വായ്പ എടുക്കുമ്പോൾ സംരംഭകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
റ്റി. എസ്. ചന്ദ്രൻ
സംരംഭം തുടങ്ങാൻ പലരീതിയിലും പണം സംഘടിപ്പിക്കാം. സ്വന്തം സമ്പാദ്യം, പങ്കാളിയുടെ ഷെയർ, പൊതുജനങ്ങളിൽ നിന്നും ഉള്ള ഷെയർ, സ്നേഹിതരുടെയും കുടുംബാംഗങ്ങളുടെയും സമ്പാദ്യം, ഇവയ്ക്ക് പുറമേ ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകർ ആശ്രയിച്ചു വരുന്നത്. ബാങ്ക് വായ്പകൾ ബാധ്യതയാകാതിരിക്കാൻ ഏതാനും കാര്യങ്ങൾ മുൻകൂട്ടി പഠിച്ചു വയ്ക്കുന്നത് നല്ലതാണ്.
1. വായ്പ അത്യാവശ്യത്തിന് മാത്രം എടുക്കുക
വായ്പ ആവശ്യത്തിന് മാത്രം എന്നുള്ളതല്ല അത്യാവശ്യത്തിന് മാത്രം എന്നുള്ളതാണ്. വായ്പക്ക് കൊടുക്കേണ്ടി വരുന്ന പലിശ, എടുക്കുന്നതിന് വേണ്ടിവരുന്ന ചിലവ്, കൊലാറ്ററൽ എന്നിവ പരിഗണിക്കുമ്പോൾ സ്വന്തം സമ്പാദ്യം / കുടുംബ സമ്പാദ്യം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നതാണ് ഉത്തമം. ബാങ്കുകളിൽ നിന്നും ലഭിക്കുന്ന സ്ഥിര നിക്ഷേപ പലിശ 7% താഴെയാണ് എന്നുകൂടി ഓർക്കുക.( ഒരു വർഷം).
2. കൊലാറ്ററൽ ഫ്രീ വായ്പ നല്ലതാണോ?
10 ലക്ഷം രൂപ വരെയുള്ള സംരംഭം വായ്പകൾ മറ്റ് കൊലാറ്ററൽ സെക്യൂരിറ്റികൾ വാങ്ങാതെ മാത്രമേ നൽകാവൂ എന്നാണ് ബാങ്കുകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. എന്നാൽ അഞ്ച് കോടി രൂപ വരെ ഇങ്ങനെ അനുവദിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. ഇങ്ങനെ വായ്പ എടുക്കുമ്പോൾ സംരംഭകർ ഒരു ഫീസ് അധികമായി നൽകേണ്ടി വരും. ഏകദേശം 0.35% മുതൽ 1.35 വരെ തുക ഗ്യാരണ്ടി ഫീസ് നൽകണം. കൂടാതെ വർഷം തോറും ഇത് നൽകണം. ഓരോ വർഷവും ബാക്കി നിൽക്കുന്ന തുകയ്ക്ക് ഇത് നൽകുകയും വേണം. 2022 മാർച്ച് മുതൽ ഗ്യാരണ്ടി ഫീസിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഇതൊരു അധിക ബാധ്യതയാണ്. കെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫണ്ടിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിനാണ് ഇങ്ങനെ നൽകേണ്ടി വരുന്നത്. തൻറെ സംരംഭത്തിന് ഗുണകരമാണോ എന്ന് ചിന്തിച്ചു മാത്രമേ ഗ്യാരണ്ടി നൽകാതെയുള്ള വായ്പകൾ എടുക്കാവൂ.

വായ്പക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിൽ സർക്കാർ സബ്സിഡിക്ക് വേണ്ടത്ര പരിഗണന പലപ്പോഴും നൽകാറില്ല. അജ്ഞതയും ഒരു കാരണമാകാറുണ്ട്. തുടക്കത്തിലെ ലഭിക്കുന്ന സബ്സിഡിയും പിന്നീട് ലഭിക്കാവുന്ന സബ്സിഡിയും ഉണ്ട്. തുടക്കത്തിലെ ആറുമാസത്തെ വായ്പ തിരിച്ചടവ് സബ്സിഡി മൂലം നടക്കുമെങ്കിൽ അത് സംരംഭകർക്ക് വലിയ ആശ്വാസമായിരിക്കും.
4. പലിശ തട്ടിച്ചു നോക്കണം
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ എങ്ങനെ വായ്പ സംഘടിപ്പിക്കാം എന്ന ചിന്തയോടെ വേണം വായ്പയ്ക്കായി സമീപിക്കാൻ. പലിശ നിരക്കുകൾ പല സ്ഥാപനങ്ങളിലും വ്യത്യാസമുണ്ട്. 10 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ദേശസാൽകൃത ബാങ്കുകൾ ഈടാക്കി വരുന്നത് ഏകദേശം 10.5% പലിശയാണ്.എന്നാൽ ഷെഡ്യൂൾഡ് ബാങ്കുകളുടെ 11.5% നു് മുകളിൽ വരുന്നുണ്ട്. കുറഞ്ഞ പലിശയ്ക്ക് വിവിധ ക്ഷേമ കോർപ്പറേഷനുകൾ സംരംഭ വായ്പകൾ നൽകി വരുന്നുണ്ട്. കൃത്യമായ താരതമ്യ പഠനം നടത്തി വേണം വായ്പ എടുക്കുവാൻ. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഇപ്പോൾ അഞ്ച് ശതമാനം പലിശക്ക് രണ്ട് കോടി രൂപ വരെ സംരംഭ വായ്പകൾ അനുവദിക്കുന്നുണ്ട്.
5. ആറുമാസത്തിനുള്ളിൽ തുടങ്ങണം
വായ്പ എടുക്കുന്ന സമയവും സംരംഭം ആരംഭിക്കുന്ന സമയവും തമ്മിലുള്ള ദൈർഘ്യം ആറുമാസത്തിൽ അധികരിക്കാതെ ശ്രദ്ധിക്കണം. 50 ലക്ഷം രൂപ വരെയുള്ള പദ്ധതികളുടെ കാര്യത്തിൽ ഇക്കാര്യം കൃത്യമായി ഉറപ്പുവരുത്തണം. ഇതിനായി നിർവഹണ കലണ്ടർ മുൻകൂട്ടി തയ്യാറാക്കണം. പുതു സംരംഭകർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
6. കെട്ടിട നിർമ്മാണത്തിന് വായ്പ പരമാവധി ഒഴിവാക്കണം

7. ആവശ്യത്തിനു തന്നെ ഉപയോഗിക്കണം
കൃത്യമായ ആവശ്യം പറഞ്ഞുവേണം വായ്പക്ക് അപേക്ഷിക്കുവാൻ. കെട്ടിടം, മെഷിനറി, ഉപകരണങ്ങൾ, പ്രവർത്തന മൂലധനം അങ്ങനെയുള്ള എന്താവശ്യത്തിനും വായ്പ ലഭിക്കും. ഏത് ആവശ്യത്തിനാണോ വായ്പ അനുവദിച്ചത് പ്രസ്തുത ആവശ്യത്തിന് തന്നെ അത് ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം. വ്യക്തിപരമായ ബാധ്യതകൾ തീർക്കാൻ സംരംഭ വായ്പകൾ ഉപയോഗിക്കരുത്.
8. അക്കൗണ്ട് ഉള്ള ബാങ്കിനെ സമീപിക്കണം
പൊതുവേ സംരംഭകർക്കുള്ള സംശയമാണ് വായ്പയ്ക്ക് ഏത് ബാങ്കിനെയാണ് കാണേണ്ടത് ?
ബാങ്കുകളുടെ സർവ്വീസ് ഏരിയക്ക് ഇപ്പോൾ പ്രസക്തിയില്ല. അക്കൗണ്ട് ഉള്ള ബാങ്കിനെയാണ് ആദ്യം സമീപിക്കേണ്ടത്. ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ പ്രമാണങ്ങളും മറ്റും ഏതു ബാങ്കിലാണോ പ്രസ്തുത ബാങ്കിനേയോ, കൂടുതൽ ഇടപാടുകൾ ഉള്ള ബാങ്കിനെയോ സമീപിക്കണം. ബാങ്കുമായി നിരന്തരമായ ബന്ധം ഉണ്ടാക്കിയെടുക്കുന്നത് കൂടുതൽ ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.
9. ഇ.എം.ഐ സിസ്റ്റം നല്ലതാണ്
സംരംഭം വായ്പകൾ ഇപ്പോൾ ഇ.എം.ഐ സമ്പ്രദായത്തിലാണ് മിക്കവാറും നൽകി വരുന്നത്. ഇത് സംരംഭകർക്ക് ഏറെ ഗുണകരമാണ്. ആദ്യവർഷങ്ങളിൽ സ്ഥാപനത്തിന്റെ വിറ്റു വരവ് കുറവായിരിക്കും എന്നതിനാൽ ഡിമിനിഷിംഗ് ഇന്ററസ്റ്റ് എന്ന രീതിയിൽ വായ്പ എടുത്താൽ തിരിച്ചടവ് പ്രശ്നമാണ്. തുടക്കം മുതലേ വായ്പ കണക്ക് എൻപിഎ ആവാൻ സാധ്യതയുണ്ട്. മാത്രമല്ല പ്രതിമാസം അടയ്ക്കേണ്ടി വരുന്ന തുക എത്രയെന്ന് മുൻകൂട്ടി കൃത്യമായി അറിയുക വഴി നന്നായി ഈ കാര്യം പ്ലാൻ ചെയ്യാൻ കഴിയും.
10. കൃത്യമായി തിരിച്ചടയ്ക്കണം
വായ്പ എടുക്കുന്നത് ഇഷ്ടമാണ് തിരിച്ചടയ്ക്കുന്നത് തീരെ ഇഷ്ടമല്ല. ഈ സമീപനമാണ് മാറേണ്ടത്. കൃത്യമായി തിരിച്ചടക്കാൻ ശ്രദ്ധിക്കണം. മൂന്നുമാസം തിരിച്ചടവ് മുടങ്ങിയാൽ പോലും കണക്ക് എൻ പി എ ആയി മാറുന്നു. സിബിൽ സ്കോർ താഴാൻ കാരണമാകുന്നു. അങ്ങനെ വന്നാൽ ധനകാര്യ സ്ഥാപനത്തിൽ നിന്നും പിന്നീട് വായ്പ ലഭിക്കുകയില്ല. തിരിച്ചടവിനുള്ള തുക കുറവാണെങ്കിലും അതതുമാസം ബാങ്കുമായി ബന്ധപ്പെട്ട് ഉള്ള തുക അടയ്ക്കാൻ ശ്രമിച്ചാൽ സംരംഭകരുടെ സ്കോർ ഉയരും.
കരുതലോടെ വായ്പ എടുത്ത്, പ്രസ്തുത ആവശ്യത്തിന് തന്നെ സമയബന്ധിതമായി ഉപയോഗിച്ച്, ധനകാര്യ സ്ഥാപനവുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്ത്, കൃത്യമായി തിരിച്ചടച്ച് മുന്നോട്ടുപോകുവാനാണ് സംരംഭകർ ശ്രദ്ധിക്കേണ്ടത്.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ