പെണ്ണൊരുമയുടെ പിങ്ക് ബാസ്കറ്റ്

എഴുമാവിൽ രവീന്ദ്രനാഥ്

മാർച്ച് എട്ട് ആഗോള വനിതാദിനമായി കൊണ്ടാടുന്ന വേളയിൽ അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും, സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭകത്വ പ്രോത്സാഹന പരിപാടികൾക്ക് പ്രചാരണം നൽകിക്കൊണ്ടും, കേരളത്തിലെ വനിതാ സംരംഭകരുടെ വലിയൊരു കൂട്ടായ്മ ‘പിങ്ക് ബാസ്കറ്റ്’ എന്ന കോമൺ ബ്രാന്റുമായി രൂപം കൊണ്ടത് നവസംരംഭകർക്ക് ആവേശം പകരുന്ന ഒന്നായിരുന്നു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ നടന്ന മഹാസമ്മേളനം സ്വാശ്രയത്തിലൂടെ സാമൂഹ്യ സേവനവും സാമ്പത്തിക നേട്ടവും എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് ബാസ്കറ്റ് എന്ന ബ്രാന്റ് നെയിം പ്രകാശനം ചെയ്തത്.

പാറശ്ശാല മുതൽ കാസർഗോഡു വരെയുള്ള 89 വനിതാ സംരംഭകരും അവരുടെ ഉല്പന്നങ്ങളുമാണ് ആറാട്ടുപുഴയിലെ പ്രദർശന നഗരിയിൽ അണി നിരന്നത്. വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, ഐ ടി വകുപ്പ്, തപാൽ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, റോട്ടറി ക്ലബ്ബ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഈ നവീന സംരംഭം സമാരംഭിച്ചത്. ഉല്പന്നങ്ങളെയും ഉല്പാദകരെയും പരിചയപ്പെടുത്തൽ മുതൽ ഉല്പാദകർ നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും വരെ സഗൗരവം ചർച്ച ചെയ്യപ്പെട്ടതിൽ നിന്നാണ് പിങ്ക് ബാസ്കറ്റ് രൂപം കൊണ്ടത്.

ചുവപ്പിന്റെ ആവേശവും വെള്ളയുടെ സംശുദ്ധിയും ചേർന്ന നിറമായ പിങ്ക് സ്നേഹം, സഹാനുഭൂതി, കാരുണ്യം, പ്രത്യാശ തുടങ്ങിയവയെ പ്രതിനിധീകരിയ്ക്കുന്നു. പൊതുവെ വനിതകളുടെ നിറമായി അംഗീകരിയ്ക്കപ്പെട്ട പിങ്കിന് ഒരു രാജകീയ പരിവേഷമാണുള്ളത്. വനിതകളുടെ പ്രിയവർണ്ണമായി വിദേശ രാഷ്ട്രങ്ങൾ ഇതിനെ കാലങ്ങളായി അംഗീകരിച്ചു വരുന്നു. (വനിതാ സുരക്ഷയ്ക്കായുള്ള കേരളത്തിലെ പിങ്ക് പോലീസ് ഒരു ഉദാഹരണം). സ്ത്രീത്വം, മാധുര്യം, ആതുരസേവനം, സഹനശക്തി, ക്ഷമ, ഒരുമ, ഉന്മേഷം തുടങ്ങിയവയുടെ പ്രതീകമത്രേ പിങ്ക്. അന്താരാഷ്ട്ര കളർ സ്പെഷ്യലിസ്റ്റുകളിൽ പ്രമുഖരായ ആദം സ്കോട്ട്, കരോൾ സൈബുൾസ്കി, മഹ്മൂദ്അലി തുടങ്ങിയ പ്രതിഭകൾ പിങ്ക് കളറിന്റെ സവിശേഷതകളെപ്പറ്റി നടത്തിയിട്ടുള്ള വർണ്ണനകൾ ഏറെയാണ്.

ഇവയിൽ നിന്നൊക്കെ ആവേശം കൊണ്ടാണ് ഈ വനിതാ കൂട്ടായ്മയുടെ സാരഥികൾ പിങ്ക് ബാസ്കറ്റ് രൂപപ്പെടുത്തിയത്. അബലകളും ചപലകളുമെന്നു വിശേഷിപ്പിയ്ക്കുന്ന വനിതകൾക്ക് തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാനും അവയെ ക്രിയാത്മകമായി വിന്യസിയ്ക്കാനും ഇവിടെ അവസരമൊരുങ്ങുന്നു. സ്ത്രീ സംരംഭകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് ഈയൊരു കൂട്ടായ്മയ്ക്ക് വഴിയൊരുക്കിയത്. വിപണനമാണ് ഇതിൽ ഏറ്റവും മുഖ്യം. ഒരേതരം ഉല്പന്നങ്ങൾ ഒരു കുടക്കീഴിലെത്തുമ്പോൾ അത് അനാവശ്യമത്സരത്തിനിടയാക്കും. ഇതൊഴിവാക്കപ്പെടണം. വൈവിധ്യമായ ഉല്പന്നങ്ങളാവണം പിങ്ക് ബാസ്കറ്റുകളിൽ നിറയേണ്ടത്. ഇവർ മത്സരിയ്ക്കുന്നത് മൾട്ടി നാഷണൽ കമ്പനികളും ദേശീയ തലത്തിൽ വമ്പൻ ശൃംഖലകളും പരസ്യ പ്രചാരണ തന്ത്രങ്ങളും ഉള്ള ഉല്പാദകരോടാണ്. ഉല്പന്ന വിലയാണ് ഇവിടെ പ്രശ്നം. വൻകിടക്കാർ വലിയ തോതിൽ അസംസ്കൃത വസ്തുക്കൾ വാങ്ങിക്കൂട്ടുമ്പോൾ അവരുടെ ഉല്പാദനച്ചെലവു താരതമ്യേന കുറയുന്നു. തന്മൂലം ഉല്പന്നത്തിനും വിലക്കുറവുണ്ടാവും. എന്നാൽ കുടിൽ വ്യവസായം നടത്തുന്നവർക്ക് അസംസ്കൃത വസ്തുക്കളുടെ മൊത്ത സംഭരണം സാധ്യമല്ല. ചില്ലറയായി അവർ ഇവ വാങ്ങുമ്പോൾ വില അല്പം കൂടുതലാവും. ഇതൊഴിവാക്കാൻ പിങ്ക് ബാസ്കറ്റിന്റെ മാതൃ സംഘടനയായ വീസോ (വുമൺ എൻട്രപ്രണേഴ്സ് എംപവർമെന്റ് ആന്റ് സപ്പോർട്ടിങ്ങ് ഓർഗനൈസേഷൻ) പറയുന്നു.

   

ഫിനിഷിങ്ങ് ആണ് മറ്റൊരു പ്രശ്നം. ബ്രാന്റഡ് ഉല്പന്നങ്ങളുടെ ഫിനിഷിങ്ങും അത്യാകർഷകമായ പായ്ക്കിങ്ങും ഉപഭോക്താക്കളെ ആകർഷിയ്ക്കുന്നു. ഗുണം മെച്ചമെങ്കിലും കാഴ്ചയിൽ തുച്ഛമായാൽ വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ കഴിയില്ല. ആധുനിക സാങ്കേതിക വിദ്യകളുടെ പിൻബലത്തോടെ ഉല്പന്നങ്ങളുടെ ഏകതാനത (യൂണിഫോമിറ്റി), കാഴ്ചയിലെ പ്രൗഢി (അപ്പ്യറൻസ്) എന്നിവ ഉറപ്പു വരുത്തുവാനുള്ള പ്രോജക്റ്റ് തയ്യാറായിക്കഴിഞ്ഞു. നാടൻ ഉല്പന്ന്ങ്ങൾക്ക് കാടൻ ലുക്ക് പാടില്ലല്ലോ.

ഗുണമേന്മയാണ് മറ്റൊന്ന്. വില മാത്രമല്ല, ഗുണവും ഇന്ന് ഉപഭോക്താക്കൾ ശ്രദ്ധിയ്ക്കുന്നു. പ്രകൃതിദത്ത വസ്തുക്കളുടെ സ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റുകൾ ഇഷ്ടം പോലെ ലഭ്യമാണ്. ഇവ ഉപയോഗിച്ചാൽ വില കുറച്ച് ഉല്പാദനം നടത്താം. ഉദാഹരണത്തിന് സാൻഡൽ ഓയിൽ തന്നെ എടുക്കാം. യഥാർത്ഥ ചന്ദനത്തൈലത്തിന് വിലയേറും. അപ്പോൾ ഉല്പന്നത്തിനും വിലയുണ്ടാവും. ഇതേ സ്ഥാനത്ത് കൃത്രിമ സുഗന്ധമുപയോഗിച്ചാൽ വില കുറയും. ഒപ്പം ഗുണവും. ഇത് താൽക്കാലികമായി വിപണിയിൽ പിടിച്ചു നിൽക്കാൻ സഹായിയ്ക്കുമെങ്കിലും ആത്യന്തികമായി പരാജയപ്പെടും. ആയതിനാൽ ക്വാളിറ്റി കൺട്രോൾ, റിസർച്ച് ആന്റ് ഡവലപ്മെന്റ് വിഭാഗങ്ങൾ പിങ്ക് ബാസ്കറ്റ് ഒരുക്കും. എയർപോർട്ടുകൾ, മാളുകൾ, റയിൽവേ സ്റ്റേഷനുകൾ, പ്രമുഖ ബസ് സ്റ്റാന്റുകൾ ഇവയിൽ പിങ്ക് സ്റ്റോറുകൾ വഴി ഗുണമേന്മയുള്ള തനത് ഉല്പന്നങ്ങൾ എത്തിക്കുന്നതിലൂടെ വിപണനവും ഒപ്പം തൊഴിലവസരവും വർദ്ധിക്കും.

തപാൽ, ഐ ടി വകുപ്പിന്റേയും, സ്റ്റാർട്ടപ്പുകളുടെയും സഹായത്തോടെ ഓൺലൈൻ വിപണിയും വീസോ ലക്ഷ്യമിടുന്നു. വിമൻസ് ക്ലബ്ബുകളും വിപണന കേന്ദ്രങ്ങളാക്കി മാറ്റും. വസ്ത്രങ്ങൾ, സൗന്ദര്യ സംവർദ്ധകങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കരകൗശല ഉൽപന്നങ്ങൾ, പ്രകൃതിദത്ത ഔഷധങ്ങൾ, ലഘു യന്ത്രങ്ങൾ തുടങ്ങി ഒരു ഡസനിലേറെ ഉൽപന്നങ്ങളാണ് പിങ്ക് സ്റ്റോറുകൾ വഴി ജനങ്ങളിലെത്തുക. ഗ്ലോബൽ മാർക്കറ്റിങ്ങിനുള്ള സംവിധാനങ്ങളും ഒരുങ്ങിയതായി വീസോ അദ്ധ്യക്ഷ ഐഷാ മുരളി, സെക്രട്ടറി ഫൗസിയ ആസാദ് എന്നിവർ പറഞ്ഞു. ഡബ്ല്യു. എം. എഫ് ഗ്ലോബൽ ഹെൽപ്പ് ഡസ്ക് കോ ഓർഡിനേറ്റർ ഡോ. ആനി ലിബു ജോൺ പിങ്ക് ബാസ്കറ്റ് ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ഗവേഷണ കേന്ദ്രം മേധാവികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ നേർന്നു.