ജീനോമിക്‌സ് ഒരു ഗവേഷണ സംരംഭക സാധ്യതാ മേഖല

ലോറൻസ് മാത്യു
 
താനും വർഷങ്ങൾക്ക് മുൻപൊരു വാർത്ത വന്നിരുന്നു, ആരോഗ്യമേഖലയിൽ ചലനങ്ങൾ സൃഷ്ടിക്കാവുന്ന റിപ്പോർട്ട്; കാൻസറിനെതിരെ ജീനോമിക്‌സ് അധിഷ്ഠിത ചികിൽസയ്ക്കു യുഎസ് ആരോഗ്യ സംഘടനയായ എഫ്ഡിഎ യുടെ അനുമതി. മനുഷ്യരെ വലയ്ക്കുന്ന എത്രയോ രോഗങ്ങൾ. എന്താണു ഇവയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി? ഉത്തരം ജീനോമിക്‌സ് തരുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
 
എന്താണ് ജീനോമിക്‌സ്
 
ജീവിവർഗങ്ങളിലെ പൂർണ ജനിതക ഘടനയെക്കുറിച്ചുള്ള പഠനമാണ് ജീനോമിക്‌സ്. ലോകത്ത് ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്ന സങ്കീർണ മേഖല. ബയോ ഇൻഫർമാറ്റിക്‌സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ജീനോമിക്‌സിലെ ഗവേഷണങ്ങളിലേറെയും. നൂതനമായ കമ്പ്യൂട്ടിങ് വിദ്യകൾ ഇതിനു വേണ്ടി വരും. ഇത്രയേറെ ഗവേഷണങ്ങൾ ഈ മേഖലയിൽ നടക്കുമ്പോൾ ലോകത്ത് ജീനോമിക്‌സ് അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നുണ്ട്. തന്മാത്രാ ജീവശാസ്ത്രത്തിന്റെയും ജനിതക ശാസ്ത്രത്തിന്റെയും മേഖലകളിൽ, ഒരു ജീവിയുടെ എല്ലാ ജനിതക വിവരങ്ങളെയും ഒരുമിച്ച് വിളിക്കുന്നത് ആണ് ജീനോം എന്നത്. ജീനോമിനെക്കുറിച്ചുള്ള പഠനത്തെ ജീനോമിക്‌സ് എന്ന് വിളിക്കുന്നു. ‘ജീനോം’ എന്നതിന്റെ കൃത്യമായ നിർവചനം പറയുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത് സാധാരണയായി ഒരു ജീവിയിലെ ജനിതക വിവരങ്ങൾ വഹിക്കുന്ന ഡി. എൻ. എ (അല്ലെങ്കിൽ ചിലപ്പോൾ ആർഎൻഎ) തന്മാത്രകളെയാണ് സൂചിപ്പിക്കുന്നത്. 
 
ജീനുകളെ വേർതിരിക്കൽ, തരം തിരിക്കൽ, സൂക്ഷ്മാണു നിരീക്ഷണം, ഡി എൻ എ പരിശോധന തുടങ്ങിയവയൊക്കെ ഇവിടെ പഠന വിഷയങ്ങളാണ്. മോളിക്യുലാർ സയൻസും, പ്രോട്ടോമിറ്റ്‌സും, ബയോ ഇൻഫോർമാറ്റിക്‌സും, സെൽ ബയോളജിയുമെല്ലാം ചേർന്ന ഒരു ഇന്റർ ഡിസിപ്ലിനറി പഠന ശാഖയാണിത്. ഗവേഷണാധിഷ്ഠിതമായ പഠന ശാഖയാണിത് എന്നതിനാൽത്തന്നെ വിവിധങ്ങളായ ഗവേഷണ സംരംഭങ്ങൾക്ക് സാധ്യതയുള്ളതും ഒപ്പം നിലവിലുള്ള പല സംരംഭങ്ങളിലും മാറ്റങ്ങൾ വരുത്തുവാൻ കഴിയുന്നതുമാണിത്. കാൽ നൂറ്റാണ്ടിന് മുൻപ് നമുക്ക് ഐ ടി പഠന മേഖല എപ്രകാരമായിരുന്നോ അതുപോലെയാണ് ജീനോമിക്‌സിന്റെ ഇന്നത്തെ ശൈശവ ദശ. ആരോഗ്യ മേഖലയ്ക്ക് പുറമേ, വന്യ ജീവി സംരക്ഷണം, കാർഷിക മേഖല തുടങ്ങിയ രംഗങ്ങളിലെല്ലാം ജനിതക സാങ്കേതികതയുടെ ഗുണഫലങ്ങൾ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടില്ലാത്ത കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചപ്പോൾ ആണ് ഒരു പക്ഷേ നാം ഇപ്രകാരമൊരു പഠന ശാഖയുടെ പ്രാധാന്യം മനസ്സിലാക്കിയത്. എന്നിട്ടും സാധാരണക്കാർക്ക് ഇതുവരേയും ഇതിന്റെ പ്രാധാന്യവും ജീനോമിക്‌സ് വ്യത്യസ്ത മേഖലകളിൽ വരുത്തുവാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് പൂർണ്ണമായും ഒരു അവബോധമില്ലായെന്നത് വസ്തുതയാണ്. ജീനോമിക്‌സിലെ നൂതനമായ ഒരു ശാഖയാണ് പാലിയോ ജീനോമിക്‌സ്. മനുഷ്യരുടെ ജനിതക ഘടനയിൽ പൂർവ്വികരുടെ ജീനുകൾ അവശേഷിക്കുന്നു എന്ന് നമുക്കറിയാം. ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ ജീവികളുടെ ജനിതക ഘടന കണ്ടെടുത്ത് പഠനം നടത്തുന്ന ശാസ്ത്രശാഖയാണ് പാലിയോ ജീനോമിക്‌സ്. സ്വാഭാവികമായും പൂർവ്വ ജീവികളുടെ ജനിതക സവിശേഷതകൾ ആധുനിക ജീവികളിലുമുണ്ടാകും. അത് മനസ്സിലാക്കുക വഴി രോഗപ്രതിരോധ രംഗത്ത് ഉൾപ്പെടെ വലിയ മാറ്റങ്ങൾ വരുത്തുവാൻ കഴിയും. 
 
Adenine, Thymine, Guanine, Cytocine എന്നീ നാല് ഘടകങ്ങളാണ് ഏതൊരു ജീവിയുടെയും ഡി എൻ എ യുടെ അടിസ്ഥാനം. ഇതിന്റെ അലൈൻമെന്റിലുള്ള വ്യത്യാസമാണ് ജീവി വർഗങ്ങളെ വ്യത്യസ്തരാക്കുന്നതെന്ന് പറയാം. ഇതാണ് ഈ പഠന ശാഖയുടെ അടിസ്ഥാന തത്വം. ഏതൊരു ജീവിയിലും അതിന്റെ സ്വഭാവ സവിശേഷതകൾ കോഡ് ചെയ്യപ്പെട്ടിരിക്കുന്നത് ഈ 4 ഘടകങ്ങൾ ഉപയോഗിച്ചാണ്. ഇതിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനമാണ് ഈ പഠനമേഖല. യുവ തലമുറയ്ക്ക് ഏറ്റവും കൂടുതൽ പഠന ഗവേഷണ തൊഴിൽ സാധ്യതകൾ തുറന്നിടുന്ന ഭാവി സാങ്കേതിക മേഖലയായി ജീനോമിക്‌സ് മാറുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 
 
ജീനോമിക്‌സ് ആരോഗ്യ രംഗത്ത്
 
ജീനോമിക്‌സ് എന്ന ശാസ്ത്ര ശാഖ ഒരു പക്ഷെ നേരിട്ട് മനുഷ്യ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഏറ്റവും കൂടുതൽ ആരോഗ്യ രംഗത്ത് ആകും. ജനിതക ഘടനയിലെ വ്യതിയാനം പഠിക്കുന്നത് വഴി മാരകമായ പല രോഗങ്ങൾക്കും പ്രതിവിധി കണ്ടെത്തുവാൻ കഴിയും. ഓരോ രോഗിയെയും തന്റെ പാരമ്പര്യം മനസ്സിലാക്കി ചികിത്സിക്കുവാൻ ജീനോമിക്‌സ് അധിഷ്ഠിതമായ ചികിത്സാ രീതിക്ക് കഴിയുന്നതാണ്. പുതിയതായി ഉടലെടുക്കുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ നിർമ്മിക്കുന്നതിൽ ഈ സാങ്കേതിക വിദ്യയുടെ പങ്ക് വലുതാണ്. വൈദ്യ ശാസ്ത്രത്തിലെ അതിനൂതന പഠന ശാഖയാണ് ഫാർമക്കോ ജീനോമിക്‌സ്. മരുന്നുകളോട് ഓരോ രോഗിയും പ്രതികരിക്കുന്ന വ്യത്യസ്ത രീതികൾ പഠന വിധേയമാക്കുകയാണിവിടെ. ജീനുകളിലടങ്ങിയിരിക്കുന്ന ഡിഎൻഎ യുടെ ഘടനയുടെ ഏതാണ്ടൊരു പൂർണരൂപം കണ്ടെത്തിയതിലൂടെ മനുഷ്യന്റെ ജനിതക ഘടനയും പൂർണമായും വെളിവാക്കപ്പെടുന്നു. ഒരു വ്യക്തി ആരെന്നോ അയാളുടെ പ്രവർത്തനങ്ങൾ എന്തെന്നോ അറിയാതെ, അയാളെക്കുറിച്ചുള്ള സർവ വിവരങ്ങളും ഭാവിയിൽ അയാൾക്ക് എന്തൊക്കെ അസുഖങ്ങൾ വരാനുള്ള സാധ്യതകളുണ്ടെന്നും വരെ അയാളുടെ ജനിതക ഘടന പഠിച്ച് പ്രവചിക്കാനാവും. ഒരു വ്യക്തിയുടെ വ്യതിരിക്ത ജനിതക ഘടന ഒരു തുള്ളി രക്തത്തിലൂടെ തിരിച്ചറിയാനാകും എന്നത് ഈ രംഗത്തുണ്ടായ വിപ്ലവകരമായ ഒരു മുന്നേറ്റമാണ്. ഭാവിയിൽ രോഗം ഉണ്ടാക്കാൻ സാധ്യതയുള്ള ജീനുകളെ തിരിച്ചറിയാനും ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്ന അപകട ജീനുകൾ ഏതു സാഹചര്യത്തിൽ പ്രവർത്തന നിരതമാകുമെന്നു കണ്ടെത്താനും കഴിയും. ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ ജനിതക ഘടന തയ്യാറാക്കുന്നതോടെ എത് ഡി എൻ എ ജോഡിയാണ് ക്രമരഹിതമായി പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കാം. ഇതോടെ കാൻസർ, എയ്ഡ്‌സ്, പ്രമേഹം തുടങ്ങി മനുഷ്യരാശിയെ നേരിടുന്ന ഏതു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തുവാൻ വൈദ്യശാസ്ത്രത്തിനു കഴിയും. അതെ, ഇനി വരുവാനിരിക്കുന്നത് Personalized Medicine ന്റെ കാലമാണ്.
 
ആധുനിക പഠനങ്ങളിലൂടെ മനുഷ്യന്റെ ജനിതക ഘടന കണ്ടുപിടിച്ചതുകൊണ്ട് അത്ഭുതാവഹമായ പ്രയോജനങ്ങളാണ് മനുഷ്യന് ലഭ്യമാകാൻ പോകുന്നത്. രോഗങ്ങളുടെ കൃത്യമായ നിർണയം, ഭാവിയിലെ രോഗ സാധ്യതകളെപ്പറ്റിയുള്ള പ്രവചനം, മനുഷ്യ ശരീര ഘടനയ്ക്ക് ഇണങ്ങുന്ന ഔഷധങ്ങളുടെ രൂപകൽപന, ജനിതക നിയന്ത്രണങ്ങളിലൂടെയുള്ള രോഗചികിത്സ, ശരീരത്തിനു യോജിച്ച ഔഷധ അളവിന്റെ കണ്ടെത്തൽ, അവയവ മാറ്റ ശസ്ത്രക്രിയകളിൽ നടത്താനാവുന്ന കൃത്യ ‘മാച്ചിംഗ്’ അഥവാ ചേർച്ച എന്നിവ ഈ പ്രയോജനങ്ങളിൽ ചിലതു മാത്രമാണ്. 
 
മനുഷ്യന്റെ പൂർണ ജനിതക സാരം കണ്ടെത്താൻ 1990- ൽ അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഹ്യൂമൻ ജിനോം പ്രൊജക്ട് (Human Genome Project (HGP). 300 കോടി ഡോളർ ചെലവ് കണക്കാക്കപ്പെട്ട പദ്ധതി അമേരിക്ക, ചൈന, ഫ്രാൻസ്, ജർമനി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെട്ട കൺസോർഷ്യമാണ് പൂർത്തിയാക്കിയത്. മനുഷ്യ ഡി.എൻ.എ യിലെ 320 കോടിയോളം വരുന്ന രാസബന്ധങ്ങളെ വായിച്ചെടുക്കുക, ജീനുകളെ തിരിച്ചറിയുക തുടങ്ങിയവയായിരുന്നു 15 വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ. രോഗങ്ങളുടെ ജനിതകമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുന്നു. മനുഷ്യരെ ബാധിക്കുന്ന വിവിധ തരം രോഗങ്ങളെക്കുറിച്ചും രോഗത്തിന്റെ തീവ്രതയിൽ വരുന്ന മാറ്റങ്ങളെപ്പറ്റിയും പഠിക്കാൻ സാധിക്കുന്നു. ഓരോ വ്യക്തികൾക്കും അവരുടെ ജനിതക ഘടന അനുസരിച്ച് ചികിത്സ നൽകാൻ സാധിക്കുന്നു തുടങ്ങിയവയൊക്കെ ഈ പദ്ധതിയുടെ നേട്ടങ്ങളാണ്.
 
ജീനോമിക്‌സ് കുറ്റാന്വേഷണത്തിൽ
 
കുറ്റാന്വേഷണ രംഗത്തിനും ഈ ജനിതക മാപ്പിങ് നിരവധി സംഭാവനകൾ നൽകുന്നുണ്ട്. ജനിതക തന്മാത്രകൾ ആയ ഡി എൻ എ (ഡിയോക്സി റൈബോ ന്യൂക്ലിക് ആസിഡ്) യുടെ ഘടനയിലെ വ്യതിയാനങ്ങൾ പരിശോധിച്ച് വ്യക്തികളെ തിരിച്ചറിയുന്ന ശസ്ത്രക്രിയ രീതിയാണ് ഡി.എൻ.എ. പ്രൊഫൈലിംഗ് അഥവാ ഡി.എൻ.എ ടൈപ്പിംഗ് അഥവാ ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ്. പ്രധാനമായും കുറ്റാന്വേഷണത്തിലാണ് ഈ രീതി ഉപയോഗിച്ചു വരുന്നത്. ഡി എൻ എ എന്ന തന്മാത്ര ഓരോ വ്യക്തിയിലും പാരമ്പര്യമായി പിതാവിൽ നിന്നും മാതാവിൽ നിന്നുമായി സിദ്ധിച്ചു വരുന്നവയണ് ഇവയിൽ വെറും അഞ്ചു ശതമാനത്തിൽ താഴെ വരുന്ന ഭാഗം മാത്രമേ നിയതമായ ശാരീരിക ധർമ്മങ്ങൾ അനുഷ്ഠിക്കുന്നതായി തിരിച്ചറിയപ്പെട്ടിട്ടുള്ളൂ. ബാക്കിയുള്ള 95 ശതമാനവും വ്യക്തമായ ധാർമിക അടിത്തറയില്ലാതെ വർത്തിക്കുന്നവയാണ്. എന്നാൽ ഇത്തരം ഡിഎൻഎ ഭാഗങ്ങളുടെ ഘടനയിൽ പ്രകടിപ്പിക്കുന്ന വ്യത്യസ്തതകൾ പരിശോധിക്കുക വഴി വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുന്നു. നിരവധി മേഖലകളിൽ ഡി എൻ എ പരിശോധന ഉപയോഗിക്കുന്നു. പ്രധാനമായും കുട്ടികളുടെ പിതൃത്വപരിശോധന, മാതൃത്വപരിശോധന, ശവശരീരങ്ങളുടെ തിരിച്ചറിയൽ, വികൃതമാക്കപ്പെട്ടതും പലഭാഗങ്ങളായി വേർപിരിക്കപ്പെട്ടതുമായ ശരീര ഭാഗങ്ങളുടെ തിരിച്ചറിയൽ, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിയൽ എന്നിവയിലൊക്കെ ഇതുപയോഗിക്കുന്നുണ്ട.് കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭ്യമാവുന്ന മുടി, രക്തം, ഉമിനീർ എന്നിവയിൽ നിന്നും കുറ്റകൃത്യം ചെയ്ത വ്യക്തിയുടെ യഥാർത്ഥ ജനിതക ഘടന കണ്ടെത്തി ആ പ്രത്യേക വ്യക്തിയെ കണ്ടെത്താനാവും.
 
കൃഷിയിലും ജീനോമിക്‌സ്
 
ജീനോമിക്‌സ് കൃഷിയിൽ വരുമ്പോൾ അതിനെ അഗ്രി ജിനോമിക്‌സ് എന്നാണ് പറയുന്നത്. ഒരുപാട് സ്റ്റാർട്ടപ്പുകൾക്കും ഗവേഷണത്തിനും സാധ്യതയുള്ള ഒരു മേഖലയാണ് ഇത്. ചെടികളുടെ ഡിഎൻഎ യെപ്പറ്റിയുള്ള പഠനത്തെ കൂടുതൽ ഫലം തരുന്ന ഭക്ഷ്യ വിളകളുടെ കണ്ടുപിടുത്തത്തിലേക്ക് നമ്മെ നയിക്കുന്നു. ചില വിത്തിനങ്ങൾ നശിക്കുന്നതിന് കാരണമാകുന്നത് ഡിഎൻഎ യിലുള്ള മാറ്റങ്ങളാണെന്ന തിരിച്ചറിവ് രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളെ നിർമ്മിക്കുവാൻ പര്യാപ്തമാവുന്നു. ചെടികളും ബാക്ടീരിയകളുമായുള്ള ബന്ധങ്ങളെപ്പറ്റിയുള്ള പഠനത്തിന് പ്ലാന്റ് ജീനോമിക്‌സ് സഹായകമായി മാറുന്നുണ്ട്. ചില പ്രത്യേക ബാക്ടീരിയകൾ ചെടിയുടെ രോഗപ്രതിരോധശേഷിയും വിളയുമെല്ലാം വർധിപ്പിക്കുമെങ്കിൽ ആ ടൈപ്പ് കൂടുതലായി ഉല്പാദിപ്പിക്കുവാൻ സാധ്യമാണ്.  ചെടികളിലെ ജൈവവൈവിധ്യം പഠിക്കുവാൻ പ്ലാന്റ് ജിനോമിക്‌സ് സഹായകമായി മാറുന്നുണ്ട്.  ബയോഡൈവേഴ്‌സിറ്റി നിലനിർത്തുവാൻ ഇത് സഹായപ്രദമാണ്.
 
ആനിമൽ ജീനോമിക്‌സ്
 
മൃഗങ്ങളിലെ ജനിതക ഘടനയെ പറ്റിയുള്ള പഠനശാഖയാണ് അനിമൽ ജീനോമിക്‌സ് എന്നത്. ജനിതക ഘടനയിലുള്ള അതിസൂക്ഷ്മ വ്യതിയാനങ്ങളെയാണ് മ്യൂട്ടേഷൻസ് എന്ന് പറയുന്നത്. ഈ മ്യൂട്ടേഷനുകൾ ജീവിവർഗങ്ങളുടെ സൈസ്, രോഗ സാധ്യതകൾ, വളർച്ച നിരക്ക് എന്നിവയ്‌ക്കൊക്കെ കാരണമാകുന്നുണ്ട്. ഈ പഠനം പുത്തൻ മരുന്നുകളുടെ നിർമ്മാണത്തിലേക്കും തദ്വാര പക്ഷിമൃഗാദികളുടെ ആരോഗ്യ സംരക്ഷണത്തിലേക്കും വഴിതെളിക്കുന്നു. മാംസാഹാര പ്രിയരായ നമ്മുടെ നിത്യജീവിതവുമായും അതുവഴി ഫാമുകൾ പോലെയുള്ള നിരവധിയായ സംരംഭങ്ങളുമായുള്ള ബന്ധം വ്യക്തമാണല്ലോ. മനുഷ്യർക്കെന്നതുപോലെ പേഴ്‌സണലൈസ്ഡ് മെഡിസിൻ മൃഗങ്ങൾക്ക് നൽകുവാൻ ആനിമൽ ജീനോമിക്‌സ് നമ്മളെ സഹായിക്കുന്നു. അപകടകരമായ മ്യൂട്ടേഷനുകളെ തിരിച്ചറിയുകയെന്നത് രോഗപ്രതിരോധരംഗത്ത് ഏറെ പ്രാധാന്യമർഹിക്കുന്നയൊന്നാണ്.
 
ജീനോമിക്‌സും സ്റ്റാർട്ടപ്പുകളും
 
ഗവേഷണ കുതുകികൾക്ക് മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാതെ സ്റ്റാർട്ടപ്പുകൾ തുടങ്ങുവാൻ കഴിയുന്നതിന് ഏറെ സാധ്യതകൾ ഉള്ളയൊന്നാണ് ജീനോമിക്‌സിന്റെ മേഖല. പ്രമുഖമായ ചില സ്റ്റാർട്ടപ്പ് കമ്പനികളെ പരിചയപ്പെടാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് പല കമ്പനികളും പ്രവർത്തിക്കുന്നത്.
 
ഡി എൻ എ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് സ്റ്റാർട്ടപ്പ് കമ്പനിയാണ് Lumminary. ആയിരക്കണക്കിന് വർഷങ്ങൾക്ക് പിറകിലുള്ള കുടുംബ ചരിത്രം മുതൽ ഡിഎൻഎ അധിഷ്ഠിതമായ ന്യൂട്രീഷൻസും ഫിറ്റ്‌നസ് ട്രെയിനിങ്ങും വരെ നൽകുന്ന കമ്പനിയാണിത്. മരുന്നുകൾ ഉണ്ടാക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കാവശ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് മോഡലുകൾ ഡിസൈൻ ചെയ്യുന്ന കമ്പനിയാണ് ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Bayes Labs എന്നത്.  ജീനോമിക് ഡാറ്റ ഉപയോഗിച്ച് രോഗനിർണയം നടത്തുന്ന കമ്പനിയാണ് ബാംഗ്ലൂരിലെത്തന്നെ Orbuculum. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഇതു പ്രവർത്തിക്കുന്നത്. ജനറ്റിക് ടെസ്റ്റിലൂടെ അപൂർവ രോഗനിർണയം നടത്തുന്ന സൗത്ത് കൊറിയയിലെ സ്റ്റാർട്ടപ്പ് ആണ് 3 Billion. ജീനോം എഡിറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ചൈനയിൽ നിന്നുള്ള കമ്പനിയാണ് EdiGene. നായകളിലെ രോഗപ്രതിരോധത്തിന് ഉപയോഗപ്രദമായി അവയുടെ ഡി എൻ എ ടെസ്റ്റിംഗ് നടത്തുന്ന സ്റ്റാർട്ടപ്പാണ് Embark.
 
കാർഷിക ആവശ്യങ്ങൾക്കായുള്ള മണ്ണ് പരിശോധന നടത്തുന്ന അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനിയാണ് Trace Genomics. മണ്ണിന്റെ പ്രതിരോധശേഷി വർദ്ധനവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് KAIZA Bio Private Limited. ഇങ്ങനെ ചെറുതും വലുതുമായ നിരവധി സ്റ്റാർട്ടപ്പ് കമ്പനികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. സംരംഭം എന്ന് കേൾക്കുമ്പോൾ ഭക്ഷ്യ സംസ്‌കരണവും റെഡിമെയ്ഡ് വസ്ത്ര നിർമ്മാണവും വർക്ക്‌ഷോപ്പുകളും, ബ്യൂട്ടിപാർലറുകളുമൊക്കെ മാത്രമാണ് പലപ്പോഴും നമ്മുടെ മനസ്സിലേക്ക് വരുന്നത്. ആധുനിക സാങ്കേതികവിദ്യയും ഗവേഷണ മേഖലയും പ്രയോജനപ്പെടുത്തി നിരവധി സ്റ്റാർട്ടപ്പ് കമ്പനികൾക്ക് രൂപം കൊടുക്കുവാൻ കഴിയുമെന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു. ഇ ഡി ക്ലബ്ബുകളുടെ പ്രവർത്തനം ഈ ദിശയിലേക്ക് കൂടി വ്യാപിപ്പിക്കണം. പുത്തൻ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന അന്താരാഷ്ട്ര നിലവാരമുള്ള സെമിനാറുകൾ കോളേജ് ക്യാമ്പസുകളിൽ സംഘടിപ്പിക്കേണ്ടതുണ്ട്. കാഴ്ചപ്പാടുകൾ മാറേണ്ടിയിരിക്കുന്നുവെന്നർത്ഥം. സെമിനാറുകൾക്ക് ആളെ തിരക്കുവാൻ കുടുംബശ്രീയുടെ സിഡിഎസ് ചെയർപേഴ്‌സനെ തിരക്കുന്ന കാലത്ത് നിന്ന് നാം ഏറെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സംരംഭകത്വത്തിന്റെ സാധ്യതകളെ മുന്നോട്ട് വയ്ക്കുവാൻ കഴിയേണ്ടതുണ്ട്. കേരളത്തിലെ ശാസ്ത്ര വിദ്യാർത്ഥികളെ ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംരംഭകത്വത്തിലേക്ക് കൈ പിടിച്ച് നയിക്കുവാൻ കഴിയണം. വിദ്യാർത്ഥികളിൽ അവർ പഠിക്കുന്ന വിഷയത്തിൽ സാങ്കേതിക സംരംഭങ്ങൾ തുടങ്ങുവാൻ കഴിയുന്ന രീതിയിൽ അവബോധം നൽകുവാൻ അധ്യാപകർക്ക് കഴിയണം. പഠനം കഴിഞ്ഞാൽ ജോലി മാത്രമേ ഉള്ളുവെന്ന കാഴ്ചപ്പാടിൽ നിന്ന് മാറി സ്വയം സംരംഭകത്വത്തിന്റെ ലോകത്തേക്ക് കൂടി യുവതലമുറയെ നയിക്കുവാൻ കഴിഞ്ഞുവെങ്കിൽ മാത്രമേ കേരളത്തിന് ഇനി ഭാവിയുള്ളൂ എന്ന് നാം തിരിച്ചറിയണം. പ്ലസ് ടു കഴിഞ്ഞാൽ വിദേശത്തേക്ക് കുടിയേറുന്ന യുവതലമുറയെ സ്വന്തം നാട്ടിൽത്തന്നെ നിർത്തണമെങ്കിൽ കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രങ്ങൾ മാറ്റിവെച്ച് കാലഘട്ടത്തിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സംരംഭങ്ങൾ ആരംഭിക്കുവാനുള്ള ഒരു ഇക്കോ സിസ്റ്റം രൂപപ്പെടുത്തുവാൻ നാം തയ്യാറാകണം.