ബാധ്യതയല്ല; നാടിന്റെ നട്ടെല്ലാണ് പൊതുമേഖല

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,നിയമം, കയർ വകുപ്പ് മന്ത്രി

പൊതുമേഖലയെ ഒരു ബാധ്യതയെന്ന നിലയിൽ കാണുന്ന സമീപനത്തിന് വിപരീത ദിശയിൽ സഞ്ചരിക്കുകയും രാജ്യത്തിന് വഴി കാട്ടുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. പൊതുമേഖലയെ നിലനിർത്തുക എന്ന കേവല ഉത്തരവാദിത്വമല്ല എൽ.ഡി.എഫ് സർക്കാർ നിറവേറ്റുന്നത്. മറിച്ച് നിലവിലുള്ള പൊതുമേഖലയെ നവീകരിച്ചും ശക്തിപ്പെടുത്തിയും പുതിയ മേഖലയിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് സർക്കാർ വിജയകരമായി നടപ്പാക്കുന്നത്. കാലത്തിനനുസരിച്ച് പൊതുമേഖലയെ നവീകരിക്കുന്നതിന് ബഹുമുഖ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇവയിൽ സുപ്രധാനമായ ഒരു ചുവടുവെയ്പാണ് റിയാബ് പുന:സംഘടിപ്പിച്ച് ബിപി.ടിക്ക് രൂപം നൽകിയ നടപടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്ന തിനായി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരമാണിത്. പുതുതായി രൂപം നൽകിയ ബി.പി.ടിയുടെ ചെയർമാനായി ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.അജിത് കുമാറിനേയും മെമ്പർ സെക്രട്ടറിയായി പി. സതീഷ് കുമാറിനേയും നിയമിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും സാങ്കേതിക-സാമ്പത്തിക – മാനേജ്മെന്റ് മേഖലകളിൽ പിന്തുണ നൽകുകയുമായിരുന്നു റിയാബിന്റെ പ്രധാന ചുമതല. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വത്തോട് കൂടിയ പ്രവർത്തന സ്വയം ഭരണാധികാരം നൽകുന്നതിന് പോൾ ആന്റണി കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. റിയാബ് പുന:സംഘടിപ്പിച്ച് ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫർമേഷൻ രൂപീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ചെയർമാനും മെമ്പർ സെക്രട്ടറിക്കും പുറമേ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മൂന്ന് വിദഗ്ധരും ബോർഡിൽ അംഗങ്ങളാണ്. മാനേജ്മെന്റ്, ധനകാര്യം, സാങ്കേതികം എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധ അംഗങ്ങളെ സർക്കാർ പിന്നീട് നാമനിർദ്ദേശം ചെയ്യും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ്, അക്കൗണ്ടിംഗ് എന്നീ പ്രവർത്തനങ്ങൾക്കായാണ് 1990 ൽ റിയാബിന് രൂപം നൽകിയത്. കൂടുതൽ മേൽ നോട്ടാധികാരത്തോടെ പിന്നീട് ശാക്തീകരിക്കുകയായിരുന്നു. കാലാനുസൃതമായി ഈ മേൽനോട്ട സംവിധാനം നവീകരിക്കുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രൊഫഷണൽ മികവ് കൈവരിക്കാനാകും.

ഇതോടൊപ്പം വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മികച്ച പൊതു മേഖലാ സ്ഥാപനം, മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ /മാനേജിംഗ് ഡയറക്ടർ എന്നീ പുരസ്കാരങ്ങൾക്കൊപ്പം വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിംഗിനായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകളും പ്രഖ്യാപിച്ചു. അവാർഡ് ജേതാക്കളെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതൽ മികവോടെ പ്രവർത്തിച്ച് അടുത്ത വർഷം പുരസ്കാരത്തിനർഹത നേടാൻ പൊതുമേഖലയിലെ ഏവർക്കും ഇത് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.