തെർമൽ പേപ്പർ റോൾ നിർമാണം

ഡോ. ബൈജു നെടുങ്കേരി
 
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്ന വ്യവസായങ്ങൾക്ക് നമ്മുടെ നാട്ടിൽ ഏറെ പ്രസക്തിയുണ്ട്. ഉപഭോക്തൃ സംസ്ഥാനമായി നിലനിൽക്കുന്ന കേരളത്തിന്റെ മാർക്കറ്റ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിൽ തന്നെ നിർമ്മിച്ച് വിൽപന നടത്താൻ കഴിയുന്ന നിരവധി ഉൽപന്നങ്ങളുണ്ട്. ലൈസൻസിംഗ് നടപടിക്രമങ്ങൾ സുഗമമായതോടെ ഇപ്പോൾ കേരളത്തിലെ വീടുകളിൽ തന്നെ വ്യവസായം ആരംഭിക്കാം എന്ന സ്ഥിതി വന്നിരിക്കുന്നു. പുറത്തുപോയി ജോലി ചെയ്യാൻ  സാഹചര്യങ്ങൾ അനുവദിക്കാത്ത വീട്ടമ്മമാർക്കും, ഒഴിവു സമയം പ്രയോജനപ്പെടുത്തി ചെറുകിട സംരംഭത്തിലൂടെ അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്കും വീടുകളിൽ വ്യവസായം ആരംഭിക്കാൻ ഇപ്പോൾ കേരളത്തിൽ അവസരമുണ്ട്. കേരളീയരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധിയായിട്ടുള്ള ഉൽപ്പന്നങ്ങൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിൽ തന്നെ നിർമ്മിക്കാനാകും. ഇത്തരം ചെറുകിട ഉൽപാദക സംരംഭങ്ങൾ കൂടുതൽ രൂപപ്പെടുന്നതോടെ നമ്മുടെ സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സമ്പദ് വ്യവസ്ഥ ചലനാത്മകമാവുകയും ചെയ്യും.
 
സംരംഭക വർഷാചരണത്തിന്റെ തുടർച്ചയായി കേരളത്തിലാകമാനം ഒരു സംരംഭക സൗഹൃദ സാമൂഹിക അന്തരീഷം രൂപപ്പെട്ടിട്ടുണ്ട്. യുവാക്കളും വനിതകളും സംരംഭങ്ങളെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നു. പരാജയ സാധ്യത കുറവുള്ള, കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ചെറുകിട ഉല്പാദക യൂണിറ്റുകളാണ് കൂടുതൽ പ്രസക്തമാവുന്നത്. കേരളത്തിൽ സാധ്യതയുള്ള ചെറുകിട സംരംഭമാണ് തെർമൽ പേപ്പർ റോൾ നിർമാണം.
 
തെർമൽ പേപ്പർ റോൾ 
 
തെർമൽ പ്രോസസിംഗ് പ്രക്രിയയിലൂടെ കെമിക്കൽ കോട്ടിങ് നടത്തിയിട്ടുള്ള ഫൈൻ പേപ്പറുകളാണ് തെർമൽ പേപ്പർ. തെർമൽ പേപ്പർ റീലുകളെ ചെറിയ റോളുകളാക്കി മാറ്റിയാണ് തെർമൽ പേപ്പർ റോളുകൾ നിർമിക്കുന്നത്. ആധുനിക കാലത്ത് പോർട്ടബിൾ  പ്രിന്ററുകളുടെ ഉപയോഗം വർധിച്ച് വരുകയാണ്. എ ടി എം കൗണ്ടറുകൾ, കാർഡ് സൈ്വിപ്പിങ് മെഷീനുകൾ, പോർട്ടബിൾ ടിക്കറ്റിംഗ് യന്ത്രങ്ങൾ, പെട്രോൾ പമ്പുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രിന്റിങ് യന്ത്രങ്ങളിൽ എല്ലാം തെർമൽ പേപ്പറുകളാണ് ഉപയോഗിക്കുന്നത്. സാധാരണ പേപ്പറിനെക്കാൾ വേഗത്തിൽ പ്രിന്റ് ചെയ്യാൻ കഴിയും എന്നുള്ളതാണ്  തെർമൽ പേപ്പറിന്റെ പ്രത്യേകത. മഷി സാധാരണ പേപ്പറിനെക്കാൾ വേഗത്തിൽ ഉണങ്ങുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. വിവിധ ഗുണനിലവാരത്തിലുള്ള തെർമൽ പേപ്പറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
 
സാധ്യത
 
കേരളത്തിന് ആവശ്യമുള്ള തെർമൽ പേപ്പർ റോളുകൾ ഭൂരിഭാഗവും അന്യ സംസ്ഥാനത്തു നിന്നാണ്  എത്തുന്നത്. കേരളത്തിൽ നാനോ സംരംഭമായ തെർമൽ പേപ്പർ നിർമാണം ആരംഭിക്കാൻ കഴിയും. കേരളത്തിൽ നിലവിലുള്ള മാർക്കറ്റ് തന്നെയാണ് ഏറ്റവും വലിയ സാധ്യത. അസംസ്‌കൃത വസ്തുക്കളായ തെർമൽ പേപ്പർ റീൽ, പ്ലാസ്റ്റിക് കോർ എന്നിവ സുലഭമായി ലഭ്യമാണ്. കുറഞ്ഞ മുതൽ മുടക്കിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്ക് പോലും തെർമ്മൽ പേപ്പർ റോളുകളുടെ നിർമ്മാണം ആരംഭിക്കാവുന്നതാണ്. 
 
മാർക്കറ്റിങ് 
 
തെർമ്മൽ പേപ്പർ റോൾ വിപണനത്തിനായി നിലവിൽ പേപ്പർ അനുബന്ധ സാമഗ്രികളുടെ വിതരണം നിർവ്വഹിച്ച് വരുന്ന ഏജൻസികളെ കണ്ടെത്തുന്നതാണ് ഉത്തമം. ക്ലാസിഫൈഡ് പരസ്യങ്ങൾ വഴിയും സോഷ്യൽ മീഡിയ പ്രൊമോഷൻ വഴിയും ഏജൻസികളെ കണ്ടെത്താൻ ആകും. പേപ്പർ മാർട്ടുകളും, സ്‌റ്റേഷനറി ഷോപ്പുകളും, ബുക്ക് ഷോപ്പുകളും കമ്പ്യൂട്ടർ ഉപകരണങ്ങൾ വിൽപന നടത്തുന്ന ഷോപ്പുകൾ വഴിയും, നേരിട്ടും വിൽപന നടത്തുകയുമാകാം.
 
നിർമ്മാണ രീതി 
 
തെർമൽ ട്രീറ്റഡ് പേപ്പർ റീലുകളിൽ നിന്നാണ് തെർമൽ പേപ്പർ റോളുകൾ നിർമിക്കുന്നത്. അലൻസോ യന്ത്രമാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. 55 ജി.എസ്സ്. എം പേപ്പറാണ് പൊതുവിൽ തെർമൽ പേപ്പറുകൾക്ക് ഉപയോഗിക്കുന്നത്. തെർമൽ പേപ്പർ റീലുകൾക്ക് പൊതുവേ 6000 മീറ്റർ നീളവും 130 കിലോഗ്രാം തൂക്കവും ഉണ്ടാവും. കനം കുറഞ്ഞ പ്ലാസ്റ്റിക് കോറുകളിലാണ് തെർമൽ പേപ്പർ ചുറ്റി എടുക്കുന്നത്. ആദ്യം പേപ്പർ റീൽ യന്ത്രത്തിൽ ലോഡ് ചെയും തുടർന്ന് പ്ലാസ്റ്റിക് കോറുകൾ യന്ത്രത്തിൽ ലോഡ് ചെയ്ത് പേപ്പർ റീലിനെ പ്ലാസ്റ്റിക് കോറുമായി ബന്ധിപ്പിക്കുന്നു. മെഷീനിൽ പ്രോഗ്രാം ചെയ്തിരിക്കുന്ന നീളം അനുസരിച്ച് പേപ്പർ റീൽ പേപ്പർ റോളുകളായി മാറും. ആവശ്യമുള്ള നീളം എത്തിക്കഴിഞ്ഞാൽ അലൻസോ യന്ത്രം തനിയെ നിലക്കും. ഈ പ്രവർത്തനങ്ങൾ യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളാണ് നിയന്ത്രിക്കുന്നത്. 2 ഇഞ്ച്, 3 ഇഞ്ച് വീതികളിലാണ്  തെർമൽ പേപ്പർ റോളുകൾ നിർമ്മിക്കുന്നത്. നീളം 10 മീറ്റർ, 15 മീറ്റർ, 25 മീറ്റർ, 50 മീറ്റർ എന്നിങ്ങനെ വിപണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്താൻ സാധിക്കും. പേപ്പർ റോളുകൾ 10 എണ്ണം വീതം ബണ്ടിലാക്കിയാണ് വിൽപനയ്ക്ക് നൽകുന്നത്. ബണ്ടിലുകൾ കാർട്ടൻ ബോക്സുകളിൽ നിറച്ച് വിതരണക്കാർക്കും എത്തിച്ച് നൽകാം. ഈർപ്പം കയറാത്ത വൃത്തിയുള്ള മുറികളിൽ വേണം പേപ്പറുകൾ സൂക്ഷിച്ച് വയ്ക്കുന്നതും നിർമ്മാണം നടത്തുന്നതും.
 
പ്രവർത്തന വരവ് ചിലവ് കണക്ക് 
 
 ചിലവ്
(പ്രതിദിനം 2000 റോളുകൾ നിർമ്മിക്കുന്നതിന്റെ ചിലവ് )
1)  തെർമൽ പേപ്പർ – 10940 .00 
2)  പ്ലാസ്റ്റിക് കോർ  – 600 .00 
3)  വേതനം          – 800 .00 
4)  വൈദ്യുതി ചാർജ്    – 100 .00 
5)  അനുബന്ധ ചിലവുകൾ – 300 .00 
         ആകെ 12740 .00 
വരവ് 
(പ്രതിദിനം 2000 റോളുകൾ വിറ്റഴിക്കുമ്പോൾ ലഭിക്കുന്നത്)
            2000 *9.00    = 18000.00 
ലാഭം 
           18000 – 12740 = 5260 .00 
 
മൂലധന നിക്ഷേപം
1. റോൾ നിർമാണയന്ത്രം – 2,50,000.00 
2. അനുബന്ധ സംവിധാനങ്ങൾ – 20,000.00 
           ആകെ – 2,70,000.00 
പ്രവർത്തനമൂലധനം – 2,00,000.00 
 
യന്ത്രങ്ങൾ, പരിശീലനം 
തെർമൽ പേപ്പർ നിർമ്മാണ പരിശീലനവും യന്ത്രവും പിറവം അഗ്രോപാർക്കിൽ ലഭിക്കും. 0485-2999990
 
ലൈസൻസുകൾ
ഉദ്യം രജിസ്ട്രേഷൻ, ജി.എസ്.ടി, കെ-സ്വിഫ്റ്റ്  എന്നിവ നേടി വ്യവസായം ആരംഭിക്കാം. ഓൺലൈനായി ടി ലൈസൻസുകൾക്ക് അപേക്ഷ സമർപ്പിക്കാം.