വിജയ വഴിയിലെ നെറ്റിപ്പട്ടങ്ങൾ

എഴുമാവിൽ രവീന്ദ്രനാഥ്
 
വശ്യം സൃഷ്ടിയുടെ മാതാവാണ് എന്ന വചനത്തിന്റെ അർത്ഥതലങ്ങൾ ഏറെ വിശാലമാണ്. ചില സാഹചര്യങ്ങൾ ചിലരെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. വഴി മാറി സഞ്ചരിക്കാൻ നിർദ്ദേശിക്കുന്നു.  അഭിരുചികൾ ജന്മസിദ്ധമായും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും രൂപപ്പെടാം. അപ്രകാരം മാറി ചിന്തിച്ച ഒരു വീട്ടമ്മയാണ് എസ് ആർ രഞ്ജിനി.
 
പ്ലസ് ടു വരെ വിദ്യാഭ്യാസമുള്ള രഞ്ജിനിയും ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം ഭർത്താവിന്റെ കൂലിപ്പണിയിൽ നിന്നു കിട്ടുന്നത് മാത്രമായിരുന്നു. വർദ്ധിച്ചു വരുന്ന ചിലവും വീടു നിർമ്മിച്ചതിന്റെ കടബാധ്യതകളും കുടുംബത്തെ ഞെരുക്കാൻ തുടങ്ങിയപ്പോഴാണ് സ്വന്തമായി ഒരു വരുമാനമാർഗ്ഗം എന്ന ചിന്ത രഞ്ജിനിയിലുദിച്ചത്. കൂലിപ്പണിക്ക് ഒപ്പം കൂട്ടാൻ ഭർത്താവ് ബിജു സമ്മതിച്ചില്ല. മറ്റൊരു സ്ഥാപനത്തിൽ പോയി പകലന്തിയോളം അധ്വാനിച്ചാൽ തുച്ഛ ശമ്പളമേ കിട്ടൂ. അങ്ങനെ പോയാൽ വിദ്യാർത്ഥികളായ മക്കളുടെ ഭാവിയെ അതു ബാധിക്കും. അതിനാൽ വീട്ടിലിരുന്ന് കൊണ്ട് ചെയ്യാവുന്നതും, ആയാസം കുറഞ്ഞതുമായ ഒരു തൊഴിലിനെപ്പറ്റിയായി അന്വേഷണം.
 
ആകർഷകമായ ഉൽപന്നം, മത്സരാർത്ഥികൾ കുറവ്, ഒറ്റയ്ക്കു മാനേജ് ചെയ്യാതാവുന്നതാവണം എന്ന് തുടങ്ങിയുള്ള മാനദണ്ഡങ്ങളുമായി യൂട്യൂബിൽ പരതിയാണ് കരകൗശലരംഗത്തേക്ക് വണ്ടി തിരിച്ചത.് അതൊരു തൃശ്ശൂർപൂര ദിവസമായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ നീണ്ട നിരയും വർണ്ണപ്പകിട്ടുള്ള കുടമാറ്റവും ടിവി സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ നെറ്റിപ്പട്ട നിർമ്മാണം ഒന്ന് പരീക്ഷിച്ചാലോ എന്ന് കരുതി. തുടർന്ന് ഇന്റർനെറ്റിൽ പരതി വിവിധ നെറ്റിപ്പട്ടങ്ങളുടെ ഇമേജുകൾ ഡൗൺലോഡ് ചെയ്തു. ഇവയുടെ നിർമ്മാണ രീതിയും യൂട്യൂബിലൂടെ പഠിച്ചു
 
അതിനുശേഷമായിരുന്നു ട്രയൽ റൺ. അസംസ്‌കൃത വസ്തുക്കൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച് വിവിധതരം നെറ്റിപ്പട്ടങ്ങളുടെ മിനിയേച്ചർ തയ്യാറാക്കി. ആദ്യം അല്പം വളവും തിരിവുമൊക്കെ ഉണ്ടായെങ്കിലും നിരാശയാവാതെ അലങ്കാരങ്ങൾക്കുള്ള ചെറു മോഡലുകൾ തയ്യാറാക്കി കുടുംബശ്രീ യൂണിറ്റിലെത്തിച്ചു. അംഗങ്ങളിൽ നിന്നും ലഭിച്ച പ്രോത്സാഹനം കരുത്താക്കി വലിപ്പമുള്ളവ ഷോപ്പുകളിൽ കൊടുത്തു. ഉൽപ്പന്നം ഇഷ്ടപ്പെട്ടെങ്കിലും പല കടക്കാരും ‘വിറ്റശേഷം കാശ്’ എന്ന പോളിസിയാണ് സ്വീകരിച്ചത്. മാത്രമല്ല, താൻ പറഞ്ഞ വിലയേക്കാൾ ഇരട്ടിയിട്ടാണവർ വില്പന നടത്തിയത്. ഞെട്ടിപ്പിച്ച ഈ യാഥാർത്ഥ്യം തൽക്കാലം കണ്ടില്ലെന്ന് നടിക്കുകയാണ് രഞ്ജിനി ചെയ്തത്. പുതിയ ഒരു ഉൽപന്നവുമായെത്തിയ സംരംഭകയാണ് താൻ. മാർക്കറ്റ് സപ്പോർട്ട് കൂടിയേ കഴിയൂ. കച്ചവടക്കാരെ പിണക്കിയാൽ ഡിസ്‌പ്ലേ പോലും സാധിക്കാതെ വരും.
 
ക്ഷേത്രങ്ങളിലേക്കാൾ വീടുകളിലെ അലങ്കാര വസ്തുവായിട്ടാണ് നെറ്റിപ്പട്ടങ്ങൾ വിറ്റു പോകുന്നത്. ഒരടി മുതൽ നാലടി വരെയുള്ളവ വീടിന്റെ വലിപ്പവും വീട്ടുടമയുടെ പോക്കറ്റും അനുസരിച്ച് വിറ്റു പോകുന്നു. കുടുംബശ്രീ മേളകളിലും മറ്റും സിൻഗോ ക്രാഫ്റ്റ് വർക്ക് എന്ന തന്റെ യൂണിറ്റിന്റെ പേർ വന്നതോടെ ആവശ്യക്കാർ ഫോണിലൂടെ ഓർഡർ കൊടുത്താണ് നെറ്റിപ്പട്ടങ്ങൾ സ്വന്തമാക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചുള്ള മോഡലുകൾ തയ്യാറാക്കി നൽകുന്നതിലാണ് രഞ്ജിനിയുടെ വിജയം.
 
 
വിപണിയുടേതിനേക്കാൾ വിലക്കുറവിൽ തങ്ങൾ ആഗ്രഹിക്കും വിധമുള്ള ഉൽപ്പന്നം ഗുണമേന്മയോടെ ലഭിക്കുമെന്നത് ഉപഭോക്താക്കൾക്കും സന്തോഷം പകരുന്നു. അസംസ്‌കൃത വസ്തുക്കൾ മൊത്തമായെടുക്കുന്നതും നിർമ്മാണം സ്വയം നിർവഹിക്കുന്നതും മൂലം ഉൽപാദന ചെലവ് പരമാവധി കുറയ്ക്കാൻ രഞ്ജിനിക്ക് കഴിയുന്നു. ഒഴിവു വേളകളിൽ ഭർത്താവ് ബിജുവും മക്കളായ ആദിത്യനും ആദിത്യയും രഞ്ജിനിക്ക് കൈത്താങ്ങാകുന്നു. വലിയ മോഡൽ എല്ലാ അലങ്കാര പണികളോടും കൂടി പൂർത്തിയാക്കാൻ മൂന്ന് മുതൽ നാല് ദിവസം വരെ വേണ്ടി വരുന്നു. ഇവ ഓർഡർ അനുസരിച്ച് മാത്രമാണ് നിർമ്മിക്കുന്നത്. ചെറു മോഡലുകൾ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മേളകളിലും തിരഞ്ഞെടുത്ത ഷോപ്പുകളിലുമാണ് വിൽക്കപ്പെടുന്നത്. ഓർഡർ കൂടുമ്പോൾ ഉറക്കമിളച്ചാണ് ജോലി. പെർഫെക്ഷനിൽ ഏറെ വിശ്വസിക്കുന്നതിനാൽ പ്രധാന പ്രവൃത്തികളെല്ലാം ഒറ്റയ്ക്ക് ചെയ്യാനാണ് ഈ യുവ സംരംഭകയ്ക്കിഷ്ടം. യൂണിറ്റ് വളരുന്നതിനനുസരിച്ച് സഹായികളെ വയ്ക്കാം. ഇതാണ് രഞ്ജിനിയുടെ കാഴ്ചപ്പാട്.
 
വിലാസം:
രഞ്ജിനി എസ് ആർ 
ബി എസ് ഭവൻ, പൊട്ടൻചിറ 
പറണ്ടോട് പി ഒ,  ആര്യനാട്, തിരുവനന്തപുരം
ഫോൺ 7306409826