ബിസിനസിൽ ശക്തമായ ബന്ധങ്ങൾ സൃഷ്ടിക്കാൻ 10 മാർഗ്ഗങ്ങൾ
ഡോ. സുധീർ ബാബു
വിഷ്ണുപ്രസാദിന്റെ കാബിനിലേക്ക് മാനേജർ ഓടിയെത്തി. അയാൾ ആകെ പരവശനായിരുന്നു. അയാളുടെ ടെൻഷൻ തിരിച്ചറിഞ്ഞ വിഷ്ണുപ്രസാദ് സൗമ്യതയോടെ കാര്യം തിരക്കി. ”സർ, ഒരു മെഷീൻ പണി മുടക്കി. പ്രൊഡക്ഷൻ വൈകും. നമുക്ക് സമയത്ത് ഉൽപ്പന്നങ്ങൾ ഡെലിവറി നൽകാൻ കഴിയില്ല. എന്തുചെയ്യും? അയാളുടെ മുഖം പിരിമുറുക്കത്താൽ വാടിയിരുന്നു.
”നിങ്ങൾ കസ്റ്റമറെ നേരിട്ട് വിളിച്ചു സംസാരിക്കൂ. അവരോട് സത്യസന്ധമായി പ്രശ്‌നം പറയൂ. ഒന്നും ഒളിച്ചു വെക്കേണ്ടതില്ല. അവർക്ക് കാര്യം മനസ്സിലാകും.” വിഷ്ണുപ്രസാദ് മാനേജരെ ഉപദേശിച്ചു.
മാനേജർ വിഷ്ണുപ്രസാദിന്റെ ഉപദേശം സ്വീകരിച്ചു. അയാൾ കസ്റ്റമറെ അപ്പോൾ തന്നെ ബന്ധപ്പെട്ട് കാര്യം അവതരിപ്പിച്ചു. അയാൾ ഒന്നും മറച്ചു വെച്ചില്ല. യന്ത്രത്തിന്റെ പ്രവർത്തനം തകരാറിലായെന്നും അത് അപ്രതീക്ഷിതമായി ഉൽപ്പാദനത്തെ ബാധിച്ചുവെന്നും അവരോട് പറഞ്ഞു. കസ്റ്റമർ അയാൾ പറഞ്ഞ കാര്യങ്ങൾ ക്ഷമയോടെ കേട്ടു. ഡെലിവറി പൂർത്തീകരിക്കാൻ പുതിയൊരു തീയതി നിശ്ചയിച്ചുകൊണ്ടാണ് അവർ സംഭാഷണം അവതരിപ്പിച്ചത്.
അയാൾ തിരിച്ചെത്തി വിഷ്ണുപ്രസാദിനോട് വിവരം അറിയിച്ചു. ”നിങ്ങൾ എപ്പോഴും തുറന്ന മനസ്സോടെ, സത്യസന്ധതയോടെ സംസാരിച്ചാൽ കസ്റ്റമർ അത് അംഗീകരിക്കും. ഒരിക്കലും നുണ പറയാതിരിക്കുക. ഇത് ബിസിനസാണ് നാം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. തുറന്ന് സംസാരിക്കൂ, അത് പ്രശ്‌നങ്ങളെ ഇല്ലാതെയാക്കും” വിഷ്ണുപ്രസാദ് അയാളോട് പറഞ്ഞു.
വിഷ്ണുപ്രസാദ് നല്ല രീതിയിൽ ബിസിനസ് നടത്തുന്ന ഒരു സംരംഭകനാണ്. വർഷങ്ങളുടെ അനുഭവസമ്പത്തുള്ളയാൾ. ആശയവിനിമയത്തിന്റെ (ഇീാാൗിശരമശേീി) ശക്തിയെക്കുറിച്ച് ശരിയായ ബോധമുള്ളയാൾ. ബിസിനസിൽ ബന്ധങ്ങൾ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുക അത്ര എളുപ്പമല്ല. ബിസിനസ് എന്നാൽ ബന്ധങ്ങളാണ്.
ഒരു ബിസിനസിന്റെ ജീവശ്വാസമായ ബന്ധങ്ങൾ നിലനിർത്താനുള്ള വഴികൾ എന്തൊക്കെയാണ്?
1. ആശയവിനിമയം (ഇീാാൗിശരമശേീി) ശക്തമാക്കുക
ബിസിനസ് ഫലപ്രദമായി പ്രവർത്തിക്കുവാൻ ജീവനും ഊർജ്ജവും എല്ലായിടത്തും എത്തിക്കുന്ന ജീവരക്തമാണ് ആശയവിനിമയം (ഇീാാൗിശരമശേീി). വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് അല്ലെങ്കിൽ തീവ്രതയാണ് ബിസിനസിന്റെ ശക്തി. ഇത് ഉടലെടുക്കുവാൻ സമയമെടുക്കും. ബന്ധങ്ങൾ നിലനിർത്താനും വളർത്താനും ശരിയായ ആശയവിനിമയം കൂടിയേ തീരൂ. എന്ത് എങ്ങിനെ ഏത് സമയത്ത് സംസാരിക്കണം സംസാരിക്കേണ്ട എന്ന് പഠിക്കുക എളുപ്പമുള്ള പണിയല്ല.
തുറന്ന, സത്യസന്ധമായ ആശയവിനിമയം ബിസിനസിൽ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ സഹായകരമാകും. ഉപഭോക്താക്കൾ, പങ്കാളികൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെ ബിസിനസ് ബന്ധപ്പെടുന്ന വ്യക്തികളുമായി ഫലപ്രദമായ ആശയവിനിമയ സംവിധാനം ബിസിനസിൽ വളർത്തേണ്ടത് അനിവാര്യമാണ്. ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുവാനും ലളിതമാക്കുവാനും ഫലപ്രദമാക്കുവാനും ഇത് സഹായിക്കും.
ദൂരെയുള്ള പല സ്ഥലങ്ങളിലായി ജോലിചെയ്യുന്ന ടീമുമായി ദിനംപ്രതി നടത്തുന്ന വീഡിയോ കോൺഫറൻസിംഗ് പ്രവർത്തനത്തെ മികവുറ്റതാക്കുവാൻ സഹായകരമാകും. അകലത്തിലാണെന്ന തോന്നൽ ഒഴിവാക്കുവാനും പരസ്പരം ശക്തമായ ബന്ധം വളർത്താനും സൂക്ഷിക്കുവാനും ഇതിലൂടെ കഴിയും. ഫലപ്രദമായ ആശയവിനിമയ സംവിധാനത്തെ ബിസിനസിലുടനീളം നടപ്പിലാക്കുവാൻ സംരംഭകര്ക്ക് കഴിയേണ്ടതുണ്ട്.
2. വിശ്വാസവും സത്യസന്ധതയും പുലർത്തുക
കസ്റ്റമർക്ക് ഉൽപ്പന്നം കൃത്യമായ തീയതിയിൽ നൽകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഇനി അത് നൽകുന്നതിൽ കാലതാമസം നേരിട്ടാലോ അതിന്റെ കാരണം വ്യക്തമായി കസ്റ്റമറെ ധരിപ്പിക്കുവാനും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാനും സാധിക്കണം.
ഏറ്റെടുക്കുന്ന പ്രവർത്തികൾ സമയാസമയങ്ങളിൽ പൂർത്തീകരിക്കുവാൻ സാധിക്കേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് ബിസിനസിൽ വിശ്വാസം വരുത്തേണ്ടത് അത്യാവശ്യമാണ്. വാക്കു പാലിക്കാത്ത ബിസിനസുകളെ അവർ കൈവിടും. കസ്റ്റമറുടെ അവിശ്വാസം ബിസിനസിന്റെ നിലനിൽപ്പിനെ പ്രതിസന്ധിയിലാക്കും. സത്യസന്ധമായി അവരെ സേവിക്കുക, വിശ്വാസം നേടിയെടുക്കുക.
3. പരസ്പര ബഹുമാനത്തോടെ പെരുമാറുക
ബിസിനസിൽ ഇടപെടുന്നവരോട് മാന്യമായി, ബഹുമാനപൂർവം പെരുമാറുക. ആരും ആർക്കും മുകളിലോ താഴെയോ അല്ല. സമഭാവനയോടെ, പരസ്പര ബഹുമാനത്തോടെ എല്ലാവരോടും ഇടപെടാൻ സാധിക്കണം. നിങ്ങൾ ബിസിനസിൽ ഏതു സ്ഥാനം വഹിക്കുന്ന വ്യക്തിയുമാവട്ടെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും വിലകൽപ്പിക്കുവാൻ കഴിയണം. തികഞ്ഞ പ്രൊഫഷണലിസം ഇത്തരം കാര്യങ്ങളിൽ സ്വീകരിക്കുവാൻ സാധിക്കേണ്ടതുണ്ട്.
ബിസിനസ് മീറ്റിംഗുകളിൽ ആശയങ്ങളും ചിന്തകളും പങ്കുവെക്കുവാൻ ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കണം. അവർ നൽകുന്ന അത്തരം നിർദ്ദേശങ്ങളെ, ചിന്തകളെ, ആശയങ്ങളെ ബഹുമാനപൂർവം പരിഗണിക്കുക. ഇനി നിങ്ങൾ അതിൽ നിന്നും വ്യത്യസ്തമായ ഒരു തീരുമാനമാണ് കൈക്കൊള്ളുന്നതെങ്കിൽ കൂടി ടീമംഗങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്താനും ടീം വർക്ക് പ്രോത്സാഹിപ്പിക്കുവാനും ഇതുമൂലം സാധിക്കും.
4. മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുക
കസ്റ്റമർക്ക് അതീവ പ്രാധാന്യം നൽകുക. അവരുടെ അഭിരുചികൾക്കനുസരിച്ച് സേവനവും ഉൽപ്പന്നവും നൽകുവാൻ സാധിക്കണം. ബിസിനസ് അവർക്ക് മികച്ച സേവനം നൽകുന്നുണ്ടെന്ന് ഉറപ്പവരുത്തുക. കസ്റ്റമറുടെ സംതൃപ്തിയാണ് നിങ്ങളുടെ ബിസിനസിന്റെ വളർച്ച ഉറപ്പുവരുത്തുന്ന കാതലായ ഘടകം.
ഓരോ കസ്റ്റമറേയും അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി സേവിക്കുമ്പോഴാണ് അവർ ബിസിനസുമായി കൂടുതൽ അടുക്കുന്നത്. നിങ്ങൾ ഒരു കോസ്‌മെറ്റിക്ക് സ്റ്റോർ നടത്തുകയാണെങ്കിൽ കസ്റ്റമറുടെ നിറത്തിനും പ്രായത്തിനും അഭിരുചിക്കും അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ അവരെ സഹായിക്കാം. കസ്റ്റമർക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കുമ്പോൾ കൂടുതൽ തൃപ്തികരമായ അനുഭവം അവർക്ക് ബിസിനസിൽ ലഭിക്കുന്നു. ഇത് നിങ്ങളുടെ ബിസിനസിലേക്ക് വീണ്ടും വരാൻ അവരെ പ്രേരിപ്പിക്കും.
5. നെറ്റ്‌വർക്കിംഗിലൂടെ ബന്ധങ്ങൾ സൃഷ്ടിക്കാം
ബിസിനസ് കോൺഫറൻസുകൾ, പ്രോഗ്രാമുകൾ, സെമിനാറുകൾ, മീറ്റിംഗുകൾ തുടങ്ങിയവയിൽ പങ്കെടുക്കുകയും പ്രൊഫഷണൽ നെറ്റ്‌വർക്ക് വളർത്തുകയും ചെയ്യുക. കൂടുതൽ ബിസിനസ് അവസരങ്ങൾ നിങ്ങളെ തേടിവരാൻ ഇത് സഹായിക്കും. ഇത്തരം പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവരുമായി ആശയവിനിമയം നടത്തുവാനും നല്ല ബന്ധം പുലർത്തുവാനും സാധിക്കണം.
6. തുറന്ന മനസ്സോടെ മാറ്റങ്ങളെ സ്വീകരിക്കുക
ബിസിനസ് ക്രമാനുഗതമായി വളരുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് ബന്ധങ്ങളും. ഒന്നും ഒരു നിമിഷം കൊണ്ട് സംഭവിക്കുകയില്ല. വളർച്ചയ്ക്ക് അതിന്റെതായ ഒരു താളമുണ്ട്. ഒന്നിനേയും എതിർക്കേണ്ടതില്ല. നല്ലതെന്തോ അത് സ്വീകരിക്കുവാൻ മനസ്സ് ഒരുങ്ങിയിരിക്കണം.
വിപണിയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ, സാങ്കേതികവും വ്യക്തിപരവുമായ മാറ്റങ്ങൾ എന്നിവക്കൊപ്പം സഞ്ചരിക്കുക. ഒന്നും അതേപോലെ നിലനിൽക്കുന്നില്ല. മാറ്റങ്ങൾ അനുസ്യൂതം സംഭവിക്കപ്പെടുന്നു. അവയെ സ്വീകരിക്കുവാനുംഅതിനൊപ്പം വളരുവാനും സാധിക്കേണ്ടതുണ്ട്.
7. അംഗീകാരവും അഭിനന്ദനവും നൽകുക
രണ്ടിനും പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല. ബിസിനസിലെ ഓരോ വ്യക്തിയുടേയും ടീമിന്റെയും മികച്ച പ്രകടനങ്ങൾക്ക് അംഗീകാരവും അഭിനന്ദനവും നൽകുക. ബിസിനസിൽ ബന്ധപ്പെടുന്ന ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് അവർ നൽകുന്ന പിന്തുണ പരിഗണിക്കപ്പെടണം.
സാധാരണ സെയിൽസ് ടാർഗറ്റ് പൂർത്തീകരിക്കുന്ന സെയിൽസ് എക്‌സിക്യൂട്ടീവുകളെ കമ്പനികൾ അഭിനന്ദിക്കാറുണ്ട്. അവർക്ക് അതിനുള്ള പ്രതിഫലവും നൽകാറുണ്ട്. എന്നാൽ ഇതിനൊപ്പം തന്നെ അവർക്ക് പിന്തുണയായി പ്രവർത്തിക്കുന്ന മറ്റ് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരെക്കൂടി അഭിനന്ദിക്കാനും അംഗീകരിക്കാനും മറക്കരുത്. ബിസിനസ് വലിയൊരു ടീംവർക്കാണ്. അതിൽ പങ്കുചേരുന്ന ഓരോ വ്യക്തിക്കും അവരുടെ പരിശ്രമത്തിനുള്ള പ്രതിഫലം ലഭിക്കേണ്ടതാണ്.
8. പ്രശ്‌നങ്ങളെ ഒരുമിച്ച്
നേരിടുകയും പരിഹരിക്കുകയും ചെയ്യുക
ബിസിനസിൽ വെല്ലുവിളികൾ സാധാരണയാണ്. തികച്ചും അപ്രതീക്ഷിതമായാണ് പ്രശ്‌നങ്ങൾ കടന്നു വരുന്നത്. ഇവയെ കൂട്ടായി നേരിടാനും പരിഹരിക്കാനും കഴിയണം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുവാനും നല്ല അഭിപ്രായങ്ങൾ സ്വീകരിക്കുവാനും സാധിക്കണം. ഇതിനായി തികച്ചും തുറന്ന സമീപനം ആവശ്യമാണ്.
നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രൊജക്റ്റിൽ പെട്ടെന്ന് തടസ്സങ്ങൾ കടന്നുവരുന്നു എന്നു വിചാരിക്കുക. ആ പ്രൊജക്റ്റിലെ പ്രധാനപ്പെട്ട എല്ലാ വ്യക്തികളേയും ഉൾപ്പെടുത്തി ഒരു മീറ്റിംഗ് സംഘടിപ്പിക്കുക. അവരുടെ അഭിപ്രായങ്ങൾ ആരായുക. ഒരുമിച്ച് പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുക. ഈ രീതിയിലുള്ള പ്രവൃത്തി വലിയ തോതിലുള്ള ഉത്തരവാദിത്തബോധം ഓരോരുത്തരിലും ഉണർത്തും. ഒരുമിച്ചുള്ള മുന്നേറ്റം ബിസിനസിന് ഈ പ്രവൃത്തിയിലൂടെ സാധ്യമാകും.
9. സ്വഭാവത്തിൽ സ്ഥിരത പാലിക്കുക
ബിസിനസിനെ നയിക്കുന്ന നിങ്ങളുടെ സ്വഭാവവും പ്രവൃത്തികളും മറ്റുള്ളവര്ക്ക് ആശയക്കുഴപ്പം ഉടലെടുപ്പിക്കുന്നരീതിയിലാണെങ്കിൽ അത് ബിസിനസിന്റെവ പ്രവര്ത്ത നങ്ങളെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ പെരുമാറ്റത്തിലെ സ്ഥിരത ബിസിനസിന് കൂടുതൽ സ്ഥിരത നൽകും. മറ്റുള്ളവർക്ക് നിങ്ങളോട് ഇടപെടുവാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
പെട്ടെന്ന് ദേഷ്യം വരുന്ന, പൊട്ടിത്തെറിക്കുന്ന സ്വഭാവമാണ് നിങ്ങളുടേതെങ്കിൽ ആളുകൾ നിങ്ങളോട് ഇടപെടാൻ മടിക്കും. നിങ്ങൾ എപ്പോൾ, ഏതു സമയത്ത് എങ്ങിനെ പെരുമാറുമെന്ന് അവർ ഭയക്കും. ഇത് കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതിൽ നിന്നും അവരെ തടുക്കും. വെല്ലുവിളികൾക്കിടയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും സ്ഥിരത നിലനിർത്താൻ നിങ്ങൾക്ക് കഴിയേണ്ടതുണ്ട്. നിങ്ങൾ ഏത് തരത്തിലുള്ള വ്യക്തിത്വമാണെന്നും നിങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും മറ്റുള്ളവർക്ക് ബോധ്യമുണ്ടായിരിക്കണം.
10. ദീർഘദൂര കാഴ്ചപ്പാട് സൂക്ഷിക്കുക
ഒരിക്കലും ഹ്രസ്വ കാലത്തേക്കുള്ള കാഴ്ചപ്പാട് ബിസിനസിനെക്കുറിച്ച് പുലർത്തരുത്. ബിസിനസിൽ ഉടലെടുക്കുന്ന ഓരോ ബന്ധവും ദീർഘമായ കാലയളവിലേക്കുള്ളതാണ്. ഓരോ ബന്ധത്തേയും കേവലം വിൽപ്പനക്കായി മാത്രം ഉപയോഗിക്കുമ്പോൾ അർത്ഥവവത്തായ ബന്ധങ്ങൾ സൃഷ്ടിക്കാൻ സംരംഭകൻ പരാജയപ്പെടുന്നു. മനസ്സുകൾ തമ്മിലുള്ള ഐക്യം ഒരു വിൽപ്പന കൊണ്ട് അവസാനിക്കുന്നില്ല. നിങ്ങളുമായി നിരന്തരം ബിസിനസ് നടത്താൻ മറ്റുള്ളവർ തയ്യാറാകുമ്പോഴാണ് ബന്ധങ്ങൾക്ക് അർത്ഥം കൈവരുന്നത്.
ദീർഘ ദർശികത്വമുള്ള സംരംഭകർക്ക് മാത്രമേ ഇത്തരം ബന്ധങ്ങൾ ബിസിനസിൽ വിളക്കിച്ചേർക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ കിട്ടുന്ന ലാഭത്തിൽ മാത്രം ശ്രദ്ധിക്കുന്നവർ ബന്ധങ്ങളെ അവഗണിക്കുന്നു. ”ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം” എന്ന കാഴ്ചപ്പാടുള്ളവരുടെ ബിസിനസുകൾ വലിയ കാലം മുന്നോട്ടു പോകുകയില്ല. ലാഭം ബിസിനസിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. ബന്ധങ്ങളിലൂടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുകയും ലാഭം നേടുകയും ചെയ്യുക എന്നതായിരിക്കണം നിങ്ങളുടെ തത്വശാസ്ത്രം.
ഉപസംഹാരം
ബിസിനസിൽ ബന്ധങ്ങൾ സൃഷ്ടിക്കുക വളരെ എളുപ്പമാണെന്നാണ് പല സംരംഭകരുടേയും ധാരണ. ബിസിനസിൽ ബന്ധപ്പെടുന്ന ഓരോ വ്യക്തിയും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിങ്ങൾ ഏതു തരത്തിലുള്ള വ്യക്തിയാണെന്ന് അവർ വിശകലനം ചെയ്യുന്നുണ്ട്. നിങ്ങളെ എത്രമാത്രം വിശ്വസിക്കാം എന്നവർ വിലയിരുത്തുന്നുണ്ട്. ഇത് നിരന്തരമായ ഒരു പ്രക്രിയയാണ്. ശക്തമായ, വിശ്വസനീയമായ, ആശ്രയിക്കാവുന്ന ഒരു ബിസിനസ് വളർത്തിയെടുക്കുക വലിയൊരു ഉത്തരവാദിത്തമാണ്. ഒരു എളുപ്പവഴിയും ഇതിനായി സംരംഭകർക്ക് മുന്നിലില്ല.
ബിസിനസിലെ ഓരോ വ്യക്തിയും സംരംഭകനായ നിങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. നിങ്ങളുടെ നയങ്ങളാണ് അവർ ബിസിനസിൽ നടപ്പിലാക്കുന്നത്. നിങ്ങളുടെ തത്വശാസ്ത്രമാണ് അവർ പിന്തുടരുന്നത്. ബിസിനസിന്റെ സംസ്‌കാരം ഉടലെടുക്കുന്നത് ഇതിലൂടെയാണ്. നിങ്ങളെന്താണോ അത് ബിസിനസിൽ പ്രതിഫലിക്കും. ബന്ധങ്ങൾ മൂല്യമുള്ളതാണ്. അതൊരു പളുങ്കുപാത്രം പോലെയാണ്. കരുതലോടെ സൂക്ഷിച്ചാൽ ദീർഘ കാലം നിലനിൽക്കും. അല്ലെങ്കിൽ ഉടഞ്ഞുപോകാൻ സെക്കൻറുകൾ മതിയാകും.
ബന്ധങ്ങളാൽ തീർത്ത സ്തംഭങ്ങളിലാണ് ബിസിനസ് നിലനിൽക്കുന്നത്. സൂക്ഷ്മതയോടെയാവണം ഇവിടെ ബന്ധങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ഇതിനായി തന്റെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ അനിവാര്യമെങ്കിൽ അത് ചെയ്യാൻ സംരംഭകൻ മടിക്കേണ്ടതില്ല. മറ്റുള്ളവർ മാറട്ടെ ഞാൻ ഇങ്ങിനെയാണ് എന്ന മനോഭാവം ബിസിനസിന് ചേർന്നതല്ല. സുതാര്യമായ, ആഴമുള്ള, സത്യസന്ധമായ ബന്ധങ്ങളാവട്ടെ നിങ്ങളുടേത്. അതു തന്നെയാവട്ടെ ബിസിനസിന്റെ സംസ്‌കാരവും വിജയവും.