അഭിമാനമായി കെൽട്രോൺ

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി

മീപകാലത്ത് കെൽട്രോൺ പങ്കെടുത്ത മിഷനുകളും നേടിയ അംഗീകാരങ്ങളും മലയാളികൾക്കാകെ അഭിമാനം സമ്മാനിക്കുന്ന കാര്യങ്ങളാണ്. രാജ്യത്തിന്റെ അഭിമാന മിഷനുകളായ ആദിത്യയിലും ചാന്ദ്രയാനിലും ഗഗൻയാനിലും ഭാഗമായിരിക്കുന്നു കെൽട്രോൺ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹസ്രകോടികളുടെ ഓർഡറുകൾ നേടിയെടുത്തിരിക്കുന്നു കെൽട്രോൺ. മികവോടെയുള്ള പ്രവർത്തനങ്ങൾ കാണാൻ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സർക്കാർ സംഘങ്ങൾ നൽകിയ പ്രശംസയും മറ്റൊരു അംഗീകാരം തന്നെ. ഒപ്പം സ്ഥാപനത്തിന് പുതിയ നേതൃനിരയും. പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ. 1000 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതിനൊപ്പം രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ഹബ്ബാകാൻ ശ്രമിക്കുന്ന കേരളത്തിന് കെൽട്രോൺ ആയിരിക്കും കരുതലും കൈത്താങ്ങും.

കേരളത്തിന്റെ അഭിമാനമായ കെൽട്രോൺ തമിഴ്നാട് സർക്കാരിൽ നിന്നും ആയിരം കോടി രൂപയുടെ മെഗാ ഓർഡർ നേടിയെടുത്തുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. മറ്റ് നിരവധി കമ്പനികളുമായി പൊരുതി മത്സരാധിഷ്ടിത ടെന്ററിലൂടെയാണ് കെൽട്രോണിന്റെ ഈ നേട്ടമെന്നത് സന്തോഷത്തിന്റെ മാറ്റ് കൂട്ടുന്നു. തമിഴ്നാട് സർക്കാരിന് കീഴിലുള്ള തമിഴ്നാട് ടെക്സ്റ്റ് ബുക്ക് &എഡ്യൂക്കേഷണൽ സർവീസ് കോർപ്പറേഷൻ പരസ്യപ്പെടുത്തിയ മൂന്ന് വിവിധ ടെൻഡറുകൾ ആണ് കെൽട്രോൺ സ്വന്തമാക്കിയത്. മൂന്ന് ടെൻഡറുകളുടെയും മൊത്തം മൂല്യം നികുതി ഉൾപ്പടെ 1076 കോടി രൂപയാണ്. തമിഴ്നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐ ടി ലാബുകളും അവയുടെ ഏകോപനത്തിനായുള്ള കമാൻഡ് &കൺട്രോൾ സെന്റർ സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണികളും ഉൾപ്പെടെ നിർവഹിക്കുന്നതിന് 519 കോടി രൂപയുടെ ഓർഡറും, തമിഴ്നാട്ടിലെ വിവിധ സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിച്ച് അവയുടെ പരിശോധനയും കമ്മീഷനിങ്ങും അറ്റകുറ്റപ്പണികളും നടത്തുന്നതിനായി 455 കോടി രൂപയുടെ ഓർഡറും തമിഴ് നാട്ടിലെ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ് ലറ്റ് കമ്പ്യൂട്ടറുകൾ നൽകുന്നതിനായി 101 കോടി രൂപയുടെ ഓർഡറുമാണ് ഈ മെഗാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹൈടെക്ക് ലാബുകളുടെ ഏകോപനം കേന്ദ്രീകൃതമായി കമാൻഡ് &കൺട്രോൾ സെൻറർ വഴിയാണ് നിർവഹിക്കുന്നത്. ഇതിന്റെ അഞ്ചു വർഷത്തേക്കുള്ള ദൈനംദിന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും പദ്ധതിയുടെ ഭാഗമായി കെൽട്രോൺ നിർവഹിക്കും. സ്മാർട്ട് ക്ലാസ് റൂമുകളുടെ അഞ്ചു വർഷത്തെ ഓൺസൈറ്റ് വാറണ്ടിയും സേവനവും കെൽട്രോൺ നൽകുന്നതായിരിക്കും.

ഹൈടെക് ക്ലാസ് റൂമുകൾ ഒരുക്കുന്നതിൽ 12 വർഷത്തോളം പ്രവർത്തന പരിചയം കെൽട്രോണിനുണ്ട്. കേരളത്തിൽ സ്കൂളുകളിൽ കെൽട്രോൺ നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളാണ് തമിഴ്നാട്ടിലെ മെഗാ ഓർഡർ ലഭിക്കുന്നതിനുള്ള പ്രീക്വാളിഫിക്കേഷൻ സഹായിച്ചത്. കൂടാതെ ഈ വർഷം ഒഡീഷയിൽ നിന്നും സ്മാർട്ട്ക്ളാസ്സുകൾ സ്ഥാപിക്കുന്നതിന് ലഭിച്ച 168 കോടി രൂപയുടെ ഓർഡറും തമിഴ് നാട്ടിൽ നിന്നും ഈ മെഗാ ഓർഡർ നേടാൻ സഹായകമായിട്ടുണ്ട്. തമിഴ് നാട് സർക്കാരിൽ നിന്നും ലഭിച്ച മെഗാ ഓർഡറിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ നിന്നും സമാന ഓർഡറുകൾ കെൽട്രോൺ പ്രതീക്ഷിക്കുന്നുണ്ട്.