ്ധർ സന്ദർശകരുമായി ഇടപഴകിയതിനാൽ സഹകരണവും അറിവ് പങ്കിടലും സി.എഫ്.എസ്.സി സ്റ്റാളിലെ പ്രധാന സവിശേഷതയായി.

സാങ്കേതിക മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും റബ്ബർ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ചങ്ങനാശ്ശേരി സി എഫ് എസ് സി യിൽ ആരംഭിച്ച ഞഉ&ക വിഭാഗത്തിന്റെ വളരെ ചുരുങ്ങിയ കാലത്തെ സർഗാത്മകമായ പ്രവർത്തനത്തിലൂടെയാണ് ഇത്തരം നിരവധി റബ്ബർ അധിഷ്ഠിത മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്. സമർപ്പിത ഗവേഷണം, തന്ത്രപരമായ ഇൻകുബേഷൻ, സൂക്ഷ്മമായ ഉൽപ്പന്ന വികസനം എന്നിവയുടെ സംയോജനത്തിലൂടെ റബ്ബർ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സി.എഫ്.എസ്.സി നിർണായക പങ്ക് വഹിക്കുന്നു. വിപണി പ്രവണതകൾ, ഉപഭോക്തൃ ആവശ്യങ്ങൾ, റബ്ബർ വ്യവസായത്തിൽ ഉയർന്നു വരുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് പഠിച്ച് ഈ ഘടകങ്ങളോട് ഇണങ്ങി നിൽക്കുന്നതിലൂടെ നിലവിലെ ആവശ്യങ്ങൾ പരിഹരിക്കുക മാത്രമല്ല, ഭാവിയിലെ ആവശ്യകതകൾ മുൻകൂട്ടി കാണുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി സി.എഫ്.എസ്.സി പ്രതിജ്ഞാബദ്ധമാണ്.