ഉയർന്ന വിറ്റുവരവ് ലക്ഷ്യമിട്ട് കശുവണ്ടി വികസന കോർപറേഷൻ

പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ നേട്ടത്തിന്റെ പാതയിലാണ്. കോർപറേഷൻ പുറത്തിറക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിറ്റുവരവിലൂടെ ഇക്കഴിഞ്ഞ വർഷം 11 കോടി രൂപ ലഭിച്ചു. മുൻവർഷങ്ങളിൽ അഞ്ചുമുതൽ ആറുകോടി രൂപവരെ വിറ്റുവരവ് നേടിയ സാഹചര്യത്തിൽ നിന്നുമാണ് 11 കോടിയിലേക്കുള്ള കുതിപ്പ്. വൈവിധ്യമാർന്ന ഉത്പന്നങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞതാണ് ഉയർന്ന വിറ്റുവരവ് നേടാൻ കോർപറേഷന് സഹായകമായത്. കോർപറേഷന്റെ തന്നെ ഔട്ട്‌ലെറ്റുകളിലൂടെയും ഫ്രാഞ്ചൈസികളിലൂടെയും ഓൺലൈനിലൂടെയുമെല്ലാം മികച്ച വിൽപ്പന നടന്നു. ഇതോടൊപ്പം, ഈ കലണ്ടർ വർഷത്തെ വിറ്റുവരവ് 30 കോടി രൂപയായി വർദ്ധിപ്പിക്കുകയാണ് കോർപറേഷന്റെ ലക്ഷ്യം. ഇതിന് സഹായകമായ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി വരികയും ചെയ്യുന്നു.

കശുവണ്ടിയും കശുമാങ്ങയും സംസ്‌കരിച്ച് ഒട്ടേറെ ഉത്പന്നങ്ങളാണ് ഇപ്പോൾ കശുവണ്ടി വികസന കോർപറേഷൻ വിപണിയിൽ എത്തിക്കുന്നത്. കാഷ്യു ജാം, ചില്ലി ഗാർലിക് കാഷ്യു നട്‌സ്, കാഷ്യു ആപ്പിൾ സോഡ, കാഷ്യു ആപ്പിൾ സ്‌ക്വാഷ്, ചില്ലി കോട്ടഡ് കാഷ്യു നട്‌സ്, സാൾട്ട് ആൻഡ് പെപ്പർ കാഷ്യു നട്‌സ്, കാഷ്യു പൗഡർ, കാഷ്യു സൂപ്പ് മിക്‌സ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വിറ്റുവരവ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങളും ഈ വർഷം പുറത്തിറക്കും. കശുവണ്ടിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഐസ്‌ക്രീം, കേക്ക്, മിൽക്ക്, ചോക്ലേറ്റ്, ഹണി കോട്ടഡ് കാഷ്യു എന്നിവയാണ് കോർപറേഷൻ പുതിയതായി വിപണിയിൽ എത്തിക്കുന്ന ഉത്പന്നങ്ങൾ. ഇവ കൂടിയെത്തുന്നതോടെ ലക്ഷ്യമിട്ടുള്ള വിറ്റുവരവ് ബുദ്ധിമുട്ടില്ലാതെ നേടാൻ കഴിയുമെന്ന് തന്നെയാണ് കോർപറേഷന്റെ വിലയിരുത്തൽ.

കയറ്റുമതി രംഗത്തെ നേട്ടം

രാജ്യത്തെ കശുവണ്ടി ഉത്പാദനരംഗത്ത് ആറാം സ്ഥാനത്താണെങ്കിലും ലോകകമ്പോളത്തിലേക്കുള്ള കയറ്റുമതിയിൽ മികച്ച നേട്ടമുണ്ടാക്കാൻ കേരളത്തിന് സാധിക്കുന്നുണ്ട്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒറീസ, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തേക്കാൾ കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾപ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽനിന്നുള്ള കശുവണ്ടി പരിപ്പിന്റെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും കയറ്റുമതിയുടെ 44 ശതമാനവും കേരളത്തിന്റെ സംഭാവനയായിരുന്നു. 2022-2023 സാമ്പത്തികവർഷം ഇന്ത്യയിൽനിന്നും 74,824.68 ടൺ കശുവണ്ടി പരിപ്പ്-മൂല്യവർദ്ധിത ഉത്പന്ന കയറ്റുമതി ചെയ്തതിലൂടെ 370.31 ദശലക്ഷം യു.എസ്. ഡോളറാണ് ലഭിച്ചത്. ഇതിൽ 161.53 ദശലക്ഷം യു.എസ്. ഡോളറിന്റെ ഉത്പന്നങ്ങളും കേരളത്തിൽ നിന്നുള്ളതായിരുന്നു.

സൗദി അറേബ്യ, യുഎഇ, ഖത്തർ, അമേരിക്ക, ജർമ്മനി, ജപ്പാൻ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവിടെനിന്നുള്ള കശുവണ്ടി ഉത്പന്നങ്ങളിൽ അധികവും കയറ്റുമതി ചെയ്യുന്നത്. അതേസമയം, വിപണിയിൽ ആവശ്യമായത്രയും തോട്ടണ്ടി ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെന്നതാണ് കേരളം ഈ രംഗത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതുമൂലം വിദേശരാജ്യങ്ങളിൽനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്ത് സംസ്‌കരിച്ചാണ് ഇവിടുത്തെ മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണവും കയറ്റുമതിയും നടക്കുന്നത്. ടാൻസാനിയ, ഘാന, മൊസാംബിക് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്തുവരുന്നു. നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനും, തികയാതെ വരുന്ന തോട്ടണ്ടി മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനുമായി രൂപീകരിക്കപ്പെട്ട കാഷ്യു ബോർഡിന്റെ പ്രവർത്തനവും ഈ മേഖലയ്ക്ക് ഗുണകരമായി.

2017 മുതൽ 639.42 കോടി രൂപ ചെലവഴിച്ച്  63,061 മെട്രിക് ടൺ കശുവണ്ടി ഇറക്കുമതി ചെയ്തിരുന്നു. ഇതോടൊപ്പം, അയ്യായിരം മെട്രിക് ടൺ തോട്ടണ്ടിയുടെ ഇറക്കുമതിക്കായി 25 കോടിരൂപ അനുവദിച്ചതിന് പുറമെ ഈ സാമ്പത്തികവർഷം 175 കോടിരൂപ ചെലവഴിച്ച് പതിനേഴായിരം മെട്രിക് ടൺ തോട്ടണ്ടി കൂടി ഇറക്കുമതി ചെയ്യും. കാഷ്യു ബോർഡ് രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സംഭരണമായിരിക്കും ഇത്. ഇനിമുതൽ എല്ലാ വർഷവും മുപ്പതിനായിരം മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യാനും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കശുവണ്ടിപ്പരിപ്പിന് ആഗോളവിപണിയിൽ ഡിമാൻഡ് കൂടിവരികയും തോട്ടണ്ടിയുടെ ഇറക്കുമതിച്ചെലവ് കൂടുകയും ചെയ്ത സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളിൽനിന്നും ആവശ്യത്തിന് തോട്ടണ്ടി ഇറക്കുമതി ചെയ്യാനും കാഷ്യു ബോർഡ് ശ്രമിച്ചുവരുന്നു. അവിടുത്തെ സഹകരണസംഘങ്ങൾ മുഖേനെ കശുവണ്ടി ശേഖരിക്കുകയാണ് ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളിൽ കശുവണ്ടി ഫാക്ടറികൾ കുറവായതിനാൽ അവിടുത്തെ സർക്കാരുകളുമായി ഇത് സംബന്ധിച്ച് ധാരണയുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

കേരളത്തിന്റെ അനുകൂലഘടകങ്ങൾ

കശുവണ്ടി ഉത്പാദനത്തിലും സംസ്‌കരണത്തിലും മൂല്യവർദ്ധിത ഉത്പന്നനിർമ്മാണത്തിലും കയറ്റുമതിയിലും കേരളത്തിന് അനുകൂലമായി മാറിയിട്ടുള്ള ഒട്ടേറെ ഘടകങ്ങളുണ്ട്. കശുവണ്ടി ഉത്പാദനത്തിൽ രാജ്യത്ത് ആറാം സ്ഥാനത്താണ് കേരളമെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ ഒന്നാമതാണ്. ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച കശുവണ്ടി ഉത്പാദിപ്പിക്കപ്പെടുന്നത് കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ്. കേരളത്തിലെ കശുവണ്ടി ഉത്പാദനത്തിന്റെ സിംഹഭാഗവും ഈ രണ്ടു ജില്ലകളിൽ നിന്നുതന്നെ. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഫാക്ടറികളുടെ കാര്യത്തിലും കേരളം മുൻപന്തിയിലാണ്. കേരളത്തേക്കാൾ അധികം കശുവണ്ടി ഉത്പാദിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കൂടുതൽ ഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം കശുവണ്ടി ഫാക്ടറികളുള്ളത് കൊല്ലം ജില്ലയിലാണ്.

ഇതോടൊപ്പം അഖിലേന്ത്യാതലത്തിൽ തന്നെ ഏറ്റവും മികച്ച കശുമാവ് ഗവേഷണകേന്ദ്രങ്ങളിലൊന്ന് കേരളത്തിൽ ആണെന്നതും ഇവിടുത്തെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രം ഈ രംഗത്ത് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കശുവണ്ടി ശേഖരിച്ചതിനുശേഷം ഉപേക്ഷിക്കപ്പെടുന്ന കശുമാങ്ങയിൽനിന്നും നിരവധി മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ഇതിനകം തന്നെ വിജയം കൈവരിക്കാൻ മാടക്കത്തറ ഗവേഷണകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കേരള കാർഷിക സർവ്വകലാശാലയും കശുവണ്ടി വികസന കോർപറേഷനും സംയുക്തമായി തയ്യാറെടുക്കുകയും ചെയ്യുന്നു. കശുമാങ്ങയിൽനിന്നും സിറപ്പ്, മിക്‌സഡ് ജാം, അച്ചാർ, കാൻഡി, ശീതളപാനീയങ്ങൾ, ചട്‌നി തുടങ്ങി ഒൻപത് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് കശുവണ്ടി വികസന കോർപറേഷനും പ്ലാന്റേഷൻ കോർപറേഷനും ആറളം ഫാമും ഉൾപ്പെടെയുള്ളവർ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയും ചെയ്യുന്നു.

ഈ സാങ്കേതികവിദ്യകൾ കുറഞ്ഞ ചെലവിൽ സംരംഭകരിലേക്ക് എത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇതോടൊപ്പം, ഈ രംഗത്തെ തൊഴിലാളികൾക്ക് ആവശ്യമായ വിദഗ്ധപരിശീലനവും ലഭ്യമാക്കും. ഇത്തരത്തിൽ, കശുവണ്ടി ശേഖരിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന ലക്ഷക്കണക്കിന് ടൺ കശുമാങ്ങകൾ കൂടി മൂല്യവർദ്ധിത ഉത്പന്നമാക്കി മാറ്റാൻ കഴിഞ്ഞാൽ കർഷകർക്കും സംരംഭകർക്കുമെല്ലാം വൻവരുമാനം നേടാൻ കഴിയുമെന്നും കണക്കാക്കപ്പെടുന്നു. കശുമാങ്ങയിൽ അടങ്ങിയിരിക്കുന്ന ടാനിനുകൾ മൂലം അവയ്ക്കുണ്ടാകുന്ന ചവർപ്പാണ് ഈ മേഖല നേരത്തെ അഭിമുഖീകരിച്ചിരുന്ന പ്രധാന വെല്ലുവിളി. എന്നാൽ സംസ്‌കരണത്തിന് മുൻപുതന്നെ പഴത്തിലടങ്ങിയിരിക്കുന്ന മുഴുവൻ കറയും നീക്കംചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകൾ ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ, കശുമാങ്ങയിൽനിന്നും ഗുണമേന്മയുള്ള വൈൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയും വികസിപ്പിച്ചെടുത്തുകഴിഞ്ഞു. സർക്കാർ നയമനുസരിച്ച് കശുമാങ്ങ വൈൻ കൂടി വിപണിയിൽ എത്തുന്നതോടെ ഈ മേഖലയ്ക്ക് ഇരട്ടിനേട്ടമാവും ലഭിക്കുക.

സമഗ്ര പരിഷ്‌കരണത്തിന് ലക്ഷ്യം

കേരളത്തിന്റെ കശുവണ്ടി മേഖലയിൽ സമഗ്രപരിഷ്‌കരണത്തിനുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. 2016-ന് മുൻപ് ഫാക്ടറികൾ പൂട്ടിക്കിടക്കുന്ന സാഹചര്യമായിരുന്നുവെങ്കിൽ അതിനുശേഷം സ്ഥിതിഗതികൾ മാറി. അടഞ്ഞുകിടന്ന ഫാക്ടറികൾ തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ പുതിയതായി നിയമിച്ചു. ജോലി നഷ്ടപ്പെട്ട സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികൾക്കും കാപ്പക്‌സിൽ നിയമനം ലഭിച്ചു. ഇതോടൊപ്പം അടിസ്ഥാന സൗകര്യവികസനത്തിനും നവീകരണത്തിനുമായി ഒട്ടേറെ നടപടികളുണ്ടായി. ഭാഗിക യന്ത്രവൽക്കരണത്തിനായുള്ള കട്ടിംഗ് മെഷീനുകൾ സ്ഥാപിക്കപ്പെട്ടത് അങ്ങനെയാണ്. കൂടാതെ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയും ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. ഡൈനിംഗ് ഹാൾ, ഡ്രസിംഗ് റൂം, വായനാമുറി, ആധുനിക ഇൻസിനേറ്ററുകളുള്ള ടോയ്‌ലറ്റ് ബ്ലോക്കുകൾ, ചുമട് എളുപ്പമാക്കുന്ന ഹൈഡ്രോളിക് പുള്ളറ്റ് ട്രക്കുകൾ, ഊഷ്മാവ് ക്രമീകരിക്കാനുള്ള തെർമ്മൽ സിസ്റ്റം എന്നിവ ഇതിൽ ചിലതുമാത്രം.

ഇതിനുപുറമെ, കശുവണ്ടി മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇതേക്കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെയും നിയോഗിച്ചു. വിശദമായ പഠനത്തിനുശേഷം അഞ്ചംഗസമിതി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. പ്രീമിയം ബ്രാൻഡിൽ കശുവണ്ടി വിപണനം സാധ്യമാക്കുക, ഈ മേഖലയിൽ യന്ത്രവൽക്കരണവും നവീകരണവും നടപ്പിലാക്കുക, കൂടുതൽ പ്രദേശങ്ങളിലേക്ക് കശുമാവ് കൃഷി വ്യാപിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് മുഖ്യമായും റിപ്പോർട്ടിലുള്ളത്. കൊല്ലം കാഷ്യു, കേരള കാഷ്യു തുടങ്ങിയ ഭൗമ പ്രത്യേകതകൾ കൂടി ഉൾപ്പെടുത്തി വേണം പ്രീമിയം ബ്രാൻഡിൽ കശുവണ്ടി ഉത്പന്നങ്ങൾ പുറത്തിറക്കേണ്ടതെന്നാണ് സമിതിയുടെ നിർദ്ദേശം. വിയറ്റ്‌നാമിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിലെത്തുന്ന കശുവണ്ടി ഉത്പന്നങ്ങളോട് കമ്പോളത്തിൽ മത്സരിക്കാൻ ഇത് ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കശുമാവിനെ തോട്ടവിളയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുക, സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് കശുമാവ് കൃഷി വ്യാപിപ്പിക്കുക, ഈ മേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിലുണ്ട്. ഇതോടൊപ്പം, നിലവിലെ തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് ഘട്ടം ഘട്ടമായുള്ള യന്ത്രവൽക്കരണം നടപ്പാക്കിയാൽ സംസ്‌കരണ മേഖലയിലെ നഷ്ടം ഒഴിവാക്കാൻ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.

കൃഷി വ്യാപനത്തിനൊപ്പം ഉത്പാദനക്ഷമത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിഗണിച്ച ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഇത്തരത്തിൽ, ഉത്പാദനത്തിനൊപ്പം ആഭ്യന്തരവിപണിയിലും ലോക കമ്പോളത്തിലും നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഈ രംഗത്ത് പുരോഗമിക്കുന്നത്.