ഐ.ഐ.ടി.എഫ് 2023 – മികവു കാട്ടി കേരളം
എഴുമാവിൽ രവീന്ദ്രനാഥ്
നൂതനമായ സർഫസ് പ്രൊജക്ഷൻ സാങ്കേതിക വിദ്യയിലൂടെ മായാജാലങ്ങൾ കാട്ടിയ സംസ്ഥാനമെന്ന ഖ്യാതി നേടിക്കൊണ്ട് നാൽപത്തി രണ്ടാമത് ഐ.ഐ.ടി.എഫ് (ഇന്ത്യാ ഇന്റർനാഷണൽ ട്രേഡ് ഫെയർ 2023) എന്ന മെഗാ ഇവന്റിൽ കേരളം ചരിത്രം സൃഷ്ടിച്ചു. ഒരു ലക്ഷത്തിപ്പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ ഒരുക്കിയ വമ്പൻ പ്രദർശന, വിപണന മേളയിൽ പങ്കെടുത്ത 28 സംസ്ഥാനങ്ങളും യൂണിയൻ ഭരണ പ്രദേശങ്ങളും 13 രാജ്യങ്ങളും ഉറ്റുനോക്കിയത് കേരളത്തിന്റെ ചരിത്രവും, പൈതൃകവും, സാങ്കേതിക രംഗത്തെയും സാമ്പത്തിക മേഖലയിലെ വികാസങ്ങളെയും വ്യക്തമാക്കുന്ന ആറായിരം ചതുരശ്ര അടിയിൽ തീർത്ത അത്യാകർഷകമായ പവലിയനി ലേക്കായിരുന്നു. മഹാ ഉപനിഷത്തിലെ വിഖ്യാത സൂക്തമായ ‘വസുധൈവ കുടുംബകം’ മുഖ്യ വിഷയമാക്കി രൂപകൽപന ചെയ്ത കേരളത്തിന്റെ പവലിയൻ മുപ്പത് കലാകാരൻമാരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് രാജ്യാന്തരശ്രദ്ധ പിടിച്ചു പറ്റിയത്.
ലോകം ഒരു കുടുംബം എന്ന ആശയത്തെ സാർത്ഥകമാക്കും വിധമായിരുന്നു കേരളത്തിന്റെ പ്രദർശന നഗരിയിലെ ഒരുക്കങ്ങൾ. പ്രബുദ്ധ കേരളത്തിന്റെ നാല് നെടും തൂണുകളായ വ്യവസായം, ടൂറിസം, വിവര സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം എന്നിവയെ സവിസ്തരം പ്രതിപാദിയ്ക്കുന്ന കേരള പവലിയനായിരുന്നു തിരക്കു കൊണ്ട് മുന്നിൽ നിന്നത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഒമാൻ, ഈജിപ്റ്റ്, നേപ്പാൾ, തായ്ലന്റ്, ടർക്കി, വിയറ്റ്നാം, ടുണീഷ്യ, കിർഘിസ്ഥാൻ, ലെബനൺ, ഇറാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ സ്റ്റാളുകളെ തനതു സൗന്ദര്യത്തിൽ അണിയി ച്ചൊരുക്കിയപ്പോഴും കേരളത്തിന്റെ വിഷയ വൈവിധ്യത്തിലൂന്നിയുള്ള പ്രദർശന സംവിധാന ത്തോടൊപ്പം നിൽക്കാൻ അവർക്കുമായില്ല. പ്രകൃതി സൗഹൃദ വ്യവസായം, സംരംഭക സൗഹൃദ പദ്ധതികൾ കേരളത്തനിമയാർന്ന ഉൽപന്നങ്ങൾ എന്നിങ്ങനെ സംസ്ഥാന വ്യവസായ വകുപ്പിന്റെ സ്റ്റാളിന് ഒട്ടേറെ വിഭവങ്ങൾ സന്ദർശകർക്കായി ഒരുക്കാനായി. കുടിൽ വ്യവസായ ങ്ങൾക്കും ചെറുകിട സംരംഭങ്ങൾക്കും കൈത്താങ്ങാകുന്ന വ്യവസായ വകുപ്പിന്റെ നയങ്ങളെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഉൾപ്പെടെയുളള വിദ്യാകേന്ദ്രങ്ങളിലെ യുവതലമുറ ഏറെ കൗതുകത്തോടെയാണ് കണ്ടിറങ്ങിയത്. യുവാക്കൾക്കും വനിതകൾക്കുമായുള്ള സംരംഭങ്ങളെയും കലാലയങ്ങളോടനുബന്ധിച്ചുയരുന്ന സ്റ്റാർട്ടപ്പുകളെയും പറ്റിയായിരുന്നു വിദേശികൾക്കറിയേണ്ടിയിരുന്നത്.
എല്ലാ പുഴകളും കടലിൽ വന്നു ചേരുന്നു എന്നു പറയുംപോലെയായിരുന്നു ഇവിടെ വ്യവസായ വകുപ്പിന്റെ മിന്നുന്ന പ്രകടനം. ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആന്റ് കൊമേഴ്സ് കൂടാതെ ടൂറിസം, കോ-ഓപ്പറേഷൻ, ആർട് ആന്റ് കൾച്ചർ, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റയിൽസ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് കയർ ഡെവലപ്മെന്റ്, ഹാൻഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ, മാർക്കറ്റ് ഫെഡ്, ബാംബൂ മിഷൻ, കുടുംബശ്രീ, കയർ ഡെവലപ്മെന്റ് കോർപറേഷൻ, ഹാൻവീവ്, ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് തുടങ്ങി 46 സ്റ്റാളുകളായിരുന്നു രണ്ടു വരികളായി കേരളത്തെ പ്രതിനിധീകരിച്ചിരുന്നത്. എല്ലാറ്റിനും പ്രത്യക്ഷമായോ പരോക്ഷമായോ സംസ്ഥാനത്തെ വ്യവസായ വാണിജ്യ മന്ത്രാലയവുമായി ബന്ധമുണ്ട്. കൂടുതൽ സംരംഭങ്ങൾ കൂടുതൽ വിപണി അതാണല്ലോ വ്യവസായ വകുപ്പിന്റെ ലക്ഷ്യം.
വൈവിധ്യത്തിലും അവതരണത്തിലും പുതുമകൾ നിറച്ച കേരളം നവംബർ 20 ന് പവലിയനോടു ചേർന്നുള്ള ആംഫി തിയേറ്ററിൽ അവതരിപ്പിച്ച കലാപരിപാടികൾ ഭാഷയ്ക്കും ദേശത്തിനുമപ്പുറമുള്ള ആരാധകരാണ് ഏറെ ആസ്വദിച്ചത്. പത്തു ലക്ഷത്തിലേറെ ആളുകളാണ് 3500 സ്റ്റാളുകളിൽ സന്ദർശകരായെത്തിയത്. കല, ചരിത്രം, വ്യവസായം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളോട് ആഭിമുഖ്യം പുലർത്തുന്ന ഏവരേയും തൃപ്തിപ്പെടുത്താൻ പോന്നതായിരുന്നു ഈ വർഷത്തെ ഈവന്റ്.
ഇന്ത്യൻ ഉൽപന്നങ്ങൾ, സംരംഭങ്ങൾ, ആശയങ്ങൾ ഇവയെ ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ (ഐ.റ്റി.പി.ഒ) 1980 മുതലാണ് മഞ്ഞു വീണു തുടങ്ങുന്ന നവംബർ 14 മുതൽ 27 വരെ പ്രഗതി മൈതാനിയിൽ എല്ലാ വർഷവും ഇത്തരമൊരു മേള സംഘടിപ്പിച്ചു തുടങ്ങിയത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുക, വിദേശ നിക്ഷേപം മുതൽമുടക്ക് ഇവ ആകർഷിക്കുക എന്നതായിരുന്നു തൊണ്ണൂറു വരെ പ്രഥമ ലക്ഷ്യം. തുടർന്നാണ് വൈവിധ്യ വൽക്കരണത്തിലേക്കു ചുവടു മാറ്റിയത്. സ്റ്റാളുകളുടെ വൈപുല്യം കൊണ്ടും, വിദേശ രാഷ്ട്രങ്ങളുടെ പങ്കാളിത്തം കൊണ്ടും, സന്ദർശകരുടെ ബാഹുല്യം കൊണ്ടും ലോകത്തെ തന്നെ മികച്ച മേളകളിലൊന്നായി ഐ.ഐ.ടി.എഫ് മാറിക്കഴിഞ്ഞിരിക്കുന്നു. സംരംഭകർ, തൊഴിലന്വേഷകർ, ഗവേഷകർ, വിപണന ഏജൻസികൾ തുടങ്ങി വിവിധ വിഭാഗത്തിൽപ്പെട്ടവർക്ക് ഹൃദ്യമായ വിഭവങ്ങളൊരുക്കുന്ന ഈ മഹാ സംഭവത്തിൽ സജീവമായി പങ്കെടുക്കാനും പുരസ്കാര നിറവിലേയ്ക്കുയരാനും കേരളത്തിനു സാധിക്കുന്നു എന്നത് ഭരണ സാരഥികളുടെ കാര്യക്ഷമതയും സംഘാടകരുടെ വൈദഗ്ദ്ധ്യവും സംരംഭകരുടെ മികവും കൊണ്ടാണ്. മേളയിൽ പാർട്ണർ സ്റ്റേറ്റായി
പങ്കെടുത്ത കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിലെ മികച്ച പവലിയനുള്ള സ്വർണ്ണം ബീഹാറുമായി പങ്കിട്ടു. തീം സ്റ്റാളുകളുടെ ഇനത്തിൽ ഡയറക്ടറേറ്റ് ഓഫ് കയർ ഡെവലപ്മെന്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേന്ദ്രമന്ത്രി ആർ. കെ. സിങ്ങ് ഉദ്ഘാടനം ചെയ്ത മേളയിൽ കേരള പവലിയൻ ഔപചാരികമായി തുറന്നു കൊടുത്തത് ചീഫ് സെക്രട്ടറി ഡോ. വി. വേണു ആണ്.