ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് മാറ്റങ്ങളുടെ കൊടുങ്കാറ്റ്

ലോറൻസ് മാത്യു
 
   രു കാലത്ത് നാം ഏറെ എതിർത്തിരുന്ന ഒന്നാണ് കമ്പ്യൂട്ടറുകൾ. മനുഷ്യരുടെ തൊഴിൽ ഇല്ലാതാക്കുന്ന ഒന്ന് എന്ന നിലയിലാണ് നാം അതിനെ കണ്ടിരുന്നത്. എന്നാലിപ്പോൾ കമ്പ്യൂട്ടറുകളും ഇന്റർനെറ്റുമില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാൻ തന്നെ കഴിയുകയില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്റർനെറ്റിലധിഷ്ഠിതമായ സാങ്കേതിക വിദ്യകളാണ് ഇന്ന് ലോകത്തെ മാറ്റി മറിച്ച് കൊണ്ടിരിക്കുന്നത്.  ഇതിലൂടെ പുത്തൻ തൊഴിലവസരങ്ങൾ ഉണ്ടാകുന്നു എന്ന് മാത്രമല്ല, പരമ്പരാഗതമായി നിലനിൽക്കുന്ന വ്യവസായങ്ങളിൽ വരെ ഏറെ മാറ്റങ്ങൾ ഉണ്ടാക്കുന്നു. നിത്യ ജീവിതത്തിൽ പല കാര്യങ്ങൾക്കായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും അനുദിനം കൂടിവരികയാണ്. എണ്ണിയാൽ അവസാനിക്കാത്ത തരത്തിൽ മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും ഇന്റർനെറ്റിന്റെ സേവനം ഇന്ന് ഉപയോഗപെടുത്തി വരുന്നു.
 
എന്താണ് ഇന്റ്ർനെറ്റ് ഓഫ് തിങ്ങ്സ്
    ഇന്റർനെറ്റിൽ നമ്മൾ നൽകുന്ന റിക്വസ്റ്റിന്റെ (Request) അടിസ്ഥാനത്തിലാണ് വിവരങ്ങൾ (Information) അല്ലെങ്കിൽ സർവീസ് (Service) നമുക്ക് ലഭിക്കുന്നത്. എന്നാൽ ഒരു സേവനത്തിനായുള്ള നിർദേശം നമ്മൾ നൽകാതെ തന്നെ നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ (തിങ്സ്) പരസ്പരം വിവരകൈമാറ്റം നടത്തി നമ്മുടെ ആവശ്യങ്ങൾ മനസ്സിലാക്കി സ്വയം പ്രവർത്തിച്ചാലോ? അങ്ങനെയെങ്കിൽ എത്ര എളുപ്പമാകും നിത്യ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യവും! ഇന്റർനെറ്റ് ഓഫ് തിങ്സ് (Internet of Things-loT) എന്ന സാങ്കേതിക വിദ്യയാണ് ഇത്തരത്തിൽ വ്യത്യസ്ത ഉപകരണങ്ങൾ പരസ്പരം വിവരകൈമാറ്റം നടത്തി സ്വയം പ്രവർത്തിക്കുന്നതിന് സഹായമാകുന്നത്. ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ, സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്റ്റിവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതികോപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് ഇന്റർനെറ്റ് ഓഫ് തിങ്സ് അഥവാ ഐ.ഓ.ടി.  ഓരോ ഉപകരണത്തെയും അതിന്റെതായ കമ്പ്യൂട്ടിങ് വ്യവസ്ഥിതിക്കുള്ളിൽ സവിശേഷമായി തിരിച്ചറിയാൻ കഴിയുന്നതും നിലവിലുള്ള ഇന്റർനെറ്റ് അടിസ്ഥാനസൗകര്യങ്ങളിൽ പരസ്പരം കോർത്തിണങ്ങി പ്രവർത്തിപ്പിക്കാൻ കഴിയുന്നതുമാണ്.  
 
   ഒന്നിലധികം സാങ്കേതികവിദ്യകൾ, തത്സമയ വിശകലനം, മെഷീൻ ലേണിംഗ്, യുബിക്വിറ്റസ് കമ്പ്യൂട്ടിംഗ്, കമ്മോഡിറ്റി സെൻസറുകൾ, എംബെഡഡ് സിസ്റ്റങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ ഈ മേഖല വികസിക്കാനിടായി. എംബെഡഡ് സിസ്റ്റങ്ങൾ, വയർലെസ് സെൻസർ നെറ്റ്വർക്കുകൾ, നിയന്ത്രണ സംവിധാനങ്ങൾ, ഓട്ടോമേഷൻ (വീട്, ബിൽഡിംഗ് ഓട്ടോമേഷൻ എന്നിവയുൾപ്പെടെ) പരമ്പരാഗത മേഖലകൾ, മറ്റുള്ളവ എല്ലാം ഇന്റർനെറ്റ് പ്രവർത്തനക്ഷമമാക്കുന്നതിന് സംഭാവന ചെയ്യുന്നു. ഉപഭോക്തൃ വിപണിയിൽ, ഐഒടി(loT) സാങ്കേതികവിദ്യ ‘സ്മാർട്ട് ഹോം’ എന്ന ആശയവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ പര്യായമാണ്, വീട്ടുപകരണങ്ങളും (ലൈറ്റിംഗ് ഫർണിച്ചറുകൾ, തെർമോസ്റ്റാറ്റുകൾ, ഹോം സെക്യൂരിറ്റി സിസ്റ്റങ്ങളും ക്യാമറകളും, മറ്റ് വീട്ടുപകരണങ്ങൾ) സാധാരണമായ ഇക്കോസിസ്റ്റത്തിലും, സ്മാർട്ട്ഫോണുകളും സ്മാർട്ട് സ്പീക്കറുകളും പോലുള്ള ഇക്കോസിസ്റ്റവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വഴി നിയന്ത്രിക്കാനാകും. ആരോഗ്യപരിപാലന സംവിധാനങ്ങളിലും ഐഒടി ഉപയോഗിക്കാം. 
 
  സ്മാർട്ട് ഉപകരണങ്ങളുടെ ശൃംഖലയെക്കുറിച്ചുള്ള പ്രധാന ആശയം 1982-ൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കാർനെഗി മെലോൺ യൂണിവേഴ്സിറ്റിയിലെ ഒരു പരിഷ്കരിച്ച കൊക്കക്കോള വെൻഡിംഗ് മെഷീൻ ആദ്യത്തെ അർപ്പാനെറ്റ് (ARPANET)കണക്റ്റുചെയ്ത ഉപകരണമായി, അതിന്റെ ഇൻവെന്ററി ഉപയോഗിച്ച് ലോഡ് ചെയ്ത പാനീയങ്ങൾ തണുത്തതാണോ അല്ലയോ എന്ന് റിപ്പോർട്ടുചെയ്യാൻ കഴിയും.
 
  ഇന്റർനെറ്റുമായി കണക്റ്റുചെയ്തിരിക്കുന്ന ദശലക്ഷക്കണക്കിന് സ്മാർട്ട് ഉപകരണങ്ങളുടെയും സെൻസറുകളുടെയും ശൃംഖലയാണ് (Network), ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി)’. ഇങ്ങനെ കണക്റ്റു ചെയ്ത ഉപകരണങ്ങളും സെൻസറുകളും (sensor) ഡാറ്റകൾ പല വിധത്തിലുള്ള ഉപയോഗത്തിനും വിലയിരുത്തലിനുമായി അതത് ഉപകരണങ്ങളിൽ ക്രമീകരിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മനുഷ്യ ഇടപെടൽ പരമാവധി കുറച്ച് തത്സമയം ശേഖരിക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന്നു. ഐ.ഒ.ടി നെറ്റ്വർക്കിൽ കണക്ട് ചെയ്ത ഉപകരണങ്ങളെ തിങ്സ് (Things) എന്നാണ് പറയുന്നത്. മികച്ച പ്രോസസ്സറുകളുടെയും (Processor), വയർലെസ് നെറ്റ്വർക്കിംഗ് (Wireless Networking) വസ്തുക്കളുടെയും, സെൻസറുകളുടെയും സഹായത്താൽ ഐഒടി പല മേഖലകളിലും ഭാഗികമായെങ്കിലും ഇപ്പോൾ നടപ്പിലാക്കി വരികയാണ്.  
 
ഐ ഒ ടിയുടെ പ്രസക്തി
   ഓരോ മാസവും മൂന്നു  ദശലക്ഷത്തിലധികം പുതിയ ഉപകരണങ്ങൾ ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്യുന്നുവെന്നും, അടുത്ത നാല് വർഷത്തിനുള്ളിൽ ലോകമെമ്പാടുമായി 30 ബില്ല്യൺ കണക്റ്റുചെയ്ത ഉപകരണങ്ങളുണ്ടാകുമെന്നും ഈ മേഖലയിലുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇങ്ങനെ കണക്റ്റുചെയ്യുന്ന ഉപകരണങ്ങളുടെ മൂന്നിലൊന്ന് കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് ടിവികൾ എന്നിവയും, ശേഷിക്കുന്ന മൂന്നിൽ രണ്ട് ഭാഗം  സെൻസറുകളും ആക്ച്യൂവേറ്ററുകളും നിർമ്മിത ബുദ്ധിപോലുള്ള പുതിയ സാങ്കേതിക വിദ്യയുടെയും മറ്റും സഹായത്തോടെ  പ്രവർത്തിക്കുന്ന വസ്തുക്കളും ആയിരിക്കുമെന്നാണ് വിവരസാങ്കേതിക വിദ്യാ വിദഗ്ധർ പറയുന്നത്.
 
  സ്മാർട്ട് ഡോർബെല്ലുകൾ Smart doorbells), ഗാരേജ് വാതിലുകൾ, തെർമോസ്റ്റാറ്റുകൾ, സ്പോർട്സിൽ പങ്കെടുക്കുന്നവർ ധരിക്കുന്ന വസ്തുക്കൾ (sports wearables), പേസ്മേക്കറുകൾ, ട്രാഫിക് ലൈറ്റുകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ ഡിവൈസുകളാണ് ഇന്റലിജന്റ് സെൻസറുകളുടെ സഹായത്താൽ ഐ.ഒ.ടി സാങ്കേതിക വിദ്യയിലേക്ക് മാറിയവയ്ക്ക് ഉദാഹരണമായി പറയാൻ കഴിയുന്നവയിൽ ചിലത്. ലോകത്ത് പല നഗരങ്ങളും (സ്മാർട് സിറ്റികൾ) നിലവിൽ ഇത്തരം ഉപകരണങ്ങളെ തമ്മിൽ കണക്ട് ചെയത് ഐ. ഒ .ടി ശൃംഖലയിലേക്ക് ചേർത്ത് പ്രവർത്തിക്കുന്നുണ്ട്.
 
ഐ ഒ ടി ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു
      ഐ.ഒ .ടി. ശൃംഖലയിലേക്ക് ചേർത്ത ഏതൊരു ഉപകരണത്തെയും തിങ്ങ്സ് എന്നാണ് പറയുക. അത്തരത്തിലുള്ള ഒരു ഉപകരണത്തിലെ പ്രധാനമായ ഭാഗങ്ങളാണ് ആക്ചുവേറ്റർ (Actuator) സെൻസർ (Sensor) കൺട്രോളർ (Controller) എന്നിവ. ഉപകരണത്തിന്റെ പ്രവർത്തനത്തിനെ സംബന്ധിച്ച അല്ലെങ്കിൽ പ്രവർത്തനത്തിനാവശ്യമായ ഡാറ്റ ശേഖരിക്കുക എന്നതാണ് സെൻസറിന്റെ കടമ. ഉദാഹരണത്തിന് ഒരു ഉപകരണത്തിന് പ്രവർത്തിക്കാൻ താപനില, മർദ്ദം, വെളിച്ചം, ചലനം, സ്ഥാനം മുതലായ വിവരങ്ങൾ ആവശ്യമാണെങ്കിൽ ആ ഉപകരണത്തിലെ  സെൻസർ ഈ വിവരങ്ങൾ ശേഖരിക്കുന്നു.
 
  ഉപകരണത്തിലെ സെൻസറുകളിൽ നിന്ന് ഡാറ്റ വിശകലനം ചെയ്യാനായി ശേഖരിക്കുക, നെറ്റ്വർക്ക് അല്ലെങ്കിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുക എന്നിവ കൺട്രോളറിന്റെ സഹായത്തോടെയാണ് ചെയ്യുന്നത്.
 
   ശേഖരിക്കുന്ന ഡാറ്റയെ സംബന്ധിച്ച്  ഉടനടി തീരുമാനമെടുക്കാൻ  കഴിവുള്ള സെൻസറുകൾ ഇപ്പോൾ ലഭ്യമാണ്, അതില്ല എങ്കിൽ സെൻസറുകൾ ശേഖരിച്ച ഡാറ്റ വിശകലനത്തിനായി കൂടുതൽ ശക്തമായ ഒരു കമ്പ്യൂട്ടറിലേക്ക് അയക്കുന്നു. സാധാരണയായി ഇത്തരത്തിലുള്ള കമ്പ്യൂട്ടറുകൾ കൺട്രോളറുകൾ കണക്ട് ചെയ്ത അതേ ലോക്കൽ നെറ്റ്വർക്കിൽ ആയിരിക്കും കണക്ട് ചെയ്യുക. അല്ലെങ്കിൽ ഒരു ഇന്റർനെറ്റ് കണക്ഷൻ വഴി മാത്രമേ  സെൻസറുകളും അവ വിശകലനം ചെയ്യുന്ന കമ്പ്യൂട്ടറുകളും തമ്മിൽ കണക്ട് ചെയ്യാൻ കഴിയുകയുള്ളൂ.
 
   ഒരു ഐ.ഒ .ടി  ഉപകരണത്തിൽ സെൻസറുകൾ പലപ്പോഴും ആക്ചുവേറ്റർ എന്ന ഉപകരണവുമായി ചേർന്ന് ഒരുമിച്ച് പ്രവർത്തിക്കുന്നവയാണ്. ആക്ചുവേറ്ററുകൾ വൈദ്യുത ഇൻപുട്ട് സ്വീകരിക്കുകയും, അതിനെ ഒരു ഫിസിക്കൽ പ്രവർത്തനമാക്കി (Physical Action) മാറ്റുകയും ചെയ്യുന്നു.
 
   ഒരു ഉദാഹരണം: ഒരു മുറിയിൽ ചൂട് കൂടുതലാണ് എന്ന് കരുതുക.  ഐ ഒ ടി സാങ്കേതിക വിദ്യയോട് കൂടിയ ഒരു ശീതീകരണ ഉപകരണം ആ മുറിയിൽ ഉണ്ടെങ്കിൽ അതിൽ ഘടിപ്പിച്ചിട്ടുള്ള സെൻസർ മുറിയുടെ അധിക താപനില സെൻസ് ചെയ്യുകയും,  ആ താപനില റീഡിങ്ങ് മൈക്രോ കണ്ട്രോളറിലേക്ക് (അല്ലെങ്കിൽ ഡേറ്റാ വിശകലനം ചെയ്യുവാൻ കഴിയുന്ന ഒരു കമ്പ്യൂട്ടറിലേക്ക്) അയയ്ക്കുകയും ചെയ്യുന്നു.  മൈക്രോ കമ്പ്യൂട്ടർ അല്ലെങ്കിൽ ഡേറ്റാ വിശകലനം ചെയ്യുന്ന കമ്പ്യൂട്ടർ അത്തരത്തിൽ സെൻസറുകളിൽ നിന്ന് ലഭിക്കുന്ന ഡേറ്റാ വിശകലനം ചെയ്ത് അതിനനുസരിച്ചുള്ള ഔട്ട്പുട്ട് ആക്ചുവേറ്ററിലേക്ക് അയയ്ക്കുന്നു. ആക്ചുവേറ്ററുകൾ കണ്ട്രോളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ശീതീകരണ ഉപകരണം പ്രവർത്തിപ്പിക്കുകയും താപനില കുറക്കുകയും ചെയ്യുന്നു.  ഒരു സ്മാർട്ട് വാച്ച്, സ്മാർട്ട് ഫോൺ എന്നിവ കൂടി ഈ ഐ ഒ ടി ശൃംഖലയുടെ ഭാഗമാണ് എങ്കിൽ ഇത്തരത്തിൽ താപനില കുറച്ച വിവരം സ്മാർട്ട് വാച്ചിലോ, മൊബൈലിലോ അപ്പോൾത്തന്നെ ലഭ്യമാക്കാം.  അത് പോലെ എവിടെ നിന്നും മൊബൈലോ, സ്മാർട്ട് വാച്ചോ ഉപയോഗിച്ച് ഈ എയർ കണ്ടീഷണർ നിയന്ത്രിക്കാനും സാധിക്കുന്നു.  
 
   വീടിന് പുറത്ത് പോയ ഒരാൾ വീട്ടിലേക്ക് തിരിച്ചു വരുന്നത് ഐ.ഒ.ടി-യിൽ പ്രവർത്തിക്കുന്ന അയാളുടെ വാഹനത്തിലെയോ അല്ലെങ്കിൽ മൊബൈൽ ഫോണിലേയൊ സെൻസറുകളുടെ സഹായത്തോടെ ആ ഐ.ഒ.ടി നെറ്റ്വർക്കിൽ കണക്ട് ചെയ്ത ഉപകരണങ്ങൾക്ക് (Things) മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വീടിന് പുറത്ത് പോയ ആൾ വീട്ടിലേക്ക് മടങ്ങി വരുന്ന കാര്യം സെൻസ് ചെയ്ത് ഐ.ഒ.ടി നെറ്റ്വർക്കിന്റെ ഭാഗമായ ഒരു ഉപകരണത്തിൽ നിന്നുള്ള ഇൻഫർമേഷൻ (Information) ലഭിച്ചിട്ടാണ് റൂമിലെ താപനില എയർ കണ്ടീഷണർ നിയന്ത്രിച്ചത് എന്ന് കരുതുക. ഐ.ഒ.ടി-യിൽ എങ്ങനെ വിവിധ ഉപകരണങ്ങൾ പരസ്പരം ഡാറ്റ കൈമാറ്റം ചെയത് പ്രവർത്തിക്കുന്നു എന്ന്  ഈ ഉദാഹരണം വ്യകതമാക്കുന്നു.
 
    ആരോഗ്യ മേഖലയെടുത്താൽ ഇന്റർനെറ്റ് ഓഫ് തിങ്ങ്സിന് ഏറെ ചെയ്യാനുണ്ട്.  ഒരു രോഗിയുടെ ബ്ലഡ് പ്രഷർ, ഷുഗർ, ചൂട് തുടങ്ങിയവയെല്ലാം ഓട്ടോമാറ്റിക്കായി കണ്ടെത്തി ആരോഗ്യ പ്രവർത്തകരിലേക്ക് അയയ്ക്കുവാൻ ഈ സംവിധാനത്തിലേക്ക് കഴിയും. ഷുഗർ, ഹൃദയ സ്പന്ദനം തുടങ്ങിയവയൊക്കെ ഓട്ടോമാറ്റിക്കായി മോണിറ്റർ ചെയ്യുവാൻ ഈ സംവിധാനം വഴി സാധ്യമാണ്. ഇങ്ങനെയുള്ള ഉപകരണങ്ങളായിരിക്കും ഇനിയത്തെ ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ടവ.  ഇത് മാത്രമല്ല രോഗിയുടെ ഡിപ്രഷനും മൂഡും വരെ കൃത്യമായി അളക്കുവാനും ആ ഡേറ്റ വിവിധ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിദാനമായി ഭവിക്കുവാനും ഈ സാങ്കേതിക വിദ്യ വഴി കഴിയുന്നതാണ്.  റോബോട്ടുകൾ സർജറി ചെയ്യുന്നത് ഒരു യാഥാർത്ഥ്യമായിരിക്കുന്നു. ഇവിടെയും ഈ സാങ്കേതിക വിദ്യക്ക് സാധ്യതകൾ ഏറെയാണ്.  
 
    വിദ്യാഭ്യാസ മേഖലയിൽ ഈ സാങ്കേതിക വിദ്യ വരുത്തുന്ന മാറ്റങ്ങൾ ഏറെയാണ്. ലാപ് ടോപ്പുകളും സ്മാർട്ട് ഫോണുകളും മാത്രമല്ല വൈറ്റ് ബോർഡുകളിലും മേശയിലുമെല്ലാം ഇന്റർനെറ്റുള്ള സ്മാർട്ട് ക്ലാസ് റൂമുകളാവും ഇനിയത്തെ ട്രെൻഡ് .  ഇത് വഴി അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കമ്യൂണിക്കേഷൻ ഏറെ ഫലപ്രദമായി മാറും.  കുട്ടികളെ വ്യക്തിപരമായി ശ്രദ്ധിക്കുവാൻ ഈ സംവിധാനം വഴി കഴിയും. ടെക്സ്റ്റ് ബുക്കുകൾ പോലുള്ള റിസോഴ്സുകൾ ഫലപ്രദമായി വിനിയോഗിക്കുവാൻ ഐ ഒ ടി വഴി സാധ്യമാണ്.   
 
    ബാങ്കിങ്ങ് മേഖലയിൽ ഏറെ മാറ്റങ്ങൾ വരുത്തുവാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയും.  വ്യത്യസ്ത ഉപഭോക്താക്കളുടെ ആവശ്യങ്ങളും താൽപ്പര്യങ്ങളും കൃത്യമായി അറിയുവാൻ ഈ സംവിധാനം വഴി കഴിയുന്നതാണ്. ഡേറ്റ അനാലിസ് കൃത്യമായി നടത്തുവാനും അത് വഴി ബാങ്കിങ്ങ് സംവിധാനം ഏറെ ഫലപ്രദമായി നടപ്പിലാക്കുവാൻ കഴിയുന്നതാണ്.  
 
   ഐ ഒ ടി മാറ്റം വരുത്തുന്ന ഒരു മേഖലയാണ് കൃഷി.  വിവിധ പരാമീറ്ററുകൾ കൃത്യമായി മോണിറ്റർ ചെയ്യുവാനും വളം പോലുള്ളവ എപ്പോൾ ചെയ്യണമെന്ന് തീരുമാനമെടുക്കുവാനും ഈ സാങ്കേതിക വിദ്യക്ക് കഴിയുന്നതാണ്. പ്രിസിഷൻ ഫാമിങ്ങ്, സ്മാർട്ട് ഗ്രീൻ ഹൗസ് തുടങ്ങിയവയൊക്കെ ഇന്ന് യാഥാർത്ഥ്യമാണ്. ഡ്രോണുകളുടെ സേവനം ഓട്ടോമാറ്റിക്കായി ലഭ്യമാക്കുവാൻ ഇനിയുള്ള കാലത്ത് സാധ്യമാണ്.  കാലവസ്ഥ പോലും കൃത്യമായി മനസ്സിലാക്കി തീരുമാനങ്ങളെടുക്കുന്ന ഒരു ഓട്ടോമാറ്റിക് സംവിധാനം ഇവിടെ സാധ്യമാകുന്ന തരത്തിലേക്ക് ആണ് സാങ്കേതിക വിദ്യയുടെ വളർച്ച.  
 
വെല്ലു വിളികൾ
   ഐ.ഒ.ടി യിൽ പ്രവർത്തിക്കുന്ന ഫിറ്റ്നെസ് വെയറബിൾസ്, ഇംപ്ലാന്റ് ചെയ്ത പേസ്മേക്കർ, മൈൻ ഷാഫ്റ്റിലെ എയർ മീറ്റർ, ഒരു ഫാം ഫീൽഡിലെ വാട്ടർ മീറ്റർ എന്നിവ പോലുള്ള പുതിയ ഉപകരണങ്ങളിൽ ഭൂരിഭാഗവും വയർലെസ് കണക്റ്റിവിറ്റി ആവശ്യമുള്ളവയാണ്. പല സെൻസറുകളും ബാറ്ററികളോ സോളാർ പാനലുകളോ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഐ.ഒ.ടി ഉപകരണങ്ങൾ നിർമ്മിക്കുമ്പോൾതന്നെ വൈദ്യുതി ഉപഭോഗത്തിന് പരിഗണന നൽകണം. സെൻസറിന്റെ ലഭ്യത എളുപ്പമാക്കുന്നതിനും, ഇത്തരത്തിലുള്ള സെൻസറുകൾ ഘടിപ്പിച്ച ഉപകരണങ്ങളുടെ ഉപയോഗം വിപുലീകരിക്കുന്നതിനും കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സെൻസറുകൾ അല്ലെങ്കിൽ ഉപകരണങ്ങൾ നിർമ്മിക്കേണ്ടതുണ്ട്.
 
   കൂടാതെ, ഉപകരണങ്ങൾ തമ്മിലുള്ള അതിവേഗ കണക്ടിവിറ്റി, കൈകാര്യം ചെയ്യുന്ന ഡാറ്റയുടെ സുരക്ഷ, അതിവേഗ ഡാറ്റ അനാലിസിസ്, വ്യത്യസ്ത സെൻസറുകളുടെ ലഭ്യതക്കുറവും സാമ്പത്തികമായി അവ വാങ്ങുന്നതിലുള്ള തടസ്സങ്ങൾ തുടങ്ങിയവയും ഐ.ഒ.ടി നടപ്പിലാക്കാക്കുമ്പോൾ സാങ്കേതിക മേഖലയിലെ വിദഗ്ദർ നേരിടുന്ന വെല്ലുവിളി
കളാണ്.