താൽപര്യമുണ്ടോ വെൽനസ്സ് സംരംഭകത്വത്തിന് സാധ്യതകളേറെയുണ്ട്

ആഷിക്ക് കെ പി

തിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സംരംഭകത്വം, സ്റ്റാർട്ടപ്പ് എന്നിവ നൂതനമായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാലത്തെ മനസ്സിലാക്കി നടത്തിയാൽ എത്രയോ അവസരങ്ങൾ ഇനിയും നമ്മുടെ മുന്നിൽ ഉണ്ട്. സംരംഭകർ അവരുടെ സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി കഠിനാധ്വാനവും അർപ്പണബോധവും നടത്തി മുനന്നേറിക്കൊണ്ടിരിക്കുകയാണ്. ഓരോ സംരംഭകത്വത്തിന്റെ വിജയത്തിന്റെ പിന്നിലും ഇത്തരത്തിലുള്ള നീണ്ട ദീർഘവീക്ഷണവും കഠിനാധ്വാനവും മണിക്കൂറുകൾ നീണ്ട പ്രയാണവും ആവശ്യമാണ്. എങ്കിലും മികച്ച സംരംഭകത്വം അവസരങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ കണ്ടെത്തുക എന്നത് ഇപ്പോഴും വിഷമകരമായ ഒരു പ്രവർത്തനമാണ്. എന്ത് സംരംഭം നടത്തിയാൽ ആണ് വിജയിക്കുക എന്നത് സ്ഥിരമായി കേൾക്കുന്ന ഒരു പല്ലവിയാണ്. എന്നാൽ ഇപ്പോഴും കാലം ആഗ്രഹിക്കുന്ന വിവിധ സംരംഭകത്വ ആശയങ്ങൾക്ക് മതിയായ ശ്രദ്ധയോ ആകർഷകത്വമോ ലഭിച്ചിട്ടില്ല. ചില സംരംഭങ്ങൾ ഇപ്പോഴും കാലത്തിനനുസരിച്ച് മാറിയിട്ടും ഇല്ല.

ആധുനിക കാലത്ത് ഏറെ പ്രാധാന്യം ഉള്ള ഒരു മേഖലയാണ് ആരോഗ്യ രംഗം. അണുകുടുംബംഗങ്ങളും നീണ്ട നേരം ഒറ്റയിരുപ്പിലുള്ള ജോലികളും മുഴുവൻ സമയ മൊബൈൽ ഫോൺ നോട്ടവും ജങ്ക് ഫുഡുകളും ജീവിത രീതികളിലുള്ള വ്യത്യാസങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഒക്കെ ധാരാളം ജീവിതശൈലീ രോഗങ്ങൾ ഉണ്ടാക്കുന്നുണ്ട്. പണ്ടൊക്കെ വയോജനങ്ങളിൽ മാത്രം കാണുന്ന പല രോഗങ്ങളും ഇപ്പോൾ ചെറുപ്പക്കാരിലും കുട്ടികളിൽ പോലും കണ്ടുവരുന്നു. ഇതിന്റെ കാരണം മേൽപ്പറഞ്ഞ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ ആണെന്ന് ഒറ്റനോട്ടത്തിൽ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ആവശ്യമായ സൂര്യപ്രകാശമോ വെളിച്ചമോ ശുദ്ധജലമോ പോഷകാഹാരമോ ശരീരത്തിൽ എത്താത്തത് കൊണ്ട് ഉണ്ടാകുന്ന വിറ്റാമിൻ പ്രോട്ടീൻ അഭാവങ്ങളും മതിയായ എക്‌സർസൈസ് ഇല്ലാത്തതുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഓരോ ദിവസവും കൂടിക്കൂടി കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്തുകൊണ്ട് എങ്ങനെ സംരംഭകത്വവുമായി ഇതിനെ കൂട്ടിയിണക്കാം എന്ന് ആലോചിച്ചാൽ ഒട്ടേറെ അവസരങ്ങളാണ് സംരംഭത്തിൽ നമുക്ക് കാണാൻ കഴിയുക. അതിലൂടെ ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള സ്റ്റാർട്ടപ്പിനും സംരംഭകത്വത്തിനും അവസരം ഉണ്ടാക്കാൻ കഴിയും. എല്ലാ സംരംഭങ്ങളും ഉരുത്തിരിയുന്നത് ആശയങ്ങളെ അവസരമാക്കി മാറ്റുമ്പോഴാണ്. ആശയങ്ങൾ അല്ലെങ്കിൽ അതിനുള്ള അവസരങ്ങൾ നമുക്കുചുറ്റും കാലം മാറുന്നതിന് അനുസരിച്ച് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും തന്നെ ഉണ്ട്. അത് തിരിച്ചറിയുകയും മനസ്സിലാക്കുകയും പുതുമയാർന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ ഒരു സംരംഭം ജനിക്കുന്നു. അതിനെ കൃത്യമായ ധാരണയോടെ സമീപിക്കുകയും നടപ്പിലാക്കുകയും ചെയ്താൽ ആ സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയും ചെയ്യുന്നു.

ഇപ്പോഴും ഏറെ ആളുകൾ ശ്രദ്ധിക്കാത്ത ഒരു സംരംഭകത്വ ആശയമാണ് ആരോഗ്യ സംരക്ഷണം അഥവാ വെൽനസ് വ്യവസായം എന്ന് പറയുന്നത്. ഏത് തരത്തിലും ഏത് രീതിയിലും താൽപര്യമുള്ള ആളുകൾക്ക് നടത്തി വിജയിപ്പിക്കാവുന്ന വൈവിധ്യവും വ്യത്യസ്തവുമായ മേഖലയാണ് വെൽനസ് സംരംഭകത്വം എന്നത്. അതുകൊണ്ടുതന്നെ സംരംഭകത്വത്തിലുള്ള ഇത്തരം സാധ്യതകളെ പരമാവധി മുൻഗണനയ്‌ക്കെടുത്ത് ലാഭകരമായ ഒരു സംരംഭം തുടങ്ങിയാൽ അത് വിജയിക്കും എന്നുള്ളത് ഉറപ്പാണ്.

വെൽനസ്സ് സംരംഭകത്വം എന്നത് യോഗാ പരിശീലനമോ ജിമ്മുകളോ മാത്രമല്ല, വിവിധ രീതികളിൽ വിവിധ മേഖലകളിൽ അവയ്ക്ക് അവസരമുണ്ടെന്നും എല്ലാ സ്ഥലങ്ങളിലും സാധ്യമാക്കാൻ കഴിയുമെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണത്തെയും മാനസിക ഉല്ലാസത്തെയും ശാരീരിക ക്ഷമതയെയും രോഗങ്ങളെ അകറ്റി നിർത്തുന്നതിലും ജീവിത ജോലി സംബന്ധമായ അസ്വസ്ഥതകളെയും പിരിമുറുക്കങ്ങളെയും ഇല്ലാതാക്കുന്നതിലും പ്രാധാന്യം നൽകാത്ത ആരും ഈ ലോകത്തുണ്ടാവില്ല. ഇവയൊക്കെ വിവിധതരത്തിൽ സംരംഭകത്വവുമായി അല്ലെങ്കിൽ സംരംഭകത്വ സാധ്യതകൾ ആക്കി മാറ്റാവുന്നതാണ്. കാരണം വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിൽ ഒരു ബാലൻസ് ഇല്ലെങ്കിൽ അത് നമുക്ക് ധാരാളം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഏതുതരത്തിലുള്ള ജോലി ആയാലും അത് ശരീരത്തിനെയോ മനസ്സിനെയോ പ്രതികൂലമായി ബാധിച്ചാൽ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും മറ്റും ഉണ്ടാവും. ഇത് മനസ്സിലാക്കിക്കൊണ്ട് ഒരു സമൂഹത്തെ നയിക്കാനുള്ള സാമൂഹ്യ പ്രതിബദ്ധതയാണ് വെൽനസ് സംരംഭകത്വത്തിലൂടെ ഒരു സംരംഭകന് ഏറ്റെടുത്തു നടത്താൻ കഴിയുക. അസ്വസ്ഥതകളെയും ആശങ്കകളെയും മാനേജ് ചെയ്യുന്ന, ആരോഗ്യ ജീവിതശൈലി പുലർത്തുന്ന രീതികളെ പഠിപ്പിക്കുന്ന, വിവിധ തലങ്ങൾ സംരംഭകത്വത്തിന് വലിയ അവസരങ്ങൾ ഉണ്ടാക്കും.

വെൽനസ് സ്റ്റാർട്ടപ്പുകളുടെയും സംരംഭകത്വത്തിന്റെയും പ്രസക്തികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം

മാനസിക ആരോഗ്യ ബോധവൽക്കരണം തന്നെയാണ് പ്രഥമ കാര്യം.

വിദ്യാഭ്യാസം കൊണ്ടോ വലിയ ജോലിയുള്ളതുകൊണ്ടോ കുറെ പൈസ ഉള്ളതുകൊണ്ടോ മാനസിക ആരോഗ്യം ഉണ്ടാക്കാൻ കഴിയണമെന്നില്ല. അനാവശ്യമായ മാനസിക പിരിമുറുക്കങ്ങൾ, ഉൽക്കണ്ഠ, അസ്വസ്ഥതകൾ, കോപം, ഈഗോ എന്നിവയൊക്കെ നമ്മുടെ ശരീരത്തിനെ അല്ലെങ്കിൽ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സാധ്യതകളെ അഡ്രസ്സ് ചെയ്യുന്ന ഒരു സംരംഭം അഥവാ സ്റ്റാർട്ടപ്പ് തുടങ്ങിയാൽ ഈ മേഖലകൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യാൻ ധാരാളം ആളുകൾക്ക് കഴിയും. അതിലൂടെ നല്ല ഒരു ജീവിത പരിതസ്ഥിതി അവർ ചെയ്യുന്ന പ്രവർത്തനങ്ങളിലും ജീവിതത്തിലും ഉണ്ടാക്കിയെടുക്കാൻ കഴിയും.

പ്രശ്‌നങ്ങൾ ഇല്ലാത്ത ആരുമില്ല. എല്ലാ പ്രശ്‌നങ്ങളും സ്വയം പരിഹരിക്കാനും കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങളെ ശാസ്ത്രീയമായ രീതിയിൽ പരിഹരിക്കുന്ന കൗൺസിലിംഗ് തെറാപ്പി, വ്യായാമ മുറകൾ എന്നിവ ഒരു സംരംഭകത്വ സാധ്യതയായി എടുത്തു കഴിഞ്ഞാൽ അതിന് വലിയ സാധ്യതകളാണ് ഉള്ളത്.

മറ്റൊരു പ്രധാനപ്പെട്ട സാധ്യത വർക്ക് ലൈഫ് ബാലൻസ് ഉണ്ടാക്കുക എന്നുള്ളതാണ് പല സ്ഥാപനങ്ങളും ഇന്ന് മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ അവരുടെ സ്ഥാപനത്തിൽ ഒരു പുതിയ തസ്തിക കൗൺസിലർ അഥവാ ട്രെയിനർ കോച്ച് എന്ന രീതിയിൽ സൃഷ്ടിക്കുന്നുണ്ട്. പിരിമുറുക്കമുള്ള ജോലികൾ ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് അല്പം മാനസിക ഉല്ലാസത്തിനു വേണ്ടിയും പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനാവശ്യമായ പരിശീലനങ്ങളും സഹായങ്ങളും ലഭിക്കുന്നതിന് വേണ്ടിയും ആണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ. സ്വാഭാവികമായിട്ടും ധാരാളം വ്യവസായങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ഒരു സംരംഭം കെട്ടിപ്പിടിക്കാൻ കഴിഞ്ഞാൽ വളരെയേറെ വിജയകരമായി അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

ശാരീരിക ആരോഗ്യ സംരക്ഷണത്തിന് ഇപ്പോഴും വലിയ അവസരങ്ങൾ ഉണ്ട്. ശാസ്ത്രീയമായ രീതിയിൽ നടത്താവുന്ന യോഗ ക്ലാസുകളും ജിമ്മുകളും അല്ലെങ്കിൽ മറ്റു ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും സംരംഭകത്വത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആവശ്യമായ പ്രോട്ടീൻ വിറ്റാമിൻ അടങ്ങിയ ന്യൂട്രിഫൈഡ് ഭക്ഷണങ്ങൾ ലഭിക്കുക എന്നത് ഇന്ന് വളരെ വിഷമമാണ്. അത്തരത്തിൽ ഒരു സംരംഭകത്വ സാധ്യതയെ മുതലെടുക്കാൻ കഴിഞ്ഞാൽ വലിയ പ്രചാരം അതിനു ലഭിക്കും. അതുപോലെതന്നെ വിവിധതരത്തിലുള്ള ആളുകൾക്ക് മാനസിക ഉല്ലാസത്തിന് ആവശ്യമായ എല്ലാ ഉപദേശങ്ങളും സഹായങ്ങളും പിന്തുണ സംവിധാനം നൽകുകയും ചെയ്യുന്ന സെന്ററുകൾ സംരംഭത്തിനുള്ള മറ്റൊരു സാധ്യതയാണ്.

ആരോഗ്യ സംരക്ഷണത്തിന് ധാരാളം വ്യത്യസ്ത രീതികൾ വിവിധ രാജ്യങ്ങൾ അവലംബിക്കുന്നുണ്ട്. അത്തരത്തിലുള്ള മെഡിറ്റേഷൻ ക്യാമ്പുകൾ പരിശീലനങ്ങൾ എന്നിവ നൽകുന്ന സ്ഥാപനങ്ങൾക്ക് ഇന്നും വലിയ പ്രസക്തിയാണ് ഉള്ളത്.

സ്റ്റാർട്ടപ്പ് അല്ലെങ്കിൽ സംരംഭകത്വത്തിന്റെ പ്രചാരം വർദ്ധിക്കുന്ന ഈ ലോകത്ത് വെൽനസ്സ് എന്ന ഒരു മേഖലയെ മാത്രം എടുത്തു കഴിഞ്ഞാൽ ഒട്ടേറെ ചെറുതും വലുതുമായ അവസരങ്ങൾ സംരംഭകത്വത്തിൽ ഉണ്ടാക്കാൻ കഴിയുകയും ഉണർവും ഉന്മേഷവും അസ്വസ്ഥതകളും ഇല്ലാത്ത ഒരു വലിയ സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ ഭാഗമാവാൻ കഴിയുകയും ചെയ്യുന്നു.

സാധ്യതകളേറെ

വ്യക്തിപരമായും ഔദ്യോഗികപരമായും ആരോഗ്യ സംരക്ഷണത്തിന് ഈ മേഖല ഈ തരത്തിൽ ഒട്ടേറെ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള നൂതനമായ സംരംഭകത്വ മേഖലകൾ ഇപ്പോഴേ നടന്നു വരുന്നുണ്ട്. ആരോഗ്യ സംരക്ഷണം, പ്രത്യേകിച്ച് മാനസിക ആരോഗ്യ സംരക്ഷണത്തിന് മെഡിറ്റേഷൻ ആപ്പുകൾ, ഓൺലൈൻ തെറാപ്പി പ്ലാറ്റ്‌ഫോമുകൾ, വർക്ക് മെന്റൽ ഹെൽത്ത് പ്രോഗ്രാമുകൾ എന്നിവ സംരംഭകത്വ സാധ്യതകൾ ഉണ്ടാക്കുന്നു. അതേപോലെതന്നെ റിമോട്ട് അല്ലെങ്കിൽ ഡിജിറ്റൽ വെൽനസ് വെർച്വൽ ഫിറ്റ്‌നസ് ക്ലാസുകൾ, ടെലി മെഡിസിൻ സർവീസുകൾ, ഡിജിറ്റൽ മെന്റൽ ഹെൽത്ത് റിസോഴ്‌സുകൾ എന്നിവ സംരംഭകത്വത്തിന് ഒട്ടേറെ സാധ്യത ഉണ്ടാക്കുന്നുണ്ട്. കോവിഡ് കാലത്ത് ഇത്തരത്തിലുള്ള ഡിജിറ്റൽനസ് പലതും നടപ്പിലാക്കി വിജയിപ്പിക്കാൻ പല രാജ്യങ്ങളിലും യുവ സംരംഭകർക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും ഇതിന് സാധ്യതകൾ ഏറെയാണ്. വ്യക്തിപരമായ മാനസിക ശാരീരിക സംരക്ഷണം എന്നതിന് സാങ്കേതികവിദ്യയും ഡാറ്റ അനലിറ്റിക്‌സ് എന്ന രീതിയിലും നമുക്ക് ക്ലബ്ബ് ചെയ്യാൻ കഴിഞ്ഞാൽ മറ്റൊരു വലിയ സാധ്യതകളാണ് കാണാൻ കഴിയുക. ഒരു വ്യക്തിയുടെ കൃത്യമായ ഡാറ്റാ ബേസ് ഹെൽത്ത് റിക്കോർഡ് തുടങ്ങിയവ ചെയ്തുകൊണ്ട് അവർക്ക് എന്തു ചെയ്യാം എന്തു ചെയ്യരുത് എന്തു കഴിക്കാം എന്ത് കഴിക്കരുത് എങ്ങനെയൊക്കെ മുന്നേറണം എന്നുള്ളതിന് ഒരു പേഴ്‌സണലൈസ്ഡ് കോച്ചിംഗ് പോലെയുള്ള സംവിധാനം ആധുനിക കാലത്ത് വലിയ സാധ്യതകൾ ഉണ്ടാകും.

അതുപോലെ തന്നെ ഉപഭോക്താക്കൾക്ക് ധാരാളം സംശയങ്ങളും ആശങ്കകളും അസ്വസ്ഥതകളും മാനസിക പ്രശ്‌നങ്ങളും ഉണ്ടാകും. അത്തരത്തിലുള്ള പ്രശ്‌നങ്ങളെ എങ്ങനെ അഡ്രസ്സ് ചെയ്യാം, എവിടെ നിന്ന്, ഏത് സാധനങ്ങൾ, ഏതു ഉത്പന്നങ്ങൾ വാങ്ങാം, എക്കോ ഫ്രണ്ട്‌ലി ഉൽപ്പന്നങ്ങൾ ഏതൊക്കെയാണ്, ഏതൊക്കെ സ്ഥാപനങ്ങളാണ് എത്തിക്കൽ ബിസിനസ് പ്രാക്ടീസുകൾ നടത്തുന്നത് തുടങ്ങിയ രീതിയിൽ സുതാര്യവും ആരോഗ്യകരവുമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ഉപഭോക്താവിനെ സഹായിക്കുന്ന മേഖലയിൽ സംരംഭകത്വത്തിന് വലിയ സാധ്യതകളാണ് ഉള്ളത്. ആരോഗ്യ സംരക്ഷണ മേഖലയുമായി കുട്ടി യോജിപ്പിക്കാവുന്ന മറ്റൊരു സംരംഭം ആണ് ഫംഗ്ഷണൽ മെഡിസിൻ എന്നത്. അതായത് സാധാരണ മെഡിസിനോടൊപ്പം തെറാപ്പികൾ, ഇനിയും രോഗം വരാതിരിക്കാനുള്ള പരിശീലനങ്ങൾ, സൗകര്യങ്ങൾ എന്നിവ നൽകുന്ന പോസ്റ്റ് മെഡിക്കൽ ഹെൽത്ത് കെയർ പ്രാക്ടീസുകൾക്ക് സംരംഭത്തിൽ വലിയ സാധ്യതകൾ ഉണ്ട്. നല്ല ഉറക്കം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. സാങ്കേതികവിദ്യകളുടെ സഹായത്തോടുകൂടി സ്ലീപ് ട്രാക്കിംഗ് ഡിവൈസുകൾ, സ്ലീപ് കോച്ചിംഗ് സർവീസുകൾ എന്നിവ സംരംഭകത്വത്തിന് സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

എങ്ങനെ തുടങ്ങാം?

എങ്ങനെ ഒരു വെൽനസ് സെന്റർ തുടങ്ങാം എന്ന് ഇത്തരം മേഖലകളിൽ സംരംഭകത്വം ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ചോദിക്കാറുണ്ട്. ഒരു വെൽനസ് സെന്റർ ആരംഭിക്കുമ്പോൾ ശ്രദ്ധാപൂർവ്വമായ ആസൂത്രണം, വിവിധ ഘടകങ്ങളെ പരിഗണിക്കൽ, നിയമപരമായ പ്രശ്‌നങ്ങൾ മനസ്സിലാക്കൽ എന്നിവ ആവശ്യമാണ്.

താഴെപ്പറയുന്ന വിവിധ ഘട്ടങ്ങളിലൂടെ ഒരു നല്ല സെന്റർ ആരംഭിക്കാൻ കഴിയുന്നതാണ്
1. ഏതു തരത്തിലുള്ള വെൽനസ് സെന്ററുകൾ ആണ് ആരംഭിക്കുന്നത് എന്നത് സംരംഭകൻ ആലോചിക്കുകയും അത്തരത്തിൽ ഒരു കൃത്യമായ വിഷൻ അഥവാ കാഴ്ചപ്പാട് ഉണ്ടാക്കുകയും ചെയ്യേണ്ടതാണ്. അത് ഫിറ്റ്‌നസ് എന്നത് ഫോക്കസ് ചെയ്യാൻ ആണോ ഹോളിസ്റ്റിക് ഹെൽത്ത് ആണോ മാനസിക ആരോഗ്യമാണോ അല്ലെങ്കിൽ ഇതൊക്കെ കൂടി ചേർന്നതാണോ, ഏത് തരം സേവനമാണ് നമുക്ക് ഓഫർ ചെയ്യാൻ കഴിയുക എന്ന കാര്യങ്ങളൊക്കെ ആദ്യമേ തന്നെ തീരുമാനിക്കേണ്ടതുണ്ട്.

2. അത്തരത്തിലുള്ള ഒരു മൂർത്തമായ ആശയത്തിലെത്തിയാൽ പിന്നീട് അതിന്റെ വിപണി സാധ്യതയെ മനസ്സിലാക്കാനുള്ള കൃത്യമായ ഗവേഷണം നടത്തേണ്ടതാണ്. തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രദേശത്ത് അതിനുള്ള സാധ്യതകൾ, നമ്മുടെ ടാർഗറ്റ്, മാർക്കറ്റ്, നിലവിൽ സമാനഗതിയിലുള്ള ആളുകൾ അവിടെ ഇത്തരത്തിലുള്ള സംരംഭകത്വത്തിൽ ഏർപ്പെട്ടിട്ടുണ്ടോ. അവരിൽ നിന്നും വ്യത്യസ്തമായി നമുക്ക് എന്ത് ചെയ്യാൻ കഴിയും തുടങ്ങിയ മേഖലകളെ കുറിച്ച് വിശദമായി പഠിക്കുകയും വിപുലമായ ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കുകയും ചെയ്യേണ്ടതുണ്ട് . അതിനു ശേഷം മാത്രമേ ബജറ്റ് , പ്രൈസ് സ്ട്രാറ്റജി, വിപണന തന്ത്രങ്ങൾ എന്നിവ ആവിഷ്‌കരിക്കാൻ പാടുള്ളൂ.

3. പിന്നീട് നിയമപരമായ നടപടിക്രമങ്ങൾ മനസ്സിലാക്കുകയും അത് പൂർത്തീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ ബിസിനസ് രജിസ്റ്റർ ചെയ്യുകയും നിയമപരമായി നടത്തേണ്ട ആവശ്യമായ ലൈസൻസുകൾ എന്നിവ വിവിധ നിയന്ത്രണ / നിയന്ത്രിത ഏജൻസികളിൽ നിന്ന് കരസ്ഥമാക്കുകയും ചെയ്യേണ്ടതുണ്ട്.

4. തുടങ്ങാൻ ആഗ്രഹിക്കുന്ന ബിസിനസിന് ഒരു നല്ല സ്ഥാനം ഉണ്ടാവുക എന്നതാണ് എപ്പോഴും ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. ആളുകളുടെ സ്ട്രസ്സ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള വാഹന പാർക്കിംഗ് സൗകര്യമില്ലായ്മ, ശല്യം ഉള്ള സ്ഥലങ്ങൾ എന്നിവ തിരഞ്ഞെടുക്കരുത്. മാനസിക ശാരീരിക ഉല്ലാസത്തിന് അനുകൂലമായ സ്ഥലം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

5. ആ സ്ഥലം തന്നെ ഏതൊക്കെ സേവനങ്ങൾ ആണോ നൽകുന്നത് അതിനനുസരിച്ച് വിഭജിച്ച് നടത്തി പ്രത്യേകം പ്രത്യേകമായി സജ്ജീകരിക്കേണ്ടതാണ്. ചെലവ് കുറയ്ക്കാനോ ലാഭം വർദ്ധിപ്പിക്കാനോ ഗുണമേന്മയില്ലാത്ത ഉപകരണങ്ങൾ അല്ലെങ്കിൽ മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടാക്കാനോ ശ്രമിക്കരുത്. നാം നടത്തുന്ന സ്ഥാപനത്തിന്റെ ചുറ്റുപാടും അതിലെ സൗകര്യങ്ങളും സംരംഭകത്വത്തിന്റെ വിജയത്തിന് വളരെ പ്രധാനപ്പെട്ടതാണ് എന്നുള്ളതും ഉപഭോക്താവിനെ ആകർഷിക്കാൻ അത് കൂടിയേതീരൂ എന്നതും മനസ്സിലാക്കേണ്ടതുണ്ട്.

6. അതിനു ശേഷം അനുയോജ്യരായ തൊഴിലാളികളെ തെരഞ്ഞെടുക്കാവുന്നതാണ്. തൊഴിലാളികളെ തെരഞ്ഞെടുക്കുമ്പോൾ യോഗ്യതയുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കാനും അവർക്ക് കൃത്യമായ പരിശീലനങ്ങളും നിർദ്ദേശങ്ങളും നൽകുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ മോണിറ്ററിംഗ് സംവിധാനവും ഉപഭോക്താക്കളുടെ ഫീഡ്ബാക്കും റെഗുലർ ചെക്കിംഗ് സംവിധാനങ്ങളും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തയ്യാറാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുപോലെ തന്നെയാണ് ദൈനംദിന ഭരണത്തിൽ സാങ്കേതിക വിദ്യകളുടെയും മാനേജ്‌മെന്റിന്റെയും എല്ലാ കാര്യങ്ങളും ലഭിക്കുന്ന രീതിയിലുള്ള സോഫ്റ്റ്വെയറുകൾ, ഡിജിറ്റൽ പെയ്‌മെൻറ് സംവിധാനം, പുതിയ പുതിയ സാങ്കേതിക വിദ്യകളുടെ കൂട്ടിയോജിപ്പുകൾ എന്നിവ നടത്തുക എന്നതും. ബുക്കിങ്ങുകളും മറ്റും വളരെ ലളിതവും ആർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന രീതിയിലുള്ള ഓൺലൈൻ സംവിധാനത്തിലൂടെ ആയിരിക്കണം.

7. വിപണന സാധ്യതകൾ വളരെ പ്രൊഫഷണൽ ആയി ചെയ്യുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് ചാനലുകളും സോഷ്യൽ മീഡിയ വെബ്‌സൈറ്റ്, ഇമെയിൽ ന്യൂസ് ലെറ്ററുകൾ സെർച്ച് എൻജിൻ എന്നിവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക. ഏതൊക്കെ ആളുകളിലാണ് എത്തേണ്ടത് അവിടെ എത്തി എന്നും അവരിൽ അത് ലഭ്യമായി എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. നാം നൽകുന്ന ഡിസ്‌കൗണ്ടുകളെക്കുറിച്ചും റഫറൽ പ്രോഗ്രാമുകളെ കുറിച്ചും തുടർച്ചയായി വിലയിരുത്തുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യണം. ഓരോ ഉപഭോക്താവിന്റെയും അനുഭവം, തൃപ്തി, സന്തോഷം എന്നിവ കൃത്യമായി റെക്കോർഡ് ചെയ്തുകൊണ്ട് അവരെ സന്തോഷത്തോടുകൂടി വീണ്ടും വരാനുള്ള ഊർജ്ജത്തോടുകൂടി പറഞ്ഞയക്കാൻ കഴിഞ്ഞാൽ സംരംഭകത്വം വളരെ എളുപ്പത്തിൽ വിജയിക്കും. ഇങ്ങനെ സമഗ്രവും സമ്പൂർണ്ണവുമായ തലത്തിൽ സെന്ററുകൾ നടത്താൻ ശ്രമിച്ചാൽ ഏതു സംരംഭവും വിജയിക്കും എന്നുള്ളതിൽ ഒരു സംശയവുമില്ല.

കേരളം വെൽനസ്സ് അവസരങ്ങളുടെ സ്വന്തം നാട്:

കേരളത്തിൽ ഇന്ന് ഇത്തരം സെന്ററുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നൂതനമായ രീതിയിൽ ജിമ്മുകൾ, ഫിറ്റ്‌നസ് സ്റ്റുഡിയോകൾ, വ്യക്തിഗത പരിശീലന സേവന സംവിധാനങ്ങൾ, ഗ്രൂപ്പ് എക്‌സർസൈസ് ക്ലാസുകൾ, ഓൺലൈൻ ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമുകൾ, ന്യൂട്രീഷൻ ഹെൽത്തി ഭക്ഷ്യ ഉൽപാദനം, മെഡിറ്റേഷൻ കേന്ദ്രങ്ങൾ, മെഡിറ്റേഷൻ ആപ്പുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, സ്‌ട്രെസ്സ് റിഡക്ഷൻ ടെക്‌നിക്കുകൾ പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ, സ്പാ, വെൽനസ് റീജുവനേഷൻ സെൻററുകൾ, വിവിധതരം ആപ്പുകൾ, ടൂറിസം, സീനിയർ വെൽനസ് സേവനങ്ങൾ, ചൈൽഡ് ആൻഡ് ഫാമിലി വിദ്യാഭ്യാസ കേന്ദ്രങ്ങൾ, പരിശീലന സംവിധാനങ്ങൾ തുടങ്ങി അനന്തമായ ആശയങ്ങൾ ഈ മേഖലയിൽ താല്പര്യമുള്ള ആളുകൾക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നു.

വളരെ കുറഞ്ഞ ബഡ്ജറ്റിൽ കൃത്യമായ ആസൂത്രണത്തോടെ നല്ല കാഴ്ചപ്പാടോടെ ആരംഭിക്കുന്ന വെൽനസ് സ്റ്റാർട്ടപ്പുകൾ നമ്മുടെ സംസ്ഥാനത്ത് വലിയ അവസരങ്ങൾ വിവിധ രീതികളിൽ, വിവിധ തലങ്ങളിൽ ചെറുതും വലുതുമായി നടത്താനും വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും കഴിയും. കാലത്തിനനുസരിച്ച് മുന്നേറുന്നതാണ് സംരംഭകത്വം. സാഹചര്യങ്ങളും മാറുന്ന കാലങ്ങളും ഉരുത്തിരിയുന്ന ആശയങ്ങളും അവസരങ്ങൾ ആക്കി മാറ്റുന്നവനാണ് യഥാർത്ഥ സംരംഭകൻ. വെൽനസ് അത്തരത്തിലുള്ള ഒരു അവസരമാണ്.