തോട്ടം മേഖലയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ; കേരള പ്ലാന്റേഷൻ എക്സ്പോ

ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്

ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

    തോട്ടം മേഖലയുടെ വളർച്ചയ്ക്കും തോട്ടം ഉൽപ്പന്നങ്ങളുടെ മൂല്യവർധനത്തിനും അവയ്ക്കായി പുതിയ വിപണികൾ കണ്ടെത്തുന്നതിനും അതുവഴി സംസ്ഥാനത്തെ തോട്ടം മേഖലയുടെ ഗതകാല പ്രൗഢി വീണ്ടെടുക്കുന്നതിനും തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി വ്യവസായ വകുപ്പിന് കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് പ്രവർത്തിച്ചു വരുന്നു. പ്ലാന്റേഷൻ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും അവയുടെ വിപണനത്തിനുമായി പ്ലാന്റേഷൻ ഡയറക്ടറേറ്റ് നടത്തിവരുന്ന വാർഷിക പരിപാടിയാണ് കേരള പ്ലാന്റേഷൻ എക്സ്പോ. 2023 ഫെബ്രുവരി 16 മുതൽ 19 വരെ തിരുവനന്തപുരം കനകക്കുന്ന് മൈതാനത്ത് സംഘടിപ്പിച്ച ഒന്നാം പ്ലാന്റേഷൻ എക്സ്പോ പ്രദർശനത്തിലെ വൈവിധ്യം കൊണ്ടും പൊതുജന പങ്കാളിത്തം കൊണ്ടും ഉജ്ജ്വല വിജയമായിരുന്നു.

      കേരള പ്ലാന്റേഷൻ എക്സ്പോയുടെ രണ്ടാം പതിപ്പ് 2024 ജനുവരി 20 മുതൽ 22 വരെ എറണാകുളം കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. പ്ലാന്റേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കൊപ്പം പ്ലാന്റേഷൻ മേഖലയിലുള്ളവർക്കായി പ്രത്യേക ബിസിനസ്സ് ടു ബിസിനസ്സ് ഇടപെടലുകൾക്കുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

    2024 ജനുവരി 20 ന് രാവിലെ 10 മണിയ്ക്ക് ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവ് ഉദ്ഘാടനം ചെയ്യുന്ന കേരള പ്ലാന്റേഷൻ എക്സ്പോയിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പ്ലാന്റേഷനുകൾ, തോട്ടം ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിതരണക്കാർ, തോട്ടം മേഖലയിലെ സേവനദാതാക്കൾ, തോട്ടം മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ സ്റ്റാളുകളും തോട്ടം മേഖലയിലെ മൂല്യവർധന പ്രവർത്തനങ്ങളുടെ ലൈവ് ഡെമോൺസ്ട്രേഷനും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 9 മണിമുതൽ രാത്രി 11 മണി വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ വിവിധ പ്ലാന്റേഷൻ ഉൽപ്പന്നങ്ങളും സേവനങ്ങളും നേരിട്ടറിയാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം ആയിരിക്കും.

    തേയില, കാപ്പി,റബർ, ഏലം, കൊക്കോ, കറുകപ്പട്ട എന്നിവയാണ് ഭൂപരിഷ്കരണ നിയമത്തിൽ തോട്ടം വിളകളായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ തോട്ടങ്ങളുടെ ഉൽപ്പാദനക്ഷമത വളർത്തിയും, ശാസ്ത്രീയമായും നിയമവിധേയമായും പ്ലാന്റേഷൻ ഇതര പ്രവർത്തനങ്ങൾ നടപ്പാക്കിയും, മൂല്യവർധനത്തിൽ അധിഷ്ഠിതമായ വിപണനം ഉറപ്പാക്കിയും തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്ലാന്റേഷൻ ഡയറക്ടറേറ്റ് മുഖേന നടത്തിവരുന്നു. ഇതിനായി തോട്ടം മേഖലയും പുന:രുജ്ജീവനവും വൈവിധ്യവത്ക്കരണവും എന്ന വിഷയത്തിൽ പഠനം നടത്തുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന് ചുമതല നൽകിയിട്ടുണ്ട്. കൂടുതൽ വിളകൾ തോട്ടം മേഖലയുടെ നിർവചനത്തിൽ ഉൾപ്പെടുത്താനും കൂടുതൽ ഭൂമിയിൽ പ്ലാന്റേഷൻ ഇതര പ്രവർത്തനങ്ങൾ അനുവദിക്കുന്നതും സംബന്ധിച്ച ചർച്ചകൾ വിവിധ വകുപ്പുകളുമായി നടന്നു വരുന്നുണ്ട്. പ്ലാന്റേഷൻ ഇതര പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും മറ്റും ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധാനം ഓരോ ജില്ലയിലും നിലവിൽ വരുത്തുന്നതിനുള്ള

    പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കാപ്പി, ഏലം, റബ്ബർ എന്നീ തോട്ടം വിളകളുടെ റീപ്ലാന്റിംഗ്, യന്ത്രവൽക്കരണം മുതലായ പ്രവർത്തനങ്ങൾക്കായി ലോക ബാങ്ക് പദ്ധതിയായ KERA മുഖാന്തിരം സഹായത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. പ്ലാന്റേഷൻ മേഖലയ്ക്കായി സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതികൾ, ഈ മേഖലയ്ക്കായി ഒരു സമഗ്ര നയം എന്നിവ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.